ഗ്യാസ് സിലിണ്ടറുകളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുമ്പോഴും ഉപയോക്താക്കളുടെ മടുപ്പ് ഗ്യാസ് ഏജന്‍സികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സിലിണ്ടര്‍ യഥാര്‍ഥ ഉപയോക്താവിന്റെ കൈയിലാണോയെന്ന് അറിയാനുള്ള നടപടിയുടെ ഭാഗമായാണ് ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് (ഇകെവൈസി അപ്ഡേഷന്) ആരംഭിച്ചത്.
എന്നാല്‍ ഇന്‍ഡേന്‍, ഭാരത്, എച്ച്പി കമ്പനികള്‍ക്കു കീഴിലുള്ള ഉപയോക്താക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ മസ്റ്ററിംഗ് ചെയ്തിട്ടുള്ളൂ. പല ഏജന്‍സികളും ഇതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഉപയോക്താവ് എത്താതായതോടെ പാചക വാതക മസ്റ്ററിംഗ് നിര്‍ബന്ധമാണെന്ന മുന്നറിയിപ്പുമായി ഗ്യാസ് ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. മസ്റ്ററിംഗ് നടത്താനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതുകഴിഞ്ഞാല്‍ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.