ഇങ്ങനെയൊന്നുമായിരുന്നില്ല കേരളം. ഭക്ഷിക്കാനുള്ളതെല്ലാം മണ്ണിൽ അധ്വാനിച്ചുണ്ടാക്കിയിരുന്നു ഇവിടത്തെ പഴയതലമുറ. കൃഷിഭൂമി തേടി മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയവരെ ഓർക്കുക. പുറംലോകവുമായുള്ള ബന്ധങ്ങൾ മുറിച്ചു വൻമല കയറിയ അവർ ഒന്നിനെയും ആശ്രയിക്കാതെ സന്പന്നലോകം കെട്ടിപ്പടുത്തു. മണ്ണ് മാത്രമായിരുന്നു കൈമുതൽ.
ഇന്നു മലയാളി തിന്നാനുള്ളതെല്ലാം കടയിൽനിന്നു വാങ്ങുന്നു. കടയടച്ചിട്ടാൽ പട്ടിണി. കോവിഡ് എന്ന മഹാമാരി ഒരുക്കിയ തടങ്കലിലിരുന്നു പുതുതലമുറ മണ്ണിനെക്കുറിച്ചും കൃഷിയെക്കുറിച്ചും ഗൃഹാതുരതയോടെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.
കുടിയേറ്റ ഭൂമി
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഘട്ടം. മധ്യതിരുവിതാംകൂറിൽനിന്നു മലബാറിലേക്കും ഹൈറേഞ്ചിലേക്കും മനുഷ്യക്കൂട്ടങ്ങളുടെ പലായനം നടന്ന നാളുകൾ. കൃഷിഭൂമി തേടിയായിരുന്നു യാത്ര. ലോകമഹായുദ്ധങ്ങൾ ലോകത്തുണ്ടാക്കിയ ഭക്ഷ്യക്ഷാമം നാട്ടിലും വറുതിയുണ്ടാക്കിയിരുന്നു. ആളുകൾക്കനുസരിച്ചു കൃഷിഭൂമി തികയാതെ വന്നു. ദാരിദ്ര്യം പിടിമുറുക്കി. ഇനി എന്തെന്ന അതിജീവനചിന്ത കുടിയേറ്റത്തിനു വഴിതെളിച്ചു.
നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി കുഞ്ഞുകുട്ടിപരാധീനങ്ങളുമായി മറ്റൊരു ദേശത്തേക്കുള്ള പുറപ്പാട്. ജനിച്ചനാടിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു കരൾപറിയും വേദനയോടെയുള്ള യാത്ര. തീവണ്ടിയിലും ലോറിയിലും കാൽനടയായും കാതങ്ങൾ താണ്ടി മലയോരമേഖലകളിലേക്ക്. തികച്ചും അപരിചിതമായ സ്ഥലം. കാടും കാട്ടുമൃഗങ്ങളും. കോടമഞ്ഞും കൊടുംതണുപ്പും. മണ്ണിൽ കാലുകുത്തിയാൽ ചാടിക്കയറുന്ന രക്തദാഹികളായ അട്ടകൾ.
കിടക്കാൻ പുല്ലുമേഞ്ഞ ഷെഡുകൾ. കിട്ടിയ ഭൂമിയിൽ കാട്ടുമരങ്ങൾ മാത്രം. കൈയിൽ കരുതിയതു തീർന്നാൽ തിന്നാൻ മറ്റൊന്നുമില്ല. കടകളിലെത്താൻ പത്തും നാല്പതും കിലോമീറ്ററുകൾ കാട്ടുപാതയിലൂടെ നടക്കണം. റോഡുകളില്ല, വാഹനങ്ങളില്ല, വൈദ്യുതിയില്ല, പത്രങ്ങളില്ല, എഴുത്തുകളില്ല... ഭയപ്പെടുത്തുന്ന ഒറ്റപ്പെടൽ. തുറുങ്കിൽ അടയ്ക്കപ്പെട്ടതിനേക്കാൾ ഭീകരം. കുടിയേറ്റജനത ജീവിതം കെട്ടിപ്പടുത്തത് ഈവിധം സ്വയംവരിച്ച "ലോക്ക് ഡൗണി'ലാണ്.
മനുഷ്യസ്പർശമേൽക്കാത്ത കന്നിമണ്ണായിരുന്നു അന്നു കേരളത്തിന്റെ മലയോരം. ഒന്ന് നൂറായി പെരുപ്പിക്കുന്ന വളക്കൂറ്. കാടുവെട്ടി അവർ കപ്പ നട്ടു. പുനംകൊത്തി നെല്ലു വിതച്ചു. ചേന്പും ചേനയും മത്തനും കുന്പളവും പയറും പാവലും കോവലും തുടങ്ങി തിന്നാനുള്ളതെല്ലാം പറന്പിൽ നിറച്ചു. തെങ്ങും പ്ലാവും മാവും വച്ചുപിടിപ്പിച്ചു. പശുവിനെയും ആടിനെയും കോഴികളെയും വളർത്തി. വിളകളെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ പന്നിയെലികളെയും കാട്ടുപന്നിയെയും മുതൽ കാട്ടാനകളെ വരെ ചെറുത്തു. ഏറുമാടങ്ങളിൽ ഉറങ്ങാതിരുന്ന് വെളുക്കുംവരെ പാട്ടകൊട്ടി. ചണച്ചാക്കുകൾ ദേഹത്തുചുറ്റി തണുപ്പകറ്റി.
വിളകൾ വിളയും വരെയായിരുന്നു ദാരിദ്ര്യം. വിളവെടുപ്പോടെ വീടിനകവും പുറവും ഭക്ഷ്യസാധനങ്ങൾ നിറഞ്ഞു. എല്ലുമുറിയെ പണിതവർക്കു പല്ലുമുറിയെ തിന്നാൻ കിട്ടി. പട്ടിണി മലയിറങ്ങിപ്പോയി. ഉപ്പും ഉള്ളിയും ഉണക്കമീനും മണ്ണെണ്ണയും തുടങ്ങി ചുരുക്കം ചില സാധനങ്ങൾ മാത്രമാണ് അക്കാലത്തു കടയിൽനിന്നു വാങ്ങിയിരുന്നത്. അരിപോലും ആഡംബരമായിരുന്നു. തെങ്ങും കമുകും റബറും വളർന്നതോടെ കുടിയേറ്റക്കാർ സന്പന്നരായി. നാടുവിട്ടു കാട്ടുമല കയറിയവരെ പുച്ഛിച്ചവർ, അവരുടെ വളർച്ചയ്ക്കു മുന്നിൽ ഓച്ഛാനിച്ചുനിന്നു.
നാട്ടിൻപുറം
നാട്ടിൻപുറങ്ങളിലും അക്കാലത്തു കൃഷിയായിരുന്നു മുഖ്യം. നെൽപാടങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ അരിക്കു മുട്ടുണ്ടായിരുന്നില്ല. വയലില്ലാത്തവർ കൊയ്ത്തിനിറങ്ങി ആവശ്യത്തിനു നെല്ലു സന്പാദിച്ചു. ഭക്ഷണത്തിനാവശ്യമായ മറ്റു സാധനങ്ങളധികവും ആളുകൾ നട്ടുണ്ടാക്കി. പാലും മുട്ടയുമടക്കം മിക്കതിലും ഓരോവീടുകളും സ്വയംപര്യാപ്തമായിരുന്നു. മിച്ചം പിടിച്ച പണംകൊണ്ടു വീടുകൾ പണിതു. മക്കളുടെ ആവശ്യങ്ങൾ നടത്തി. സുഖസൗകര്യങ്ങളുടെ പകിട്ട് ഇത്തിരി കുറവായിരുന്നെങ്കിലും ആളുകൾ സന്തോഷവാന്മാരായിരുന്നു. മനുഷ്യർ തമ്മിൽ നല്ല ഐക്യത്തിലുമായിരുന്നു. എണ്പതുകളുടെ മധ്യംവരെ ഇതായിരുന്നു സ്ഥിതി.
മറന്ന വഴികൾ
വിദേശപ്പണത്തിന്റെ പുളപ്പിലും റബർവിലയുടെ തിമർപ്പിലും പിന്നിട്ടവഴികൾ മറക്കുന്ന തലമുറയെയാണു പിന്നീടു കണ്ടത്. നെൽവയലുകൾ മണ്ണിട്ടുനികത്തി. നടുതലസാധനങ്ങളെ പറന്പിൽനിന്ന് ആട്ടിയിറക്കി. ഇടനാട്ടിൽനിന്നു തുടങ്ങിയ ഈ വിപ്ലവം മലയോരത്തേക്കും പടർന്നു. പണമുണ്ടെന്നും പണമുണ്ടായാൽ എന്തും വാങ്ങാമെന്നുമുള്ള ധാർഷ്ട്യത്തിൽ അക്കാലംവരെ അന്നമൂട്ടിയ ഭക്ഷ്യോത്പന്നങ്ങളെ തള്ളിപ്പറഞ്ഞു. കണ്ണടച്ചു തുറക്കും മുന്പു കേരളം ഉപഭോക്തൃ സംസ്ഥാനമായി.
അരിയും പച്ചക്കറിയും പാലും മുട്ടയും മുതൽ തേങ്ങവരെ അതിർത്തി കടന്ന് ഇങ്ങോട്ടെത്തി. നാലുമൂട് കപ്പ നടാൻ പോലും സ്ഥലം ബാക്കിവയ്ക്കാതെ നാടുനിറയെ റബർ വച്ചവർക്കു വിലത്തകർച്ച നല്കിയ കനത്ത തിരിച്ചടികൾ സമീപകാല ചരിത്രം. സൗകര്യങ്ങൾ കൂട്ടാൻ വിറകടുപ്പും കിണറും ഒഴിവാക്കി ന്യൂ ജെൻ കുടുംബങ്ങൾ. പാചകവാതകവും പൈപ്പിലെ വെള്ളവും നിലച്ചാൽ ആഡംബരവീടുകൾ ഇന്നു നരകതുല്യം.
കൊറോണക്കാലം
ഇതു കൊറോണക്കാലം. പുതിയ വൈറസ് പിടിതരാതെ പാഞ്ഞപ്പോൾ ലോകം അന്പരന്നു. എതിരിട്ടു നിൽക്കാൻ കഴിയില്ലെന്നു വന്നപ്പോൾ മനുഷ്യൻ വീടുകളിലേക്ക് ഉൾവലിഞ്ഞു. പുറത്തിറങ്ങിയാൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ. അടഞ്ഞ കടകൾ. അടച്ച അതിർത്തികൾ. വിജനമായ നിരത്തുകൾ. ആകെ നിശ്ചലം. ദിവസക്കൂലിക്കാരന്റെ പോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ കാലിയായി. കൈയിലും ബാങ്കിലും വലിയ തുകകളുള്ളവർക്കുപോലും ഒന്നും വാങ്ങാനായില്ല. വാങ്ങിവച്ചിരുന്ന വിഭവങ്ങൾ തീർന്നപ്പോൾ സൗജന്യ കിറ്റുകൾക്കായി ആളുകൾ കൈനീട്ടി. സമൂഹ അടുക്കളയിൽനിന്നു ഭക്ഷണപ്പൊതികൾ എത്തുന്നതു കാത്തിരുന്നു. തണ്ടിലേറി നടന്നവന്റെ തോളിൽ രണ്ടുനാലു ദിനംകൊണ്ടു മാറാപ്പു കയറി.
പുതുകാഴ്ചകൾ
പഴയ ഓർമയിൽ പറന്പിൽ പരതിയവർക്കു തിന്നാൻ ഒന്നും കിട്ടിയില്ല. പ്ലാവും മാവും തെങ്ങുമൊന്നും സ്വന്തം പുരയിടത്തിലില്ല. അയൽപറന്പുകളിലുമില്ല. ഭക്ഷ്യയോഗ്യ ഇലകൾ പോലുമില്ല. അടച്ചിടൽ അനിശ്ചിതമായി നീളുമെന്നു കണ്ടതോടെ പണ്ടു കുടിയേറ്റക്കാർക്കുണ്ടായ അതിജീവനചിന്ത ഉണർന്നു. ചീരയുടെയും പയറിന്റെയും മുളകിന്റെയുമൊക്കെ വിത്തുകൾ തേടിപ്പിടിച്ചു. മണ്ണിളക്കി പാകി വെള്ളമൊഴിച്ചു. പറന്പില്ലാത്തവർ മുറ്റത്തും ടെറസിലും ഗ്രോബാഗുകൾ വച്ചു. രണ്ടുമൂന്നു ദിവസംകൊണ്ടു വിത്തുകൾ മുളപൊട്ടി. നാന്പുകൾ നീളുന്നതുകണ്ട് ആഹ്ലാദിച്ചു.
മൂപ്പെത്തും മുന്പ് ഇലകൾ മുറിച്ചു കറിയുണ്ടാക്കി. ആളുകളുടെ മനസറിഞ്ഞു സർക്കാർ പ്രോത്സാഹിപ്പിച്ചു. വിത്തു പായ്ക്കറ്റുകൾ വീടുകളിലെത്തിച്ചുകൊടുത്തു. ഭക്ഷ്യസാധനങ്ങൾക്കായി കൃഷിചെയ്യുന്ന ആളുകളാണ് ഇപ്പോൾ പുതുകാഴ്ച. തരിശുകിടക്കുന്ന ഇത്തിരി സ്ഥലത്തുപോലും എന്തെങ്കിലും കുഴിച്ചിടാൻ അവർ തയാറാകുന്നു. വെള്ളവും വളവും നൽകുന്നു. പുതിയ തിരിച്ചറിവുകളുടെ ഇത്തരം വാർത്തകൾ നാടെങ്ങും ഉയരുന്നു.
വീട്ടിലും മാറ്റങ്ങൾ
വീടുകൾക്കുള്ളിലുമുണ്ടു മാറ്റങ്ങൾ. വെറുതെയിരിപ്പ് അത്ര സുഖമുള്ള ഏർപ്പാടല്ലെന്ന് ആളുകൾ ഇപ്പോൾ മനസിലാക്കുന്നു. അടുക്കളയോടുള്ള വെറുപ്പ് ആണുങ്ങൾക്കുപോലും ഇല്ലാതാകുന്നു. ഭക്ഷണപരീക്ഷണങ്ങൾക്കു തയാറാകുന്നു. വീട്ടിലിരുന്ന് ഓഫീസ് ജോലികൾ ചെയ്യുന്നവർപോലും ഇക്കാര്യങ്ങളിൽ മടികാട്ടുന്നില്ല. ഭക്ഷണശീലങ്ങളിലെ വാശിക്കു സ്ഥാനമില്ലാതായി. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നു. കൂടുതൽ കഴിച്ചാൽ നാളേക്ക് ഉണ്ടാകില്ലെന്ന തോന്നൽ ശക്തിപ്പെടുന്നു. അമിതഭക്ഷണത്തേക്കാൾ മിതഭക്ഷണമാണു ശരീരത്തിനു മികച്ചതെന്നു ബോധ്യപ്പെടുന്നു. നാടൻ ഭക്ഷണം രുചികരമെന്നു പറയുന്നു. ചെലവ് കുറയ്ക്കാൻ ഇവ ഉത്തമമെന്നു പ്രഖ്യാപിക്കുന്നു. മദ്യം ഒഴിവാക്കാൻ പറ്റുമെന്ന മഹത്തായ അറിവും കൊറോണക്കാലം നൽകി. മദ്യപരുടെ വീടുകളിൽ കുടുംബാന്തരീക്ഷം ഊഷ്മളമായി.
മഹാമാരി പഠിപ്പിക്കുന്നത്
ലോക്ക് ഡൗണ് ഏറെക്കാലമൊന്നും നീണ്ടുനിൽക്കില്ല. ഇളവുകൾ വന്നുകഴിഞ്ഞു. പൂർണമായി പിൻവലിക്കുന്നതോടെ ലോകം പഴയപടി ചലിച്ചുതുടങ്ങും. ആളുകളും അതിനൊപ്പം നീങ്ങും. ഇപ്പോഴുണ്ടായ മാറ്റങ്ങൾ പെട്ടെന്നു നിശ്ചലമാവും. മുളച്ച തൈകൾ വാടാൻ തുടങ്ങും. വൃത്തിയാക്കിയ പറന്പുകളിൽ കാടുകയറും. രണ്ടു പ്രളയങ്ങൾ ഒത്തിരി പാഠങ്ങൾ പകർന്നിരുന്നു. അതെല്ലാം പെട്ടെന്നുതന്നെ മറവിയിലാകുന്നതും കണ്ടു. കൊറോണ നീണ്ടുനിൽക്കുന്നതിനാൽ അതിന്റെ പാഠങ്ങൾ അത്രവേഗം മറക്കാനിടയില്ലെന്നു കരുതാം. ഓരോരുത്തരും സ്വയംപര്യാപ്തരാകൂവെന്ന ശക്തമായ ആഹ്വാനമാണ് മഹാമാരി ലോകത്തിനു നല്കിയത്.
പണം തൃണതുല്യമെന്നു പഠിപ്പിച്ചു. ശുദ്ധവായുവും ശുദ്ധജലവും ഭക്ഷണവും കഴിഞ്ഞേയുള്ളൂ മറ്റ് ആഡംബരങ്ങൾക്കുള്ള സ്ഥാനമെന്നു ബോധ്യപ്പെടുത്തി. സർവജീവജാലങ്ങൾക്കും ജീവിക്കാനുള്ള വക പ്രകൃതിയിലുണ്ട്. അത്യാഗ്രഹവും ധൂർത്തും കാട്ടാതെ ഉപയോഗിക്കുകയേ വേണ്ടൂ. പ്രകൃതിയെ മലിനപ്പെടുത്താതിരിക്കുക. പരിസ്ഥിതിയെ മുറിവേൽപ്പിച്ചാൽ തിരിച്ചടി ഉറപ്പ്... മഹാമാരി നൽകുന്ന തിരിച്ചറിവുകൾ തീരുന്നില്ല.
മണ്ണിനു ചേരാത്ത രീതികൾ
മണ്ണിനും മനുഷ്യനും ചേരാത്ത വിളകളും രീതികളുമാണു കൃഷിയെ നഷ്ടക്കച്ചവടമാക്കിയത്. ബഹുവിള കൃഷിയായിരുന്നു മലയാളനാട്ടിലേത്. ഭക്ഷ്യവിളകൾക്കായിരുന്നു പ്രാധാന്യം. നാണ്യവിളകളിൽ കൃഷി കേന്ദ്രീകരിച്ചതോടെ മറ്റുവിളകൾ പുറന്തള്ളപ്പെട്ടു. കായ്ച തെങ്ങുകൾ പോലും മുറിച്ചുമാറ്റപ്പെട്ടു. റബറിന്റെ അതിപ്രസരം കേരളത്തിന്റെ കാലാവസ്ഥയെപ്പോലും മാറ്റിമറിച്ചു. നീരൊഴുക്കുകൾ വറ്റിപ്പോയി.
ഒടുവിൽ റബറിനു വിലയില്ലാതായപ്പോൾ കർഷകർ നടുക്കടലിൽ ഒറ്റപ്പെട്ടു. കടിച്ചതും പിടിച്ചതുമൊക്കെ നഷ്ടപ്പെട്ടു. രാസവളവും കീടനാശിനിയും ദീർഘകാലവിളകളും പിശറാക്കിയ മണ്ണാണ് ഇന്നുള്ളത്. ജൈവക്കൃഷി രീതിയാണു മണ്ണിന് ഇഷ്ടം. വലിയൊരു വിഭാഗം കർഷകരും ഇതു മനസിലാക്കി ക്കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിക്കുന്നുമുണ്ട്. കേരളം മുഴുവൻ ഇതു പടരണം.
കാലം ആവശ്യപ്പെടുന്നത്
കൃഷിക്ക് ആഹ്വാനം ചെയ്യുന്പോൾ കൃഷിഭൂമി എവിടെയെന്ന മറുചോദ്യം ഉയരുന്നു. ഫ്ളാറ്റുകളിൽ കഴിയുന്നവർക്കും അഞ്ചു സെന്റിലും പത്തു സെന്റിലും വീടുവച്ചു താമസിക്കുന്നവർക്കും ഇതു ചോദിക്കാതിരിക്കാനാകില്ല. ഇത്തിരി മുറ്റത്ത് പലതരം പച്ചക്കറി നട്ടു ദിവസവും കറിക്കു വക കണ്ടെത്തുന്നവരും ടെറസിൽ വാഴവച്ചു കുലവെട്ടുന്നവരും ഇവർക്കു മറുപടി നൽകും.
രണ്ടും മൂന്നും കൃഷി നടത്താവുന്ന പാടങ്ങൾ ഉൾപ്പെടെ ധാരാളം ഭൂമി ചുറ്റുപാടും തരിശ് കിടക്കുന്നുണ്ട്. വിളവിന്റെ ഒരു വിഹിതം കിട്ടുമെന്നു വന്നാൽ ഇതു കൃഷിക്കായി നൽകാൻ ഉടമകൾ തയാറുമാണ്. ഇവിടെ കൂട്ടുകൃഷിയാകാം. ശരിയായ ശുശ്രൂഷ ലഭിച്ചാൽ വിളകൾ വിളവു തരും. വിളവെടുക്കുന്പോൾ കിട്ടുന്ന ആഹ്ലാദത്തിൽ മനസ് നിറയും. ശന്പളം വാങ്ങുന്പോൾ ലഭിക്കുന്നതിനേക്കാൾ തീവ്രമാണ് ആ സന്തോഷം.
മഹാമാരിയും അടച്ചുപൂട്ടലും മനുഷ്യനു ചില കടുത്ത മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ആധുനിക സൗകര്യങ്ങൾ കുമിളകൾക്കു സമം! നോക്കിനിൽക്കേ അതില്ലാതാകാം! അങ്ങനെ സംഭവിച്ചാൽ ജീവിതം ശിലായുഗകാലത്തേക്കാൾ കഠിനം! മഹാമാരി ഒരു ചലഞ്ചിനും ക്ഷണിക്കുന്നു.
ഭൂതകാലമറിഞ്ഞു മണ്ണിലേക്കിറങ്ങുക! ഭക്ഷണത്തിനു വേണ്ടതെല്ലാം മണ്ണിൽനിന്നു സൃഷ്ടിച്ചെടുക്കുക! പതിറ്റാണ്ടുകൾക്കു മുന്പ് ഇങ്ങനെയൊരു ചലഞ്ച് ഏറ്റെടുത്തവരാണു കുടിയേറ്റ കർഷകർ. അവർ കാട്ടിയ തന്റേടം ഇന്നത്തെ തലമുറയോടു കാലം ആവശ്യപ്പെടുന്നു.
എം. റോയ്