മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഫെബ്രുവരി 23-നു ഞായറാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ക്യാംമ്പെല്ഫീല്ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണ് തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 23- ലെ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. വൈകുന്നേരം മൂന്നിനു കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നുള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂര്‍വ്വകമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലറും കത്തിഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ഫാദര്‍ വര്‍ഗീസ് പുതുശ്ശേരി എസ്.ജെ. എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ജൂബിലി ആഘോഷിക്കുന്ന കത്തീഡ്രല്‍ ഇടവകാംഗങ്ങളെ ആദരിക്കുകയും മൊമെന്റൊ സമ്മാനിക്കുകയും ചെയ്യും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. പൊന്‍കുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ട ുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അല്‍ഫോന്‍സമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥകള്‍ക്ക് ശേഷം 2021ലെ തിരുന്നാള്‍ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.
46 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. സഹനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമര്‍പ്പിച്ച് നമുക്കെന്നും മാതൃകയായി തീര്‍ന്ന വിശുദ്ധ അല്ഫോന്സമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുന്നാള്‍ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍