വോളിബോൾ കോർട്ടുകളിലെ തീപാറുന്ന കളിയോർമകളുമായി ഒരാൾ- എം.എ. കുര്യാക്കോസ്... രാജ്യത്തിന്റെ വോളി ചരിത്രത്തിലെ പ്രഥമസ്ഥാനീയർക്ക് ഒപ്പമാണ് ഈ പേര് എഴുതിച്ചേർത്തിരിക്കുന്നത്...
ക്രിക്കറ്റും ഫുട്ബോളും ഇന്ത്യന്‍ യുവജനങ്ങളെ ആവേശം കൊള്ളിക്കുന്നതിനു മുന്‍പ് കേരളത്തിലെ കോര്‍ട്ടുകളില്‍ കളിയാരവങ്ങള്‍ നിറച്ചിരുന്നത് വോളിബോളായിരുന്നു. വോളിബോളിന്റെ സുവര്‍ണ കാലമായിരുന്ന ജിമ്മി ജോര്‍ജിന്റെയും മറ്റും കാലഘട്ടത്തിനു മുന്‍പ് വോളിബോളിലൂടെ കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രശസ്തി അതിര്‍ത്തി കടത്തിയവരെ പിന്നീട് നാടു മറന്ന പോലായി. എന്നാല്‍ ഇവരിലൊരു താരം കോര്‍ട്ടുകളിലെ തീ പാറുന്ന കളിയോര്‍മകളുമായി തൊടുപുഴയ്ക്കു സമീപം മുതലക്കോടത്ത് കൃഷിയും കാര്യങ്ങളുമായി കഴിയുന്നുണ്ട്.
തൊടുപുഴ മുതലക്കോടം മാഞ്ചേരില്‍ എം.എ. കുര്യാക്കോസ് എന്ന എഴുപത്തേഴുകാരന്‍. കേരളത്തിനും രാജ്യത്തിനും വേണ്ടി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ കുര്യാക്കോസ് അര്‍ജുന അവാര്‍ഡിനു വരെ പരിഗണിക്കേണ്ടിയിരുന്ന കായികതാരമായിരുന്നുവെന്നു പോലും വിലയിരുത്തപ്പെട്ടു. നാലു പതിറ്റാണ്ടു മുന്‍പ് പത്രങ്ങളില്‍ സ്പോര്‍ട്സ് പേജുകള്‍ തുടങ്ങുന്നതിനു മുന്‍പേ കളിമികവുകൊണ്ട് പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ച കളിക്കാരനായിരുന്നു കുര്യാക്കോസ്. കളിമികവിനൊപ്പം കഠിനാധ്വാനത്തിന്റെ കൂടി പിന്‍ബലത്തിലാണ് കുര്യാക്കോസ് ഒരു കാലത്തെ മിന്നുന്ന താരമായത്.
ഒരു പക്ഷെ വോളിബോളില്‍ കേരളത്തിനു തനതായ സ്ഥാനമുണ്ടാക്കിയെടുത്ത കാലഘട്ടത്തില്‍ സംസ്ഥാന ടീമിന്റെ ക്യാപ്റ്റന്‍. രാജ്യം കണ്ട എക്കാലത്തെയും മികച്ച വോളിബോള്‍ താരമായ ബല്‍വന്ത് സിംഗിനൊപ്പം രാജ്യാന്തര ടീമില്‍ കളിച്ച കളിക്കാരന് തുടങ്ങി കേരളത്തില്‍ വോളിബോള്‍ ചരിത്രത്തില്‍ പേരെഴുതിച്ചേര്‍ത്ത പ്രഥമസ്ഥാനീയരോടൊപ്പമാണ് കുര്യാക്കോസിന്റെ സ്ഥാനം. 1963 മുതല്‍ വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞുനിന്ന കുര്യാക്കോസ് കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളിബോള്‍ താരമായ പപ്പനെന്ന ടി.ഡി.ജോസഫിന്റെയും മറ്റും സഹതാരമായിരുന്നു.
1963 മുതല്‍ നീണ്ട 11 വര്‍ഷക്കാലം കേരള ടീം ക്യാപ്റ്റനായി. മുന്‍കാല താരങ്ങള്‍ പോലും കളിക്കളത്തിലെ തങ്ങളുടെ പഴയ വീരഗാഥകള്‍ പറഞ്ഞു നടക്കുന്ന കാലത്ത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായി കൃഷിക്കൊപ്പം അല്‍പ്പം പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഒക്കെയായി ഒതുങ്ങിക്കഴിയുകയാണ് ഫാക്ടില്‍ ഉന്നത പദവിയില്‍നിന്നു വിരമിച്ച കുര്യാക്കോസ് എന്ന പഴയ വോളിബോള്‍ താരം.
സെന്റ് തോമസ് കോളജിലെ താരം
തൊടുപുഴയ്ക്കു സമീപം പാറപ്പുഴ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്നായിരുന്നു എം.എ.കുര്യാക്കോസെന്ന വോളിബോള്‍ താരത്തിന്റെ വരവ്. പാറപ്പുഴ സെന്റ് ജോര്‍ജ് യുപി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പഠിക്കുന്നതിനിടെ തന്നെ സ്കൂള്‍ ടീമില്‍ അംഗമായി. പാറപ്പുഴയിലെ കളിക്കൂട്ടത്തില് അംഗമായതോടെ സീനിയര്‍ ടീമിലിടം നേടി. പാലാ സെന്റ് തോമസ് കോളജിലെത്തിയതാണ് കായിക ജീവിതത്തിലെ വഴിത്തിരിവ്. സെന്റ് തോമസിലും മൂവാറ്റുപുഴ നിര്‍മല കോളജിലും പഠിക്കുമ്പോള്‍ യൂണിവേഴ്സിറ്റി താരമായി. 1963-ല്‍ കേരള യൂണിവേഴ്സിറ്റി ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായതിനു പിന്നില്‍ കുര്യാക്കോസിന്റെ കളിമികവായിരുന്നു. ഒരുപാട് കായിക താരങ്ങളെ ഈ കലാലയം വാര്ത്തെടുത്തെങ്കിലും പാലാ സെന്റ് തോമസ് കോളജ് ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ഇന്റർ നാഷണല്‍ വോളിബോള്‍ താരമെന്ന ഖ്യാതിയും കുര്യാക്കോസിനാണ്.
കൈ പിടിച്ചുയര്‍ത്തിയത് ഫാക്ട്
യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പോടെ പഠനം നടത്തുന്നതിനിടയില്‍ 1964 മുതല്‍ ഫാക്ടില്‍ ഗസ്റ്റ് പ്ലെയറായി. ഇതിനിടെ സ്പോര്‍ട്സ് ക്വോട്ടയില്‍ മെഡിക്കല്‍ സീറ്റ് ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു. ഈ സീറ്റ് ഒപ്പം കളിച്ചിരുന്ന മറ്റൊരു കളിക്കാരനു ലഭിച്ചു. പിന്നീടാണ് പൊതുമേഖല സ്ഥാപനമായഫാക്ടില് ഉദ്യോഗം ലഭിക്കുന്നത്. സയന്റിസ്റ്റായിട്ടായിരുന്നു ജോലിയില്‍ പ്രവേശിച്ചിരുന്നത്. പപ്പന് എ ക്യാപ്റ്റനായിരുന്ന ഫാക്ട് ടീം കുര്യാക്കോസിന്റെ കൂടി പങ്കാളിത്തത്തോടെ അന്നു വരെ സംസ്ഥാനത്തെ വോളിബോളിന്റെ വിജയത്തിന്റെ കുത്തക നിലനിര്‍ത്തിയിരുന്ന കേരള പോലീസിനെ തോല്‍പ്പിച്ചതോടെ സംസ്ഥാനത്തെ മുന്‍നിര ക്ലബായി ഫാക്ട് മാറി.
വിജയത്തിലേക്ക് നയിച്ച നായകന്
ഫാക്ട് ടീം ക്യാപ്റ്റനായിരിക്കുമ്പോഴാണ് 1967-ല്‍ കേരള വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം തേടിയെത്തിയത്. പിന്നീട് 1973-ലും 1974-ലും നായക പദവിയില്‍. ഒത്തിണക്കത്തോടെ ടീമിനെ നിലനിര്‍ത്തുന്നതിലും നയിക്കുന്നതിലും കുര്യാക്കോസ് എന്ന കേരള നായകന് കഴിഞ്ഞതോടെ വിജയങ്ങളും ടീമിനെ തേടിയെത്തി. പപ്പന്, പോലീസ് ടീമിലംഗമായിരുന്ന മത്തായി, ബാലകൃഷ്ണന്, പരീത്, കെ.രാമചന്ദ്രന്, ട്രാന്‍സ്പോര്‍ട്ടിംഗ് ടീമിലംഗമായ ഭഗവതീശ്വരന്‍, സ്വാമിദാസ്, എം.എസ്.ജോസഫ് എന്നിവരൊക്കെയായിരുന്നു സംസ്ഥാന ടീമിലെ സഹകളിക്കാര്‍. പലപ്പോഴും ഉത്തരേന്ത്യന്‍ ലോബിയുടെ അന്യായമായ ഇടപെടല്‍ കേരള ടീമിനു പ്രതിരോധം തീര്‍ത്തെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് കുര്യാക്കോസ് സംസ്ഥാനത്തെ വിജയപീഠത്തിലെത്തിച്ചു.
ദേശീയ ടീമിനൊപ്പം
ബല്‍വന്ത് സിംഗ് ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ 1969-ല്‍ കുര്യാക്കോസെന്ന യുവതാരം ഇടം നേടി. ഒട്ടേറെ രാജ്യാന്തര മല്‍സരങ്ങളില്‍ കളിച്ചു. ശ്രീലങ്കയ്ക്കെതിരായ മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഇതിനിടെ ഏഷ്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു മലയാളികളില്‍ ഒരാളും കുര്യാക്കോസായിരുന്നു.
സംസ്ഥാനത്തിന്റെ ആദരവ്
വോളിബോള്‍ കളിയിലുള്ള മികവിന് സംസ്ഥാനം 1971-ല്‍ കുര്യാക്കോസിനെ സ്വര്‍ണ മെഡല്‍ നല്കി ആദരിച്ചു. രാജ്യാന്തര തലത്തില്‍ കായിക ഇനങ്ങളില്‍ മികവു കാട്ടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ആദരവായിരുന്നു ആ സ്വര്‍ണമെഡല്‍. ഒക്ടോബര്‍ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയില്നിന്നാണ് മെഡല്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞ 47 വര്‍ഷമായി കുര്യാക്കോസ് ആ സ്വര്‍ണമെഡല്‍ തിളക്കം മങ്ങാതെ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനു പുറമെ ഒട്ടേറെ സംസ്ഥാന , ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പോലീസിന്റെ "നോട്ടപ്പുള്ളി'
1967-ല്‍ അന്നു വരെ കേരള വോളിബോളില്‍ വെന്നിക്കൊടി പാറിച്ചിരുന്ന കേരള പോലീസ് ടീമിനെ മലര്‍ത്തിയടിച്ചതോടെ കുര്യാക്കോസ് സംസ്ഥാന പോലീസിന്റെ നോട്ടപ്പുള്ളിയായി. ഫാക്ട് ടീമിന്റെ നായകനായ അദ്ദേഹത്തെ പോലീസിലേക്ക് ക്ഷണിക്കാന്‍ ഐജി നേരിട്ടെത്തി. സിഐയായി പോലീസില്‍ നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. കുര്യാക്കോസിന്റെ സേവനം സേനയ്ക്കും കളിയിലെ മിടുക്ക് കേരള പോലീസ് ടീമിനും വേണമെന്നായിരുന്നു ഐജിയുടെ അഭ്യര്‍ഥന. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ നീങ്ങി. എന്നാല്‍ തങ്ങളുടെ ക്യാപ്റ്റനെ വിട്ടുകൊടുക്കാന്‍ ഫാക്ട് തയാറായില്ല. പോലീസ് ജോലിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെങ്കിലും ഫാക്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പകരം ഡബിള്‍ പ്രമോഷനോടെ കമ്പനിയില്‍ ഉയര്‍ന്ന പദവി നല്കി. അന്ന് പോലീസില്‍ ചേര്‍ന്നിരുന്നെങ്കില്‍ ഇന്ന് സേനയില്‍ ഉന്നത ഉദ്യോഗസ്ഥനായി വിരമിക്കാമായിരുന്നെന്ന് കുര്യാക്കോസിന്റെ മറുപടി.
സഹകളിക്കാരനായി ജിമ്മിയും
രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും വിരമിക്കുന്ന 1973-ല്‍ ആണ് ജിമ്മി ജോര്‍ജ് സഹകളിക്കാരനായി എത്തുന്നത്. ജിമ്മി ജോര്‍ജിന്റെ കരിയര്‍ തുടങ്ങിയ കാലമായിരുന്നു അത്. സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായ കുര്യാക്കോസിനു കീഴില്‍ ജിമ്മി ജോര്‍ജും സഹോദരന് ജോസ് ജോര്‍ജും ഐജിയായിരുന്ന ഗോപിനാഥും ഉള്‍പ്പെടെയുള്ള കളിക്കാര്‍. ഇവരുടെയൊക്കെ മാര്‍ഗദര്‍ശിയും കൂടിയായിരുന്നു ഇദ്ദേഹം. ജോസ് ജോര്‍ജും ഗോപിനാഥുമൊക്കെ ഇപ്പോഴും ആ സുദൃഢബന്ധം കാത്തുസൂക്ഷിക്കുന്നു.
ഡെപ്യൂട്ടി ജനറല്‍ മാനേജരിൽനിന്ന് കൃഷിക്കാരനിലേക്ക്
കുര്യാക്കോസെന്ന രാജ്യാന്തര വോളിബോള്‍ താരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഫാക്ടില്‍ സയന്റിസ്റ്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിലേക്കുള്ള പ്രവേശനം. 20 വര്‍ഷം തമിഴ്നാട്ടിലുള്‍പ്പെടെ ഇന്ത്യയുടെ വിവിധ മേഖലകളില്‍ പല തസ്തികകളിലായി സേവനം. കളിക്കളത്തിലെ മികവു കൊണ്ട് ഫാക്ട് പ്രധാന തസ്തികകള്‍ തന്നെ നല്കി. ഒടുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ഫാക്ടില്‍ നിന്നും പടിയിറക്കം. ഇപ്പോള്‍ പാറപ്പുഴയിലെ കൃഷിയിടത്തില്‍ മുഴുവന്‍സമയ കൃഷിക്കാരന്. ഇടക്കാലത്തുണ്ടായ വീഴ്ച ആരോഗ്യത്തെ ബാധിച്ചെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് ഈ പഴയ താരം കൃഷിക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമാകുന്നത്.
തൊടുപുഴ ന്യൂമാന്കോളജില് നിന്നും വിരമിച്ച കെമിസ്ട്രി പ്രഫസറായ ഭാര്യ മേഴ്സി കുര്യാക്കോസിനൊപ്പം മുതലക്കോടത്തെ വസതിയിലാണ് താരം. റോഷ്്നിയും രഞ്ചുവുമാണ് മക്കള്‍. ഒരിക്കലും വോളിബോള്‍ എന്ന സാധാരണക്കാരുടെ കായിക വിനോദം സാമ്പത്തിക നേട്ടത്തിനുപയോഗിച്ചില്ലെന്നതാണ് കുര്യാക്കോസിന്റെ സവിശേഷത. ഇന്നത്തെ കളിക്കാരും മുന്‍കാല താരങ്ങളും ക്ലബ്ബുകള്‍ക്കും മറ്റും പണം വാങ്ങി കളിക്കളത്തിലിറങ്ങുമ്പോള്‍ പൂര്‍ണമായും തന്റെ സ്വന്തം ടീമിനു വേണ്ടി മാത്രമാണ് ജഴ്സിയണിഞ്ഞതെന്ന് അഭിമാനത്തോടെ കുര്യാക്കോസെന്ന പഴയ ക്യാപ്റ്റന്‍ പറയുമ്പോള്‍ ഈ ഉറച്ച നിലപാടുകള്‍ തന്നെയാണ് ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നതും.
ടി.പി. സന്തോഷ്കുമാര്‍