സിഡ്നി: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജണിന്റെ രണ്ടാമത് ഫാമിലി കോണ്‍ഫറൻസ് ENCHRISTOS 2020 ഏപ്രിൽ 16-18 വരെ സിഡ്നിയിലെ ബ്രിൻജിലി സെന്റ് ജോസഫ് കോണ്‍ഫറൻസ് സെന്ററിൽ വച്ചു നടത്തപ്പെടും. ആദ്യത്തെ ഫാമിലി കോണ്‍ഫറൻസ് മെൽബണിൽ വച്ചാണ് നടത്തപെട്ടത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഇത്തവണത്തെ ഫാമിലി കോണ്‍ഫറന്‍സ്, സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, എപ്പിംഗ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, കാൻബെറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എന്നി ഇടവകൾ സംയുക്തമായാണ് നടത്തുന്നത്.
""നാം ഇവിടെ ഇരിക്കുന്നത് നല്ലത്- ലുക്കോസ് 9:33'' എന്നതാണ് ഇത്തവണത്തെ മുഖ്യ ചിന്താവിഷയം
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയും, സഭയിലെ പ്രഗൽഭരായ വൈദികരും, മറ്റു വിശിഷ്ട വ്യക്തികളും ക്യാന്പിൽ പങ്കെടുക്കുകയും വിവിധ ക്ലാസുകൾക്കും പരിപാടികൾക്കും നേതൃത്വം നൽകുയും ചെയ്യും. വിശുദ്ധ കുർബാന, യാമ നമസ്കാരങ്ങൾ, ക്ലാസുകൾ, മ്യൂസിക് മിനിസ്ട്രി, സണ്ഡേസ്കൂൾ കലാമേള, ഗ്രിഗോറിയൻ ആരാധന, ധ്യാനം, വൈദികസമ്മേളനം, ബാല-യുവജന സമ്മേളനം, വിനോദ പരിപാടികൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. ഫാമിലി കോണ്‍ഫറൻസിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: സുജീവ് വർഗീസ്