അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യൻ അതിർത്തിയിലെ ഒരു വൃക്ഷത്തിനറിയുമോ അതിന്റെ വേരുകൾ പാക്കിസ്ഥാനിലേക്കാണ് പോകുന്നതെന്ന്? പ്രകൃതി ഒരു അതിർത്തിയെയും മാനിക്കുന്നില്ല!
-കവിതയെയും ജീവിതത്തെയുംകുറിച്ച് കവി സച്ചിദാനന്ദൻ..
അരനൂറ്റാണ്ടു കാലത്തെ കാവ്യജീവിതംകൊണ്ട് ഒരു ഭാഷാശ്രേണിയുടെ ദീപശിഖയേന്തി മുന്നിൽ നടക്കുന്ന കവി സച്ചിദാനന്ദൻ.
പ്രാചീന കവിത്രയങ്ങൾ എന്നറിയപ്പെടുന്ന ചെറുശ്ശേരിക്കും, കുഞ്ചൻ നമ്പ്യാർക്കും, എഴുത്തച്ഛനും ശേഷം, ആശാനും, വള്ളത്തോളും, ഉള്ളൂരും ഒരുമിച്ചെത്തി. തുടർന്നു തൊട്ടുമുന്നെ, ആധുനിക കവിത്രയങ്ങളായി വയലാറും, ഭാസ്കരൻ മാഷും, ഒഎൻവി സാറുമുണ്ടായിരുന്നു. എന്നാൽ, 'ഒടുവിൽ ഞാനൊറ്റയാകുന്നു' എന്ന തന്റെ ഖണ്ഡകാവ്യത്തിലെ പ്രമേയം ഉൾക്കൊണ്ടുകൊണ്ട്, സച്ചിദാനന്ദൻ.
തന്നെ പിൻതുടരുന്ന യുവകവികൾക്കെന്നും പ്രചോദനമേകി അവരുടെ ഗുരുതുല്യനായിത്തീർന്ന ഇന്നിന്റെ മഹാകവിയുമായുള്ള അഭിമുഖത്തിൽ നിന്ന്:
താങ്കൾ ലോകം മുഴുവൻ സഞ്ചരിച്ചു, മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകങ്ങൾ ലോകമെമ്പാടുമെത്തി. അന്താരാഷ്ട്ര നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ മലയാള കവിത ഇന്ന് എവിടെ നിൽക്കുന്നു?
ആദ്യകാലങ്ങളിൽ അന്താരാഷ്ട്ര കവിതയെന്നാൽ ഇംഗ്ളീഷ് കവിതകളായിരുന്നു. പിന്നീട്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ് മുതലായ മറ്റു യൂറോപ്യൻ കവിതകളും വന്നു. അതിനു ശേഷം, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ കവിതയുടെ വലിയൊരു ബൂം ഉണ്ടായി. അവസാനം, മുന്നെ കവിതയ്ക്ക് അറിയപ്പെടാതിരുന്ന ഐസ്ലാൻഡ്, വെയിത്സ്, അയർലൻഡ് മുതലായ രാജ്യങ്ങളിലും നല്ല കവിതകൾ ഉണ്ടെന്ന ഒരു കണ്ടെത്തലുണ്ടായി. മലയാള കവിതയേയും ഞാൻ ആ നിലയ്ക്കു കാണുന്നു.
നമ്മുടെ കുറെ കവിതകളെങ്കിലും ലോക കവിതാഭൂപടത്തിന്റെ ഭാഗമായി എടുത്തുവയ്ക്കാൻമാത്രം നിലവാരമുള്ളതുതന്നെയാണെന്നാണ് ഞാൻ പറയുക. ഉദാഹരണത്തിന്, കുമാരനാശാന്റെ ചില കവിതകൾ. അതിനാൽ, ഏതു ലോക ഭാഷയിലുള്ള ഏറ്റവും നല്ല കവിതകളോടും താരതമ്യം ചെയ്യാവുന്ന കവിതകൾ മലയാളത്തിലുണ്ടായിട്ടുണ്ട് എന്നുതന്നെയാണ് എന്റെ അഭിപ്രായം. കവിതയും കഥയുമാണ് ഏറ്റവും സജീവമായ നമ്മുടെ രണ്ടു സാഹിത്യ രൂപങ്ങൾ.
താങ്കളുടെ കവിത എല്ലാ മതിൽക്കെട്ടുകൾക്കും എതിരെയുള്ളൊരു രോദനമാണെന്നാണ് (Poetry for him is a cry against all walls) ജർമ്മൻ കവിയും ഗവേഷകനുമായ വൂൾഫ്ഗേങ് ക്യൂബിൻ അഭിപ്രായപ്പെട്ടത്! വ്യക്തി-രാഷ്ട്ര ബന്ധങ്ങൾ നിത്യേനെയെന്നോണം ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന ഈ കാലഗതിയിൽ, കവിതയിൽ സാർവലൗകികതയുടെ പ്രസക്തി എത്രത്തോളമുണ്ട്?
ഒരു ഭാഗത്ത് ആഗോളീകരണം നടക്കുന്നു, എന്നാൽ മറുഭാഗത്ത് പുതിയ, പുതിയ മതിൽക്കെട്ടുകൾ ഉയർന്നുവരന്നു എന്നതാണ് വാസ്തവം. അതിനാൽ, ആഗോളീകരണം ജനങ്ങൾ തമ്മിലുള്ള ബന്ധമല്ല ഉറപ്പിക്കുന്നത്, മൂലധനത്തിന്റെ ആധിപത്യം ലോകമാകെ സ്ഥാപിക്കുകയാണ്.
അങ്ങനെ, സാർവ്വദേശീയ വാണിജ്യ സംഘങ്ങൾ വളർന്നുവരുന്നു, അതിലൂടെ സാമ്രാജ്യത്വം ശക്തി പ്രാപിക്കുന്നു. അതിന്റെ കണ്ണികളായി ലോകരാജ്യങ്ങൾ മാറുന്നു. ജനതകളെ അതിന്റെ ഉപഭോക്താക്കളാക്കി മാറ്റി, അവരുടെ ദേശീയ സംസ്കാരങ്ങളെ നിസാരവത്കരിക്കുന്നു. അതിലൂടെ അവരുടെ ഭാഷകളെ വിസ്മൃതിക്കു വിധേയമാക്കുന്നു. ലോകത്തിനാകെ ഒരു ഭാഷമതിയെന്ന രീതിയിലാണ് സാമ്രാജ്യത്വം പ്രവർത്തിക്കുന്നത്!
എന്നാൽ, ഓരോ രാജ്യത്തിനും അതിന്റെ സംസ്കാരവും ഭാഷയും നിലനിർത്താനുള്ള അവകാശമുണ്ടെന്നു പറയുമ്പോൾതന്നെ, രാജ്യങ്ങൾ തമ്മിൽ കൂടുതൽ സംവാദങ്ങൾ നടത്തുക, സാംസ്കാരിക-ഭാഷാ-വിവർത്തന കൈമാറ്റങ്ങൾ നടത്തുകയെന്നാണ് സോഷ്യലിസ്റ്റുകളുടെ സാർവദേശീയ ചിന്താഗതി. ലോകത്തെ ഉപഭോക്താക്കളുടെ ശൃംഖലയായി കാണുന്നതിനു പകരം, ഒരു സർഗ്ഗാത്മക സ്ഥലമായി കാണാനാണ്.
നിർഭാഗ്യവശാൽ, സാമ്രാജ്യത്വ ശക്തികൾ ലോകത്തു സംഘർഷങ്ങളുണ്ടാക്കി, യുദ്ധങ്ങളുണ്ടാക്കി, ആയുധ കയറ്റുമതികൾ വർദ്ധിപ്പിച്ചു, ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇറാക്ക് യുദ്ധം വേദനിപ്പിക്കുന്നൊരു ഉദാഹരണമാണ്. നേരേമറിച്ച്, ലോകസമാധാനത്തിനുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്നാണ് കവികളും സ്ഥിതിസമത്വവാദികളും ചിന്തിക്കുന്നത്. ഈ ചിന്താധാരയാണ് മതിൽക്കെട്ടുകൾക്കെതിരെയുള്ള മുറവിളിയുടെ പ്രസക്തിയും, കവിതയിൽ സാർവലൗകികതയുടെ പ്രാധാന്യവും പൂർവാധികം വർധിപ്പിക്കുന്നത്.
കവി നിലകൊള്ളേണ്ടത് ആത്യന്തികമായി ആഗോള മാനവികതയ്ക്കുവേണ്ടിയാണ്. ജനിച്ചത് ഏതു രാജ്യത്തായാലും ശരി, മനുഷ്യരുടെ അഭിലാഷങ്ങളും അസ്വാസ്ഥ്യങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. കവിതയുൾപ്പെടെ, എല്ലാ കലാരൂപങ്ങളുടെയും അടിസ്ഥാന നിയോഗമാണ് മതിലുകൾക്ക് അതീതമായ മനുഷ്യത്വം!
അതിർത്തി കടന്നു പാക്കിസ്ഥാനിലേക്കാണ് പറക്കുന്നതെന്ന് ഒരു പക്ഷിക്കറിയുമോ? ഇന്ത്യയിലെ ഒരു വൃക്ഷത്തിനറിയുമോ അതിന്റെ വേരുകൾ പാക്കിസ്ഥാനിലേക്കാണ് പോകുന്നതെന്ന്? പ്രകൃതി ഒരു അതിർത്തിയെയും മാനിക്കുന്നില്ല!
പണ്ട് പണ്ഡിറ്റുകളും സൂഫികളും ഒരുമിച്ചിരുന്ന് അറേബ്യൻ കാപ്പി കുടിച്ചു സൗഹൃദം പങ്കിട്ടിരുന്ന ആ കാഷ്മീരിയത്തിനെ വിഭജിച്ച് ഇന്നു പുതിയ മതിൽക്കെട്ടുകൾ തീർക്കുമ്പോൾ കവി വിഷാദിയാകുന്നു.
ആശാൻ-വള്ളത്തോൾ-ഉള്ളൂരിന്റെ കാലത്തിനു ശേഷം മലയാള കവിതയിലുണ്ടായ നവീകരണം കാവ്യ സ്രഷ്ടാവിന്റെയും, അനുവാചകന്റെയും കാഴ്ചപ്പാടുകളിൽ വിലയിരുത്താമോ?
മലയാളത്തിൽ പുതിയ കവിതയുടെ പരിണാമം തുടങ്ങുന്നത് എൻ. വി. കൃഷ്ണവാര്യർ, ജി. കുമാര പിള്ള, അക്കിത്തം മുതലായവരുടെ സൃഷ്ടികളിലൂടെയാണ്. പക്ഷെ, അത് രൂപപരമായ വലിയൊരു മാറ്റത്തിനു വിധേയമാകുന്നത് അയ്യപ്പപ്പണിക്കർ, എൻ. എൻ. കക്കാട്, ആർ. രാമചന്ദ്രൻ, മാധവൻ അയ്യപ്പത്ത്, കടമ്മനിട്ട രാമകൃഷ്ണൻ മുതലായവരുടെ കവിതകൾ വന്നതോടുകൂടിയും!
ആധുനികവത്കരിക്കാൻ, കടമ്മനിട്ടയോടും ആറ്റൂർ രവിവർമയോടുമൊപ്പം ഞാനുമുണ്ടായിരുന്നു. ഈ കാലത്ത് കവിതയ്ക്കുവന്നൊരു പ്രധാന പരിണാമം, കാവ്യ നിർമ്മിതിയുടെ അളവുകോലായ വൃത്തം നിർബന്ധമല്ലാതെയാക്കി എന്നതാണ്. കവികൾക്ക് സ്വന്തം രീതികൾ കണ്ടുപിടിക്കാമെന്നായി. പലരും നാടോടിപ്പാട്ടിന്റെ രീതികൾ വരെ ഉപയോഗിക്കാൻ തുടങ്ങി.
തുടർന്നു ഗദ്യവും കവിതയിലെത്തിത്തുടങ്ങി. കഥയിലും ലേഖനത്തിലും കാണുന്നതിൽനിന്നു വ്യത്യസ്തമായൊരു ഗദ്യം കവിതയിൽ സ്ഥാനം പിടിച്ചു. മെല്ലെ മെല്ലെ സംഭാഷണവും വന്നുതുടങ്ങി.
വൃത്തം ഉപയോഗിച്ചാണോ കവിത എഴുതിയിരിക്കുന്നത് എന്നതിനപ്പുറം, അതിന്റെ ഭാവനാഗുണം, എങ്ങനെയാണ് അതു ജീവിതത്തേയും ലോകത്തേയും നോക്കിക്കാണുന്നത്, ഭാഷയുടെ സാന്ദ്രത, ധ്വന്യാത്മകത, പലതും പറയാതെ പറയാനുള്ള അതിന്റെ കഴിവ് എന്നിവയൊക്കെ കവിതയെ നിർവചിക്കാൻ തുടങ്ങി. നാടകീയത കുറച്ചു, മലയാളിത്വം അന്വേഷിക്കണമെന്നായി. അങ്ങനെ, അയ്യപ്പപ്പണിക്കർ മുതൽ ഇങ്ങോട്ടുള്ള കവികൾ വൃത്തങ്ങൾ ഭേദിച്ചുകൊണ്ടു കവിതയെഴുതി. കവികളെ സംബന്ധിച്ച് ഇത് പുതിയൊരു വഴി തുറക്കലായിരുന്നു. അതുകൊണ്ടാണ് അയ്യപ്പപ്പണിക്കരെ പരിണാമത്തിന്റെ അഗ്രദൂതനായി കാണുന്നത്.
പുതിയ കവികളിലൂടെ പരിണാമം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു!
1936-ലാണ് ചങ്ങമ്പുഴയുടെ ‘രമണൻ' പുറത്തുവന്നത്. പത്തെൺപത് വർഷത്തിനു ശേഷവും അത്രയും മനം കവരുന്നൊരു ഭാവകാവ്യം, അത്രയും പ്രചാരം സിദ്ധിച്ചൊരു സാഹിത്യസൃഷ്ടി മലയാളത്തിൽ ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്?
‘രമണൻ' ഒരു ഇടയ വിലാപഗാനമാണ്. കൗമാരത്തോടു സംസാരിക്കുന്നൊരു കൃതി. പാസ്റ്റൊറൽ എലജി എന്ന പാശ്ചാത്യരൂപം. നമുക്ക് ഇടയന്മാരൊന്നുമില്ലെങ്കിലും, അങ്ങനെയുള്ള കഥ പറയുന്ന കാവ്യം പുതിയൊരു സാഹിത്യരൂപമായി അന്ന് നമുക്കു തോന്നി. പക്ഷെ, ആഖ്യാന രീതിയുടെ സ്ഥാനം നീണ്ടകഥകളും നോവലുകളും ഏറ്റെടുത്തപ്പോൾ, ആ കാവ്യസമ്പ്രദായം ക്രമേണ ഇല്ലാതായി. ഒഎൻവിയുടെ ‘ഉജ്ജയിനി', ‘സ്വയംവരം' പോലുള്ളവയായിരിക്കും അവസാനമുണ്ടായ ആഖ്യാന കാവ്യങ്ങൾ. അതിനുശേഷം, കഥ പറച്ചിൽ നിർത്തി, കവിത ഭാവാവിഷ്കാരങ്ങളിലേക്കു തിരിഞ്ഞു.
‘രമണൻ' സൃഷ്ടിക്കുന്ന വൈകാരികമായ ആകർഷണത്തോടു കിടപിടിക്കുന്ന മറ്റൊരു കാവ്യം പിന്നീട് ഉണ്ടായിട്ടില്ലെങ്കിലും, ആ വിലാപകാവ്യത്തെ അക്കിത്തത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' (1969) പോലെയോ, ഒഎൻവിയുടെയോ, ഭാസ്കരൻ മാഷുടെയോ സൃഷ്ടികളെപ്പോലെയോ ഉള്ള മഹത്തായ കവിതകളുടെ പട്ടികയിൽ ഒരു നിരൂപകനും ചേർക്കുമെന്നു തോന്നുന്നില്ല. കുമാരനാശന്റെ ‘കരുണ'യൊ ‘ലീല'യൊ, ‘നളിനി'യൊ പോലെയുള്ള മഹത്തായ ഒരു കാവ്യമല്ല അത്.
എല്ലാവരും തിരക്കിലാണ്! നീണ്ടവായനയ്ക്ക് ആർക്കും സമയമില്ല. അതുകൊണ്ടിത് ഹ്രസ്വമായ ഹൈക്കു കവിതയുടെ കാലം. കുഞ്ഞുണ്ണി മാഷ്ടെ ‘ഉണ്ടാൽ ഉണ്ടപോലിരിക്കണം, ഉണ്ടപോലിരിക്കരുത്' എന്നതുപോലുള്ള ശക്തിമത്തായ ഹൈക്കുകൾ ഈയിടെയായി എന്തുകൊണ്ടു കാണുന്നില്ല?
കുഞ്ഞുണ്ണി മാഷ്ടെ കവിതകളെ ആരും ഹൈക്കു കവിതകളെന്നു വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മാത്രം രീതിയിലുള്ള ഹ്രസ്വമായ കവിതകളായിരുന്നു അവ. പക്ഷെ, കുഞ്ഞുണ്ണിക്കവിതകൾ പ്രബലമായ കൊച്ചു സൃഷ്ടികളായതിനാൽ ഹൈക്കുകളോട് ഉപമിക്കാം.
കുഞ്ഞുണ്ണി മാഷിൽ ഒരു ദാർശനികൻ ഉണ്ടായിരുന്നു. ആ ദാർശനികതയുടെ ഗൗരവമാണ് അദ്ദേഹത്തിന്റെ ചെറിയ കവിതകളെ വലിയ, അല്ലെങ്കിൽ ആഴമുള്ള, കവിതകളാക്കി മാറ്റിയത്! ‘ഉണ്ടാൽ ഉണ്ടപോലിരിക്കണം, ഉണ്ടപോലിരിക്കരുത്' എന്നതിന്റെ വ്യാപ്തി അതുകൊണ്ടുണ്ടായതാണ്. ഭാഷാബോധം, പ്രത്യേകിച്ചു ഒരു പദം രണ്ടർത്ഥത്തിൽ ഒരിടത്തുതന്നെ ഉപയോഗിക്കുന്ന നർമരസ ഭാവനകൾ, കഞ്ഞുണ്ണിമാഷെ വ്യത്യസ്തനാക്കി!
ഈ ദാർശനികതയും ഭാഷാബോധവും പുതിയ കവികൾക്കില്ലാത്തതാവാം ശക്തിയായ ഹൈക്കുകൾ ഈയിടെയായി കാണാത്തതിന്റെ കാരണം. പുറമെ വളരെ ലഘുവായി തോന്നുമെങ്കിലും, വളരെ ഗുരുവായ ചിന്ത ആവിഷ്കരിക്കുന്ന കൊച്ചു കവിതകൾ പിന്നീടാരും എഴുതിയിട്ടില്ലായെന്നത് വളരെ ശരിയാണ്.
സാറിന്റെ ‘മഷിക്കുപ്പി' പറയുന്നത് "ഭൂമിയിലെ അമ്മമാരുടെ കണ്ണീരാണ് ഞാൻ’ എന്നാണ്. ഇന്ത്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള അമ്മമാരുടെ കണ്ണീരിന്റെ കഥകൾ എന്തൊക്കെയാണിന്ന്? താങ്കൾ ‘പെണ്ണെഴുത്ത്' എന്ന സംജ്ഞയുടെ ഉപജ്ഞാതാവ്!
കൊച്ചുകുട്ടികളും, വയോധികമാർ പോലും ബലാത്സംഗം ചെയ്യപ്പെടുന്ന ഇക്കാലത്ത് ‘മഷിക്കുപ്പി'ക്ക് ഏറെ പ്രസക്തിയുണ്ട്. ബലാത്സംഗം സ്നേഹപ്രകടനമോ, കാമപ്രകടനമോ അല്ല, ഒരു ശക്തിപ്രകടനമാണത്! സ്ത്രീയുടെമേൽ പുരുഷന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമായാണ് അതിനെ കാണേണ്ടത്. പല ദുഃഖങ്ങൾക്കിടയിൽ തന്റെ മകൾക്ക് നാളെയെന്താണു സംഭവിക്കുകയെന്ന ആധിയിലാണ് അമ്മമാരിന്ന്.
പുരുഷന്മാരുണ്ടാക്കുന്ന അതിക്രൂരമായ ഈ അവസ്ഥയിന്ന് പൂർവാധികം ശോചനീയമായിരിക്കുന്നു. ഇന്നാരും സംസാരിക്കുന്നത് കരുണയെക്കുറിച്ചല്ല, കരുത്തിനെക്കുറിച്ചാണ്. കരുത്ത് പുരുഷ സങ്കൽപ്പവും, കാരുണ്യം സ്ത്രീ സങ്കൽപ്പവുമാണ്.
കരുത്തു ഭരിക്കുന്ന ലോകത്തുനിന്ന് കാരുണ്യം ഭരിക്കുന്ന ലോകത്തേക്കുള്ള മാറ്റമാണ് തത്ത്വചിന്തകരെല്ലാം സ്വപ്നം കണ്ടത്. പലരും സ്വന്തം നെഞ്ചിന്റെ വിരിവിനെക്കുറിച്ചും മാംസപേശികളെക്കുറിച്ചുമാണ് ഇന്നു സംസാരിക്കുന്നത്! ഇവരൊക്കെ അവരുടെ ജീവിതത്തിൽ മറ്റു മനുഷ്യരോട് എത്രത്തോളം ദയ കാണിച്ചിട്ടുണ്ട് എന്ന ചോദ്യം ആരും ഇത്തരക്കാരോട് ചോദിക്കുന്നുപോലുമില്ല. ഇങ്ങനെയുള്ള ഒരുകാലത്ത് സ്ത്രീകളുടെ ഉത്കണ്ഠ വളരെ വർധിച്ചിരിക്കുന്നു.
‘ആരാണു പറഞ്ഞത്, ആരാണു പറഞ്ഞത് പ്രതീക്ഷ വടക്കേ മലബാറിലെ ഒരു റെയില്വേസ്റ്റേഷനാണെന്ന്' സച്ചി സാർ എഴുതിയതിലെ ആ പ്രതീക്ഷ ശരിക്കും എന്താണ്?
അത് ഒരു പ്രത്യേക തരത്തിലുള്ള പ്രയോഗം മാത്രമാണ്. ദൂരെ എവിടെനിന്നോ വന്നുചേരുന്നൊരു രക്ഷകനിലാണ് പ്രതീക്ഷയെന്ന അർത്ഥത്തിൽ! പ്രതീക്ഷ വളരെ വിദൂരമാണെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്!
അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിൽ സച്ചിസാർ സന്തുഷ്ടനല്ലേ?
തീർച്ചയായും! ഞാൻ ആരാധിക്കുന്നൊരു കവിയാണ് അദ്ദേഹം. മലയാള കാവ്യപൈതൃകത്തിന്റെ വേറിട്ട വഴി. ഒഎൻവിക്കു മുന്നെത്തന്നെ അദ്ദേഹത്തിനു ലഭിക്കണമായിരുന്നു!
അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. അക്കിത്തത്തിന് ആചാര്യ സ്ഥാനമുള്ള ‘തപസ്യ’ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിലും വിയോജിപ്പുണ്ട്.
വിജയ് സി. എച്ച്