കോവിഡും ലോക്ക്ഡൗണും വിദ്യാഭ്യാസ സന്പ്രദായത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുകയാണ്. ഈ മാറ്റങ്ങൾ കുട്ടികളുടെ പ്രായോഗിക ജീവിതനൈപുണ്യം വളർത്താൻ സഹായകമാകണം. അനുദിനജീവിതത്തിന് ഉപകരിക്കുന്ന അറിവുകൾ അവർ ആർജിക്കണം
വിദ്യാഭ്യാസരംഗത്തു പുതിയ സങ്കേതങ്ങൾ വികസിപ്പിക്കുകയും പഠനരീതികളിൽ മാറ്റം വരുത്തുകയും ചെയ്യേണ്ട സവിശേഷമായൊരു ദശാസന്ധിയാണിത്. കോവിഡ് നമ്മുടെ ജീവിതശൈലികളിൽ പല മാറ്റവും വരുത്തിയിരിക്കുന്നു. കോവിഡിനെ എങ്ങനെ നേരിടാമെന്നു ചിന്തിക്കുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം ഇനി എങ്ങനെ എന്നതും ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം ഒരു പ്രധാന മാറ്റമാണ്. വിദ്യാഭ്യാസത്തിന്റെ സാങ്കേതികവശങ്ങളിലെന്നപോലെ അതിന്റെ ഉള്ളടക്കത്തിലും കാര്യമായ മാറ്റം അനിവാര്യമായിരിക്കുന്നു. വർച്വൽ ക്ലാസുകളും കംപ്യൂട്ടറും ലാപ്ടോപ്പും സ്മാർട്ട് ഫോണുമൊക്കെ വിദ്യാഭ്യാസത്തിൽ അവശ്യ ഘടകങ്ങളായി മാറുന്നതോടൊപ്പം വിദ്യാർഥികളുടെ ശാരീരികവും ബൗദ്ധികവുമായ ശേഷിയും സാമൂഹ്യാവബോധവും മൂല്യബോധവും വളർത്തിയെടുക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. സർക്കാരിനാണ് അക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെടലുകൾ നടത്താൻ കഴിയുക. വിദ്യാഭ്യാസ നയരൂപവത്കരണത്തിൽ അതു പ്രതിഫലിക്കണം.
പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയ സംസ്ഥാനമാണു കേരളം. സാക്ഷരതയും വിദ്യാഭ്യാസ മികവും കേരളത്തിന്റെ പൊതുവായ സാംസ്കാരിക നിലവാരവും ജീവിതനിലവാരവും മെച്ചപ്പെട്ടതാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സ്കൂൾ വിദ്യാഭ്യാസരംഗത്തു നാം ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
ബാല്യ കൗമാരങ്ങൾ ഒരാളുടെ വ്യക്തിത്വ രൂപവത്കരണത്തിലെ നിർണായക ഘട്ടങ്ങളാണ്. സമഗ്ര വളർച്ചയ്ക്കാവശ്യമായ സാഹചര്യം കുട്ടികൾക്ക് ഈ പ്രായത്തിൽ ലഭിക്കണം. എസ്എസ്എൽസി, ഹയർ സെക്കൻഡറി കടന്പകൾ കടക്കാനുള്ള വ്യഗ്രതയിൽ കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ഏറെയാണ്. പതിന്നാലു വയസുവരെയുള്ള കുട്ടികൾക്കു സ്വാതന്ത്ര്യത്തോടും സന്തോഷത്തോടുംകൂടി വിദ്യാഭ്യാസം ഉറപ്പാക്കുകയാണു വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ലക്ഷ്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്കൂൾ ബാഗുകളുടെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഈ ഭാരം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. സന്തോഷത്തോടെ സ്കൂളിൽ പോകുന്ന കുട്ടികൾ സംതൃപ്തിയോടെയും ശാരീരിക-മാനസിക ആരോഗ്യത്തോടെയും വീട്ടിൽ മടങ്ങിയെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
വികസിത രാജ്യങ്ങളിൽ, പ്രൈമറി ക്ലാസുകളിൽനിന്ന് ഉയർന്ന ക്ലാസുകളിലേക്കു പോകുന്ന കുട്ടികൾക്ക് അവരുടെ വിവിധ കഴിവുകൾ വിലയിരുത്തി തുടർപഠനത്തിനു മാർഗനിർദേശങ്ങൾ നൽകാറുണ്ട്. അതനുസരിച്ചുള്ള വിഷയങ്ങളാവും അവർ ഉപരിപഠനത്തിനു തെരഞ്ഞെടുക്കുക. നമ്മുടെ നാട്ടിൽ ഇത്തരം തെരഞ്ഞെടുപ്പിനു ഹയർ സെക്കൻഡറി തലം മുതൽ സൗകര്യം ലഭ്യമാണെങ്കിലും കോളജ് വിദ്യാഭ്യാസകാലത്താണു സ്വാതന്ത്ര്യത്തോടെ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കുക.
സ്കൂൾ വിദ്യാഭ്യാസരംഗത്തു വരേണ്ട മാറ്റങ്ങളെക്കുറിച്ചു വിവിധങ്ങളായ അഭിപ്രായങ്ങളുണ്ടെങ്കിലും ശാസ്ത്രീയമായ പുനഃക്രമീകരണം ആവശ്യമാണ്. പല തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കിയിട്ടുണ്ട്. ഡിപിഇപി പോലുള്ള പരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിജയകരമായി തുടരാനായില്ല. ഇപ്പോഴും അത്തരം ചില പരീക്ഷണങ്ങൾ നടക്കുന്നു. കുട്ടികളിൽ മാനസിക സംഘർഷം വളർത്തുന്ന പഠനസന്പ്രദായങ്ങളിൽനിന്നു നാം ഇനിയെങ്കിലും പുറത്തുകടക്കേണ്ടതുണ്ട്. ലോക്ക്ഡൗണിനോടനുബന്ധിച്ചുണ്ടായ സ്കൂൾ അടച്ചിടൽ ഇത്തരം മാറ്റങ്ങളും ആവശ്യമാണെന്ന ചിന്ത ഉണർത്തുന്നു.
അറിവുകൾ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോഗിക്കാൻ കഴിയുന്നതാവണം. വിദ്യാഭ്യാസകാലത്ത് ഇത്തരം അറിവുകൾ സ്വായത്തമാക്കാൻ കഴിഞ്ഞാൽ അതു വലിയ നേട്ടമായിരിക്കും. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ചു മരണത്തെ മുഖാമുഖം കണ്ട സഹപ്രവർത്തകയെ പ്രഥമശുശ്രൂഷ നൽകി രക്ഷിച്ച ബിസ്മി റാണി എന്ന അധ്യാപികയെക്കുറിച്ചു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പ്രഥമശുശ്രൂഷയിൽ മാത്രമല്ല പ്രായോഗികമായ പല കാര്യങ്ങളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പരിശീലനം നൽകിയാൽ, അതു പ്രയോഗിക്കാനുള്ള ആത്മവിശ്വാസം അവരിൽ വളർത്തിയെടുത്താൽ, അവർക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടാതിരിക്കില്ല. കൃഷി, ചെറിയ കൈത്തൊഴിലുകൾ, ആപത്ഘട്ടങ്ങളിൽ പെരുമാറേണ്ട രീതികൾ തുടങ്ങിയവയിലുള്ള പരിശീലനവും കുട്ടികളുടെ കഴിവുകൾക്കനുസൃതമായ മറ്റു പരിശീലനങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാകണം. ഇപ്പോൾ ഇതൊക്കെയുണ്ടെന്നു പൊതുവേ പറഞ്ഞു രക്ഷപ്പെട്ടാൽ പോരാ.
കൗമാരക്കാരായ എത്രയോ വിദ്യാർഥികളാണു വെള്ളത്തിൽ വീണു മരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ചില അതിദാരുണ സംഭവങ്ങളുണ്ടായി. കുട്ടനാട്ടിൽ ജനിച്ചു വളരുന്നവർക്കുപോലും നീന്തൽ വശമില്ലാതാവുന്നു. ഇറങ്ങിക്കുളിക്കാൻ സാധിക്കാത്തവിധം പുഴകൾ മലീമസമായി എന്നതു മറ്റൊരു കാര്യം. പുഴയിൽ നീന്താനും വെള്ളച്ചാട്ടം കാണാനുമൊക്കെ പോകുന്ന എത്രയോ കുട്ടികളാണ് അപകടത്തിൽപ്പെടുന്നത്. സൈക്കിൾ സവാരി അറിയില്ലാത്ത എത്രയോ കുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ലൈസൻസ് എടുക്കാൻ പ്രായമാകും മുന്പേ ബൈക്കിൽ കുതിക്കാൻ വെന്പുന്നവർപോലും സൈക്ളിംഗ് പഠിക്കാൻ താത്പര്യം കാട്ടുന്നില്ല. അധ്വാനം കുറഞ്ഞ പ്രവർത്തനങ്ങളിലാണു പലർക്കും താത്പര്യം. അതു മാറണം. കായികാധ്വാനം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആവശ്യമാണല്ലോ. മൂന്നുനാലു പതിറ്റാണ്ടുമുന്പ് കേരളത്തിലെ മിക്ക കോളജുകളിലും സ്കൂളുകളിലും നിരനിരയായി സൈക്കിളുകൾ വച്ചിരുന്ന ഇടങ്ങളുണ്ടായിരുന്നു. ഇന്നിപ്പോൾ അവിടെ ആഡംബര ബൈക്കുകളും കാറുകളുമൊക്കെയാണു കാണുക.
എല്ലാ വിഷയങ്ങളും എല്ലാവരും പഠിക്കണമെന്ന നിർബന്ധം നമ്മുടെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് ഇപ്പോഴുമുണ്ട്. അടിസ്ഥാനഗണിതവും ശാസ്ത്രവുമൊക്കെ എല്ലാവരും പഠിക്കേണ്ടത് അത്യാവശ്യം തന്നെ. എന്നാൽ, ഹൈസ്കൂൾ ക്ലാസുകൾ മുതലെങ്കിലും ഓരോ കുട്ടിക്കും അവന്റെ അല്ലെങ്കിൽ അവളുടെ നൈസർഗിക വാസനയ്ക്കനുസൃതമായ പരിശീലനങ്ങൾകൂടി ആവശ്യമാണ്. അതോടൊപ്പം ജീവിതയാഥാർഥ്യങ്ങളെയും പരീക്ഷണഘട്ടങ്ങളെയും നേരിടാനുള്ള പ്രായോഗിക പരിശീലനവും കുട്ടികൾക്കു ലഭ്യമാകണം. ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള യാത്രയിലും ഇത്തരം കാര്യങ്ങൾ വിദ്യാഭ്യാസചിന്തകരും പാഠ്യപദ്ധതി തയാറാക്കുന്നവരും മനസിൽവയ്ക്കട്ടെ.