നമ്മളെല്ലാവരും സഹോദരങ്ങളാണ്, പരസ്പരം ബന്ധപ്പെട്ടവരാണ്, അപരന്റെ സുസ്ഥിതി നമ്മുടെ സുസ്ഥിതിക്ക് ആവശ്യമാണെന്ന് ഈ കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. അതുകൊണ്ട് സാമൂഹിക അകലം പാലിക്കേണ്ടപ്പോൾപോലും മാനസിക അടുപ്പം പാലിക്കാൻ നാം ഉത്സുകരാകണം. നമുക്ക് പരസ്പരം കൂടുതൽ സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കാൻ തയാറാകാം.
യേശുവിന്റെ കുരിശുമരണത്തിന്റെയും കല്ലറയനുഭവത്തിന്റെയും മംഗളസമാപ്തികുറിക്കുന്ന ഈസ്റ്റർ, അതിജീവനത്തിലൂടെ പുതുജീവൻ നേടിയതിന്റെ വിജയമാണ് വിളിച്ചറിയിക്കുന്നത്. സഹനവെള്ളിയും മരണക്കുരിശും ശവകുടീരവും ഉത്ഥാന ഞായറിനു അനിവാര്യങ്ങളാണെന്നും ജനന-ജീവിത-മരണങ്ങൾപോലെ മരണാനന്തരങ്ങളും യാഥാർഥ്യമാണെന്നും യേശു തന്റെ പുനരുത്ഥാനത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തുന്നു.
ദൈവത്തിന്റെ ലോകം സത്യങ്ങളുടെ ലോകമാണ്. അവിടെ യാഥാർഥ്യങ്ങൾക്കു മാത്രമേ സ്ഥാനമുള്ളൂ. "ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു' (1കൊറി. 15:4). ഇതെല്ലാം അനിഷേധ്യ സത്യങ്ങളാണ്. എന്നാൽ യേശു എന്ന ഒരു ദൈവ മനുഷ്യനിൽ മാത്രം നിവർത്തിതമാകുന്ന ഒരു സത്യമല്ല പുനരുത്ഥാനം. മറിച്ച് അതു സകല മനുഷ്യർക്കും കൽപിച്ച് നൽകിയിട്ടുള്ളതാണ്.
ജനന-ജീവിത- മരണങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യനെക്കുറിച്ച് ദൈവത്തിന് ഒരു സമഗ്രപദ്ധതിയുണ്ട്. ആത്മാവും ശരീരവുമുള്ള മനുഷ്യനെ മരണമെന്ന പെരുവഴിയിൽ ഉപേക്ഷിക്കുക എന്നത് ദൈവനീതിക്കും മനുഷ്യനെക്കുറിച്ചുള്ള ദൈവിക പദ്ധതിക്കും നിരക്കാത്തതാണ്. അതുകൊണ്ട് മനുഷ്യന്റെ പുനരുത്ഥാനം മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ സമഗ്രപദ്ധതിയുടെ ഭാഗംതന്നെയാണ്. അതിന്റെ തെളിവും ഉറപ്പുമാണ് യേശുവിന്റെ ഉയിർപ്പ്.
വിശുദ്ധ യോഹന്നാൻ പ്രതിപാദിക്കുന്നതനുസരിച്ച് യേശു ഉയിർത്തതിനുശേഷം ആദ്യമായി സംസാരിച്ചത് ഒരു ചോദ്യത്തിന്റെ രൂപത്തിലാണ്. "എന്തിനാണ് നീ കരയുന്നത്?'(യോഹ. 20:15). ഉത്തരം പറയിപ്പിക്കാനല്ല, മറിച്ച് സമാശ്വസിപ്പിക്കാനുള്ള ചോദ്യമാണിത്. പലവിധ കാരണങ്ങളാൽ വിലപിക്കുന്ന മനുഷ്യനോട് അനുകന്പ കാണിക്കുന്ന ദൈവത്തിന്റെ നേർചിത്രം.
കൊറോണ മൂലം നിലവിളിക്കുന്നവരുടെ മുന്പിൽ ഇതേ ചോദ്യവുമായി യേശു നിൽക്കുന്നു. അവരെ ആശ്വസിപ്പിക്കുന്നു. പീഡകൾ സഹിച്ചു മരിച്ച് ഉയിർത്ത ദൈവപുത്രൻ കരയുന്നവരെ കൈവിടാതെ കൂടെയുണ്ട്. മഗ്ദലനമറിയം കല്ലറയ്ക്കു വെളിയിൽ കരഞ്ഞു നിന്നതിന്റെ കാരണം. "എന്റെ കർത്താവിനെ കാണുന്നില്ല’ എന്നതായിരുന്നു. ഒരു തരം നഷ്ടദു:ഖം. പ്രിയപ്പെട്ടവരും പ്രിയപ്പെട്ടവയും നഷ്ടപ്പെട്ടതിലുള്ള തീരാസങ്കടം സഹിക്കവയ്യാതെ നിൽക്കുന്നവർക്ക് ഉത്ഥിതൻ സമീപസ്ഥനാണ്. സാന്ത്വനമാണ്. ഇതു വിശ്വസിക്കാം.
യേശുവിന്റെ പുനരുത്ഥാനം ഭയചകിതർക്ക് സമാധാനമാണ്. ഒരു സമാധാനവുമില്ലാതെ ജീവിച്ചു മരിച്ച യേശുവിന് സമാധാനദാതാവും സമാധാന സംവാഹകനും ആകാൻ എങ്ങനെ സാധിക്കുമെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം. വിശുദ്ധ ഗ്രന്ഥം ആ സംശയം പരിഹരിക്കുന്നു. ഏശയ്യാ പ്രവാചകൻ യേശുവിനെക്കുറിച്ച് പ്രവചിച്ചു.
"സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും' (ഏശയ്യാ 9:6). പരസ്യ ജീവിതകാലത്ത് യേശു തന്റെ സമാധാനം ശിഷ്യൻമാർക്ക് പ്രത്യേകം നൽകുന്നുണ്ട്. ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്ക് ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ'(യോഹ.14:27).
യഹൂദരോടുള്ള ഭയം നിമിത്തം വാതിലടച്ച് മുറിക്കകത്തു കഴിച്ചുകൂട്ടിയ ശിഷ്യസമൂഹമധ്യേ സമാധാനം ആശംസിച്ചുകൊണ്ട് ഉത്ഥിതനായ ഈശോ കടന്നുചെന്നു. ഭയമാണ് സമാധാനത്തിന്റെ ഏറ്റം വലിയ ശത്രു. അകാരണവും സകാരണവുമായ ഭീതിയിലും ഭീതിയുടെ നിഴലിലും കഴിയേണ്ടിവരിക ദുരിതമാണ്. കൊറോണ ബാധിതരായും നിരീക്ഷിക്കപ്പെടുന്നവരായും രോഗവ്യാപനത്തെ ചെറുക്കുന്നവരായും നാമെല്ലാവരും ഭയാശങ്കകളോടെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മുറികളിലോ വീടുകളിലോ ആരോഗ്യകേന്ദ്രങ്ങളിലോ കഴിച്ചു കൂട്ടുകയാണ്. ഭയപൂരിതരായി കഴിഞ്ഞിരുന്ന തന്റെ ശിഷ്യൻമാരെ അവരുടെ അടുത്തുവന്ന് കണ്ട് യേശു സമാധാനിപ്പിക്കുന്നു.
’നിങ്ങൾക്ക് സമാധാനം’ എന്ന് അവൻപറഞ്ഞതു കേൾക്കുകയും അവൻ കാണിച്ചു കൊടുത്ത അവന്റെ മുറിപ്പാടുകൾ കാണുകയും ചെയ്തതുവഴി ശിഷ്യരുടെ ഭയാശങ്കകൾ നീങ്ങി. അവർക്ക് ധൈര്യം വീണ്ടുകിട്ടി. കൂടാതെ, അനുബന്ധ മാനസിക വിഷമതകളായ നിരാശ, സംശയം, അനിശ്ചിതത്വം, തെറ്റിധാരണ, വിശ്വാസപ്രതിസന്ധി എന്നിവയെല്ലാം അവരിൽ നിന്ന് പരിപൂർണമായി നീങ്ങിപ്പോയി. അവർ ധൈര്യവും സന്തോഷവും വിശ്വാസവും പ്രത്യാശയും നിറഞ്ഞവരായി മാറി. ഉത്ഥിതനായ ഈശോ ശിഷ്യർക്ക് നൽകിയ സമാധാനവും അനുബന്ധ അനുഗ്രഹങ്ങളും രോഗികളും ആകുലരും പീഡിതരുമായ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇത് ഉറച്ചു വിശ്വസിക്കാം.
യേശുവിന്റെ കുരിശുമരണത്തിനു മുന്പുള്ള പ്രവർത്തനശൈലിയും പുനരുത്ഥാനത്തിനു ശേഷമുള്ള അവിടുത്തെ ജീവിതരീതിയും തമ്മിൽ വലിയ അന്തരം കാണാൻ സാധിക്കും. ഉത്ഥാനത്തിനുശേഷം അവിടുന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നില്ല. വചനം കൊടുക്കുന്നില്ല. രോഗശാന്തി നൽകുന്നില്ല. ജനത്തിനുവേണ്ടി അത്ഭുതം പ്രവർത്തിക്കുന്നില്ല. ഇവയെല്ലാം ഇനി തുടർന്നും നിർവഹിക്കപ്പെടേണ്ടത് തന്റെ അപ്പസ്തോലൻമാരിലൂടെയും ശിഷ്യന്മാരിലൂടെയും സഭയിലൂടെയുമാണെന്ന് അവിടുന്ന് നിശ്ചയിച്ചിരുന്നു.
കൊറോണ എന്ന വലിയ രോഗപീഡയുടെ നടുവിലാണല്ലോ നമുക്കും ലോകമെന്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങൾക്കും ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾ ആചരിക്കേണ്ടിവന്നത്. പതിനായിരങ്ങൾ മരണമടഞ്ഞു.
അനേകർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ നമുക്ക് സംഭീതരായി കഴിയേണ്ടിവന്നു. മാനസികവേദന നമ്മെ വരിഞ്ഞുമുറുക്കി. ഇനിയും ഇത് അവസാനിക്കാത്തതിന്റെ വ്യഗ്രത നമ്മെ അലട്ടുന്നു. ലോകഭരണകൂടങ്ങൾപോലും അന്ധാളിച്ചു നിൽക്കുന്നു. ചുരുക്കത്തിൽ ഈ വർഷത്തെ വിശുദ്ധവാരം യേശുവിന്റെ പീഡാസഹനങ്ങളോടു നമ്മെ മുൻകാലങ്ങളിലേതിനേക്കാൾ കൂടുതൽ താദാത്മ്യപ്പെടുത്തി. ആരെയും പഴിചാരാതെ ദൈവത്തിലേക്ക് കൂടുതൽ ഏകാഗ്രതയോടെ തിരിയേണ്ട സമയമാണിത്.
ദൈവം നല്കിയിട്ടുള്ള നന്മകൾ മനുഷ്യൻ വേണ്ടവിധം പ്രയോജനപ്പെടുത്താതിരിക്കുന്പോൾ ആ നന്മകളെ പുറത്തുകൊണ്ടുവരാനും അവയെ ഗുണകരമായി പ്രയോജനപ്പെടുത്താനും ദൈവം കൂടുതൽ അവസരം ഒരുക്കും.
മനുഷ്യന്റെ നന്മകളിൽ തനിമയാർന്നവ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസാണ്. പ്രസ്തുത നന്മകൾ വലിയതോതിൽ സമൂഹത്തോടു പ്രകടിപ്പിക്കാൻ ദൈവം ഒരുക്കിയ ഇപ്പോഴത്തെ അവസരമാണു ലോകവ്യാധിയായി മാറിയ കൊറോണ രോഗം. എന്നാൽ ചിലരെങ്കിലും ഇതു തിരിച്ചറിയാതെ ദൈവത്തിനുനേരേ ഹൃദയം കഠിനമാക്കുന്നുണ്ട്. ഓർക്കുക, ഈജിപ്തിലെ ഫറവോ തന്റെ ഹൃദയം കഠിനമാക്കിക്കൊണ്ടിരുന്നതിനനുസരിച്ച് അവിടെ മഹാബാധകളും പെരുകിക്കൊണ്ടിരുന്നു.
നമുക്ക് നമ്മുടെ ബുദ്ധിയെ ബുദ്ധിശൂന്യമായി ഉപയോഗിക്കാതെ, അതിനെ ബുദ്ധിപൂർവം ഉപയോഗിക്കാൻ സാധിക്കട്ടെ. 2020 ഈസ്റ്റർ വേളയിലെ കൊറോണ പശ്ചാത്തലത്തിൽ ലോകംമുഴുവനും ആഗ്രഹിക്കുന്ന സാന്ത്വനവും സമാധാനവും ഉത്ഥിതനായ ഈശോതന്നെ നൽകട്ടെ. എത്രയുംവേഗം കോവിഡ്-19 എന്ന മാരകമായ വൈറസ് ബാധയിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പ് ആകട്ടെ അവിടുത്തെ ഈസ്റ്റർ സമ്മാനം.
മോൺ. പീറ്റർ കൊച്ചുപുരയ്ക്കൽ, നിയുക്ത സഹായമെത്രാൻ, പാലക്കാട് രൂപത,