2019 ഡിസംബർ 31. രാത്രി പതിനൊന്നുമണിയോടടുക്കുന്നു. ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കത്തിൽ. വലിയ പോളിഫോമിൽ വെട്ടിയെടുത്ത് പെയിന്റു ചെയ്ത 2020 Happy New Year എന്ന അക്ഷരങ്ങളുമായി അയാൾ യാത്ര തുടങ്ങി. പുന്നക്കബസാറിലെ ലഹരിവിമുക്ത പുതുവത്സരാഘോഷത്തിലേക്ക്. മതിലകം ബാങ്ക് ജംഗ്ഷനു സമീപം പാഞ്ഞുവന്ന സ്വകാ ര്യ സൂപ്പർ ഫാസ്റ്റിനു കടന്നുപോകാനായി സൈഡ് കൊടുത്തു; പൊടുന്നനെ എതിരേ നിന്നൊരു വണ്ടി. ബസിന് മറികടക്കാനായില്ല. അയാളുടെ കാറിനു പുറകിൽ ശക്തമായ ഇടി. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റും തകർത്ത് മുന്നോട്ടുപോയി; സൈഡ് വീൽ കാനയിൽ കുരുങ്ങിനിന്നു.
ഇനി ഡാവിഞ്ചി തന്നെ പറയട്ടെ: "എല്ലാം ഒരു നിമിഷംകൊണ്ട് കഴിഞ്ഞു. തലയ്ക്കുമീതെ ഇലക്ട്രിക് പോസ്റ്റ് വീണ് വണ്ടി തരിപ്പണമായി. ഞാനാകെ ഞെട്ടിത്തരിച്ചു. ഒരെത്തുംപിടിയും കിട്ടാതെ മനസാകെ ബ്ലാങ്കായി. ഒരു വിധേനെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽനിന്നും പുറത്തിറങ്ങി. എംഎൽഎയുടെ ഡ്രൈവറായ സുഹൃത്ത് ഷമീറിനെ വിളിച്ചു. അവൻ ഉടൻ വാഹനവുമായെത്തി. നിമിഷങ്ങൾക്കുള്ളിൽ പ്രോഗ്രാം വേദിയിലേക്ക്.
പുനർജന്മവുമായി പുതുവത്സരത്തിലേക്ക്
അവിടെ സ്വാഗതപ്രസംഗം തുടങ്ങിയിരുന്നു. ജില്ലാ കളക്ടറും എസ്പിയും എല്ലാം ഉണ്ട്. പ്രോഗ്രാം സ്റ്റേജിൽ നിൽക്കുന്ന എംഎൽഎ ഇ.ടി. ടൈസൻ മാസ്റ്റർ ഒന്നും അറിഞ്ഞിട്ടില്ല. എന്നെ കണ്ടപാടെ, വേദിയിലേക്കു വിളിച്ചുകയറ്റി. ഒരു പൊന്നാടയെടുത്ത് അണിയിച്ചു, കൈയിൽ ഒരു ഉപഹാരവും തന്നിട്ട് രണ്ടുവാക്ക് സംസാരിക്കാൻ പറഞ്ഞു... അപകടത്തിന്റെ ഞെട്ടൽ മാറാത്ത അവസ്ഥയിൽ എന്തു പറയാൻ... പുതുവത്സരത്തെ എതിരേൽക്കാൻ നിൽക്കുന്നവരെ അപകടകഥ പറഞ്ഞ് മുഷിപ്പിക്കണ്ടെന്നു കരുതി. ഏവർക്കും പുതുവത്സരാശംസകൾ മാത്രം നേർന്നു.
സ്റ്റേജിൽ നിന്നിറങ്ങുന്പോഴും എന്റെ ചിന്ത കാറിന്റെ മുൻവശവും പിൻവശവും പൂർണമായും തകർന്നിട്ടും ഒരു പോറൽപോലും ഏൽക്കാതെ ദൈവം എന്നെ രക്ഷിച്ചത് എന്തിനായിരുന്നു... പുതുവത്സരത്തിലെ ആദ്യചിത്രമായി ആ പ്രഭാതത്തിൽ ഞാൻ വരച്ചതും ആ അദ്ഭുതദൃശ്യമായിരുന്നു; സോഫ്റ്റ് പെസ്റ്റലിൽ. ഇന്നെനിക്കു തോന്നുന്നു ഈ പുനർജന്മം ഒരു ഗിന്നസ് റെക്കോർഡിലേക്കുള്ള പ്രയാണമാണെന്ന്.
പതിനൊന്നു മക്കളിൽ പത്താമനായി
എറിയാട് മാടവന തിരുവള്ളൂർ പുതിയെലത്ത് കാർത്തികേയന്റെയും കല്യാണിയുടെയും പതിനൊന്നു മക്കളിൽ പത്താമനായാണ് 1974 ജൂണ് 26ന് സുരേഷിന്റെ ജനനം. വീടിനു തൊട്ടടുത്തുള്ള ശിശുവിദ്യാപോഷിണിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പത്തുവരെ എറിയാട് കെവിഎച്ച്എസിൽ. സ്കൂൾ കാലഘട്ടത്തിൽ ഒരു സകലകലാവല്ലഭനായിരുന്ന സുരേഷ് 10-ാം ക്ലാസിലെ സ്കൂൾ യുവജനോത്സവത്തിൽ പത്തിനങ്ങളിൽ മത്സരിച്ച് ആറ് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി റിക്കാർഡിട്ടു. നാടകം, മിമിക്രി, മോണോആക്ട്, ക്ലേ മോഡലിംഗ്, ജലച്ചായം, ചിത്രരചന തുടങ്ങിയവയായിരുന്നു ഇഷ്ട ഇനങ്ങൾ. രണ്ടാം ക്ലാസിൽ ക്ലേ മോഡലിംഗിനു സമ്മാനമായി കിട്ടിയ റൂൾ പെൻസിലായിരുന്നു ആദ്യ സമ്മാനമെന്ന് ഈ യുവശില്പി ഇന്നും ഓർക്കുന്നു.
ഡാവിഞ്ചി എന്ന നാമം
ആയുർവേദ പച്ചമരുന്ന് കന്പനിയിലെ വൈദ്യരുടെ സഹായിയായിരുന്ന അച്ഛന് 11 മക്കളെയും ഉന്നതവിദ്യാഭ്യാസത്തിനു പ്രാപ്തരാക്കുകയെന്നത് അന്നത്തെ കാലത്ത് പ്രായോഗികമായിരുന്നില്ല; തന്നെയുമല്ല ഞാനൊരു പഠിപ്പിസ്റ്റും ആയിരുന്നില്ല. അതിനാൽ വിദ്യാഭ്യാസം എസ്എസ്എൽസിയോടെ തീർന്നു. പിന്നീട് ജ്യേഷ്ഠൻ ഉണ്ണികൃഷ്ണനായിരുന്നു എനിക്ക് ഗുരു. അദ്ദേഹത്തിന് ഒരു പരസ്യക്കന്പനിയുണ്ടായിരുന്നു; ഇന്നത്തെ പരസ്യക്കന്പനിയല്ല. ചുമരെഴുത്ത്, ബോർഡ്, ഹോർഡിംഗ് എന്നിവയുടെ ഒരു പരസ്യക്കന്പനി. അതിന്റെ പേരായിരുന്നു ഡാവിഞ്ചി. അതിലൂടെയാണ് പേരിന്റെ കൂടെ ഡാവിഞ്ചിയെന്ന വിശേഷണം കയറിപ്പറ്റിയത്. അങ്ങനെ പി.കെ. സുരേഷ് ഡാവിഞ്ചി സുരേഷായി.
അന്ന് മറ്റൊരു ജ്യേഷ്ഠൻ (സന്തോഷ്) ഫൈനാർട്സ് കോളജിൽ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ട്രൂപ്പിലൂടെ മിമിക്രിയും അരങ്ങുതകർത്തു. എട്ടുവർഷക്കാലം കൊച്ചിൻ കലാസാരംഗി എന്നൊരു മിമിക്രി ട്രൂപ്പും നടത്തി.
ജീവിതം മാറ്റിമറിച്ച സിനിമാ ഡയലോഗ്
ഇക്കാലത്താണ് ലോഹിതദാസിന്റെ "വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമ ഇറങ്ങിയത്. അതിൽ മിമിക്രിക്കാരനായ ജയറാമിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "ചോക്കുമലയിൽ ഇരിക്കുന്നവൻ ചോക്കുതേടിപ്പോയ കഥ കേട്ടിട്ടുണ്ടോ’യെന്ന്. ഈയൊരു ഡയലോഗാണ് ഇയാളെ ഇരുത്തിചിന്തിപ്പിച്ചത്; ജീവിതം മാറ്റിമറിച്ചത്. അതോടെ മിമിക്രി നിർത്തി. ദൈവം ദാനമായി നൽകിയ ശില്പകലയിലേക്കു തിരിഞ്ഞു. ശില്പകലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി ചലിക്കുന്ന ശില്പങ്ങൾ നിർമിച്ചു.
2001 മുതൽ തൃശൂർ ജില്ലയിലെ പള്ളിപ്പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കുമെല്ലാം ഈ ചലനാത്മക ശില്പങ്ങൾ വിസ്മയകാഴ്ചയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനു നടൻ ജയൻ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്ന ശില്പത്തോടെയായിരുന്നു തുടക്കം.
താലപ്പൊലിക്കാവിലെ ഡാവിഞ്ചി കോർണർ
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കാണാനെത്തുന്നവർ ഓടി തെക്കേനടയിലെ സ്റ്റേജിനോടു ചേർന്നുള്ള "ഡാവിഞ്ചിമൂല’യിൽ എത്തും. ഇത്തവണ എന്തു വിസ്മയമാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ. ഇരുപതു വർഷം മുന്പ് ജയനിൽ തുടങ്ങിയ ചലനാത്മക ശില്പക്കാഴ്ച മുടങ്ങാതെ ഇപ്പോഴും തുടരുന്നു; ഇത്തവണ കുട്ടികളുടെ ഇഷ്ടതാരങ്ങളായ അവഞ്ചേഴ്സായിരുന്നു വിസ്മയം തീർത്തത്. ആനയും നടൻ സലിംകുമാറും, ഡിനോസർ, അനാക്കൊണ്ട, കിംഗ് കോംഗ്, ഗോഡ്സില, കഥകളി, പുലിമുരുകൻ എന്നിങ്ങനെ മാറിമാറി ഇവിടെ വന്നു. 35 അടി വരെ ഉയരമുള്ള ജീവികളുടെ കൈയും കാലും തലയും കണ്ണും വായും വരെ അനങ്ങുന്ന രീതിയിലാണു ശില്പനിർമാണം. കൊച്ചിൻ ഹനീഫ, കലാഭവൻ മണി, ഗിന്നസ് പക്രു, ബിജുക്കുട്ടൻ തുടങ്ങിയവരെല്ലാം ശില്പങ്ങളുടെ ഭാഗമായപ്പോൾ അവരെല്ലാം നേരിട്ടുവന്ന് ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഖത്തറിലുംവരെ ചില ശില്പങ്ങൾ പ്രദർശിപ്പിച്ചു. പതിനഞ്ചു സ്ഥലങ്ങളിലെങ്കിലും പ്രദർശിപ്പിച്ചാലേ മുടക്കുമുതൽ തിരികെകിട്ടുകയുള്ളൂവെന്ന് സുരേഷ് പറയുന്നു.
പ്രതികരിക്കുന്ന ശില്പങ്ങൾ
2012ൽ ഇന്ത്യാ മഹാരാജ്യത്തിന്റെ ഉള്ളുലച്ച "നിർഭയ’ സംഭവത്തോടെയാണ് കലയിലൂടെ തന്റെ പ്രതികരണങ്ങൾ സമൂഹത്തെ അറിയിക്കുന്ന രീതി സുരേഷ് തുടങ്ങിയത്. കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ 50 അടി നീളത്തിൽ മണൽ ശില്പം ഒരുക്കിയാണ് "നിർഭയ’ അനുഭവിച്ച ദുരന്തത്തിന്റെ ആഴം ആവിഷ്കരിച്ചത്. മുല്ലപ്പെരിയാർ നിറഞ്ഞപ്പോഴും സുരേഷ് മുനയ്ക്കലിൽ മണൽശില്പമൊരുക്കി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മധുവിനെ മർദിച്ചുകൊലപ്പെടുത്തിയപ്പോൾ നിസഹായനായി നിൽക്കുന്ന മധുവിന്റെ ഒന്നരയടി മാത്രം വലിപ്പമുള്ള കളിമണ്ശില്പം തീർത്ത് ഡാവിഞ്ചി സമൂഹത്തോടു സംവദിച്ചു; ഇതു സോഷ്യൽ മീഡിയയിൽ വൻ തരംഗമായി. കത്വ പെണ്കുട്ടിയുടെ കളിമണ്ശില്പവും ഒടിയൻ ശില്പവും ഏറെ ചർച്ചചെയ്യപ്പെട്ടു.
ചരിത്രമായ പ്രളയശില്പം
പ്രളയത്തെ അതിജീവിച്ച കേരളക്കരയ്ക്കായി തീർത്ത പ്രളയശില്പം കേരള ലളിതകലാ അക്കാദമി ഏറ്റെടുക്കുകയും ലേലം ചെയ്ത് കിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കു നൽകുകയും ചെയ്തു. ലേലം ചെയ്തശേഷം സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഭ്യർഥന മാനിച്ച് ലേലം ചെയ്തവർ ഇത് നിയമസഭാ മ്യൂസിയത്തിലേക്കു നൽകുകയും പ്രളയസ്മാരകമായി അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രളയത്തിലകപ്പെട്ടവർക്കു തന്റെ കടയിലെ മുഴുവൻ തുണിയും നൽകിയ എറണാകുളത്തുകാരൻ നൗഷാദിനു ഡാവിഞ്ചി കൃതജ്ഞതോപഹാരം നൽകിയത് തുണികൊണ്ടുള്ള ഒരു കൂറ്റൻ ചിത്രം ഒരുക്കിയായിരുന്നു.
"രക്തം വാർത്ത' മണിശില്പം
പ്രളയം കഴിഞ്ഞതോടെ കലാഭവൻ മണിയുടെ സ്മാരകത്തിൽ തീർത്തിട്ടുള്ള മണിശില്പം "രക്തം വാർക്കുന്നു’ എന്നൊരു വാർത്ത പരന്നു. സോഷ്യൽ മീഡിയയിൽ സംഗതി വൈറലായതോടെ ആകെ പുകിലായി; ഡാവിഞ്ചി ഓടിയെത്തി. നോക്കിയപ്പോൾ കാര്യം പിടികിട്ടി. വെള്ളപ്പൊക്കത്തിൽ ഈ പ്രദേശമെല്ലാം വെള്ളത്തിനടിയിലായിരുന്നു. വെള്ളമിറങ്ങിയപ്പോൾ പ്രതിമയുടെ കൈയ്ക്കുള്ളിൽ വച്ചിരുന്ന ഇരുന്പുകന്പിയിൽനിന്നും തുരുന്പ് ചുവന്നകളറിൽ പുറത്തേക്കൊഴുകിയതായിരുന്നു.
ഗാന്ധിജിയിലൂടെ യൂണിവേഴ്സൽ റിക്കാർഡ്
ഇക്കഴിഞ്ഞ നവംബറിൽ കഴിന്പ്രം ബീച്ചിൽ "ദീപോത്സവം’ എന്ന പേരിൽ 1500 ദീപങ്ങൾ ഒരുക്കി (ചിരട്ടയിൽ മെഴുകുതിരി കത്തിച്ച്) ഗാന്ധിജിയുടെ രൂപം തീർത്തതിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം അംഗീകാരം നൽകി. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 120 അടി നീളത്തിലും 100 അടി വീതിയിലുമൊരുക്കിയ ഈ ദീപശില്പം ടി.എൻ. പ്രതാപൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്. ആയിരത്തോളം പേർ ചേർന്നാണ് ഇവ തെളിച്ചത്.
അന്പതോളം മീഡിയങ്ങൾ
വൈവിധ്യമാർന്ന ചിത്രരചനാ സങ്കേതങ്ങൾകൊണ്ട് അനന്യമായ കലാസൃഷ്ടികൾക്കു ജന്മം കൊടുക്കുകയാണു ഡാവിഞ്ചി. ത്രിമാനസ്വഭാവമുള്ള ചിത്രങ്ങൾ, ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ, വെള്ളത്തിനു മുകളിൽ ചായം ഉപയോഗിച്ചു ചിത്രരചന, അഗ്നി ഉപയോഗിച്ചുകൊണ്ടുള്ള ചിത്രരചന, മെഴുകുതിരി പുകകൊണ്ട് ചിത്രംവര, വിരൽ ചിത്രങ്ങൾ, കാപ്പിപ്പൊടി ചിത്രങ്ങൾ, മണൽചിത്രങ്ങൾ, പഴം-പച്ചക്കറി ചിത്രങ്ങൾ എന്നിങ്ങനെ അന്പതോളം വിവിധ മീഡിയങ്ങളിൽ ചിത്രങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.
മാള ലീഡർ സ്ക്വയറിലെ കെ. കരുണാകരന്റെ വെങ്കല പ്രതിമ, അടുക്കളപ്പാത്രങ്ങൾ ഉപയോഗിച്ച് ഒരുക്കിയ മോഹൻലാൽ ചിത്രം, ഫൈബറിൽ നിർമിച്ച ലോഹിതദാസ് ശില്പം, കാരിക്കേച്ചർ പ്രതിമ, നടൻ വിജയിന്റെ റബർ പ്രതിമ, വീട്ടിത്തടിയിൽ നിർമിച്ച മമ്മൂട്ടി - രജനീകാന്ത് ശില്പങ്ങൾ, കുമിഴ് മരത്തിൽ കൊത്തിയ ഗാന ഗന്ധർവൻ യേശുദാസ് എന്നിങ്ങനെ ഡാവിഞ്ചിയുടെ സങ്കേതങ്ങളുടെ നിര നീളുകയാണ്.
കലയിലൂടെ നവോത്ഥാനം
ഉപജീവനത്തോടൊപ്പം കലയെ നവോത്ഥാനത്തിനുള്ള ഉപാധിയാക്കാനുള്ള തീവ്രശ്രമമാണ് ഡാവിഞ്ചിയുടേത്. ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ, സമൂഹനന്മയ്ക്കുതകുന്ന സൃഷ്ടികളുടെ തനതായ കൈയൊപ്പു ചാർത്തി കടന്നുപോകണമെന്നാണ് ഈ ശില്പിയുടെ ആഗ്രഹം. അതിനു ഭാര്യ ഹേമലതയുടെയും മക്കളായ ഇന്ദുലേഖ, ഇന്ദ്രജിത്ത് (ഇരുവരും വിദ്യാർഥികൾ) എന്നിവരുടെയും പൂർണപിന്തുണയും ഇദ്ദേഹത്തിനുണ്ട്.
സാമൂഹ്യവിഷയങ്ങളിൽ തന്റേതായ നിലപാടുകൾ ആവിഷ്കരിക്കാൻ, ജനമനസുകളിലെത്തിക്കാൻ ചിത്രകലയുടെ ഒരു നവസങ്കേതം ഇദ്ദേഹം തെരഞ്ഞെടുക്കുന്നു. "ഒരു മൈക്കും സ്റ്റേജും തന്നിട്ട് ഒരു മണിക്കൂർ പ്രസംഗിക്കാൻ പറഞ്ഞാൽ അതെന്നെക്കൊണ്ട് ആവില്ല. എന്റെ മനസിലെ ആശയങ്ങൾ വാക്കുകളായി പുറത്തുവരില്ല. പക്ഷേ, എന്റെ ആശയങ്ങൾ ചിത്രങ്ങളിലൂടെ, ശില്പങ്ങളിലൂടെ പുറത്തുവരും. അവ എനിക്കുവേണ്ടി ഒന്നല്ല, മണിക്കൂറുകൾ, ദിവസങ്ങൾ പ്രസംഗിക്കും’.
സെബി മാളിയേക്കൽ