ഇരുപത്തൊന്ന് വർഷം മുന്‍പ് ഇതുപോലൊരു മേയ് 26. വേദി ഇംഗ്ലണ്ടിലെ ടൗണ്ടണിലെ കൗണ്ടി ഗ്രൗണ്ട്. 1999 ഐസിസി ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് എയിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. 45 ഓവർ ബാറ്റ് ചെയ്ത് രാഹുൽ ദ്രാവിഡും (145) സൗരവ് ഗാംഗുലിയും (183) അക്കാലത്തെ ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ടായ 318 റണ്‍സ് രണ്ടാം വിക്കറ്റിൽ തികച്ചത് ഇന്നേദിവസം.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളുടെയും നാലാം മത്സരം, സൂപ്പർ സിക്സ് സാധ്യത നിലനിർത്താൻ ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയോട് നാല് വിക്കറ്റിനും സിംബാബ്വെയോട് മൂന്ന് റണ്‍സിനും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ സച്ചിൻ തെണ്ടുൽക്കറുടെ (140) ക്ലാസ് സെഞ്ചുറിയിലൂടെ 94 റണ്‍സ് ജയം നേടി. പിതാവിന്റെ മരണത്തെത്തുടർന്ന് സച്ചിൻ സിംബാബ്വെയ്ക്കെതിരേ ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങിനുശേഷമെത്തിയായിരുന്നു കെനിയയ്ക്കെതിരേ സച്ചിന്റെ സെഞ്ചുറി. മറുവശത്ത് ശ്രീലങ്കയും രണ്ട് തോൽവിക്കുശേഷം (ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 89 റണ്‍സിനും) ഒരു ജയവുമായി (സിംബാബ്വെയ്ക്കെതിരേ നാല് വിക്കറ്റിന്) നിൽക്കുന്നു.
ടോസ് ജയിച്ച ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ മനോഹരമായൊരു ഓഫ് കട്ടറിലൂടെ ലങ്കൻ പേസർ ചാമിന്ദ വാസ് എസ്. രമേശിന്റെ (അഞ്ച്) ഓഫ് സ്റ്റംപ് ഇളക്കി. ലങ്കൻ സന്തോഷം അധികം നീണ്ടില്ല. മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ ദ്രാവിഡ് ആക്രമണ മൂഡിലായിരുന്നു. ഏകദിനത്തിന് അനുയോജ്യനല്ലെന്നു പഴി കേട്ട ദ്രാവിഡാണോ ഇതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സാങ്കേതിക തികവുള്ള ആക്രമണത്തിലൂടെ മൈതാനത്തിന്റെ നാലു ഭാഗത്തേക്കും ദ്രാവിഡ് ഷോട്ടുതിർത്തു. നേരിട്ട 43-ാം പന്തിൽ പത്ത് ഫോറിന്റെ സഹായത്തോടെ ദ്രാവിഡ് അർധസെഞ്ചുറി തികച്ചു. 102-ാം പന്തിൽ സെഞ്ചുറി തികയ്ക്കുന്പോൾ ദ്രാവിഡിന്റെ ബാറ്റിൽനിന്ന് പിറന്നത് 12 ഫോറുകൾ.
മറുവശത്ത് സൗരവ് ഗാംഗുലി തന്റെ ബാറ്റിംഗ് സൗന്ദര്യം വെളിപ്പെടുത്തി. ഓഫ് സൈഡിന്റെ അധിപനായി വാഴ്ത്തപ്പെട്ട ദാദ, ഇടയ്ക്ക് ക്രീസിൽനിന്ന് നൃത്തച്ചുവടുകളോടെ ഇറങ്ങി മിഡ് ഓണിലൂടെയും മിഡ് വിക്കറ്റിലൂടെയും പന്ത് കാണികൾക്കിടയിലേക്ക് പറഞ്ഞുവിട്ടു. ദ്രാവിഡിനേക്കാൾ സ്കോറിംഗിൽ പിന്നിലായിരുന്നു ദാദ. 68-ാം പന്തിൽ ആറ് ഫോറിന്റെ അകന്പടിയോടെ 50. 119-ാം പന്തിൽ 11 ഫോറും ഒരു സിക്സും അടക്കം സെഞ്ചുറിയിലും. സെഞ്ചുറി തികച്ചശേഷം ഗാംഗുലി കടന്നാക്രമണത്തിലേക്ക് ഗിയർ മാറി. ദ്രാവിഡിന്റെയും സൗരവിന്റെയും ബാറ്റിൽനിന്ന് യാത്രതിരിച്ച് വേലിക്കെട്ടിലെ പരസ്യഫലകങ്ങളിൽ ചുംബിച്ചും കാണികളുടെ കൈകളിൽ കുരുങ്ങിയും പന്ത് പരക്കംപാഞ്ഞു. ഓ... ദ്രാവിഡ്, വൗ... ദാദ എന്ന് കാണികൾ ആർത്തുവിളിച്ചു.
45.4-ാം ഓവറിൽ ദ്രാവിഡ് (129 പന്തിൽ ഒരു സിക്സും 17 ഫോറുമടക്കം 145) റണ്ണൗട്ടായി. ഗാംഗുലിയുടെ പ്രയാണം 50-ാം ഓവറിന്റെ അഞ്ചാം പന്ത് വരെ തുടർന്നു. 158 പന്തിൽ ഏഴ് സിക്സും 17 ഫോറുമായി ദാദ 183 റണ്‍സ് നേടി.
50 ഓവറിൽ ഇന്ത്യ ആറിന് 373 റണ്‍സ് എടുത്തപ്പോൾ ലങ്കൻ മറുപടി 42.3 ഓവറിൽ 216ൽ അവസാനിച്ചു, ഇന്ത്യക്ക് 157 റണ്‍സ് ജയം. 1999 ലോകകപ്പിൽ റണ്‍ വേട്ടയിൽ ഒന്നാമനായതും ദ്രാവിഡ് ആണ്, 461 റണ്‍സ്. ലോകകപ്പ് ചരിത്രത്തിൽ മികച്ച കൂട്ടുകെട്ടിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ദ്രാവിഡ് - ദാദ സഖ്യത്തിന്റെ 318. 2015ൽ വെസ്റ്റ് ഇൻഡീസിന്റെ സാമുവൽസ്-ക്രിസ് ഗെയ്ൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയ 372 ആണ് ഒന്നാമത്.
അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.