മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ മെൽബണ്‍ രൂപതയുടെ നേതൃത്വത്തിൽ, ഓസ്ട്രേലിയായിൽ കാട്ടുതീ മുലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപതയിലെ വിവിധ ഇടവകകളിലൂടെയും മിഷനുകളിലൂടെയും സമാഹരിച്ച 17,000 ഡോളർ സെന്റ് വിൻസെന്റ് ഡി പോൾ സൊസെറ്റി കൈമാറി. രൂപത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോബി ഫിലിപ്പ് എന്നിവരിൽ നിന്നും സെന്റ് വിൻസെന്റ് ഡി പോൾ നാഷണൽ കൗണ്‍സിൽ പ്രസിഡന്റ് ക്ലയർ വിക്ടറി ഫണ്ട് സ്വീകരിച്ചു.
കാട്ടുതീ മൂലം സർവവും നഷ്ടപ്പെട്ടവർക്ക് നിത്യ ഉപയോഗ സാധനങ്ങളും ഭക്ഷണവും ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുകയും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഓസ്ട്രേലിയയിലെ സെന്റ് വിൻസെന്റ് ഡി പോൾ നാഷണൽ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തി കൊണ്ടിരിക്കുന്നത്. മെൽബണ്‍ സീറോ മലബാർ രൂപതയുടെ ബുഷ് ഫയർ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവർക്ക് ബിഷപ്പ് ബോസ്കോ പുത്തൂർ നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ