നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്മിനിയുടെ ആഗ്രഹപ്രകാരം വളർത്താൻ ആരംഭിച്ച താമരകൾ ഇന്ന് പ്രജിഷയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മികച്ചയിനം താമരകൾ തേടിയുള്ള യാത്ര ഇപ്പോഴും തുടരുകയാണ്.
താമര പൂക്കളോടുള്ള ഇഷ്ടംകൊണ്ട് നിരവധി പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. സമയവും കുറച്ച് സ്ഥലസൗകര്യവും ഉണ്ടെങ്കിൽ ആർക്കും ഈ മേഖലയിലേക്ക് വരാൻ കഴിയും. ഒന്നു മനസുവച്ചാൽ ഒരു മികച്ച താമരപ്പാടംതന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാനും കഴിയും. നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത താമരകൾ ഇന്ന് മികച്ച പൂക്കളാണ് നൽകുന്നത്. മികച്ച പരിചരണം ആവശ്യമില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകത.
തുടക്കക്കാർക്ക് പറ്റിയ ഇനം മുതൽ മാസങ്ങൾ എടുത്ത് പൂക്കുന്ന താമരകൾ വരെ ഇവിടെ ലഭ്യമാണ്. നട്ട് 12 ദിവസങ്ങൾക്കൊണ്ട് ഇല വരുന്നതിനൊപ്പം മൊട്ടും വരുന്ന മികച്ചയിനം താമരകൾ ശേഖരത്തിലുണ്ട്. റോസ് ഏഞ്ചൽ എന്ന പേരിൽ അറിയപ്പെടുന്ന ബൗൾ ലോട്ടസ് ഇതിൽ മികച്ചു നിൽക്കുന്നു. സൂര്യപ്രകാശം ഏൽക്കുന്നത് അനുസരിച്ച് പൂക്കളുടെ വലിപ്പവും നിറവും എണ്ണവും ഒക്കെ വ്യത്യസ്തപ്പെട്ടിരിക്കും.
ചായക്കപ്പിൽ വരെ വളർത്താൻ കഴിയുന്ന ലിയാങ് ലി ഒരു മികച്ചയിനമാണ്. നാണയത്തിന്റെ വലിപ്പംമാത്രമേ ഇതിന്റെ ഇലകൾക്കുള്ളു. മികച്ച പൂക്കളും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയിൽ നല്ല രീതിയിൽ പുഷ്പിക്കുന്ന ഇനമാണ് വിനായക. ചെടി പൂർണ വളർച്ചയെത്തിയാൽ നല്ല രീതിയിൽ പുഷ്പിക്കാൻ ആരംഭിക്കും.