ഇത് തൊടുപുഴക്കാരൻ റെജി ഏബ്രഹാം. കറക്കം വീൽചെയറിലാണ്. പക്ഷേ ജീവിതം സ്വന്തം കാലിലാണ്. തനിക്കു മാത്രമല്ല, തളർന്നുപോയ നിരവധി മനുഷ്യർക്ക് ആത്മവിശ്വാസത്തിന്റെ കാലുകൾ പിടിപ്പിച്ച മനുഷ്യൻ...
സ്വന്തം കാലിൽ നിൽക്കണമെന്നായിരുന്നു എന്നും ആഗ്രഹം. അതിന് 22-ാമത്തെ വയസിൽ ഒരു ബന്ധുവിന്റെ കൂടെ വർക്ക്ഷോപ്പ് തുടങ്ങി. എന്നാൽ എഴുതിവച്ചിരിക്കുന്ന നിയോഗം മാറ്റാൻ കഴിയില്ലെന്ന് 23-ാമത്തെ വയസിൽ അറിഞ്ഞു. 23-ാംവയസിലായിരുന്നു അപകടം.
വർക്ക്ഷോപ്പിലെ ചെറിയൊരു ഉപകരണം തെന്നിപ്പോയതാണ്. നട്ടെല്ലു തകർന്നു ശരീരത്തിനു അനക്കമില്ലാത്ത അവസ്ഥ, കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന ഡോക്ടർമാരുടെ വിധിയെഴുത്ത്. പക്ഷേ, തോറ്റു കൊടുക്കാനാവില്ല.
ഒരു നിയോഗം പോലെ ആശുപത്രികിടക്കയിൽ നിന്നും ശരീരംതളർന്നവർക്കുവേണ്ടി വീൽചെയർ ഉരുട്ടി ഇറങ്ങി. ഇത് റെജി ഏബ്രഹാം. തൊടുപുഴ പുതുപ്പരിയാരം മായത്ത് പരേതനായ ബേബിയുടെയും മേരിയുടെയും രണ്ട് ആണ്മക്കളിൽ മൂത്തവൻ. ഇന്നു വീൽചെയറിലിരുന്നു തളർന്നു കിടക്കുന്നവർക്കു ആശ്രയമാകുന്ന വലിയൊരു അഭയകേന്ദ്രത്തിന്റെ നായകൻ.
അതിനായി റെജി തന്റെ ജീവിതം അവർക്കു മുന്നിൽ തുറന്നിട്ടു. താൻ ചെയ്യുന്നതും അതിലേറെ കാര്യങ്ങളും ചെയ്യുവാൻ സാധിക്കും എന്ന ബോധ്യം അവരുടെ മനസിലേക്കു പാകി. ഓട്ടോ ഓടിച്ചും വിദേശയാത്രനടത്തിയും കാറോടിച്ചും ഒരാണിനെപ്പോലെ ഓടിനടന്നും ജീവിതം പഠിപ്പിച്ചു. പിന്നീട് അവിടെ സംഭവിച്ചത് അദ്ഭുതങ്ങൾ നിറഞ്ഞ അനുഭവങ്ങളാണ്. ഓട്ടോ ഓടിക്കാനും മെക്കാനിക് വർക്ക് ചെയ്യാനും ഹൃദയം തുറന്നു പാടാനും അവർക്കും സാധിച്ചു. റെജിയുടെ അടുത്ത് എത്തിയപ്പോൾ അവർക്കെല്ലാം ഓരോ അനുഭവമുണ്ടായിരുന്നു. മുറിപ്പാടുകളുണ്ടായിരുന്നു. എന്നാൽ റെജിയുടെ ഒപ്പം ചേർന്നപ്പോൾ ഒരു അനുഭവമായി, ഒരു കഥയായി, ഒരു ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു.
വിധി മാറ്റിയെഴുതി അപകടം
1987 ജനുവരി 31. ഈ തീയതി ആരു മറന്നാലും റെജി മറക്കില്ല. വാഹനത്തെ പ്രേമിച്ച പയ്യൻ ഓട്ടോമൊബൈൽ പഠനം കഴിഞ്ഞു 1986ൽ ബന്ധുവിനോടൊപ്പം ചേർന്നു തൊടുപുഴയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ആരംഭിച്ചു. ബസിന്റെ ബോഡി കെട്ടും മെക്കാനിക്കൽ പണിയുമായിരുന്നു. ഒരു വർഷം തികയുന്നതിനു മുന്പ് അപകടം സംഭവിച്ചു.
ഒരു വാഹനത്തിന്റെ കേടുപാടുകൾ നന്നാക്കുന്നതിനിടെ ജാക്കി തെന്നി വാഹനം ശരീരത്തേക്കു പതിച്ചു. നട്ടെല്ലിനുണ്ടായ ക്ഷതം ജീവിതത്തിന്റെ ദിശ മാറ്റിക്കളഞ്ഞു. വെല്ലൂർ സിഎംസി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിക്കപ്പെട്ടത്. ഡോക്ടർമാർ റെജിയുടെ അവസ്ഥ തുറന്നുപറഞ്ഞു. സ്വന്തം കാലുകൾകൊണ്ട് നടക്കാൻ സാധിക്കില്ല. തുടക്കത്തിൽ എല്ലാ കാര്യങ്ങൾക്കും മറ്റൊരാളുടെ സഹായം ആവശ്യമാണ്. നട്ടെല്ലിനുണ്ടായ ക്ഷതമാണ് ഈ അവസ്ഥയ്ക്കുള്ള കാരണം. സ്വന്തം കാലിൽ നിൽക്കാൻ മോഹിച്ചവൻ തളർന്നു പോയ നിമിഷം.
അമ്മയും സഹോദരൻ റോയിയുമായിരുന്നു കൂട്ടിന് ആശുപത്രിയിൽ. ആശുപത്രിയിൽനിന്നു പെട്ടെന്നൊന്നും വീട്ടിലേക്ക് വിട്ടില്ല. നാലു മാസം നീണ്ടുനിന്ന പരിശീലനവും ഡോക്ടർമാരുടെ സാമീപ്യവും പരിചരണവും റെജിക്ക് ആശ്വാസമായി. ഫിസിയോതെറാപ്പിയിലൂടെ എല്ലുകൾക്കും കൗണ്സലിംഗിലൂടെ മനസിനും അവർ ബലം നൽകി. പുതിയൊരു മനുഷ്യനാക്കി. പക്ഷേ, എല്ലാവരും ഓടിനടക്കുന്ന ലോകത്തിൽ അവരെപ്പോലെ ഒരാളായി ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് റെജി നേടുകയായിരുന്നു.
ഷട്ടറുകൾ വീണ്ടും ഉയരുന്നു
ആശുപത്രിയിൽനിന്നു വന്നതിനുശേഷം പല ചികിത്സരീതികളും പയറ്റി നോക്കി. റെജിയുടെ ശരീരം പ്രതികരിക്കുന്നില്ല. വർക്ക്ഷോപ്പ് മുന്നോട്ടു പോകുന്നുണ്ട്. ബന്ധു കാര്യമായി നോക്കുന്നുണ്ട്. വീട്ടിൽ ഇരുന്നു ജീവിതം നശിപ്പിക്കാൻ ഏതായാലും ഇല്ലെന്നു തീരുമാനിച്ചു. വീണ്ടും വർക്ക്ഷോപ്പിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
വർക്ക്ഷോപ്പിന്റെ ഷട്ടറുകൾ റെജി തുറന്നപ്പോൾ തന്റെ ജീവിതവും തുറക്കുകയായിരുന്നു. ആദ്യമൊക്കെ എതിർത്തവർ, സഹതാപം കാണിച്ചവർ പ്രോത്സാഹനവുമായി കടന്നുവന്നു, 1990ൽ പാർട്ടണറായ ബന്ധുവിനു സർക്കാർ ജോലി ലഭിച്ചു. അതോടെ വർക്ക്ഷോപ്പ് പൂർണമായും റെജി ഏറ്റെടുത്തു. ഇതിനിടെ ആദ്യം ഓട്ടോറിക്ഷയിൽ പ്രത്യേക സംവിധാനമൊരുക്കി അതുമായിവഴിയിലിറങ്ങി.
പിന്നീട് ഹാൻഡ് കണ്ട്രോളുള്ള കാറു തയാറാക്കി നല്കുന്ന മലപ്പുറം സ്വദേശി മുസ്തഫയിൽനിന്ന് ആദ്യത്തെ കാറുവാങ്ങി. വർക്ക്ഷോപ്പ് നന്നായി പോകുന്ന സമയത്തുതന്നെ ഒരു മാറ്റം വേണമെന്ന ചിന്ത ജീവിതത്തിൽ ഉദിക്കുന്നു. തന്റെ മനസിലെ സ്വപ്നം യഥാർഥ്യമാക്കാൻ ഇറങ്ങാൻ തീരുമാനിച്ചു. 2005വരെ 15 വർഷക്കാലം റെജി വർക്ക്ഷോപ്പ് നടത്തി. അന്നു വാടകയ്ക്കു കൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങി.
ആശ്രയമാണ് സ്വാശ്രയ
നല്ലനിലയിൽതന്നെ വർക്ക്ഷോപ്പ് നടത്തി. സാന്പത്തികമായി മെച്ചവുമായിരുന്നു. പക്ഷേ, അപ്പോഴും മനസിൽനിന്ന് ആരോ വലിക്കുന്നതു പോലെ. ഇതല്ല നിന്റെ ലക്ഷ്യം. എല്ലാം തുറന്നു പറയുന്ന ബന്ധു കൂടിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസിനോടു മനസിന്റെ ആഗ്രഹം പറഞ്ഞു. എന്നെപ്പോലെ തളർന്നുപോയവരെ രക്ഷിക്കണം. ചികിത്സ കഴിഞ്ഞിറങ്ങുന്ന പാവപ്പെട്ടവരുടെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബത്തിന്റെ സഹായം പോലും ലഭിക്കാത്തവരുണ്ട്.
എന്താണ് ഉദ്ദേശ്യമെന്നായി തിരുമേനി. ഒരു സെന്റർ തുടങ്ങണം. അതാണ് ആശയം. എങ്കിൽ മുളന്തുരുത്തി വെട്ടിക്കൽ സെന്റ് തോമസ് ദയറായ്ക്കു സമീപം പുളിക്കമാലി റോഡിൽ തന്റെ വക ഒന്നേകാൽ ഏക്കർ സ്ഥലം ഏറ്റെടുത്തുകൊള്ളാൻ തീരുമേനി.
അദ്ദേഹം നൽകിയ സ്ഥലത്ത് 2005 മേയ് 15 നു സ്വാശ്രയ ആരംഭിച്ചു. അതൊരു ചാരിറ്റബിൾ ട്രസ്റ്റായി രൂപീകരിച്ചു. സ്ഥാപകട്രസ്റ്റിയായി റെജി മാറി. മാനേജിംഗ് ട്രസ്റ്റിയായി തിരുമേനിയെ വച്ചു. കൂടെ കുറച്ചു സുഹൃത്തുക്കളും കമ്മിറ്റിയിലുണ്ട്. കെട്ടിട സൗകര്യമുണ്ട്. ചികിത്സാസൗകര്യമുണ്ട്. കൗണ്സലിംഗിനും പരിശീലനത്തിനും സൗകര്യമുണ്ട്. ഇതാണ് സ്വാശ്രയയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.
രോഗത്താലും അപകടങ്ങളാലും നട്ടെല്ലിനു ക്ഷതമേറ്റ് ശയ്യാവലംബരായിത്തീർന്നവർക്ക് അവരുടെ ദിനചര്യകൾ പരാശ്രയം കൂടാതെ നിർവഹിക്കുന്നതിന് പരിശീലനം നൽകുകയാണ് സ്വാശ്രയ റീഹാബിലിറ്റേഷൻ സെന്റർ. മൂന്നു മാസത്തെ പരിശീലനമാണ് ഇവിടെ നല്കുന്നത്. 160 പേർ പരിശീലനം കഴിഞ്ഞു പോയി. എന്നാൽ വീട്ടിൽ പോകാതെ ഏഴു പേർ ഇവിടെ റെജിക്കൊപ്പമുണ്ട്. ഒരേസമയം, ഇരുപതു പേരെ മൂന്നു മാസക്കാലം താമസിപ്പിച്ചുകൊണ്ടുള്ള പരിശീലനമാണ് നൽകുന്നത്.
കുടുംബാംഗങ്ങൾക്ക് നിത്യഭാരമായിത്തീരുമോ എന്ന ആശങ്കയും വീട്ടിലെ പരിമിതികളുമാണ് പലരും വീടുകളിലേക്കു പോകാൻ മടിക്കുന്നതിന്റെ മുഖ്യകാരണം. പരിശീലനത്തിനു പുറമെ നിരാശയും അപകർഷതയുമകറ്റി ആത്മ ധൈര്യം നൽകി അന്തേവാസികളെ സാധാരണ ജീവിതത്തിലേക്കു വഴിനടത്തുകയാണ്. കൗണ്സലിംഗ് കൂടാതെ ഫിസിയോതെറാപ്പിയും ഓക്കുപ്പേഷണൽ തെറാപ്പിയും പ്രയോജനപ്പെടുത്തുന്നു.
റെജി കണ്ടെത്തിയവർ
തിരുവനന്തപുരം സ്വദേശി സ്റ്റെല്ലസും കോട്ടയംസ്വദേശി ബീനയും കൊല്ലം സ്വദേശി ബോബനും ഗംഗപ്രസാദും ജോളി ജോസഫും ഉമേഷുമൊക്കെ ഒരിക്കൽ തങ്ങളുടെ ജീവിതങ്ങളെ മറന്നവരായിരുന്നു. ഇവരിൽ ഭൂരിപക്ഷവും വിദേശത്ത് ഉണ്ടായ അപകടത്തിൽ ശരീരം തളർന്നവരാണ്.
ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു കടന്നു കളയുന്നു. ഭർത്താവ് വിവാഹമോചനം നേടി ഓടി രക്ഷപ്പെടുന്നു. എന്നാൽ ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ചു പരിചരിച്ചു കൂടെനിൽക്കുന്ന ഭാര്യമാരും ഇവിടെയുണ്ട്. ഈ വേദനകളെ അവർ ഇവിടെ മാറ്റിവയ്ക്കുകയാണ്. ഇവിടെ വന്നതിനുശേഷം ഇവർ ജീവിതം ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു കുടുംബമാണ്.പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത കുടുംബം.
എറണാകുളത്തുള്ള ജോളി എന്ന ചെറുപ്പക്കാരൻ ഇവിടെ എത്തിയിട്ട് മൂന്നു വർഷങ്ങളാകുന്നു. ഗ്രാഫിക് ഡിസൈനറായ ജോളിയുടെ നട്ടെല്ലിൽ രൂപപ്പെട്ട ട്യൂമറാണ് വില്ലനായത്. ചികിത്സകൾ പലതു നടത്തിയെങ്കിലും ഓപ്പറേഷനു ശേഷം സംഭവിച്ചേക്കാനിടയുള്ള പക്ഷാഘാതത്തിൽ അരയ്ക്കു താഴെ അനക്കമില്ലാതായി. യുവത്വത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ജോളി തകർന്നു പോയി. സ്വാശ്രയയിൽ എത്തിയതോടെ ജീവിതം എന്താണെന്ന് അറിഞ്ഞു.
സ്വന്തം കാര്യങ്ങൾ പരസഹായം കൂടാതെ ചെയ്യുന്പോൾതന്നെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പരിശീലിപ്പിക്കുകയും തൊഴിൽ സാധ്യതകൾ കണ്ടെത്തിക്കൊടുക്കുകയും ചെയ്യുന്നു. വെണ്ണലയിലെ ’ഉൗർജ’ എന്ന സ്ഥാപനത്തിൽ അധ്യാപകൻകൂടിയാണ് ജോളി. ലേസർ എൻഗ്രേവിംഗിലൂടെ തടിയിലും മെറ്റലിലും ശിൽപങ്ങൾ രൂപപ്പെടുത്തുന്ന നിർമാണ യൂണിറ്റ് സ്വാശ്രയയിൽ ആരംഭിച്ചുകഴിഞ്ഞു.
2004 ലായിരുന്നു ബിന്ദുവിന്റെയും ഗംഗാ പ്രസാദിന്റെയും വിവാഹം. കല്യാണം കഴിഞ്ഞു ഗൾഫിൽ ജോലിയുണ്ടായിരുന്ന ഗംഗാപ്രസാദ് അങ്ങോട്ടു പോയി. ഗൾഫിലെത്തി ഒരുമാസം കഴിഞ്ഞപ്പോൾ ഗംഗ ഒരപകടത്തിൽ പെട്ടു. കന്പനിവണ്ടിയിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്പോൾ ഒട്ടകവ്യൂഹത്തിലിടിച്ചായിരുന്നു അപകടം. ആറാം ദിവസം നാട്ടിലെത്തിക്കുന്പോൾ ഗംഗ ശരീരം തളർന്ന അവസ്ഥയിലായിരുന്നു. ഏഴു വർഷങ്ങൾക്കു മുന്പാണ് ഗംഗയെ സ്വാശ്രയയിൽ കൊണ്ടുവരുന്നത്.
അതിനു ശേഷം വലിയ മാറ്റങ്ങൾ ഉണ്ടായതായി ഭാര്യ ബിന്ദു പറഞ്ഞു. മോട്ടോർ വീൽചെയറിൽ സഞ്ചരിക്കും, കാറിൽ കയറ്റി പുറത്തൊക്കെ കൊണ്ടുപോകും. മൊബൈലിൽ ആത്മീയ ഗീതങ്ങളും പ്രഭാഷണങ്ങളും കേൾക്കുന്നതാണ് ഗംഗയ്ക്ക് ഏറെ ഇഷ്ടം. ആരുടെയും സഹതാപം ആഗ്രഹിക്കുന്നില്ല. നിഴൽപോലെ എപ്പോഴും കൂടെയുള്ള ബിന്ദുവാണ് അയാളുടെ ഉൗർജം.
വലതുകൈയിലെ തള്ളവിരലും ചൂണ്ടുവിരലും മാത്രം അനക്കാൻ കഴിയുന്നത്ര ശാരീരിക അവശതയുള്ള കോട്ടയം സ്വദേശിനി ബീന ഇവിടുത്തെ അന്തേവാസിയാണ്. ബീന അക്ഷയകേന്ദ്രം നടത്തുകയാണ്. കന്പ്യൂട്ടറിനു മുന്നിലിരുന്നു രണ്ടു വിരലുകൾ മാത്രം ചലിപ്പിച്ച് 17 വർഷങ്ങൾക്കു മുന്പ് തളർന്നു പോയ ശരീരത്തെ ആവുന്നത്ര സ്നേഹിക്കുകയാണിവർ.
ലോറി ഡ്രൈവറായിരുന്നു ജോണ്സണ് റാഫേൽ എന്ന ബോബൻ. വണ്ടികൾ അയാൾക്കെന്നും ഹരമായിരുന്നു. ലോറിയിൽനിന്നു ടോറസിന്റെയും പിന്നീട് അതിലും വലിയ ട്രെയ് ലറിന്റെയും ഡ്രൈവിംഗ് സീറ്റിലേക്കു കയറി. ട്രെയ്ലറിൽനിന്ന് ഉരുക്കു ബീമുകൾ അണ്ലോഡ് ചെയ്യുന്പോൾ കണ്ണൂരിൽവച്ചാണ് ബോബന് അപകടമുണ്ടായത്. ഇടുപ്പിനു താഴെ തളർന്നുപോയി. ചികിത്സകൾക്കൊടുവിൽ ആംബുലൻസിലാണ് സ്വാശ്രയയിൽ കൊണ്ടുവന്നത്. ഇവരെല്ലാം ജീവിതത്തെ സ്നേഹിക്കാൻ പഠിക്കുകയാണ്. സ്വന്തം അവസ്ഥയെ ആദ്യം സ്നേഹിക്കാനാണ് ഇവിടെ പഠിപ്പിക്കുന്നത്.
സ്വാശ്രയ ഫ്രണ്ട്സ് സർക്കിൾ
സ്വാശ്രയയ്ക്ക് സ്ഥിരമായ ആദായമാർഗങ്ങളൊന്നുമില്ല. ഉദാരമതികളുടെ സംഭാവനകളും സ്വാശ്രയയുടെ സുഹൃത്തുക്കളുടെ ധനസഹായവുമാണ് ആകെയുള്ള വരുമാനം. വീൽചെയറിലിരുന്നു ചെയ്യാനാവുന്ന തൊഴിലുകളിലൂടെ ഉപജീവനം തേടാൻ സ്വാശ്രയയിലെ അന്തേവാസികളെ പരിശീലിപ്പിക്കുന്നുണ്ട്.അനുദിന ചെലവുകൾക്ക് സ്വാശ്രയ ഫ്രണ്ട്സ് സർക്കിൾ എന്ന കൂട്ടായ്മയുടെ സഹായം ലഭിക്കുന്നുണ്ട്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്വാശ്രയയ്ക്കുവേണ്ടി ഒരു കെട്ടിടവും പണിതു- ഓശാന പ്രോജക്ട്. ഇവരുടെ സേവനവും ലഭിക്കുന്നുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജിൽ നിന്നു ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നു.
പുഞ്ചിരിക്കുന്ന മുഖങ്ങൾ
ഇവർ ശരീരം തളർന്നവരാണ്. മനസിലും തളർച്ച സംഭവിച്ചവർ. എന്നാൽ ഇന്ന് ഇവർ പുഞ്ചിരിക്കുന്നു. മറ്റുള്ളവരെ നോക്കി ചിരിക്കാനും മനസ് നിറഞ്ഞു പാടാനും വീൽചെയറിൽ ഇരുന്നു ജോലിചെയ്യാനും കഴിയുന്നു. ഇതെല്ലാം ഇവർ കണ്ടു പഠിച്ചത് റെജിയിൽ നിന്നാണ്. വീൽചെയറിൽ പുണ്യം നിറച്ച് ഓടി നടക്കുന്നവനെ കണ്ട്.
റെജി ഒരു ശക്തിയായി, ധൈര്യമായി ഇവരുടെ കൂടെയുണ്ട്. എന്നാൽ റെജിയുടെ ശക്തി അമ്മയാണ്. സുഹൃത്തുക്കളാണ്. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ അമ്മയ്ക്കൊപ്പം ഉണ്ടാകും. പിന്നെ സുഹൃത്തുക്കൾ.ആരെയും പിണക്കാതെ സംസാരിച്ചു മുന്നോട്ടു വീൽചെയർ ഉരുട്ടുന്പോൾ റെജിയുടെ പുഞ്ചിരി അത്ഭുതകരമായ പോസിറ്റിവ് എനർജിയാണ് പകരുന്നത്.
ജോണ്സണ് വേങ്ങത്തടം