മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26നുതന്നെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ആവശ്യമില്ലാത്ത ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും 13 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ പരീക്ഷകൾ സുഗമമായി നടക്കട്ടെ
കോവിഡ് മൂലമുണ്ടായ ലോക്ക് ഡൗൺ ലോകമാകെ ജനജീവിതത്തെ തകിടം മറിച്ചിട്ടുണ്ട്. ഇന്നേവരെ പരിചയിച്ചിട്ടില്ലാത്ത പല ജീവിതരീതികളും സ്വീകരിക്കാൻ ലോകം തയാറായിരിക്കുന്നു. മുഖകവചം ധരിച്ചു നടക്കാനും സാമൂഹിക അകലം പാലിക്കാനുമൊക്കെ ലോകജനതയെ കോവിഡ് വൈറസ് നിർബന്ധിതരാക്കി. പ്രതിരോധ വാക്സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ നേരിടാൻ മറ്റൊരു വഴിയും ലോകം കാണുന്നില്ല.
കോവിഡ് പ്രതിരോധത്തിൽ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ അഭിമാനത്തോടെയായിരുന്നു ഇന്ത്യയുടെ നില്പ്. കേരളമാകട്ടെ ഇക്കാര്യത്തിൽ ഒരു പടികൂടി കടന്ന് ലോകശ്രദ്ധ ആകർഷിച്ചു. പക്ഷേ, ആ അഭിമാനവും ആശ്വാസവും ഉലയുകയാണോ? ഇന്ത്യയിലും കേരളത്തിലും രോഗബാധ ക്രമേണ കൂടുകയാണ്. സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്നു മുഖ്യമന്ത്രിയും പറയുന്നു. പക്ഷേ, ഇതു പറഞ്ഞ അവസരത്തിൽതന്നെ അദ്ദേഹം ഈ വർഷം നടക്കാൻ ബാക്കിയുള്ള എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മേയ് 26ന് ആരംഭിക്കുമെന്നു വ്യക്തമാക്കി. അദ്ദേഹം ഇതു പറഞ്ഞ ദിവസം രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ പരീക്ഷ ജൂണിലേക്കു മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ചാനലുകൾ ഇക്കാര്യം പ്രാധാന്യത്തോടെ എഴുതിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് കേന്ദ്ര തീരുമാനം വന്നതോടെ പരീക്ഷാതീയതിയിൽ തിരുത്തലായി. തലേദിവസം പറഞ്ഞിരുന്നതുപോലെ പരീക്ഷ 26നു തന്നെ ആരംഭിക്കുമെന്നു വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, രാവിലെ മന്ത്രിസഭായോഗം മറിച്ചൊരു തീരുമാനം എടുത്തതെന്തിനെന്ന ചോദ്യമുയരുന്നുണ്ട്.
പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ടെലികോൺഫറൻസ് നടത്തി ലോക്ക് ഡൗൺ ഇളവുകളെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞപ്പോൾ പല സംസ്ഥാനങ്ങളും പ്രധാനമായും ആവശ്യപ്പെട്ടൊരു കാര്യം അതതു സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കാൻ അനുമതി വേണമെന്നാണ്.
കേരളത്തിൽ കോവിഡ് മരണസഖ്യ കുറവാണെങ്കിലും കുറച്ചു ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം കൂടിവരുകയാണ്. ഇന്നലെ 24 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. വിദേശങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണു രോഗബാധിതരിൽ കൂടുതലും. കുറഞ്ഞ തോതിലാണെങ്കിലും സന്പർക്കത്തിലൂടെയും വൈറസ് പകരുന്നുണ്ട്. വരുംനാളുകളിൽ രോഗബാധിതരുടെ എണ്ണം വീണ്ടും വർധിച്ചേക്കാം.
പതിമ്മൂന്നു ലക്ഷം കുട്ടികളാണ് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളെഴുതുന്നത്. മുഖകവചം നിർബന്ധിതമാക്കിയും കോവിഡ് പ്രോട്ടോക്കോളിലെ മറ്റു നിബന്ധനകൾ പൂർണമായി പാലിച്ചും പരീക്ഷ നടത്താൻ കഴിയുമെന്നാണു സർക്കാർ പറയുന്നത്. അതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടത്രേ. പക്ഷേ, പരീക്ഷാതീയതി സംബന്ധിച്ച് 24 മണിക്കൂറിനുള്ളിൽ നടന്ന മലക്കംമറിച്ചിലുകൾ സൂചിപ്പിക്കുന്നത് പലതും അവ്യക്തതയിലാണെന്നാണ്. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഒരു കാര്യത്തിൽ അവ്യക്തതകൾ ഉണ്ടായിക്കൂടാ.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽത്തന്നെ വിദ്യാലയങ്ങളെല്ലാം അടച്ചിട്ടത് സാമൂഹ്യവ്യാപനം തടയുന്നതിന് ഏറെ സഹായകമായി. താമസിയാതെ പൊതുഗതാഗതം നിലച്ചു. ഇപ്പോൾ ഏതാനും ബസുകൾ ഓടിത്തുടങ്ങിയിരിക്കുന്നു. എന്നാൽ ഇനി പഴയതുപോലെ കുട്ടികൾക്കു ബസുകളിൽ കയറിപ്പറ്റാനാവില്ല. ബസുകളിൽ കുട്ടികളും സാമൂഹ്യ അകലം പാലിച്ചു യാത്രചെയ്യണമെന്ന നിബന്ധന പ്രായോഗികമാകുമോ എന്നറിയില്ല. രാജ്യം മുഴുവനായി പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ മേയ് 31നു മാത്രമേ അവസാനിക്കുകയുള്ളൂ. അതുവരെയെങ്കിലും പരീക്ഷകളും മറ്റു പ്രധാന കാര്യങ്ങളും മാറ്റിവയ്ക്കാമായിരുന്നു. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ആരുടെയെങ്കിലും "ഈഗോ' അതിനു തടസമായിട്ടുണ്ടെങ്കിൽ അതു തികച്ചും നിർഭാഗ്യകരമാണ്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും താൻപ്രമാണിത്തം കാണിക്കേണ്ട അവസരമല്ല ഇത്. പ്രതിപക്ഷത്തേക്കാൾ കൂടുതൽ ഉത്തരവാദിത്വം സർക്കാർ കാട്ടുകയും വേണം. എല്ലാവരും തങ്ങളുടെ തീരുമാനങ്ങൾക്കു പിന്തുണ നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ എല്ലാവരുടെയും ആവശ്യങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്തു വേണം സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളാൻ.
സർവകലാശാലാ പരീക്ഷകളുടെ കാര്യത്തിലും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായി. ഒന്നിലേറെ തവണ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി ചില സർവകലാശാലകൾ വിദ്യാർഥികളെ കുഴക്കി. ലോക്ക് ഡൗൺ തീരുന്നതിനുമുന്പുതന്നെ പരീക്ഷ നടത്താൻ ചില സർവകലാശാലകൾ നിശ്ചയിച്ചിരുന്നു. ഏതായാലും ഇന്നലെ ഉന്നതവിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചുകൂട്ടി സർവകലാശാലാ പരീക്ഷകൾ ജൂണിൽ നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. പ്രാദേശിക പരിതസ്ഥിതികൾ കണക്കിലെടുത്ത് ഓരോ സർവകലാശാലയ്ക്കും പരീക്ഷാതീയതി നിശ്ചയിക്കാം. വിദ്യാർഥികൾക്കു സ്വന്തം ജില്ലകളിൽ പരീക്ഷയെഴുതുന്നതിനു സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്.
26ന് ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതാൻ സാധിക്കാതെപോകുന്നവർക്ക് "സേ'(സേവ് എ ഇയർ) പരീക്ഷ എഴുതി വർഷം നഷ്ടപ്പെടാതെ തുടർവിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്. തീരുമാനങ്ങൾ മാറിമറിഞ്ഞപ്പോഴുണ്ടായ ആശയക്കുഴപ്പവും ആരോപണ-പ്രത്യാരോപണങ്ങളും മാറ്റിവച്ച് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ കാര്യക്ഷമതയോടെ പരീക്ഷകൾ നടത്തണം. ലക്ഷദ്വീപിലും ഗൾഫിലുമൊക്കെയുള്ള കുട്ടികൾ പരീക്ഷയെഴുതുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്കൂളുകൾ ഗതാഗത സൗകര്യം സജ്ജമാക്കണമെന്നാണു നിർദേശം. പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്ക്രീനിംഗ്, സാനിറ്റൈസർ സൗകര്യം എന്നിവ ഒരുക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രങ്ങൾ പാടില്ലെന്നു കേന്ദ്ര നിർദേശമുണ്ട്.
രോഗബാധിതരുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, 13 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷകളുടെ ക്രമീകരണം കുറ്റമറ്റതാക്കാൻ ഏറെ ക്ലേശിക്കേണ്ടിവരും. ആവശ്യമില്ലാത്ത ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും കേരളത്തിലെ ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് പരീക്ഷകൾ നന്നായി നടത്താൻ എല്ലാവരും ആത്മാർഥമായി ശ്രമിക്കട്ടെ.