ഷൂട്ടിംഗ് സീസണ്: പ്രതീക്ഷയില്‍ അസോസിയേഷനുകള്‍.
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണി കായികലോകത്തെഒന്നടങ്കം താറുമാറാക്കി. ഒളിമ്പിക്സ് ഉള്‍പ്പെടെ പ്രധാന പല പരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. അത്ലറ്റുകള്‍ക്ക് പരിശീലനത്തിന് ഇറങ്ങാനും പറ്റാത്ത സാഹചര്യ ഇന്ത്യയില്‍ ആഭ്യന്തര കായിക മേഖല ഇനിയെന്തു നടപടിയെടുക്കണമെന്നു ചിന്തിക്കുകയാണ്.
ഇതേക്കുറിച്ച് വിവിധ സംഘടനകള്‍ ചര്‍ച്ചകള്‍ തുടങ്ങി. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ പ്രധാന കായികതാരങ്ങള്‍ സ്റ്റേഡിയങ്ങളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ സംസ്ഥാന തലവും ദേശീയ ചാമ്പ്യന്‍ഷിപ്പുകളും കൊറോണ വൈറസിന്റെ ഭീഷണിയില്‍ പെടില്ലെന്ന പ്രതീക്ഷയിലാണ് കായികതാരങ്ങള്‍.
സാധാരണയായി ജൂലൈയിലാണ് ഇന്ത്യയില്‍ ആഭ്യന്തര ഷൂട്ടിംഗ് സീസണു തുടക്കമാകുന്നത്. എന്നാല്‍ 2020ല്‍ ശേഷിക്കുന്ന മാസങ്ങളിലെ കാര്യങ്ങള്‍ അറിയാന്‍ ഷൂട്ടര്‍മാര്‍ ഇനിയും കാത്തിരിക്കണം.
ദേശീയ സംഘടനയുടെയും സംസ്ഥാനങ്ങളിലെ സംഘടനകളുടെയും പ്രതീക്ഷകള്‍ നഷ്ടമായിട്ടില്ല. ജൂലൈയില്‍ ദേശീയ ക്യാമ്പ് നടത്താമെന്ന പ്രതീക്ഷ നാഷണല്‍ റൈഫിൾ അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) പങ്കുവച്ചതോടെ ഇന്ത്യയിലെ ഷൂട്ടര്‍മാരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നു.
കോവിഡ് -19ന്റെ അവസ്ഥ അറിഞ്ഞു മാത്രമേ മുന്നോട്ടു പോകൂ. ആഭ്യന്തര സീസണ് ആരംഭിക്കാനുള്ള യോജിച്ച സമയമാണെന്നു തോന്നിയാല്‍ സംസ്ഥാന അസോസിയേഷനുകൾക്ക് റേഞ്ചുകള്‍ തുറക്കാനും ജില്ലാതല, സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനും അനുമതി നല്‍കും. ഇതിനുശേഷം പ്രീ നാഷണല്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുമെന്ന് എന്‍ആര്‍എഐ സെക്രട്ടറി രാജീവ് ഭാട്യ പറഞ്ഞു.
ഞങ്ങള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ദേശീയ മത്സരങ്ങളാണ് നടക്കേണ്ടത്. നടക്കുമെന്ന് ഉറപ്പില്ല. ചിലപ്പോള്‍ നടന്നേക്കാം- ഭാട്യ പറഞ്ഞു.
ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ഭീഷണിയുടെ പ്രത്യേക സാഹചര്യം കണ്ട് സംസ്ഥാന ചാമ്പ്യന്ഷിപ്പുകളെക്കുറിച്ച് ഭാട്യ പ്രത്യേകം പരാമര്‍ശിച്ചു.
മഹാരാഷ്ട്രയില്‍ ജില്ല, സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്തുന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ രോഗാവസ്ഥ കുറവാണ്. അതുകൊണ്ട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി വ്യത്യസ്ത നയങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
എന്‍ആര്‍എഐയുടെ കലണ്ടര്‍ വരട്ടെയെന്നാണ് സംസ്ഥാന അസോസിയേഷനുകളും പറയുന്നത്. ഈ മത്സര കലണ്ടര്‍ വന്നാല്‍ മാത്രമേ ജില്ലാ, സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനാകൂവെന്ന് ഡല്‍ഹി സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന് സെക്രട്ടറി രാജീവ് ശര്‍മ പറഞ്ഞു.
നിഷു കുമാര്‍ ബ്ലാസ്റ്റേഴ്സില്‍
ബംഗളൂരു: അഞ്ചു സീസണില്‍ ബംഗളൂരു എഫ്സിയുടെ പ്രതിരോധക്കോട്ടയില്‍ അംഗമായിരുന്ന നിഷു കുമാര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. നാലു വര്‍ഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് ബാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാറ്റം ശരിയാണെന്നു ക്ലബ്ബുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു ഇന്ത്യന്‍ പ്രതിരോധതാരത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്കാണ് നിഷുവിനെ സ്വന്തമാക്കിയത്. 22കാരനായ താരത്തിനായി അഞ്ചു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സ് മുടക്കിയത്. 2017ല്‍ സന്ദേശ് ജിംഗന് ബ്ലാസേഴ്സുമായി കരാര്‍ പുതുക്കിയപ്പോള്‍ ചെയ്ത 3.8 കോടിയുടെ റിക്കാര്‍ഡാണ് വഴിമാറിയത്. ജിംഗന് കഴിഞ്ഞ മാസം ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.
നിഷുവിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ബംഗളൂരു ശക്തമായി ശ്രമിച്ചിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവച്ച വലിയ വാഗ്ദാനം തള്ളിക്കളയാനാകാതെ താരം ക്ലബ്ബിലെത്തുകയായിരുന്നുവെന്ന് ഈ കൂടുമാറ്റവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നിഷു കുമാറിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ ജംഷഡ്പുര്‍ എഫ്സി, മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകളുണ്ടായിരുന്നു. എന്നാല്‍ അവസാനം ബ്ലാസ്റ്റേഴ്സ് ഈ ഓട്ടത്തില്‍ വിജയം നേടുകയായിരുന്നു.
നിഷു കുമാര്‍ ക്ലബ് വിട്ടകാര്യം ബംഗളൂരു എഫ്സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ഒരു ഓണ്‍ലൈന്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. നിഷുവിനെ നിലനിര്‍ത്താന്‍ കാര്യമായി ശ്രമിച്ചു. എന്നാല്‍ അതിനു സാധിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവച്ച ഓഫര്‍ അദ്ദേഹം സ്വീകരിക്കുകയായിരുന്നുവെന്ന് ജിന്‍ഡാല്‍ പറഞ്ഞു.
ആശ്വാസം! അത് മാറഡോണയല്ല
ബുവേനോസ് ആരീസ്: അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരം ഡിയേഗോ മാറഡോണയുടേത് എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെയും ഫുട്ബോള്‍ പ്രേമികളെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.
പൊണ്ണത്തടിയനായ മാറഡോണ ഫുട്ബോള്‍ കളിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്. മാറഡോണയെപ്പോലെ തോന്നിക്കുന്ന ആള് ടെന്നീസ് ബോള്‍ കാലുകൊണ്ട് മുകളിലേക്ക് അടിച്ചുവിടുന്ന വീഡിയോയാണ് പ്രചരിച്ചത്.
ഈ രൂപം കണ്ടപ്പോള്‍ ആരാധകര്‍ ഞെട്ടല്‍ രേഖപ്പെടുത്തിയെങ്കിലും ചിലര്‍ക്ക് അദ്ഭുതം തോന്നിയില്ല. ഇടയ്ക്ക് കുറെ വര്‍ഷങ്ങളില്‍ ഇതിഹാസതാരത്തിന് പൊണ്ണത്തടിയായിരുന്നു. മുന്‍ അര്‍ജന്റൈന്‍ താരം പൊതുസമൂഹത്തിന് മുന്നില്‍ എത്തിയതിന് ശേഷം കണ്ടതിനെക്കാള്‍ തടികൂടിയപ്പോള്‍ ആരാധകര്‍ ശരിക്കും ഞെട്ടി.
എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. പലരും കരുതിയതുപോലെ ഇത് മാറഡോണയല്ല. മറിച്ച് 2015ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയില്‍ നിന്നുള്ള രംഗമാണ് മാറഡോണയുടേത് എന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്.
‘യൂത്ത്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ സാക്ഷാല്‍ മാറഡോണയുമായി സാദൃശ്യമുള്ള ഒരു കഥാപാത്രമുണ്ട്. ആ സിനിമയില്‍ മാറഡോണയായാണ് സെറാനോ അഭിനയിച്ചത്. മാറഡോണയുടെ ജീവിതവുമായി ബന്ധപ്പെട്ടതല്ല സിനിമ.അര്ജന്റീനക്കാരന് തന്നെയായ നടന് റോളി സെറാനോയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ സെറാനോയെ കണ്ടാല്‍ മാറഡോണയാണെന്നു തോന്നും അത് തെറ്റിദ്ധാരണ പടരാന്‍ ഇതും കാരണമായി.
വിരേൻ ഡിസിൽവ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു പടിയിറങ്ങി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽനിന്നു ക്ലബ് സിഇഒ ആയിരുന്ന വിരേൻ ഡിസിൽവ പടിയിറങ്ങി. 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിലാണ് വിരേൻ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ആ സീസണിൽ ടീം ഫൈനലിലെത്തിയിരുന്നു. തുടർച്ചയായി രണ്ടുവർഷം അദ്ദേഹം ടീമിന്റെ ഭരണനിർവഹണത്തിനു ചുക്കാൻപിടിക്കുകയും ചെയ്തു.
തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവിഭാജ്യഘടകമായിരുന്നു വിരേനെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ അവസരം നൽകിയ ക്ലബ് ഉടമകളോട് നന്ദിയറിയിക്കുന്നതായി വിരേൻ പറഞ്ഞു.
ഹംഗേറിയന്‍ കപ്പ്: സാമൂഹ്യ അകലം പാലിക്കാതെ കാണികള്‍
ബുഡാപെസ്റ്റ്: തിങ്ങിനിറഞ്ഞ ആരാധകരുടെ മുന്നില്‍ ബുഡ്പെസ്റ്റ് ഹോന്വെദ് താരങ്ങള്‍ ഹംഗേറിയന്‍ കപ്പ് ഫൈനല്‍ ജയിച്ച് കിരീടമുയര്‍ത്തി. സാമൂഹ്യ അകലം പാലിക്കുകയെന്ന നിര്‍ദേശത്ത് തള്ളിക്കള്ളഞ്ഞാണ് കാണികള്‍ മത്സരം കാണാനിരുന്നത്.
മത്സരത്തില്‍ ഹോന്വെദ് 2-1ന് മെസൊകോവെസ്ദ് സോസ്റിയെ പരാജയപ്പെടുത്തി. ജോര്‍ജ് കാംബറാണ് സമനില പൊട്ടിച്ച് വിജയഗോള്‍ നേടിയത്.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഫുട്ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞ മാസമാണ് ഹംഗറിയില്‍ പുനരാരംഭിച്ചത്. കാണികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് ഹംഗറിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്ാണ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. ഓരോരുത്തരും ഇരിക്കുന്നതിനിടെ മൂന്നു സീറ്റ് വെറുതെയിടണം. ആരുടെയും തൊട്ടു മുമ്പിലോ പിന്നിലോ ഇരിക്കരുതെന്നും നിര്‍ദേശങ്ങളുണ്ട്. എന്നാല്‍ മത്സരത്തിന്റെ ആവേശത്തില്‍ ആരാധകര്‍ ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി.
കളിക്കാരും അവരുമായി ബന്ധപ്പെട്ടവരും കൊറോണ വൈറസ് പരിശോധന നടത്തി അസുഖബാധ ഇല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ കളത്തിലെത്താവൂ എന്നു നിര്‍ദേശവും ഹംഗറിയിലുണ്ട്.
കുട്ടിത്താരങ്ങൾക്ക് ഓണ്‍ലൈൻ പരിശീലനവുമായി സായ്
തിരുവനന്തപുരം: ഇന്ത്യയിലെ കുട്ടിക്കായികതാരങ്ങൾക്ക് ഓണ്‍ലൈൻ കായിക പരിശീലനവുമായി തിരുവനന്തപുരം സായ്. കൊറോണ മൂലം സ്റ്റേഡിയങ്ങളിലെത്തി പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) നേതൃത്വത്തിൽ കായിക പരിശീലനം ഓണ്‍ലൈനായി ആരംഭിക്കാൻ തീരുമാനിച്ചത്.
പൈലറ്റ് പ്രോജക്ട് നടപ്പാക്കാനായി തിരുവനന്തപുരം എൽഎൻസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരം സായ് ഓണ്‍ലൈൻ പരിശീലനക്രമീകരണം ഒരുക്കുകയും സൂം വഴി ഈ പരിശീലനം കായികതാരങ്ങളുമായി ബന്ധിപ്പിച്ചത്. എട്ടു മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് ശാരീരിക മികവ് നിലനിർത്തുന്നതിനായുള്ള പരിശീലന രീതികളാണ് ഓണ്‍ലൈനായി നല്‍കുന്നത്. ഇതിൽ എട്ടു മുതൽ 12 വരെ പ്രായപരിധിയിൽ ഉള്ളവരെ ഒരു ഗ്രൂപ്പായും 13 മുതൽ 14 വയസു വരെയുള്ളവരെ മറ്റൊരു ഗ്രൂപ്പ് ആക്കിയുമാണ് ഓണ്‍ലൈൻ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ഈ പരിശീലനം വിദ്യാർഥികൾക്കും അവരുടെ പരിശീലകർക്കും ഓണ്‍ലൈനായി കണ്ടു തുടർ പരിശീലനങ്ങൾ നടത്തുക എന്നതാണു ലക്ഷ്യമിടുന്നത്. 21 ദിവസത്തെ ഓണ്‍ലൈൻ പദ്ധതിയാണ് പ്രാഥമിക ഘട്ടത്തിൽ നടപ്പാക്കുക. തിരുവനന്തപുരം സായിയുടെ ഓണ്‍ലൈൻ കായിക പരിശീലനം ഇന്ത്യ ഒട്ടാകെയുള്ള വിദ്യാർഥികൾക്ക് പരിശീലന മുറയായി മാറുന്നു എന്ന പ്രത്യേകതയും ഉണ്ട്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി.
ഓരോ ദിവസത്തെയും ഓണ്‍ലൈൻ പരിശീലനം രാവിലെ എട്ടു മുതൽ ഒൻപതു വരെയാണ്. അത് സൂം വഴി കാണുന്നതോടൊപ്പം എൽഎൻസിപിയുടെ ഫേസ്ബുക്ക് പേജ് വഴിയും പ്രദർശിപ്പിക്കുന്നുണ്ട്. സായിയിലെ വിദ്യാർഥികൾ കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പരിശീലന രീതികൾ നടത്തുന്നു. ഈ രീതികൾ ഓണ്‍ലൈനായി എത്തിക്കുന്നു.
ഓണ്‍ലൈൻ പ്രോഗ്രാം ഡയറക്ടർ ജോജി ജോസഫാണ്. പരിശീലകരായ നിഷാദ്കുമാർ, വിക്ടർ ലിയോ ഫെർണാണ്ടസ്, പി.പീസ്, എം.എ. ജോർജ്, ജിൻസി ഫിലിപ്പ്, ഡോ. ജയരാമൻ തുടങ്ങിയവർ ഓണ്‍ലൈൻ പരിശീലനത്തിന് നേതൃത്വം നല്കുന്നു. എൽഎൻസിപി പ്രിൻസിപ്പൽ ഡോ. ജി. കിഷോറിന്റെ പൂർണ പിന്തുണയാണ് ഓണ്‍ലൈൻ പ്രോഗ്രാം ഏറെ മികവാർന്ന രീതിയിൽ നടത്താൻ കഴിയുന്നതെന്നു പ്രോഗ്രാം ഡയറക്ടർ കൂട്ടിച്ചേർത്തു.
തോമസ് വർഗീസ്
പി.യു. ചിത്രയ്ക്ക് അര്‍ജുന ശിപാര്‍ശ
ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് പി.യു ചിത്രയെ അര്‍ജുന പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തു. ദേശീയ അത്ലറ്റിക് ഫെഡറേഷനാണ് ചിത്രയുടെ പേര് നിര്‍ദേശിച്ചത്. കൂടാതെ അത്ലറ്റിക്സ് പരിശീലകന് രാധാകൃഷ്ണന് നായരെ ദ്രോണാചാര്യ പുരസ്കാരത്തിനായും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒളിമ്പ്യനായ മലയാളി അത്ലറ്റ് ജിന്‍സി ഫിലിപ്പിനെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും പരിഗണിക്കും.
2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ചിത്ര 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണവും ചിത്രയുടെ പേരിലുണ്ട്. 2017ല്‍ ഭുവനേശ്വറിലും 2019ല്‍ ദോഹയിലുമായിരുന്നു ഈ നേട്ടങ്ങള്‍. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ്. ചിത്രയെക്കൂടാതെ അര്‍പിന്ദര്‍ സിംഗ്, മന്‍ജിത് സിംഗ്, ദ്യുതി ചന്ദ് എന്നിവരെയും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഇന്റര്‍നാഷണല്‍ കോച്ചിംഗ് എന്റിച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ് നേടിയ ഏക ഇന്ത്യക്കാരനാണ് ഇന്ത്യയുടെ അത്ലറ്റിക് സഹപരിശീലകനായ രാധാകൃഷ്ണന് നായര്‍.
രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിനായി നീരജ് ചോപ്രയുടെ പേര് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം റേറ്റിംഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ലോകത്തില്‍ രണ്ടാമത്
കൊച്ചി: ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെയും ഏഷ്യയില്‍ അഞ്ചാമത്തേതുമായ ഫുട്ബോള്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഏപ്രിലിലെ ഇന്‍സ്റ്റഗ്രാം എന്‍ഗേജ്മെന്റ്സ് റേറ്റിംഗില്‍ ലോകത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
3.68 ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റേറ്റിംഗ്. ലോകത്തിലെ മുന്‍നിര ഫുട്ബോള്‍ ക്ലബുകളായ എഫ് സി ബാഴ്സലോണ (0.97 ശതമാനം), ലിവര്‍പൂള്‍ എഫ് സി (0.88 ശതമാനം), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (0.57 ശതമാനം) എന്നിവരൊക്കെതന്നെ ഇന്‍സ്റ്റഗ്രാം എന്‍ഗേജ്മെന്റില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ പിന്നിലാണ്.
അത്ലറ്റുകള്, ക്ലബുകള്‍, ലീഗുകള്‍, ഫെഡറേഷനുകള്‍, അസോസിയേഷനുകള്‍, സ്പോണ്‍സര്‍മാര്‍ എന്നിവരുടെ ഡിജിറ്റല്‍ ആശയവിനിമയ, വിപണന ആവശ്യങ്ങളില്‍ പ്രാവീണ്യമുള്ള ഏജന്‍സിയായ റിസള്‍ട്ട്സ് സ്പോര്‍ട്സ് നടത്തിയ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ബെഞ്ച്മാര്‍ക്ക് എന്ന പഠനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1.4 ദശലക്ഷത്തിന്റെ ഇന്‍സ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ലോകമെന്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള 58 ഫുട്ബോള്‍ ക്ലബുകളില്‍ ഒന്നാണ്.
ഐപിഎലിനു മുന്‍പ് ആഭ്യന്തര ട്വന്റി 20 ടൂർണമെന്റ് നടത്തണമെന്ന് കുൽദീപ് യാദവ്
ന്യൂഡല്‍ഹി: ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുമ്പ് ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂണമെന്റ് നടത്തണമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ട ഐസിസി ട്വന്റി 20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലാണ്.
“ഐപിഎല്‍ മത്സരങ്ങള്‍ക്കായി കളിക്കാര്‍ താളത്തിലെത്താന്‍ 15 മുതല്‍ 20 ദിവസം വരെ വേണ്ടിവരും. മത്സരത്തിന് ഇറങ്ങും മുമ്പ് കളിക്കാര്‍ ശരീരത്തിന്റെ എല്ലാ ഭാഗവും പ്രത്യേകം ശ്രദ്ധിക്കും. ശരീരത്തിന്റെ ഓരോ ഭാഗവും ശരിയായിരുന്നാല്‍ മാത്രമേ കളത്തില്‍ ഇറങ്ങാനാകൂ. എല്ലാം ശരിയായ രീതിയില്‍ എത്താന്‍ 20 ദിവസമെങ്കിലും വേണ്ടിവരും”- കുല്‍ദീപ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ ഇന്റര്‍വ്യൂവിലാണ് ഇന്ത്യന്‍ താരം ഇക്കാര്യം പറഞ്ഞത്. ഐപിഎലിനു മുമ്പ് ഫ്രാഞ്ചൈസികള്‍ 15 മുതല്‍ 20 ദിവസത്തെ ക്യാമ്പ് നടത്തേണ്ടതുണ്ട്. ഇത് കളിക്കാരെ ഐപിഎലില്‍ കൂടുതല്‍ നല്ലൊരു തയാറെടുപ്പിന് സഹായകമാകും- കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.
ചുറ്റും നോക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ പറയും നിങ്ങള്‍ സുരക്ഷിതനാണ്. ഒരു കായികതാരമെന്നനിലയില് പുറത്ത് പോകാന്‍ പറ്റുന്നില്ല. എന്നാല്‍ കുടുംബത്തോടൊപ്പം ആയിരിക്കുകയും ആരോഗ്യവാനായിരിക്കാന്‍ പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ഈ ഇടവേള നല്ലതാണെന്ന് തോന്നി. എന്നാലിപ്പോള്‍ മടുപ്പായി തോന്നുന്നു. ഇപ്പോള്‍ സമ്മിശ്രമായ അനുഭവമാണ് ഉണ്ടാകുന്നത്- കുല്‍ദീപ് പറഞ്ഞു.
എന്റെ വ്യക്തിപരമായ തോന്നലില്‍ ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ കളിക്കണം. ഐപിഎലിനു മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് നടത്തണം. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റിലൂടെ കളിക്കാര്‍ക്ക് കൂടുതല്‍ കരുത്താര്ജിക്കാനാകും. ഇതിനുശേഷം ഐപിഎല്‍ കളിക്കാം. ഐപിഎല്‍ വലിയൊരു ടൂര്‍ണമെന്റാണ്. കോവിഡിനുശേഷം നടക്കുന്ന ഈ ടൂര്‍ണമെന്റ് എല്ലാ കളിക്കാര്‍ക്കും മികച്ചൊരു പ്ലാറ്റ്ഫോം തന്നെയാണ്- ഇന്ത്യന്‍ സ്പിന്നര്‍ പറഞ്ഞു.
ഫ്രഞ്ച് ഓപ്പണ്‍ ഈ വര്‍ഷം നടക്കുമെന്ന് ഫ്രഞ്ച് ടെന്നീസ് തലവന്‍
പാരീസ്: ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നടക്കുമെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ബര്‍ണാര്‍ഡ് ഷ്യൂഡിസെലി ഉറപ്പു നല്കി. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ടെന്നീസ് സീസണ് ഒന്നടങ്കം താറുമാറായി. വിംബിള്‍ഡണ്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഫോര്‍മുല വണ്‍: യൂറോപ്പില്‍ എട്ട് റേസുകള്‍
പാരീസ്: ഫോര്‍മുല വണ്‍ സീസണ് ജൂലൈ അഞ്ചിന് തുടക്കമാകും. പല റേസുകളും വെട്ടിച്ചുരുക്കിയാണ് ഇത്തവണത്തെ സീസണ്. ഓസ്ട്രിയയില്‍ കാണികളില്ലാതെ ജൂലൈ അഞ്ചിനും ജൂലൈ 12നും റേസുകള്‍ നടത്തും. ഇതിനു പുറമെ ആറ് റേസുകള്‍ യൂറോപ്പിലുണ്ടാകും.
ഡിസംബറില്‍ സീസണ് പൂര്‍ത്തിയാക്കുന്ന തരത്തില്‍ 15 മുതല്‍ 18 വരെ റേസുകള്‍ നടത്താമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
മാര്‍ച്ചില്‍ ഓസ്ട്രേലിയന്‍ ഗ്രാന്പ്രീയോടെയാണ് ഫോര്‍മുല വണ്‍ സീസണ് ആരംഭിക്കുന്നത്. ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് ലോക്ക്ഡൗണിലായതോടെ പരിശീലത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് റേസ് ഉപേക്ഷിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ രണ്ട് റേസുകള്‍ നടത്താനുള്ള അനുമതി നല്‍കിയത്. റെഡ് ബുള്‍ റിംഗിലാണ് രണ്ടു റേസുകളും നടക്കുക. ഒരാഴ്ച കഴിഞ്ഞ് ജൂലൈ 19ന് ഹംഗേറിയന്‍ ഗ്രാന്‍പ്രീ നടക്കും പിന്നെ രണ്ടാഴ്ച വിശ്രമമാണ്. അതിനുശേഷം ബ്രിട്ടന്, സ്പെയിന്, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലാണ് അടുത്തടുത്ത് റേസുകള്‍. ബ്രിട്ടനിലെ സില്‍വര്‍സ്റ്റോണില്‍ രണ്ടു റേസുകളാണുള്ളത് (ഓഗസ്റ്റ് 2, 9).
സ്പാനിഷ് ഗ്രാന്‍പ്രീ ബാഴ്സലോണയിൽ ഓഗസ്റ്റ് 16നും ബെല്‍ജിയന്‍, ഇറ്റാലിയന്‍ ഗ്രാന്‍പ്രീകള്‍ മുന്‍ തീരുമാനിച്ച തീയതികളിൽ ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ ആറിനും നടക്കും.
ഡിസംബറില്‍ ബഹറിനിലും അബുദാബിയിലും റേസുകള്‍ നടക്കുംമുമ്പ് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏഷ്യയിലും അമേരിക്കന്‍ രാജ്യങ്ങളിലും റേസുകള്‍ നടത്താമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഈ മത്സരങ്ങളുടെ തീയതികള്‍ അടുത്ത ആഴ്ചകളില്‍ പ്രസിദ്ധീകരിക്കും.
2020 സീസണില്‍ 22 റേസുകളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓസ്ട്രേലിയ, മോണക്കൊ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് ഗ്രാന്‍ പ്രീകള്‍ ഉപേക്ഷിച്ചതോടെ 2009നുശേഷം ഗ്രീന്പ്രീയില് കാറോട്ടങ്ങളുടെ എണ്ണം ചുരുങ്ങി.
കാണികളില്ലാതെയാകും ഈ സീസണിലെ ആദ്യ മത്സരങ്ങള്‍ നടക്കുക. സുരക്ഷിതമെന്നു തോന്നിയാല്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ.
റൊണാള്‍ഡോയുടെ ഫേവറിറ്റ് ഫൈവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല
മാഡ്രിഡ്: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ നിലവിലെ മികച്ച അഞ്ച് ഫുട്ബോള്‍ കളിക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല. ബാഴ്സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത്.
ലിവര്‍പൂള്‍ താരം മുഹമ്മദ് സല, റയല്‍ മാഡ്രിഡിന്റെ എഡന്‍ ഹസാര്‍ഡ്, പാരി സാന്‍ ഷെര്മയിന്റെ താരങ്ങളായ നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നിവരാണ് മെസിയെ കൂടാതെ റൊണാള്‍ഡോയുടെ പട്ടികയിലുള്ളത്. മികച്ച അഞ്ച് കളിക്കാരുടെ പേര് നിര്‍ദേശിക്കുകയെന്ന ചോദ്യത്തിനാണ് ബ്രസീല്‍ താരം ഇവരുടെ പേരുകള്‍ നല്‍കിയത്. എന്നാല്‍ ഈ പട്ടികയില്‍ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്ലാതിരുന്നത് ശ്രദ്ധേയമായി.
“മെസിയാണ് ഇതില്‍ ഒന്നാമന്, അദ്ദേഹത്തിന് അസാമാന്യ കഴിവാണുള്ളത്. ഇതുപോലൊരു കളിക്കാരനെ കണ്ടെത്താന്‍ 20, 30 വര്‍ഷമെങ്കിലും ഇനിയെടുക്കും”- റൊണാള്‍ഡോ പറഞ്ഞു.
സലയെയും ഹസാര്‍ഡിനെയും ഇഷ്ടമാണ്. നെയ്മറുടെയും എംബാപ്പെയുടെയും കളി കാണാന്‍ വളരെ താത്പര്യമാണ് : ബ്രസീല്‍ ഇതിഹാസം പറഞ്ഞു.
2018 ലോകകപ്പിലെ പ്രകടനം കണ്ട് എംബാപ്പെയെ താനുമായി പലരും താരതമ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം താരതമ്യപ്പെടുത്തലുകളില്‍ താന്‍ വിശ്വസിക്കുന്നില്ല. എംബാപ്പെയ്ക്ക് മികച്ച വേഗമുണ്ട്. നന്നായി ഫിനിഷ് ചെയ്യാനുമറിയാം. നീക്കങ്ങളും ഗംഭീരമാണ്. ഇരുകാലുകള്‍കൊണ്ടും ഷോട്ടുകള്‍ ഉതിര്‍ക്കാനും കഴിയും- റൊണാള്‍ഡോ പറഞ്ഞു.
ഞങ്ങളുടെ പ്രകടനങ്ങളില്‍ എന്തെങ്കിലും സാമ്യം ഉണ്ടാകും. എന്നാലും താരതമ്യപ്പെടുത്തലില്‍ വിശ്വസിക്കുന്നില്ല പ്രത്യേകിച്ച് രണ്ടു കാലഘട്ടത്തെ കളിക്കാരുമായി. കാരണം രണ്ടു കാലത്തെയും സ്ഥിതി വ്യത്യസ്തമാണ് -ബ്രസീലിന്റെ ലോകകപ്പ് ജേതാവ് കൂട്ടിച്ചേർത്തു.
വംശീയവെറി: ക്രിക്കറ്റ് സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്ന് സമി
കിംഗ്സ്റ്റണ്‍: വംശീയാധിക്ഷേപങ്ങള്‍ക്കും വംശീയാക്രമണങ്ങള്ക്കുമെതിരേ ഇന്റര്‍നാഷല്‍ ക്രിക്കറ്റ് കൗണ്‍സിലും മറ്റ് ക്രിക്കറ്റ് സംഘടനകളും ശബ്ദമുയര്‍ത്തണമെന്ന് വെസ്റ്റ് ഇന്‍ഡീസിനെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലേക്കു നയിച്ച ഡരന്‍ സമി. ഇതിനെ നമ്മുടെ തന്നെ പ്രശ്നമായി കരുതണമെന്നും അദ്ദേഹം പറഞ്ഞു.
യുഎസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മരിച്ചതിനു പിന്നാലെയാണ് വംശീയവെറിക്കെതിരായ പോരാട്ടത്തിന് ഐസിസിയുടെയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെയും പിന്തുണ ആവശ്യപ്പെട്ട് സമി രംഗത്തെത്തിയത്. നിറത്തിന്റെ പേരിലുള്ള അസമത്വത്തിനെതിരേ ക്രിക്കറ്റ് ലോകം ശബ്ദിക്കുന്നില്ലെങ്കില്‍ അവരും കൊലയാളികള്‍ക്കൊപ്പമാണെന്നും ഇത്തരം പ്രശ്നങ്ങളോട് പുലര്‍ത്തുന്ന നിശബ്ദത അവസാനിപ്പിക്കാറായെന്നും സമി പറയുന്നു.
ട്വിറ്ററിലൂടെയായിരുന്നു സമിയുടെ പ്രതികരണം. കറുത്ത വര്‍ഗക്കാരായ മനുഷ്യര്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും സമി ട്വീറ്റില്‍ കുറിച്ചു. “എന്നെപ്പോലെ കറുത്ത വര്‍ഗക്കാരായ ആളുകള്‍ക്ക് സംഭവിക്കുന്നത് ഐസിസിയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളും കാണുന്നില്ലേ? ഈ സാമൂഹിക അസമത്വത്തിനെതിരേ ശബ്ദിക്കാന്‍ നിങ്ങള്‍ തയ്യാറല്ലേ? ഞാനുള്‍പ്പെടെയുള്ള കറുത്ത വര്‍ഗക്കാര്‍ക്കെതിരായ സാമൂഹിക അസമത്വമാണത്. ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. നിങ്ങളുടെ പ്രതികരണങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.’’ ഐസിസിയെ ടാഗ് ചെയ്ത് സമി ട്വീറ്റ് ചെയ്തു.
നേരത്തേ ഇത്തരം ദുരനുഭവങ്ങള്‍ പങ്കുവച്ച് വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും വംശവെറി ഫുട്ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും സാധാരണമാണെന്നും ഗെയ്ൽ പറയുന്നു. കറുത്തവനായതിന്റെ പേരില്‍ കളിക്കുന്ന ടീമില്‍ നിന്നുപോലും പിന്തള്ളപ്പെട്ടിട്ടുണ്ടെന്നും ഗെയ്ൽ വ്യക്തമാക്കിയിരുന്നു.
ഖേല്‍ രത്നയ്ക്കായി റാണി റാംപാലിനെ നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിനായി ഇന്ത്യന്‍ വനിത ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാലിന്റെ പേര് ഹോക്കി ഇന്ത്യന്‍ നാമനിര്‍ദേശം നല്കി. വന്ദന കടാരിയ, മോണിക്ക, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരുടെ പേരുകള്‍ അര്‍ജുന അവാര്‍ഡിനായും നിര്‍ദേശിച്ചിട്ടുണ്ട്.
മേജര്‍ ധ്യാന്‍ ചന്ദ്് അവാര്‍ഡ് ഫോര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനായി മുന്‍ താരങ്ങളായ ആര്.പി. സിംഗ്, തുഷാര്‍ ഖാന്ഡകര് എന്നിവരുടെ പേരുകളും ഫെഡറേഷന് നിര്‍ദേശിച്ചിട്ടുണ്ട്. പരിശീലകരായ ബി.ജെ. കരിയപ്പ, റൊമേഷ് പഥാനിയ എന്നിവരുടെ പേരുകള്‍ ദ്രോണാചാര്യ അവാര്‍ഡിനായും നിര്‍ദേശിച്ചിട്ടുണ്ട്.
വലനിറച്ച് ഡോര്‍ട്മുണ്ട്
ബൊറൂസിയ: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗോളടി മേളം. ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക് ശനിയാഴ്ച നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിനു ഡുസല്ഡോര്ഫിനെ തോല്പിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് സ്വന്തം ഗ്രൗണ്ടില്‍ ജേഡന്‍ സാഞ്ചോയുടെ ഹാട്രിക് മികവില്‍ അവസാന സ്ഥാനക്കാരായ പഡേര്ബോണിനെ 6-1ന് തകര്‍ത്തു.
ബയേണ്‍ മ്യൂണിക്കിനെതിരേ നടന്ന മത്സരത്തില്‍ പരിക്കേറ്റ എര്‍ലിംഗ് ഹലാന്‍ഡ് ഇല്ലാതെയാണ് ഡോര്‍ട്മുണ്ട് ഇറങ്ങിയത്. ഈ അവസരത്തില്‍ ആദ്യ പതിനൊന്നില്‍ സാഞ്ചോ ഇടംപിടിക്കുകയും ചെയ്തു. ലോക്ക്ഡൗൺ കഴിഞ്ഞ് ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചശേഷം സാഞ്ചോ ആദ്യമായാണ് ബയേണിന്റെ ആദ്യ പതിനൊന്നില്‍ സ്ഥാനം നേടുന്നത്. ഗോളുകളൊന്നും പിറക്കാതെ ആദ്യ 45 മിനിറ്റ് പൂര്‍ത്തിയായി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലേ ആതിഥേയര്‍ ഗോളിനായി ശക്തമായി പോരാടി.
ഡോര്‍ട്മുണ്ട് ഉയര്‍ത്തിയ സമ്മര്‍ദത്തിനു ഫലം കണ്ടു. തോർഗൻ ഹസാര്‍ഡ് (54-ാം മിനിറ്റ്) ആതിഥേയരെ മുന്നിലെത്തിച്ചു. കാന്റെ ക്രോസില്‍നിന്നായിരുന്നു ഗോള്‍. മൂന്നു മിനിറ്റിനുശേഷം സാഞ്ചോ ലീഡ് ഉയര്‍ത്തി. സാഞ്ചോ ജഴ്സിക്കുള്ളില്‍ ധരിച്ച ബനിയനില്‍ അമേരിക്കയില്‍ പോലീസ് മർദനത്തില്‍ മരിച്ച കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന് നീതി ലഭിക്കണമെന്ന വാചകം കുറിച്ചിരുന്നു. കൂടാതെ മറ്റൊരു മത്സരത്തില്‍ ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക്കിന്റെ മാര്‍കസ് തുറാം ഒരു കാല് മുട്ട് ഗ്രൗണ്ടില്‍ കുത്തി ഫ്ളോയിഡിനെ അനുസ്മരിച്ചു.
72-ാം മിനിറ്റില്‍ പഡേര്ബോണിനായി ഉവേ ഹന്മിയര് പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. എംറെ കാനിന്റെ ഹാന്‍ഡ്ബോളിലായിരുന്നു പെനല്‍റ്റി വിധിച്ചത്. ഒരു ഗോള്‍ കൂടി അടിച്ച് സാഞ്ചോ (74-ാം മിനിറ്റ്) ടീമിന്റെ രണ്ടു ഗോള്‍ ലീഡ് നിലനിര്‍ത്തി.
സാഞ്ചോ മൂന്നാം ഗോള്‍ നേടും മുമ്പ് അഷ്റഫ് ഹക്കീമും മാഴ്സല്‍ ഷുമല്സറും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സാഞ്ചോ ഹാട്രിക് തികച്ചത്. ഡോര്‍ട്മുണ്ടിന്റെ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനുശേഷമായിരുന്നു ഗോള്‍.
സാഞ്ചോയുടെ കരിയറിലെ തന്നെ ആദ്യ ഹാട്രിക്കായിരുന്നു. ഈ സീസണില്‍ ഇംഗ്ലീഷ്താരം ഡോര്‍ട്മുണ്ടിനായി നേടുന്ന 17-ാമത്തെ ഗോളുമായിരുന്നു അത്. ഈ സീസണില്‍ 16 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.ജയത്തോടെ ഡോര്‍ട്മുണ്ട് 60 പോയിന്റുമായി രണ്ടാം സ്ഥാനത്തു നില്ക്കുന്നു.
മാര്‍കസ് തുറാമിന് ഇരട്ട ഗോള്‍; മോണ്ഹെന്ഗ്ലാഡ്ബാക്കിനു ജയം
മാര്‍കസ് തുറാമിന്റെ ഇരട്ട ഗോള്‍ മികവില്‍ ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക് 4-1ന് യൂണിയന് ബെര്‍ലിനെ പരാജയപ്പെടുത്തി. ജയത്തോടെ മോണ്ഹെന്ഗ്ലാഡ്ബാക് മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലീഗില്‍ ഇനി അഞ്ച് മത്സരം കൂടിയുണ്ട്.
17-ാം മിനിറ്റില്‍ ഫ്ളോറിന് ന്യുഹാസ് മോണ്ഹെന്ഗ്ലാഡ്ബാക്കിനെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ തുറാം ഹെഡറിലൂടെ ലീഡ് ഉയര്‍ത്തി. അലസാന്‍ പ്ലീയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ യൂണിയന് സെബാസ്റ്റ്യന്‍ ആന്‍ഡേഴ്സണിലൂടെ മോണ്ഹെന്ഗ്ലാഡ്ബാക്കിന്റെ ലീഡ് ഒന്നാക്കി ചുരുക്കി. 59-ാം മിനിറ്റില്‍ തുറാം യൂണിയന്റെ പ്രതിരോധം ഭേദിച്ച് വലകുലുക്കി. ഈ സീസണില്‍ തുറാമിന്റെ പത്താമത്തെ ഗോളായിരുന്നു. 81-ാം മിനിറ്റിൽ പ്ലിയുടെ വക ഗോളുമെത്തി. 56 പോയിന്റുമായി മോണ്ഹെന്ഗ്ലാഡ്ബാക് മൂന്നാം സ്ഥാനത്താണ്.
ടിനു യോഹന്നാൻ കേരള രഞ്ജി ട്രോഫി ടീം കോച്ച്
തിരുവനന്തപുരം: കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനിൽ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്.
2001 -ൽ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ട ടിനു മൂന്നു ടെസ്റ്റ് മത്സരങ്ങളിലും മൂന്നു ഏകദിനങ്ങളിലും ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ലോംഗ് ജംപ് താരമായിരുന്ന ടി.സി. യോഹന്നാന്റെ പുത്രനാണ് ടിനു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യമലയാളി എന്ന ബഹുമതിക്ക് ഉടമയാണു ടിനു.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്നലെ ചേർന്ന ഹൈ പെർഫോമൻസ് സെന്റർ തുറക്കാനും ജനറൽ ബോഡി തീരുമാനിച്ചു. അന്തർ ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങൾ പുനഃക്രമീകരിക്കാൻ ഭാരവാഹികളെ ചുമതലപ്പെടുത്തി. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ജില്ലാ ലീഗ് മത്സരങ്ങൾ നടത്തിയതിനു ശേഷം നടത്താൻ തീരുമാനിച്ചു. ഈ ജില്ലകളിൽ നിലവിൽ ഉള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത ഇലക്ഷൻ വരെ തുടരും.
വിരാട് കോഹ്ലി നിലവിലെ മികച്ച ബാറ്റ്സ്മാന്: കുമാര്‍ സംഗക്കാര
ന്യൂഡല്‍ഹി: നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയെന്ന് ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ്കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാര.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ലൈവില്‍ സിംബാബ്വേയുടെ മുന്‍ പേസര്‍ പോമി എംബാന്ഗ്വായുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ആരെന്ന ചോദ്യത്തിനു മറുപടിയായാണ് സംഗക്കാര കോഹ്ലിയുടെ പേര് പറഞ്ഞത്. ഒട്ടും ശങ്കയില്ലാതെയായിരുന്നു ശ്രീലങ്കന്‍ മുന്‍ വിക്കറ്റ്കീപ്പറുടെ മറുപടി.
നിലവിലുള്ളവരില്‍ മികച്ച ബൗളര്‍മാരില്‍ പലരുടെയും പേരുകളാണ് സംഗക്കാര പറഞ്ഞത്. സ്പിന്‍ ബൗളര്‍മാരെ നോക്കുകയാണെങ്കില്‍ ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണാണ് മികച്ച ബൗളര്‍. പേസര്‍മാരില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ജയിംസ് ആന്ഡേഴ്സണ് അസാധാരണ ബൗളറാണ്. പൂര്‍ണായും ആരോഗ്യവാന്മാരാണെങ്കില് മിച്ചല്‍ സ്റ്റാര്‍ക്, ജസ്പ്രീത് ബുംറ എന്നിവര്‍ ഏതു സാഹചര്യത്തിലും മികച്ചവരാണെന്ന് സംഗക്കാര പറഞ്ഞു.
ലീഗ് പുനരാരംഭം: ലാ ലിഗ ഫിക്ചറുകളായി
മാഡ്രിഡ്: കോവിഡ് -19നെത്തുടര്‍ന്ന് മൂന്നു മാസത്തോളം മുടങ്ങിയ ലാ ലിഗ ഫുട്ബോള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂണ്‍ 11ന് സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലീഗ് പുനരാരംഭിക്കുന്നത്. കിരീടപോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ബാഴ്സലോണ 13നും റയല്‍ മാഡ്രിഡ് 14നും ഇറങ്ങും. ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ എവേ പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മയ്യോര്‍ക്കയെ നേരിടുമ്പോള്‍ റയല്‍ മാഡ്രിഡ് സ്വന്തം മണ്ണില്‍ ഐബറുമായി ഏറ്റുമുട്ടും. ഏഴു ദിവസത്തെ ഫിക്ചറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ 16ന് ബാഴ്സ സ്വന്തം ഗ്രൗണ്ടില്‍ ലെഗനസുമായി ഏറ്റുമുട്ടും. റയല്‍ സ്വന്തം കളത്തില്‍ വലന്‍സിയയെ നേരിടും. റയല്‍ മാഡ്രിഡിന് ഇനി ശേഷിക്കുന്ന ആറു ഹോം മത്സരങ്ങളും 6000 പേരെ ഉള്‍ക്കൊള്ളുന്ന ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാകും നടക്കുക. സാന്റിയാഗോ ബര്ണാബു സ്റ്റേഡിയത്തില്‍ നവീകരണ പരിപാടികള്‍ നടക്കുന്നതുകൊണ്ടാണ് മത്സരങ്ങള്‍ ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലേക്കു മാറ്റിയത്.
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ വന്പന്മാരായ ബയേണ്‍ മ്യൂണിക്ക് തകർത്തടിച്ചു മുന്നേറുന്നു. കൊറോണ വൈറസ് ഭീഷണിക്കിടെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ലീഗ് പുനരാരംഭിച്ചശേഷം ബയേണ്‍ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ഡുസൽഡോർഫിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് ബയേണ്‍ കീഴടക്കി. തുടർച്ചയായ രണ്ടാം ഹോം മത്സരത്തിലും അഞ്ച് ഗോൾ അടിച്ചാണ് ബയേണ്‍ കിരീടത്തിലേക്ക് മുന്നേറുന്നത്. എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ കഴിഞ്ഞ ആഴ്ച സ്വന്തം മൈതാനത്തുവച്ച് ബയേണ്‍ 5-2നു കീഴടക്കിയിരുന്നു.
ഡുസൽഡോർഫിനെതിരേ ബയേണിനായി റോബർട്ട് ലെവൻഡോവ്സ്കി (43, 50) ഇരട്ട ഗോൾ നേടി. സീസണിൽ പോളിഷ് സ്ട്രൈക്കറുടെ ഗോൾ നേട്ടം ഇതോടെ 43 ആയി. ബെഞ്ചമിൻ പവാർഡ് (29), അൽഫോൻസോ ഡേവിസ് (52) എന്നിവരും ആതിഥേയർക്കായി വലകുലുക്കി. 15-ാം മിനിറ്റിൽ മത്യാസ് ജോർജെൻസണിന്റെ സെൽഫിലൂടെയാണ് ബയേണ്‍ അക്കൗണ്ട് തുറന്നത്. മറ്റു മത്സരങ്ങളിൽ ഹെർത 2-0ന് ഓഗ്സ്ബർഗിനെയും ലെവർകൂസൻ 1-0ന് ഫ്രൈബർഗിനെയും വെർഡർ 1-0ന് ഷാൽകെയെയും എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് 2-1ന് വൂൾവ്സ്ബർഗിനെയും ഹൊഫെൻഹീം 1-0ന് മെയ്ന്റ്സിനെയും പരാജയപ്പെടുത്തി.
ലീഗിൽ 29 മത്സരങ്ങളിൽനിന്ന് 67 പോയിന്റുമായി ബയേണ്‍ ഒന്നാമതാണ്. 28 മത്സരങ്ങളിൽനിന്ന് 57 പോയിന്റുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് രണ്ടാമത്. ലെവർകൂസൻ 56 പോയിന്റുമായി മൂന്നാമതുണ്ട്.
ഹാൻസി... ഒരു ഓർമച്ചിത്രം
‘പണത്തോട് ദൗർഭാഗ്യകരമായ സ്നേഹമാണുണ്ടായിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയല്ല. പക്ഷേ, പണത്തോടുള്ള ആസക്തി എനിക്ക് അതുപോലെ ഒന്നായിരുന്നു. യേശുവിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന എന്റെ ലോകത്തേക്ക് സാത്താൻ കടന്നുവന്നതോടെ ഞാൻ അന്ധകാരത്തിലായി. തെറ്റുകൾ പിടിക്കപ്പെടില്ലെന്നു വിശ്വസിക്കാൻ മാത്രം അഹങ്കാരിയായിരുന്നു ഞാൻ’... ഇത് ഒരു ഏറ്റുപറച്ചിലാണ്... ക്രിക്കറ്റ് ലോകത്ത് വിഹരിച്ച, ആരാധകരുടെ ഹീറോ ആയിരുന്ന, ഒരു രാജ്യത്തെ വഞ്ചിച്ചവനെന്ന് പിന്നീട് പഴി കേട്ട, ഷെഡ്യൂൾഡ് ഫ്ളൈറ്റ് മോശം കാലാവസ്ഥ മൂലം റദ്ദാക്കിയതിനെത്തുടർന്ന് കാർഗോ വിമാനത്തിൽ കയറിപ്പറ്റി നിത്യതയിലേക്ക് യാത്ര ചെയ്ത വെസൽ ജൊഹാന്നസ് ഹാൻസി ക്രോണിയയുടെ ഏറ്റുപറച്ചിൽ.
ഒത്തുകളിച്ച് ക്രിക്കറ്റ് ജീവിതം തുലച്ച ഹാൻസി വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് 18 വർഷം. 2002 ജൂണ്‍ ഒന്നിനാണ് ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റനായ ഹാൻസി ക്രോണിയയും രണ്ട് പൈലറ്റുമാരും മാത്രമുണ്ടായിരുന്ന കാർഗോ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തകർന്നുവീണത്.
ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് 1996ൽ തന്നെ ഒത്തുകളിയുടെ ലോകത്തേക്ക് കൈപിടിച്ചതെന്നാണ് ക്രോണിയയുടെ വെളിപ്പെടുത്തൽ. വിവിധ കളികളിൽ ഒത്തുകളിച്ച് 1,40,00 യുഎസ് ഡോളറും മറ്റ് സമ്മാനങ്ങളും കൈപ്പറ്റിയാതായും ക്രോണിയ പിന്നീട് ഏറ്റുപറഞ്ഞത് ചരിത്രം. ദക്ഷിണാഫ്രിക്കൻ ടീം 2000ൽ ഇന്ത്യയിൽ പര്യടനം നടത്തിയതോടെയാണ് ഒത്തുകളി വെളിപ്പെട്ടത്. അന്ന് ടെസ്റ്റ് പരന്പര ദക്ഷിണാഫ്രിക്കയായിരുന്നു സ്വന്തമാക്കിയത്. 1987നുശേഷം ഇന്ത്യ ആദ്യമായി സ്വന്തം നാട്ടിൽ ടെസ്റ്റ് പരന്പര തോൽക്കുന്നതും അന്നായിരുന്നു. ഹാൻസി ക്രോണിയയുടെ ക്യാപ്റ്റൻസി ലോകം വാഴ്ത്തി.
എന്നാൽ, കഥ തലതിരിഞ്ഞത് വേഗത്തിൽ. ക്രിക്കറ്റ് വാതുവയ്പ്പുകാരുടെ ഫോണ്‍കോളുകൾ ഡൽഹി പോലീസ് ചോർത്തിയതാണ് കള്ളി വെളിച്ചത്താക്കിയത്. അന്ന് ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനുള്ള സുരക്ഷയുടെ ഭാഗമായി ഡൽഹി പോലീസ് ചോർത്തിയ സംശയാസ്പദ സംഭാഷണങ്ങളുടെ പട്ടികയിൽ വാതുവയ്പ്പുകാർ കുടുങ്ങുകയായിരുന്നു എന്നതാണ് വാസ്തവം.
സംഭവം ലോക ക്രിക്കറ്റിനെ പിടിച്ചുലച്ചു. ക്രിക്കറ്റിന്റെ ജനപ്രിയത ഇടിഞ്ഞു. ഇടനെഞ്ചിൽ കഠാരകുത്തിയിറക്കിയ വേദനയോടെ ആരാധകർ മുഖംതിരിച്ചു. ആദ്യം ആരോപണങ്ങളെ നിഷേധിച്ച ഹാൻസി ക്രോണിയ പിന്നീട് രഹസ്യങ്ങളുടെ ചുരുളഴിച്ചു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഹർഷൽ ഗിബ്സ്, നിക്കി ബോയെ, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, അജയ് ശർമ, അജയ് ജഡേജ, നയൻ മോംഗിയ എന്നിവരെല്ലാം ഒത്തുകളിയിലെ കണ്ണികളായിരുന്നെന്ന് ക്രിക്കറ്റ് പ്രേമികൾ ഞെട്ടലോടെ മനസിലാക്കി.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന കീർത്തി സ്വന്തമാക്കിയാണ് ക്രോണിയ മുപ്പത്തിഒന്നാം വയസിൽ കളിക്കളത്തിൽനിന്ന് പുറത്താക്കപ്പെട്ടതും മുപ്പത്തിരണ്ടാം വയസിൽ മരണത്തിനു കീഴടങ്ങിയതും. സ്കൂൾ ടീമിൽ ക്രിക്കറ്റിലും റഗ്ബിയിലും ഒരേസമയം ക്യാപ്റ്റനായ ഹാൻസി, 92ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീമിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1992ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റും വിജയ റണ്ണും കുറിച്ചാണ് ഇരുപത്തിരണ്ടാം വയസിൽ ഹാൻസി സൂപ്പർ താര പദവിയിലേക്ക് എത്തിയത്.
അനീഷ് ആലക്കോട്
റെയില്‍വേ ട്രാക്കില്‍നിന്നു പത്മിനി തോമസ് പടിയിറങ്ങി
തിരുവനന്തപുരം: നീണ്ട 41 വര്‍ഷത്തെ സേവനത്തിനു ശേഷം മുന്‍ ഇന്ത്യന്‍ അത്ലറ്റ് പത്മിനി തോമസ് റെയില്‍വേയില്‍ നിന്നു പടിയിറങ്ങി. ചീഫ് സൂപ്പര്‍വൈസര്‍ (കംപ്യൂട്ടര്‍ റിസര്‍വേഷന്‍) പദവിയിലാണ് ഔദ്യോഗിക ജീവിതത്തോട് ഇന്നലെ വിടപറഞ്ഞത്.
കായിക താരമെന്ന നിലയിലും കായിക സംഘാടക എന്ന നിലയിലും ഒരുപോലെ കഴിവു തെളിയച്ചയാളാണ് പത്മിനി. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടിയാണ് പത്മിനി രാജ്യത്തിന്റെ അഭിമാനമായി മാറിയത്. അത്ലറ്റെന്ന നിലയില്‍ റെയില്‍വേയ്ക്കു വേണ്ടി നിരവധി മെഡലുകള്‍ നേടി. കായിക രംഗത്തെ മികവിന് അര്‍ജുന അവാര്‍ഡ് നല്കി രാജ്യം അവരെ ആദരിച്ചു. ജി.വി. രാജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
പുത്തന്‍ കായികതാരങ്ങളുടെ കായിക വളര്‍ച്ചയ്ക്കായി നിരവധി സംഭാവനകള്‍ നല്കാന് പത്മിനി തോമസിനു കഴിഞ്ഞു. കായിക മേഖലയെ ഏറെ സ്നേഹിക്കുന്ന പത്മിനി തോമസ് കായികമത്സരങ്ങളുടെ സംഘാടനത്തില്‍ സ്ഥിര സാന്നിധ്യവുമാണ്. ഭര്‍ത്താവും മുന്‍ ദേശീയ കായിക താരവുമായിരുന്ന ജോണ്‍ സെല്വന് ദിവസങ്ങള്‍ക്ക് മുമ്പാണ് മരണമടഞ്ഞത്.
മക്കള്‍: ഡയാന, ഡാനി. മരുമക്കള്‍: കെ.ജെ. ക്ലിന്റണ്, നിമ്മി എല്‍സാ മോണ്‍ലി.
ഡിങ്കോ സിംഗിന് കൊറോണ
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ഇന്ത്യൻ ബോക്സിംഗ് മുൻ താരം ഡിങ്കോ സിംഗിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. നിലവിൽ കാൻസർ രോഗ ചികിത്സയിലാണ് ഡിങ്കോ സിംഗ്. നാൽപ്പത്തിയൊന്നുകാരനായ മണിപ്പൂർ മുൻ താരം ഈ മാസം ആദ്യം ഡൽഹിയിൽ കാൻസർ രോഗ ചികിത്സയ്ക്കായി എത്തിയിരുന്നു. ഡൽഹിയിൽനിന്ന് മണിപ്പൂരിലേക്ക് മടങ്ങിയ ഡിങ്കോ സിംഗിന് അന്നു നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് ബാധ ഇല്ലായിരുന്നു. 1998 ബാങ്കോക് ഏഷ്യൻ ഗെയിംസിലാണ് ഡിങ്കോ സിംഗ് സ്വർണം നേടിയത്. അർജുന, പദ്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലാ ലിഗയിൽ ടീം പരിശീലനം
മാഡ്രിഡ്: അടുത്ത വെള്ളിയാഴ്ച (12-ാം തീയതി) മുതൽ പുനരാരംഭിക്കാനൊരുങ്ങുന്ന സ്പാനിഷ് ലാ ലിഗയിൽ ഇന്നു മുതൽ ടീമുകൾ മുഴുവൻ അംഗങ്ങളുമായി പരിശീലനം ആരംഭിക്കും. കൊറോണ വൈറസ് ഭീഷണിക്കിടെ കാണികളില്ലാതെയാണ് ലീഗ് പുനരാരംഭിക്കാനൊരുങ്ങുന്നത്. ബുണ്ടസ് ലിഗ പുനരാരംഭിച്ചിട്ടുണ്ട്. ഈ മാസം ഇപിഎൽ, സീരി എ എന്നിവ പുനരാരംഭിക്കും.
ഫെഡറർ ലോക ഒന്നാം നന്പർ; 802 കോടി രൂപ
കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്ന് നിശ്ചലമായ കായിക ലോകം തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വരുമാനത്തിൽ ഇടിവ്. വിവിധ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് പൂട്ട് വീണതോടെ അർജന്റീനയുടെ മെസിയും പോർച്ചുഗലിന്റെ റൊണാൾഡോയും കായിക താരങ്ങളുടെ പ്രതിഫല പട്ടികയിൽ പിന്നോട്ടിറങ്ങി. ഇരുവരെയും പിന്തള്ളി സ്വിറ്റ്സർലൻഡിന്റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ ലോക ഒന്നാം നന്പറായി.
കഴിഞ്ഞ 12 മാസത്തെ കണക്കിൽ കായിക ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ താരമായി ഫെഡറർ. 106.3 ദശലക്ഷം ഡോളർ (802 കോടി രൂപ) ആണ് ഫെഡറർക്ക് പ്രതിഫലമായി ഇക്കാലയളവിൽ ലഭിച്ചത്. സമ്മാനത്തുക, മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്, കായികേതര വരുമാനം എന്നിവ ഉൾപ്പെടെയാണിത്. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ഫെഡറർ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടെന്നീസ് താരമാണ് ഫെഡറർ.
2019ൽ ഫോബ്സിന്റെ പട്ടികയിൽ മെസി ആയിരുന്നു ഒന്നാമൻ. ഇത്തവണ രണ്ട് സ്ഥാനം നഷ്ടപ്പെട്ട മെസി മൂന്നാമതാണ്. കഴിഞ്ഞ വർഷം 648 കോടിയായിരുന്നു ഫെഡററിന്റെ വരുമാനം. കഴിഞ്ഞ വർഷം 756 കോടി രൂപ പ്രതിഫലം കൈപ്പറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 793 കോടിയുമായി ഇത്തവണ രണ്ടാം സ്ഥാനത്തുണ്ട്. 785 കോടി രൂപയുമായാണ് മെസി മൂന്നാമതുള്ളത്. 2019ൽ 882 കോടിയായിരുന്നു മെസിയുടെ പ്രതിഫലം.
721 കോടി രൂപ പ്രതിഫലവുമായി ബ്രസീൽ ഫുട്ബോൾ താരം നെയ്മറാണ് നാലാം സ്ഥാനത്ത്. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് (470 കോടി രൂപ) എട്ടാമതും എഫ് വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് (407 കോടി രൂപ) 13-ാമതുമുണ്ട്. ഫോബ്സിന്റെ ആദ്യ 100 പട്ടികയിൽ 35 ബാസ്കറ്റ്ബോൾ താരങ്ങളും 31 ഫുട്ബോൾ താരങ്ങളും ഇടംപിടിച്ചു.
ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക 282 കോടി രൂപയുമായി വനിതകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കപ്പെട്ടിരുന്നു. ലോകത്തിൽ 29-ാം റാങ്കിലാണ് ഒസാക്ക. വനിതകളിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്യംസ് (271 കോടി രൂപ) ലോകത്തിൽ 33-ാമതാണ്.
കോഹ്ലി മാത്രം 
പ്രതിഫല നേട്ടത്തിൽ കഴിഞ്ഞ 12 മാസത്തെ കണക്കിൽ ഫോബ്സിന്റെ ആദ്യ 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ വർഷത്തേക്കാൾ 30 സ്ഥാനം മെച്ചപ്പെടുത്തിയ കോഹ്ലി ഇത്തവണ 66-ാം സ്ഥാനത്താണ്. 196 കോടി രൂപയാണ് കോഹ്ലിയുടെ പ്രതിഫലം. കഴിഞ്ഞ വർഷം 188 കോടി ആയിരുന്നു. കഴിഞ്ഞ വർഷവും ആദ്യ നൂറ് റാങ്കിൽ ഉണ്ടായിരുന്ന ഏക ക്രിക്കറ്റ് താരവും കോഹ്ലി തന്നെ.
വിവ്, ബോൾട്ട്... പിന്നെ കാലിപ്സോ
ക്രിക്കറ്റ് ലോകം കണ്ടതിൽവച്ച് ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ, വണ്‍ ആൻഡ് ഒണ്‍ലി സർ ഇസാക്ക് വിവിയൻ അലക്സാണ്ടർ റിച്ചാർഡ്സ്... ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ, അൾട്ടിമേറ്റ് തണ്ടർ ഉസൈൻ ലിയൊ ബോൾട്ട്... കാലിപ്സോ സംഗീതത്തിന്റെ വിത്ത് മുളച്ച കരീബിയൻ ദ്വീപുകളിൽനിന്ന് ഉലക നായകരായി ഉയർന്നുവന്ന രണ്ട് താരങ്ങൾ. ആന്റ്വിഗയിൽ ജന്മമെടുത്ത റിച്ചാർഡ്സും ജമൈക്കയിൽ പിറന്നുവീണ ബോൾട്ടും കായിക കളത്തിൽ രണ്ട് ഇടങ്ങളിലാണെങ്കിലും ഇവരുടെ കായിക ജീവിതത്തിലെ സുപ്രധാന ദിനമാണ് മേയ് 31.
എതിർ ടീം ബൗളർമാരുടെ പേടിസ്വപ്നമായിരുന്നു വിവ്. ഏത് വന്പൻ ബൗളറെയും തലയെടുപ്പോടെ നേരിട്ട റിച്ചാർഡ്സ് ക്രീസിലേക്ക് എത്തുന്നതോടെ എതിർ ടീമിന്റെ ആത്മവിശ്വാസം ചോരും. വിജയതൃഷ്ണ അത്രമേലുള്ള വിവ്, 17 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ഒരിക്കൽപ്പോലും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിന്റെ നേർസാക്ഷ്യം. ആ ചങ്കൂറ്റം ക്രിക്കറ്റ് ലോകം, പ്രത്യേകിച്ച് ഇംഗ്ലീഷ് ടീം ദർശിച്ചത് 1984 മേയ് 31ന്. ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിവ് അന്ന് നേടിയത് 170 പന്തിൽ പുറത്താകാതെ 189 റണ്‍സ്. അഞ്ച് പടുകൂറ്റൻ സിക്സും 21 ഫോറും അകന്പടി സേവിച്ച ഇന്നിംഗ്സിൽ സ്ട്രൈക്ക് റേറ്റ് 111.17 ആയിരുന്നു.
അക്കാലത്ത് അത്തരത്തിൽ കൊടുങ്കാറ്റാകാൻ കെൽപ്പുള്ള ഉഗ്രപ്രതാപിയായ വിവ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറും അന്ന് കുറിച്ചു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയാണ് അത് വാഴ്ത്തപ്പെടുന്നത്. കാരണം, ഇയാൻ ബോതവും ജെഫ് മില്ലറും നാശംവിതച്ചപ്പോൾ വിൻഡീസ് ഒരു ഘട്ടത്തിൽ ഏഴിന് 102ലും പിന്നീട് ഒന്‍പതിന് 166ലും പരുങ്ങി. എന്നാൽ, 55 ഓവർ കളി അവസാനിക്കുന്പോൾ ഒന്‍പതിന് 272 റണ്‍സിൽ അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചു. തുടർന്ന് 104 റണ്‍സ് ജയം സ്വന്തമാക്കുകയും ചെയ്തു.
മൈക്കൽ ഹോൾഡിംഗിനൊപ്പം 10-ാം വിക്കറ്റിൽ റിച്ചാർഡ്സ് കുറിച്ച 106 റണ്‍സ് കൂട്ടുകെട്ട് ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു. ആ കൂട്ടുകെട്ടിൽ ഹോൾഡിംഗിന്റെ സംഭാവന വെറും 12 റണ്‍സ് മാത്രം! ഒന്‍പതാമനായെത്തിയ എൽഡിൻ ബാപ്റ്റിസ്റ്റാണ് (26) അന്ന് വിൻഡീസ് നിരയിൽ രണ്ടക്കം കണ്ട മറ്റൊരു താരം. 1997ൽ പാക്കിസ്ഥാന്റെ സയീദ് അൻവർ ഇന്ത്യക്കെതിരേ 194 റണ്‍സ് നേടുന്നതുവരെ റിച്ചാർഡ്സിന്റെ 189 നോട്ടൗട്ട് തകർക്കപ്പെട്ടില്ല.

ഹോൾഡിംഗ്, കോട്ണി വാൽഷ് തുടങ്ങി ക്രിസ് ഗെയ്ൽ വരെ പിറന്നുവീണ, ക്രിക്കറ്റിന് ആഴത്തിൽ വേരുള്ള ജമൈക്കൻ മണ്ണിൽനിന്നാണ് ഉസൈൻ ബോൾട്ടിന്റെ വരവ്. 200, 400 മീറ്ററുകളിൽ തുടങ്ങി 100 മീറ്ററിലേക്ക് എത്തിയ ബോൾട്ട് സ്പ്രിന്റിൽ മിന്നൽ പിണരായത് 2008 മേയ് 31ന് ന്യൂയോർക്കിൽ. അന്ന് 9.72 സെക്കൻഡിൽ 100 മീറ്റർ ഫിനിഷ് ചെയ്ത ബോൾട്ട് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായി. 2007ൽ ജമൈക്കയുടെ അസഫ പവൽ കുറിച്ച 9.74 ആണ് ബോൾട്ട് മറികടന്നത്. 100 മീറ്റർ സീനിയർ കരിയറിൽ ബോൾട്ടിന്റെ വെറും അഞ്ചാമത്തെ റെയ്സ് ആയിരുന്നു അതെന്നതാണ് അദ്ഭുതകരം. തുടർന്ന് 2008 ഒളിന്പിക്സിൽ 9.69ഉം 2012 ഒളിന്പിക്സിൽ 9.63ഉം കുറിച്ച് ഒളിന്പിക്സ് റിക്കാർഡ് പുതുക്കി. 2009 ബർലിൻ ലോക ചാന്പ്യൻഷിപ്പിൽ ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് എന്ന ലോക റിക്കാർഡ് സമീപനാളിലൊന്നും തകർക്കപ്പെടാൻ സാധ്യതയില്ല.
അനീഷ് ആലക്കോട് ലോകകപ്പ് സ്റ്റൈൽ സ്വീകരിക്കാൻ യുവേഫ
സൂറിച്ച്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന യുവേഫ ചാന്പ്യൻസ് ലീഗ്, യൂറോപ്പ കപ്പ് മത്സരങ്ങൾ ലോകകപ്പ് സ്റ്റൈലിൽ നടത്താൻ നീക്കം. ഏതെങ്കിലും ഒരു വേദിയിൽ വച്ച് എല്ലാ മത്സരങ്ങളും നടത്താനാണ് യുവേഫ ഒരുങ്ങുന്നത്. അതോടെ എവേ, ഹോം എന്നിങ്ങനെ രണ്ട് പാദ മത്സരം ഇല്ലാതാകും.
ജൂണ്‍ 17ന് യുവേഫയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ പുനരാരംഭിക്കുന്ന തീയതികൾ പുറത്തുവന്നതോടെയാണിത്.
അനസിന്റെ ജഴ്സിക്ക് 1.55 ലക്ഷം രൂപ
കൊണ്ടോട്ടി (മലപ്പുറം): ഇന്ത്യൻ ഫുട്ബാളർ അനസ് എടത്തൊടിക എഎഫ്സി ഏഷ്യൻ ടൂർണമെന്റിൽ അണിഞ്ഞ 22-ാം നന്പർ ജഴ്സി 1,55,555 രൂപയ്ക്ക് ലേലത്തിൽ പോയി. കെഎൻപി എക്സ്പോർട്ടേഴ്സിന്റെ ഉടമകളും സഹോദരങ്ങളുമായ സുഫിയാൻ കാരിയും അഷ്ഫർ സാനുവുമാണ് ജഴ്സി സ്വന്തമാക്കിയത്. ലേലത്തുക മുഖ്യമന്ത്രിയുടെ കോവിഡ്-19 ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. ഫണ്ടിലേക്ക് തുക കണ്ടെത്താൻ അനസ് ഡിവൈഎഫ്ഐക്ക് കൈമാറിയ ജഴ്സിയുടെ ലേലം ഓണ്‍ ലൈനായാണ് നടത്തിയത്.
പ്രതിരോധ ഗുളിക നല്കി ബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തില്‍ കേരള സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി സര്‍ക്കാരിന് സംഭാവന ചെയ്തു. നേരത്തെ നല്കിയ1,00,000 ഗുളികള്‍ക്ക് പുറമെയാണിത്. ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെയാണു രണ്ടര ലക്ഷം ഗുളികകള്‍ സംഭരിച്ചത്. സംസ്ഥാനത്തെ 25,000 ത്തോളം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ ഗുളികകൾ പ്രതിരോധമായി വര്‍ത്തിക്കും.
ദുബായ്: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐസിസി ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചാൽ 2021ൽ ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ഐസിസിയെ അറിച്ചതായി റിപ്പോർട്ട്. 2021ൽ ഇന്ത്യയിൽവച്ചും ട്വന്റി-20 ലോകകപ്പ് നടക്കേണ്ടതുണ്ട്. ഇതിനിടെയാണ് 2021നായി ക്രിക്കറ്റ് ഓസ്ട്രേലിയ അവകാശവാദം ഉന്നയിച്ചത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഓസ്ട്രേലിയയിൽ ട്വന്റി-20 ലോകകപ്പ് നടക്കേണ്ടത്. ഓസീസ് ലോകകപ്പ് നീട്ടിവയ്ക്കുമെന്നും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐപിഎൽ നടത്തുമെന്നും സൂചനയുണ്ടായിരുന്നു.
ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ 10നു നടക്കുന്ന യോഗത്തിലേ ഇനിയുണ്ടാകൂ. വ്യാഴാഴ്ച നടന്ന ഐസിസി ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, യോഗത്തിൽ സ്വീകരിക്കേണ്ട തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന പശ്ചാത്തലത്തിൽ അത് വേണ്ടെന്നുവച്ചു.
ഈ വർഷം ട്വന്റി-20 ലോകകപ്പ് നടക്കാതിരിക്കുകയും അടുത്ത വർഷം ഓസ്ട്രേലിയയ്ക്ക് അനുവദിക്കുകയും ചെയ്താൽ ഇന്ത്യയിൽ 2022ലേ നടക്കൂ. 2023ൽ ഇന്ത്യ ഏകദിന ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നികുതി ഇളവ് വേണമെന്ന് ബിസിസിഐയും ഐസിസിയും തമ്മിലുണ്ടായ ഇ-മെയിൽ വിവാദവും വ്യാഴാഴ്ചത്തെ യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്കു വിഷയമായി.
ബ്രയാൻ ക്ലോഫും നോട്ടിങാമും
ഇംഗ്ലീഷ് എഴുത്തുകാരനായ ഡേവിഡ് പീസിന്റെ സ്പോർട്സ് നോവലാണ് ദ ഡാംഡ് യുണൈറ്റഡ്. അതേ പേരിൽ 2009ൽ ആ കഥ സിനിമയുമായി. ഇംഗ്ലീഷ് മുൻ ഫുട്ബോളറും പരിശീലകനുമായ ബ്രയാൻ ക്ലോഫ് ലീഡ്സ് യുണൈറ്റഡ് മാനേജരായിരിക്കെ നേരിട്ട പ്രതിസന്ധിയാണ് ഇതിന്റെ ഇതിവൃത്തം. കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം നാലാം ഡിവിഷൻ മാനേജരായി തുടങ്ങിയ ബ്രയാൻ ക്ലോഫ് യൂറോപ്പ് കീഴടക്കിയ ദിവസമാണ് മേയ് 30. 1979 മേയ് 30നായിരുന്നു ക്ലോഫിന്റെ ശിക്ഷണത്തിലിറങ്ങിയ നോട്ടിങാം ഫോറസ്റ്റ് യൂറോപ്യൻ കപ്പ് കിരീടം ചുണ്ടോടടുപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനുംശേഷം യൂറോപ്പിന്റെ ക്ലബ് കിരീടം സ്വന്തമാക്കിയ മൂന്നാമത് ടീം എന്ന നേട്ടവും അന്ന് നോട്ടിങാം സ്വന്തമാക്കി.
1977ലെ യൂറോപ്യൻ ചാന്പ്യന്മാരായ ലിവർപൂൾ ഉൾപ്പെടെയുള്ള ടീമുകളെ തകർത്തായിരുന്നു നോട്ടിങാം ഫോറസ്റ്റിന്റെ അദ്ഭുത തേരോട്ടം. ഫൈനലിൽ സ്വീഡിഷ് ക്ലബ്ബായ മാൽമോ എഫ്എഫ് ആയിരുന്നു നോട്ടിങാമിന്റെ എതിരാളി. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ട്രെവർ ജോണ്‍ ഫ്രാൻസിസ് നേടിയ ഗോളിൽ നോട്ടിങാം 1-0ന്റെ ജയത്തോടെ കിരീടത്തിൽ മുത്തമിട്ടു.
ഡെർബി കൗണ്ടിയെ 1973ൽ യൂറോപ്യൻ കപ്പ് സെമിയിൽ എത്തിച്ച ബ്രയാൻ ക്ലോഫിന്റെ മാന്ത്രികതയായി നോട്ടിങാമിന്റെ കിരീടം വർണിക്കപ്പെട്ടു. ഡെർബി കൗണ്ടിയിൽനിന്ന് ലീഡ്സ് യുണൈറ്റഡിൽ എത്തിയപ്പോഴാണ് ക്ലോഫ് പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ലീഡ്സ് പരിശീലകനായിരുന്ന ഡോണ്‍ റെവിസ് ഇംഗ്ലണ്ടിന്റെ മാനേജരായ ഒഴിവിലേക്കായിരുന്നു ക്ലോഫിന്റെ നിയമനം.
ക്ലോഫിന്റെ വലംകൈയായിരുന്ന പീറ്റർ ടെയ്ലർ ലീഡ്സിലേക്ക് എത്തിയില്ല. ലീഡ്സ് കളിക്കാർ ക്ലോഫിനെ അംഗീകരിച്ചുമില്ല. അതോടെ ഒന്നാം ഡിവിഷൻ ക്ലബ് മാനേജരായി മാസങ്ങൾ മാത്രം ഇരുന്ന 1975 ജനുവരിയിൽ അദ്ദേഹം രണ്ടാം ഡിവിഷൻ ക്ലബ്ബായ നോട്ടിങാമിലേക്ക് എത്തി. 77ൽ നോട്ടിങാമിനെ ക്ലോഫ് ഫസ്റ്റ് ഡിവിഷനിലേക്ക് ഉയർത്തി. 1977-78ൽ ലിവർപൂളിനെ പിന്തള്ളി ഫസ്റ്റ് ഡിവിഷൻ കിരീടം. അതേവർഷം ലിവർപൂളിനെ ഫൈനലിൽ കീഴടക്കി ലീഗ് കപ്പും. 1978-79ൽ യൂറോപ്യൻ കപ്പ് സ്വന്തമാക്കുക മാത്രമല്ല ക്ലോഫിന്റെ ശിക്ഷണത്തിൽ 79-80ൽ നോട്ടിങാം കിരീടം നിലനിർത്തുകയും ചെയ്തു. ഞാൻ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നു എന്ന ചൊല്ല് ഇംഗ്ലീഷ് ഫുട്ബോളിൽ അതോടെ വ്യാപകമായി.
അനീഷ് ആലക്കോട്
രണ്ടു ഫുട്ബോൾ പ്രതിഭകൾ ഇന്നു പടിയിറങ്ങുന്നു
മലപ്പുറം: കാൽപ്പന്തുകളിയിലെ രണ്ടു മഹാരഥൻമാർ ഇന്ന് ഒൗദ്യോഗിക ജീവിതത്തിൽനിന്നു പടിയിറങ്ങുന്നു. കേരള പോലീസിന്റെ കിടയറ്റ താരങ്ങളായിരുന്ന യു. ഷറഫലിയും കെ.ടി. ചാക്കോയുമാണ് 33 വർഷത്തെ സേവനത്തിനു ശേഷം രംഗമൊഴിയുന്നത്. മലപ്പുറത്തെ ഫുട്ബോൾ ഗ്രാമമായ അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ് ഷറഫലി. സംസ്ഥാന ആഭ്യന്തര വകുപ്പിനു കീഴിലുള്ള മലപ്പുറത്തെ കോട്ടയ്ക്കലിനടുത്തു കോഴിച്ചെന ക്ലാരി ക്യാമ്പിൽ റാപ്പിഡ് റെസ്പോണ്‍സ് ആൻഡ് റെസ്ക്യു ഫോഴ്സിൽ (ആർആർആർഎഫ്) കമൻഡാന്റായാണ് ഷറഫലി ജോലിയിൽ നിന്നു പടിയിറങ്ങുന്നത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഓതറ കീക്കാട്ടിൽ ചാക്കോയെന്ന കെ.ടി. ചാക്കോ കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനിൽനിന്ന് ഡെപ്യൂട്ടി കമൻഡാന്റായാണ് വിരമിക്കുന്നത്. കേരള പോലീസിന്റെ പ്രതാപകാലത്ത് അരങ്ങുവാണ രണ്ടു പ്രഗത്ഭ താരങ്ങളായിരുന്നു ഇവർ. കോച്ചുമാരായ ടി.കെ. ചാത്തുണ്ണിയും എ.എം. ശ്രീധരനും വളർത്തിയെടുത്ത മുത്തുകൾ. റൈറ്റ് വിംഗ് ബാക്കായും മിഡ്ഫീൽഡറായും നിലകൊണ്ട ഷറഫലിയും ഗോൾവലയം കാത്ത കെ.ടി. ചാക്കോയും ഫുട്ബോൾ പ്രേമികൾക്കു മറക്കാനാകാത്ത പേരുകളാണ്. ഇതിനകം കേരള പോലീസിന്റെ സുവർണ ടീമിലുൾപ്പെട്ട പലരും ഒൗദ്യോഗിക പദവിയൊഴിഞ്ഞു. ഇവരോടൊപ്പം പോലീസ് താരമായിരുന്ന എം. ബാബുരാജും ഇന്നു വിരമിക്കുന്നുണ്ട്.
ഇന്നു മൂവരും മടങ്ങുന്നതോടെ ഇനി ശേഷിക്കുന്നത് ഏതാനും പേർ മാത്രം. ഇന്ത്യൻ ഫുട്ബോളിനെ ഇളക്കിമറിച്ച കേരള പോലീസ് ഫുട്ബോൾ ടീം ഇന്നുണ്ടെങ്കിലും പഴയ കരുത്തില്ല. പോലീസിന്റെ പോരാട്ടവീര്യം കളിക്കളത്തിൽ പ്രകടമാക്കിയ ഒരുപിടി താരങ്ങളായിരുന്നു ആ ടീമിന്റെ കരുത്ത്.
ചെറുപ്പത്തിലെ തെരട്ടമ്മൽ ഗ്രാമത്തിലെ മൈതാനത്ത് പന്തുതട്ടി വളർന്ന ഷറഫലിയെ ജ്യേഷ്ഠനാണ് കഴിവു തിരിച്ചറിഞ്ഞു കുന്നംകുളത്തെ സ്പോർട്സ് ഹോസ്റ്റലിൽ ചേർത്തത്. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലേക്ക്. പിന്നീട് മമ്പാട് എംഇഎസ് കോളജിൽ ചേർന്ന ശേഷമാണ് 1984 ൽ പോലീസിൽ ജോലി ലഭിച്ചത്. തുടർന്ന് 1988ൽ ആംഡ് പോലീസ് ഇൻസ്പെക്ടറായി പ്രമോഷൻ. അതിനുശേഷം ഡെപ്യൂട്ടി കമൻഡാന്റായി. പതിനാറു വർഷത്തെ ഡെപ്യൂട്ടി കമൻഡാന്റ് സർവീസിനുശേഷം 2010ൽ മലപ്പുറത്തു മലബാർ സ്പെഷൽ പോലീസിൽ കമൻഡാന്റായി സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്നു 2014ൽ കെഎപി രണ്ടാംബറ്റാലിയൻ കമൻഡാന്റായും പിന്നീട് കേരള പോലീസ് അക്കാഡമിയുടെ അസിസ്റ്റന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2017മുതൽ (ആർആർആർഎഫ്) കമൻഡാന്റായി തുടരവെയാണ് ഇന്നു സർവീസ് ജീവിതത്തിനു വിരാമമാകുന്നത്.
ഫുട്ബോൾ രംഗത്തെ മികവിനു രണ്ടുതവണ ജിവി രാജ അവാർഡ് നേടിയിട്ടുണ്ട് ഷറഫലി. കളികളിൽനിന്നു വിരമിച്ചശേഷം കേരള പോലീസ് ടീമിന്റെ ചീഫ് കോച്ചായും മാനേജരുമായി തുടർന്നു.
പറന്ന്.. പറന്ന് കെ.ടി. ചാക്കോ
ഗോൾവലയ്ക്കു മുന്നിൽ പറന്ന് പന്തു കൈയിലൊതുക്കുന്ന കെ.ടി. ചാക്കോയുടെ പ്രകടനം ഫുട്ബോൾ പ്രേമികൾക്കു മറക്കാനാകാനാകില്ല. രണ്ടു ഫെഡറേഷൻ കപ്പ് അടക്കം നിരവധി ട്രോഫികൾ പോലീസ് ഏറ്റുവാങ്ങിയതിൽ ചാക്കോയ്ക്കു നിർണായക പങ്കുണ്ട്. ഒന്നര പതിറ്റാണ്ടാണ് കെ.ടി. ചാക്കോ കേരള പോലീസിന്റെ ഗോൾ വലയം കാത്തത്. വായുവിലൂടെ ഗോൾ ലക്ഷ്യമാക്കി വരുന്ന പന്തുകളെ അഭ്യാസിയെ പോലെ പറന്നു നടത്തിയ രക്ഷപ്പെടുത്തലുകൾക്ക് ഏറെ ചന്തമായിരുന്നു.
പ്രതിരോധത്തെ മറികടന്നു വരുന്നവരുടെ മുന്നിൽ മലപോലെ ചാക്കോ ഉറച്ചുനിന്നു. അക്കാലത്ത് ചാക്കോയെ മറികടന്നു പന്തെത്തിക്കുകയെന്നത് വിഷമമായിരുന്നു. ഷൂട്ടൗട്ട് കിക്കുകൾ സേവുചെയ്യുന്നതിൽ വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. മലപ്പുറം എംഎസ്പിയിൽ അസിസ്റ്റന്റ് കമൻഡാന്റായി ഏതാനും വർഷം ജോലിചെയ്ത കെ.ടി. ചാക്കോയ്ക്ക് ഈ മണ്ണിനോടു പ്രിയമേറെയാണ്. 1987ലാണ് ആദ്യമായി അഖിലേന്ത്യാ പോലീസ് ഗെയിംസിൽ പങ്കെടുക്കുന്നത്. ചാക്കോയും വിജയനും അരങ്ങേറിയ വർഷം. പിന്നീട് 1987 മുതൽ 2002 വരെ പോലീസിനു മറ്റൊരു ഗോൾകീപ്പറെ അന്വേഷിക്കേണ്ടിവന്നില്ല.
വി. മനോജ്
ജേക്കബ് തോപ്പിൽ ഇന്നു വിരമിക്കും, ഇനി പരിശീലകന്റെ വേഷത്തിൽ
പാലാ: നീന്തൽ കുളത്തിലെ നേട്ടങ്ങളിൽ തുടങ്ങി സെൻട്രൽ റിസർവ് പോലീസ് സേനയിൽ എത്തിയ ഡിഐജി ടി.ജെ. ജേക്കബ് തോപ്പിൽ ഇന്നു സർവീസിൽനിന്നു വിരമിക്കും. 41 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം ശ്രീനഗറിലെ സിആർപിഎഫ് ആസ്ഥാനത്തുനിന്നാണ് വിരമിക്കൽ.
സംസ്ഥാന ദേശീയ നീന്തൽ താരമായിരുന്ന ജേക്കബ് നീന്തൽ രംഗത്തെ അഭിമാനമായിരുന്നു. സെന്റ് തോമസ് കോളജിൽ ഡിഗ്രിക്കു പഠിക്കുന്പോൾ 1979 ലാണ് സിആർപിഎഫിൽ എസ്ഐ സെലക്ഷൻ ലഭിച്ചു മധ്യപ്രദേശിലെ സേന ആസ്ഥാനത്തെത്തിയത്. 1992ൽ ഡെപ്യൂട്ടേഷനിൽ ഡൽഹി എസ്പിജിയിൽ എത്തിയ ജേക്കബ് തോപ്പൻ മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എ.ബി. വാജ്പേയ്, ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, മൻമോഹൻ സിംഗ് എന്നിവരുടെ സുരക്ഷാ ചുമതലയുള്ള ഓഫീസറായിരുന്നു.
സോണിയ ഗാന്ധിക്കും കുടുംബത്തിനുമുള്ള സുരക്ഷാസേനയിലും സേവനമനുഷ്ഠിച്ചു. 2009ൽ ഉദ്യോഗക്കയറ്റം ലഭിക്കുന്നതു വരെ എസ്പിജിയിൽ തുടർന്നു. ഡിസ്റ്റിംഗ്വിഷ്ഡ് സർവീസിനുള്ള പ്രസിഡന്റിന്റെ പതക്കം ഉൾപ്പെടെ സർവീസിലിരിക്കുന്പോൾ വിശിഷ്ട സേവനത്തിനു നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ പോലീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ പെരിങ്ങോടിലെ സിആർപിഎഫ് റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പലായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചു. ജൂണ്‍ ആദ്യവാരം നാട്ടിലെത്തുന്ന ടി.ജെ. ജേക്കബ് തന്റെ തട്ടകമായ നീന്തലിൽ പുതിയ തലമുറയെ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നഗരസഭയുടെ നീന്തൽകുളം സജീവമാക്കുകയാണ് ലക്ഷ്യം. പാലായിലെ പ്രശസ്ത നീന്തൽ കുടുംബമായ തോപ്പിലെ അധ്യാപക ദന്പതിമാരായ ജോസഫിന്റെയും ശോശാമ്മയുടെയും ആറ് മക്കളിൽ നാലാമനാണ് ടി.ജെ. ജേക്കബ്. സഹോദരങ്ങളെല്ലാവരും നീന്തൽ താരങ്ങളും പരിശീലകരുമാണ്. ഇന്റിരിയർ ഡിസൈനറായ റാണിയാണ് ഭാര്യ. ബംഗളൂരുവിൽ എൻജിനിയറായ ജെസ്റ്റിനും ഡൽഹിയിൽ വിദ്യാർഥിയായ ഡെന്നീസുമാണ് മക്കൾ. ഡോ. റീന ജെസ്റ്റിൻ മരുമകൾ.
‘ആ ചിരിയിൽ കണ്ണീരുണ്ടായിരുന്നു’
കൊളംബോ: ഐസിസി 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ധോണിയും യുവരാജ് സിംഗും ആശ്ലേഷിക്കുന്പോൾ പിന്നിൽ ചിരിയോടെ നിൽക്കുകയായിരുന്ന ലങ്കൻ ക്യാപ്റ്റൻ സംഗക്കാര, ആ നിൽപ്പിനെക്കുറിച്ച് വെളിപ്പെടുത്തി. മത്സരം തോറ്റ നിമിഷം ചിത്രത്തിൽ കാണുന്ന എന്റെ ചിരിക്കു പിന്നിൽ ഒളിപ്പിച്ചുവച്ച വലിയ വേദനയും നിരാശയുമുണ്ട്. തോറ്റാലും ഇല്ലെങ്കിലും അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു- സംഗക്കാര പറഞ്ഞു.
ഗംഭീറിന്റെ വീട്ടിൽ മോഷണം
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ വീട്ടിൽ മോഷണം. ഗംഭീറിന്റെ അച്ഛന്റെ വെള്ള ടൊയോട്ട ഫോർച്യൂണർ ആണ് മോഷണം പോയത്.
കേരള സ്പോർട്സ് കൗണ്‍സിലിൽ കസേരകളി
തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സിലിൽ ആഴ്ചകൾക്കു മുന്‍പ് നിയമിച്ച പുതിയ സെക്രട്ടറിയെ പുകച്ചുചാടിക്കാൻ നീക്കം. നിലവിലുണ്ടായിരുന്ന സെക്രട്ടറി സഞ്ജയ് കുമാർ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന എ. അജിത് ദാസിനെ പുതിയ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറിയായി ഒരുവർഷത്തേക്ക് നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കഴിഞ്ഞ 18നാണ് ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 19ന് അദ്ദേഹം സ്പോർട്സ് കൗണ്‍സിലിൽ ചാർജ് എടുക്കുകയും ചെയ്തു. യുഡിഎഫ് അനുകൂല സംഘടനയുടെ അംഗമായതിനാൽ സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ, ഇദ്ദേഹത്തെ സ്പോർട്സ് കൗണ്‍സിലിൽ നിയമിച്ചതിനെതിരേ കായികമന്ത്രാലയം ശക്തമായി രംഗത്തെത്തിയതോടെ പുതുതായി എത്തിയ സെക്രട്ടറിക്ക് സീറ്റ് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
പുതിയ സെക്രട്ടറി കഴിഞ്ഞ രണ്ടാഴ്ചയായി കൗണ്‍സിൽ ഓഫീസിൽ എത്തുകയും കൗണ്‍സിലുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. കായികമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ അധികം ദിവസം പുതിയ സെക്രട്ടറിക്ക് ആ പദവിയിൽ തുടരാൻ കഴിയില്ലെന്ന സൂചനയാണ് ഉള്ളത്. അഞ്ജു ബോബി ജോർജ്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പദവി വിവാദത്തെത്തുടർന്ന് ഒഴിവായതിനു ശേഷം തത്കാലം ചേരിപ്പോര് ഇല്ലായിരുന്നു. ഇതിനിടെയാണ് പുതുതായി നിയമിച്ച സെക്രട്ടറിയെ പുറത്താക്കാൻ സജീവനീക്കം നടക്കുന്നത്.

പുതിയ സെക്രട്ടറിയെ താത്കാലികമായി നിയമിച്ചിട്ടുള്ളതാണെന്നും ഈ മാസം 31 വരെയേ അദ്ദേഹം തുടരൂ എന്നുമാണ് ഇതുസംബന്ധിച്ച് സ്പോർട്സ് കൗണ്‍സിൽ അധികൃതരുടെ വിശദ്ധീകരണം.
തോമസ് വർഗീസ് ദക്ഷിണാഫ്രിക്കൻ തലവര!
ഇരുപത്തിയൊന്നു വർഷം മുന്‍പത്തെ മേയ് 29. ഐസിസി 1999 ഏകദിന ലോകകപ്പ് പോരാട്ടം അതിന്റെ 15-ാം ദിവസത്തിൽ. അന്നേദിവസം രണ്ടു മത്സരങ്ങൾ, ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും എഗ്ബാസ്റ്റണിൽ ഏറ്റുമുട്ടുന്പോൾ ചെൽമ്സ്ഫഡിൽ ദക്ഷിണാഫ്രിക്ക സിംബാബ്വേയ്ക്കെതിരേ ഇറങ്ങുന്നു. ഗ്രൂപ്പ് എയിൽ നാലു ടീമുകളുടെയും അവസാന മത്സരം. നാലു മത്സരവും ജയിച്ച് ടൂർണമെന്റ് ഫേവറിറ്റുകളായി ദക്ഷിണാഫ്രിക്ക സൂപ്പർ സിക്സിൽ പ്രവേശിച്ചു. ജയിച്ചാൽ ഇന്ത്യക്കും സിംബാബ്വേയ്ക്കും ഗ്രൂപ്പിൽ രണ്ടും മൂന്നും സ്ഥാനത്തോടെ സൂപ്പർ സിക്സിൽ കടക്കാം. അതോടെ ഇംഗ്ലണ്ട് പുറത്താകും.
അന്ന് അപ്രതീക്ഷിതമായ രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഇന്ത്യ x ഇംഗ്ലണ്ട് മത്സരം മഴയെയും ശക്തമായ ഇടിമിന്നലിനെയും തുടർന്ന് പൂർത്തിയാക്കാൻ സാധിച്ചില്ല, ശേഷിക്കുന്ന ഓവറുകൾ 30-ാം തീയതിയിലേക്ക് മാറ്റിവച്ചു. ടൂർണമെന്റ് ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് സിംബാബ്വേ അട്ടിമറിച്ചു. അതോടെ ഇംഗ്ലണ്ട് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യ രഹുൽ ദ്രാവിഡ് (53), സൗരവ് ഗാംഗുലി (40), അജയ് ജഡേജ (39) എന്നിവരുടെ ബലത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 232 റണ്‍സ് എടുത്തു. അലിസ്റ്റർ കുക്ക്, ഗ്രെയിം ഹിക്ക് എന്നിവരെ ദേബാശിസ് മൊഹന്തിയും നാസർ ഹുസൈനെ ഗാംഗുലിയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 19.1 ഓവറിൽ മൂന്നിന് 72 എന്ന നിലയിലായി. മൊഹന്തി എറിഞ്ഞ 21-ാം ഓവറിന്റെ മൂന്നാം പന്ത് കഴിഞ്ഞപ്പോൾ ഇടിയും മഴയുമെത്തി, അതോടെ മത്സരം നിർത്തി. 30-ാം തീയതി കളി തുടർന്നെങ്കിലും ഇംഗ്ലണ്ടിന്റെ തലേവര മാഞ്ഞില്ല, 45.2 ഓവറിൽ 169ന് ആതിഥേയർ തല താഴ്ത്തി, സൂപ്പർ സിക്സ് കാണാതെ പുറത്തും. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗാംഗുലിയായിരുന്നു മാൻ ഓഫ് ദ മാച്ച്.
ചെൽമ്സ്ഫഡിൽ ദക്ഷിണാഫ്രിക്കയുടെ വിധി നിർണയിച്ചത് നീൽ ജോണ്‍സന്റെ ഓൾ റൗണ്ട് പ്രകടനമായിരുന്നു. ജന്മനാടിനായി കളിക്കുന്നതിനു മുന്‍പ് ദക്ഷിണാഫ്രിക്ക എ ടീമിനായി കളിച്ച താരമാണ് നീൽ. ടോസ് ജയിച്ച സിംബാബ്വേ നീൽ ജോണ്സണ് (76), മുറെ ഗുഡ്വിൻ (34) എന്നിവരുടെ മികവിൽ 50 ഓവറിൽ ആറിന് 233 എടുത്തു.
ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, കെനിയ ടീമുകളെ കീഴടക്കിയ ദക്ഷിണാഫ്രിക്ക, സിംബാബ്വേ മുന്നോട്ടുവച്ച ലക്ഷ്യം മറികടക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ, ഇന്നിംഗ്സിലെ ആദ്യപന്തിൽതന്നെ ഗാരി കിർസ്റ്റണെയും പിന്നീട് ജാക് കാലിസിനെയും ഹാൻസി ക്രോണിയയെയും നീൽ ജോണ്സണ് മടക്കി. ഹീത്ത് സ്ട്രീക്കിന്റെ ഓവറുകളിൽ ഗിബ്സ് റണ്ണൗട്ടും മാർക്ക് ബൗച്ചർ വിക്കറ്റിനു മുന്നിലും കുടുങ്ങി. അതോടെ 10.1 ഓവറിൽ അഞ്ചിന് 34ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ഷോണ്‍ പൊള്ളോക്കും (52), ലാൻസ് ക്ലൂസ്നറും (52 നോട്ടൗട്ട്) വാലറ്റത്ത് പൊരുതി തോൽവിഭാരം 48 റണ്‍സ് ആക്കിചുരുക്കി.
ആ തോൽവി ദക്ഷിണാഫ്രിക്കയ്ക്ക് സൂപ്പർ സിക്സിൽ തിരിച്ചടിയായി. കാരണം, സിംബാബ്വേയെ കീഴടക്കിയിരുന്നെങ്കിൽ സൂപ്പർ സിക്സിൽ ദക്ഷിണാഫ്രിക്ക ഒന്നാമത് എത്തുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിച്ച ടീമുകൾ സൂപ്പർ സിക്സിൽ പരസ്പരം ഏറ്റുമുട്ടിയില്ല. പകരം ഗ്രൂപ്പ് ഘട്ടത്തിൽ അവരുടെ ജയത്തിന്റെ രണ്ട് പോയിന്റ് സൂപ്പർ സിക്സിൽ ഉപയോഗിക്കുന്ന പോയിന്റ് ക്യാരിംഗ് സിസ്റ്റമായിരുന്നു. അതോടെ ദക്ഷിണാഫ്രിക്ക സൂപ്പർ സിക്സിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കും പിന്നിൽ മൂന്നാമതായി. സെമിയിൽ ഓസ്ട്രേലിയ x ദക്ഷിണാഫ്രിക്ക തീപ്പൊരി പോരാട്ടം സമനില. സൂപ്പർ സിക്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലായിരുന്നു എന്ന കാരണത്താൽ ഓസ്ട്രേലിയ ഫൈനലിലും.
അനീഷ് ആലക്കോട്
കൊറോണ: ദേശീയ ഗെയിംസ് നീട്ടി
മഡ്ഗാവ്: ഇതിനോടകം നിരവധിത്തവണ മാറ്റിവയ്ക്കപ്പെട്ട, ഗോവ ആതിഥേയത്വം വഹിക്കേണ്ട 36-ാമത് ദേശീയ ഗെയിംസ് കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പേരിൽ വീണ്ടും നീട്ടി.
2015ൽ കേരളത്തിൽ നടന്നതിനുശേഷം ഇതുവരെ ദേശീയ ഗെയിംസ് നടത്താൻ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് (ഐഒഎ) സാധിച്ചില്ല. വിവിധ കാരണങ്ങളാൽ ഓരോ വർഷവും നീട്ടികൊണ്ടുപോകുകയായിരുന്ന ഗോവ സർക്കാരിന് ഐഒഎ അന്ത്യശാസനം നൽകിയിരുന്നു. ഈ വർഷം ഒക്ടോബർ 20 മുതൽ നവംബർ നാല് വരെ ഗെയിംസ് നടത്താനായിരുന്നു ഐഒഎയുടെ കർശന നിർദേശം.
ഗെയിംസ് ഇതുവരെ നടത്താത്തതിൽ കേന്ദ്ര കായിക മന്ത്രാലയവും ഗോവയെ എതിർപ്പ് അറിയിച്ചിരുന്നു. സൈക്ലിംഗ്, ഷൂട്ടിംഗ് തുടങ്ങിയ മത്സരങ്ങൾ ഗോവയിൽ നടത്താൻ വേദിയില്ലാത്തതിനാൽ കേരളത്തിന്റെയും ഡൽഹിയുടെയും പങ്കാളിത്തത്തോടെ ഈ വർഷം ദേശീയ ഗെയിംസ് നടത്താനുള്ള നീക്കവും ഉണ്ടായി. ഇതിനിടെയാണ് കൊറോണ വൈറസിന്റെ ആക്രമണം.
സെപ്റ്റംബറിൽ യോഗം ചേർന്ന് പുതിയ തീയതി പ്രഖ്യാപിക്കുമെന്നും ഗോവ ഉപമുഖ്യമന്ത്രി മനോഹർ അജ്ഗോകർ അറിയിച്ചു.
ട്വന്റി-20 ലോകകപ്പ് തീരുമാനം ജൂണിൽ
ദുബായ്: ഓസ്ട്രേലിയയിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി അരങ്ങേറേണ്ട ഐസിസി ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച തീരുമാനം ജൂണ്‍ 10ലേക്ക് നീട്ടി. കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് നീട്ടിവയ്ക്കുമെന്നും സെപ്റ്റംബർ-ഒക്ടോബറിൽ ഐപിഎൽ നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ നടന്ന ഐസിസി ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ചുള്ള തീരുമാനം ജൂണ്‍ പത്തിലേക്ക് നീട്ടുകയായിരുന്നു. ജൂണ്‍ 10നു നടക്കുന്ന യോഗത്തിൽ ലോകകപ്പിന്റെ ഭാവി തീരുമാനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചു.
ഡിസംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ
സിഡ്നി: കൊറോണ വൈറസ് ഭീഷണിയിലും തങ്ങളുടെ സമ്മർ മത്സര ഷെഡ്യൂൾ പുറത്തുവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഷെഡ്യൂൾ പ്രകാരം ഡിസംബറിൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തും. നാല് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യമത്സരം ഡിസംബർ മൂന്നിന് ബ്രിസ്ബെയ്നിലാണ്. അതേസമയം, കൊറോണ സാഹചര്യം അനുസരിച്ചിരിക്കും പരന്പരയുടെ ഭാവി.
അഡ്ലെയ്ഡ്, മെൽബണ്‍, സിഡ്നി എന്നിവയായിരിക്കും മറ്റു ടെസ്റ്റുകളുടെ വേദികൾ. ബോക്സിംഗ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ മെൽബണിലായിരിക്കും. അഡ്ലെയ്ഡിലേത് ഡേ-നൈറ്റ് (പിങ്ക് ബോൾ) മത്സരമാണ്. കഴിഞ്ഞ വർഷം ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ കന്നി ടെസ്റ്റ് പരന്പര നേട്ടം കൈവരിച്ചിരുന്നു.
ഡോർട്ട്മുണ്ട്: ജർമൻ ബുണ്ടസ് ലിഗയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ യോസ്വ കിമിഹിന്റെ വണ്ടർ ഗോളിൽ ബയേണ്‍ മ്യൂണിക്കിനു ജയം. ബുണ്ടസ് ലിഗയിൽ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു കിമിഹിന്റെ മിന്നും ഗോൾ. ജർമൻ യുവ താരം 43-ാം മിനിറ്റിൽ നേടിയ ചിപ് ഗോളിലൂടെ 1-0നായിരുന്നു ബയേണിന്റെ ജയം. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം ബയേണ്‍ ഏഴ് ആക്കി.
43-ാം മിനിറ്റിൽ ഡോർട്ട്മുണ്ടിന്റെ ബോക്സിനു പുറത്ത് വണ്‍ ടച്ച് പാസിലൂടെ പന്ത് കൈമാറി ജർമൻ താരങ്ങൾ തക്കംപാർത്തിരുന്ന സമയം. കിംഗ്സ്ലി കോമാന്റെ പക്കൽനിന്ന് ലഭിച്ച പന്ത് ബോക്സിനു പുറത്തുനിന്ന് കിമിഹ് ചിപ്പ് ചെയ്ത് ഉയർത്തി വിട്ടു. അഡ്വാൻസ് ചെയ്ത് നിന്ന ഡോർട്ട്മുണ്ട് ഗോളി റൊമാൻ ബുർകിയുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്ക്. തുടർന്ന് ഗോൾ മടക്കാൻ ആതിഥേയർ വിയർപ്പ് ഏറെ ഒഴുക്കിയിട്ടും ഫലം കണ്ടില്ല. പരിക്കേറ്റ് മുടന്തിക്കൊണ്ടിരുന്ന സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡിനെ 72-ാം മിനിറ്റിൽ ഡോർട്ട്മുണ്ടിനു പിൻവലിക്കേണ്ടിയും വന്നു.
ഇന്നലെ നടന്ന മത്സരങ്ങളിൽ വൂൾവ്സ്ബർഗ് 4-1ന് ലെവർകൂസനെ കീഴടക്കിയപ്പോൾ ഫ്രൈബർഗും എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും 3-3 നും വെർഡറും മോണ്ഹെൻഗ്ലാഡ്ബാകും ഗോളടിക്കാതെയും സമനിലയിൽ പിരിഞ്ഞു. ലീഗിൽ 28 മത്സരങ്ങളിൽനിന്ന് 64 പോയിന്റാണ് ബയേണിനുള്ളത്. ഡോർട്ട്മുണ്ടിന് 57ഉം. 27 മത്സരങ്ങളിൽ 54 പോയിന്റുള്ള ലൈപ്സിഗ് ആണ് മൂന്നാമത്.
ഹെയ്സെലിൽ ഹൂളിഗൻസ്
യുവേഫ ഫുട്ബോൾ ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഇരുണ്ട മണിക്കൂറിന്റെ മുപ്പത്തഞ്ചാം ഓർമദിനം ഇന്ന്. ഫുട്ബോൾ ഭ്രാന്തന്മാരായ തെമ്മാടിക്കൂട്ടങ്ങൾ (ഹൂളിഗൻസ്) ബ്രസൽസിലെ ഹെയ്സെൽ സ്റ്റേഡിയത്തിൽ അഴിഞ്ഞാടി 39 ജീവനുകൾ അപഹരിച്ചത് 1985 മേയ് 28നായിരുന്നു. യൂറോപ്യൻ കപ്പ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസും ഏറ്റുമുട്ടുന്നതിന് ഒരു മണിക്കൂർ മുന്‍പായിരുന്നു ദുരന്തം ക്ഷണിച്ചുവരുത്തിയത്. 55 വർഷം പഴക്കമുള്ള, വർഷങ്ങളായി പരിപാലിക്കപ്പെടാതെ കിടന്ന സ്റ്റേഡിത്തിന്റെ ബലക്കുറവും ദുരന്തത്തിന് ഒരു പ്രധാന കാരണമായി.
1984ലെ ചാന്പ്യന്മാരെന്ന തലക്കനത്തോടെയാണ് ലിവർപൂൾ 1985 ഫൈനലിന് ഇറങ്ങാനൊരുങ്ങിയത്. 84 ഫൈനലിൽ ഇറ്റാലിയൻ സംഘമായ എഎസ് റോമയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നു കീഴടക്കിയായിരുന്നു ലിവർപൂളിന്റെ കിരീട നേട്ടം. തുടർച്ചയായ രണ്ടാം വർഷവും ലിവർപൂളിന്റെ ഫൈനൽ എതിരാളി ഒരു ഇറ്റാലിയൻ ടീം. 1983-84ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ജേതാക്കളായിരുന്നു യുവന്റസ്. യുവേഫ ക്ലബ് റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നതും ഇരു ടീമുകളുമായിരുന്നു. യുവെ നിരയിൽ അണിനിരക്കുന്നത് യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മിഷേൽ പ്ലറ്റിനിയുൾപ്പെടെയുള്ളവർ. ലോക ഫുട്ബോളർക്കുള്ള നാമനിർദേശവും പ്ലാറ്റിനിക്ക് ലഭിച്ചിരിക്കുന്ന സമയമായിരുന്നു അത്. 1982 ഫിഫ ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ സംഘത്തിലെ മിക്കതാരങ്ങളും യുവന്റസിനൊപ്പമുണ്ടായിരുന്നു. നാലു മാസം മുന്‍പ് (ജനുവരി 16) നടന്ന യൂറോപ്യൻ സൂപ്പർ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇറ്റാലിയൻ സംഘം 2-0നു ജയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു ലിവർപൂൾ x യുവന്റസ് ഫൈനൽ. 60,000 കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകി. ലിവർപൂളിന്റെയും യുവന്റസിന്റെയും 25,000 ആരാധകർവീതമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഒ, എൻ, എം എൻഡുകളിലായിരുന്നു യുവന്റസ് ആരാധകർ. എക്സ്, വൈ, സെഡ് എൻഡുകളിൽ ലിവർപൂൾ ആരാധകരും. സെഡ് മേഖലയിലെ ടിക്കറ്റ് നിഷ്പക്ഷ ആരാധകർക്കും നല്‍കിയിരുന്നു. അതിൽ ഭൂരിഭാഗവും ഇറ്റലിക്കാർ കൈയ്യടക്കി. സ്റ്റേഡിയത്തിനു പുറത്ത് നടന്ന കരിഞ്ചത്ത വ്യാപാരത്തിലൂടെയായിരുന്നു അത്. അതോടെ സെഡ് എൻഡിൽ ഇരു ടീമുകളുടെയും ആരാധകർ കൂടിക്കുഴഞ്ഞു. അത് ഉന്തും തള്ളിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തിച്ചു. ലിവർപൂൾ ഹൂളിഗൻസ് യുവന്റസ് ഹൂളിഗൻസിനെതിരേ അക്രമം അഴിച്ചുവിട്ടു. പ്രാണരക്ഷാർഥം ഒരു ഭാഗത്തേക്ക് ആളുകൾ ഒത്തുചേർന്നതോടെ സ്റ്റേഡിയം തകർന്നു. 39 പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗവും ഇറ്റലിക്കാരായിരുന്നു. പരിക്കേറ്റത് 600 പേർക്കും. യുവേഫ ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഇരുണ്ട മണിക്കൂർ എന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. മണിക്കൂറുകൾക്കുശേഷം മത്സരം നടന്നപ്പോൾ യുവന്റസ് 1-0ന്റെ ജയത്തോടെ കിരീടം നേടി.
ലിവർപൂൾ ഹൂളിഗൻസ് ആണ് ദുരന്തത്തിനു കാരണമെന്ന് വിലയിരുത്തപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ഇംഗ്ലണ്ടിൽനിന്നുള്ള ക്ലബ്ബുകൾക്ക് യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ വിലക്കേർപ്പെടുത്തി. 1990ൽ വിലക്ക് നീക്കിയെങ്കിലും ലിവർപൂളിന്റെ വിലക്ക് ഒരു വർഷത്തേക്കുകൂടി തുടർന്നു. 1990ൽ ലിവർപൂളായിരുന്നു ഇംഗ്ലീഷ് ചാന്പ്യന്മാർ. അതിനാൽ 1991-92 സീസണിൽ മാത്രമാണ് ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് മത്സരിക്കാൻ സാധിച്ചത്.
കുട്ടിക്കളത്തിലെ വലിയ നായകൻ പടിയിറങ്ങുന്നു
തിരുവനന്തപുരം: ‘കുട്ടിക്കളത്തിലെ വലിയ നായകൻ’ പടിയിറങ്ങുന്നു. സ്കൂൾ കായികരംഗത്തിന്റെ അമരക്കാരൻ ഡോ. ചാക്കോ ജോസഫ് ഈ മാസം തന്റെ ഒൗദ്യോഗിക സർവീസിൽനിന്നു വിരമിക്കും.
ഏറെ ആത്മസംതൃപ്തിയോടെയാണ് തന്റെ പടിയിറക്കമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 1994ൽ മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കായികാധ്യാപകനായി സർവീസ് തുടങ്ങി. തുടർന്ന് കോട്ടയം, പൊൻകുന്നം എന്നിവിടങ്ങളിലും കായികാധ്യാപകനായി സേവനമനുഷ്ഠിച്ചുവരവെയാണ് 2007ൽ സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് ഓർഗനൈസറായി നിയമിതനാവുന്നത്. അതുവരെ വെവ്വേറെ നടത്തിവന്നിരുന്ന മത്സരയിനങ്ങൾ ഒന്നിച്ചു നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തുടർന്നുള്ള പ്രവർത്തനം. തുടർച്ചയായ പരിശ്രമത്തിന്റെ ഭാഗമായി 2010 മുതൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ എന്നിവ ഒന്നിച്ചാക്കി ഒരു കുടക്കീഴിൽ മത്സരം സംഘടിച്ചിച്ച് മീറ്റ് കൂടുതൽ ജനകീയമാക്കി. അത്ലറ്റിക് മീറ്റിനൊപ്പം പേരിനായി നടത്തിവന്നിരുന്ന ഗെയിംസ് ഇനം വേറെയായി നടത്തണമെന്ന ആശയം 2007ൽ മുന്നോട്ടുവച്ചതും ഡോ. ചാക്കോ ജോസഫായിരുന്നു. 2008ലെ തിരുവനന്തപുരം മീറ്റോടെ അത്ലറ്റിക്സും ഗെയിംസും വെവ്വേറെ നടത്താനും സാധിച്ചു.
തിരുവല്ലയിലെ കുണ്ടും കുഴിയും നിറഞ്ഞ ട്രാക്കിൽ പോരാട്ടത്തിനിറങ്ങി കായികതാരങ്ങൾ പരിക്കേറ്റു പിൻവാങ്ങിയത് നേരിട്ട് സാക്ഷ്യം വഹിച്ചപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരോട് നിരന്തരം ആവശ്യപ്പെട്ട് അത്ലറ്റിക്സ് മത്സരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മാത്രം നടത്താനുള്ള മാനുവൽ പരിഷ്ക്കരണം നടപ്പാക്കിയതും ഇദ്ദേഹത്തിന്റെ കാലത്ത്.
കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾക്കും ഓണ്‍ലൈനിലൂടെ രജിസ്ട്രേഷൻ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യതിയും സ്വന്തമാക്കിക്കൊടുത്തു. ദേശീയ സ്കൂൾ കായികമേളയ്ക്ക് രണ്ടു തവണ കേരളം ആതിഥേയത്വം വഹിച്ചപ്പോൾ അതിന്റെ നായകനായിനിന്നതും ഈ കാഞ്ഞിരപ്പള്ളിക്കാരനായ കായികാധ്യാപകനായിരുന്നു. 2009, 2015 വർഷങ്ങളിൽ മികച്ച രീതിയിൽ ദേശീയ സ്കൂൾ കായികമേള നടത്തിയതിനു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ഓർഗനൈസർ അവാർഡും ലഭിച്ചു.
എസ്റ്റോണിയ, തായ്ലൻഡ്, തുർക്കി എന്നിവിടങ്ങളിൽ നടന്ന വിവിധ ലോക മീറ്റുകളിൽ ഇന്ത്യൻ സ്കൂൾ ടീമിന്റെ ഷെഫ് ഡി മിഷൻ ആയും പ്രവർത്തിച്ചു. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന താൻ ഇനി കൂടുതൽ സമയം യാത്രകൾക്കായി വിനിയോഗിക്കുമെന്നു ഹൈറേഞ്ചിലെ ബീഫ് ഫ്രൈ ഏറെ ഇഷ്ടപ്പെടുന്ന ചാക്കോ ജോസഫ് ദീപികയോട് പറഞ്ഞു.
ഭാര്യ ഡോ. സിനി ഏബ്രഹാം തിരുവനന്തപുരം എംഎംഎസ് ഗവണ്മെന്റ് കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ്. മകൻ ജോസഫ് ചാക്കോ കാനഡയിലും മകൾ ട്രീസാ ജോസഫ് ഓസ്ട്രേലിയയിലുമാണ്.
തോമസ് വർഗീസ്
ട്വന്റി-20 ലോകകപ്പ് നീട്ടിയേക്കും; തീരുമാനം ഇന്ന്
ദുബായ്: ഒക്ടോബർ - നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് 2022ലേക്ക് മാറ്റിവയ്ക്കുമെന്ന് റിപ്പോർട്ട്. അങ്ങനെയെങ്കിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐപിഎൽ നടന്നേക്കും. ഇന്ന് ഐസിസിയുടെ ടെലി കോണ്‍ഫറൻസിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച തീരുമാനം ഉണ്ടാകും.
2022ൽ ഐസിസി ടൂർണമെന്റുകളൊന്നും ഇല്ല. ഓസ്ട്രേലിയൻ ട്വന്റി-20 ലോകകപ്പ് 2022ലേക്ക് മാറ്റിവയ്ക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനം ഇതാണ്. 2021 ഒക്ടോബറിൽ ഇന്ത്യയിൽ ട്വന്റി-20 ലോകകപ്പ് അരങ്ങേറുന്നുണ്ട്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കളിക്കാരെ ചാർട്ടേഡ് വിമാനങ്ങളിൽ എത്തിച്ച് ഐപിഎൽ മത്സരങ്ങൾ നടത്താനുള്ള സാധ്യത ബിസിസിഐ പരിഗണിക്കുന്നുണ്ട്.
ന്യൂഡൽഹി: ഒൗട്ട് ഡോർ കായിക ഇനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചതിനെത്തുടർന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡൽഹിയിൽ തങ്ങളുടെ അധീനതയിലുള്ള അഞ്ച് സ്റ്റേഡിയങ്ങളിൽ രണ്ട് എണ്ണം ഇന്നലെ തുറന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവ തുറന്നതായി സായ് ഇന്നലെ അറിയിച്ചു. ഉച്ചകഴിഞ്ഞ് മാത്രമായിരിക്കും സ്റ്റേഡിയം തുറക്കുക. ഓണ്‍ ലൈനിൽ നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഒരു മണിക്കൂർ പരിശീലനം അനുവദിക്കും.
പരിശീലനം, ആരോഗ്യ കാര്യങ്ങൾ, കൊറോണ പ്രതിരോധം തുടങ്ങിയ വിവിധ മാർഗനിർദേശങ്ങളുടെ വിശദാംശങ്ങൾ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റേഴ്സിനു കൈമാറിയിട്ടുണ്ടെന്നും സായ് വ്യക്തമാക്കി.
പ്രവർത്തനമാരംഭിച്ച സ്റ്റേഡിയങ്ങൾ സാനിറ്റൈസേഷൻ നടത്തി. അന്പെയ്ത്ത്, ടേബിൾ ടെന്നീസ്, ബാഡ്മിന്റണ്‍, ലോണ്‍ ടെന്നീസ് എന്നിവയുടെ പരിശീലനങ്ങളാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിച്ചത്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളിലെ 50 ശതമാനം സൗകര്യങ്ങളേ തുറന്നു നൽകുകയുള്ളൂ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സർക്കാർ നിർദേശാനുസരണം 10 വയസിനു മുകളിലുള്ള കായിക താരങ്ങളെ മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.
സായ് അധീനതയിലുള്ള ഇന്ദിരാഗാന്ധി സ്റ്റേഡിയം, കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച്, ശ്യാമപ്രസാദ് മുഖർജി സ്വിമ്മിംഗ് കോംപ്ലെക്സ് എന്നിവ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇന്ദിരാഗാന്ധി സ്റ്റേഡിയവും കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചും ഒരു ആഴ്ചയ്ക്കുള്ളിൽ തുറക്കാനുള്ള തയാറെടുപ്പിലാണ്. അതേസമയം, നാലാം ഘട്ട ലോക്ക് ഡൗണിലും മേയ് 31വരെ സ്വിമ്മിംഗ് പൂളുകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ശ്യാമപ്രസാദ് മുഖർജി കോംപ്ലെക്സ് തുറന്നില്ല.
യുകെയിൽ കൊറോണ പടർത്തിയത് ചാന്പ്യൻസ് ലീഗും കുതിരയോട്ടവും
ലണ്ടൻ: യുകെയിൽ കൊറോണ വൈറസ് വ്യാപിച്ചതും ഹോട്ട്സ്പോട്ടുകൾ ഉണ്ടായതും മാർച്ചിൽ അരങ്ങേറിയ രണ്ട് കായിക മത്സരങ്ങൾക്കുശേഷമാണെന്ന് പഠനം. രണ്ടര ലക്ഷത്തിൽ അധികം ആളുകൾ ഒഴുകിയെത്തിയ ഷെൽട്ടനം കുതിരയോട്ടവാർഷികാഘോഷവും 52,000 കാണികളെത്തിയ ലിവർപൂൾ x അത്ലറ്റിക്കോ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടവും കൊറോണ രോഗവ്യാപനവും മരണവും വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് ദേശീയ ആരോഗ്യ വകുപ്പിനായി കൊറോണ വിവരശേഖരണം നടത്തുന്ന എഡ്ജ് ഹെൽത്തിന്റേതാണ് ഈ റിപ്പോർട്ട്. മാർച്ച് 11ൽ നടന്ന ചാന്പ്യൻസ് ലീഗ് ഫുട്ബോളിനായി സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ 3,000 ആരാധകർ എത്തിയിരുന്നു. ആ സമയം സ്പെയിനിൽ 6,40,000 കൊറോണ പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നതായി ഇംപീരിയൽ കോളജ് ലണ്ടനും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അറിയിച്ചു. ബ്രിട്ടനിൽ അപ്പോൾ ഒരു ലക്ഷം കേസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിന്റെ 25-35 ദിവസത്തിനുശേഷം 41 മടങ്ങു കൊറോണ രോഗ മരണങ്ങളാണ് ഉണ്ടായത്.
എല്ലാ വർഷവും മാർച്ച് മാസത്തിൽ അരങ്ങേറാറുള്ള ഷെൽട്ടനം ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 2,51,684 കാഴ്ചക്കാർ. മാർച്ച് 10 മുതൽ 13വരെയായിരുന്നു കുതിരയോട്ട ഫെസ്റ്റിവൽ. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചത്.
കാണികൾക്ക് ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള മുൻകരുതലോടെയായിരുന്നു ഫെസ്റ്റിവൽ നടത്തിയതെങ്കിലും 37 മടങ്ങ് കൊറോണ മരണം മത്സരം സംഘടിപ്പിച്ചതിലൂടെ നടന്നതായാണ് റിപ്പോർട്ട്.
ഫ്രഞ്ച് ലീഗ് നടത്തണം
പാരീസ്: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ 2019-20 സീസണ് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ലിയോണ്‍ ക്ലബ് പ്രസിഡന്റ് ഫ്രഞ്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ അഞ്ച് പ്രധാന ഫുട്ബോൾ ലീഗുകളിൽ ഫ്രഞ്ച് ലീഗ് മാത്രമാണ് കൊറോണ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. ലീഗിൽ ഏഴാം സ്ഥാനത്തായിരുന്നു ലിയോണ്‍.
ലോക്ക് ഡൗണിനുശേഷം ജർമൻ ബുണ്ടസ് ലിഗ പുനരാരംഭിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ എന്നിവ ജൂണിൽ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
ഗാംഗുലി അയോഗ്യൻ
മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ സൗരവ് ഗാംഗുലി അയോഗ്യനാണെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത. ഐസിസി അംഗമായി ഗാംഗുലിക്ക് നാമനിർദേശം ലഭിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ പ്രസിഡന്റായി തുടരാനാവില്ലെന്ന നിയമം സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാണിച്ചത്. മാർച്ച് 28ന് നടന്ന യോഗത്തിൽ ഐസിസി ബോർഡ് അംഗമായി ഗാംഗുലിക്ക് നാമനിർദേശം ലഭിച്ചിരുന്നു.
ഐസിസിയിലേക്ക് നാമനിർദേശം ലഭിച്ചാൽ ബിസിസിഐയുടെ പ്രസിഡന്റായി തുടരാൻ പുതിയ നിയമപ്രകാരം സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജീവ് ഗുപ്ത, ഗാംഗുലിക്കും ഇ-മെയിൽ അയച്ചു. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലി എത്തുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ഇപ്പോൾ സജീവമാണ്. ഇതിനിടെയാണ് ഗാംഗുലിക്കെതിരേ സഞ്ജീവ് ഗുപ്തയുടെ ആരോപണം.
ഇതിഹാസം വിടവാങ്ങി...
മൊഹാലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരമായ ബൽബീർ സിംഗ് സീനിയർ (96) ഇനി ഓർമ. ധ്യാൻചന്ദിനുശേഷം ഇന്ത്യൻ ഹോക്കിയിൽ പിറവിയെടുത്ത ഇതിഹാസ താരമാണ് മണ്മറഞ്ഞത്. മൂന്നു തവണ ഒളിന്പിക് സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു. ആധുനിക ഒളിന്പിക് ചരിത്രത്തിലെ 16 ഇതിഹാസങ്ങളെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽനിന്നുള്ള ഏക സാന്നിധ്യമായിരുന്നു ബൽബീർ സിംഗ്. ചണ്ഡീഗണ്ഡിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ 6:30നായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് എട്ടാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
1948 (ലണ്ടൻ), 1952 (ഹെൽസിങ്കി), 1956 (മെൽബണ്‍) ഒളിന്പിക്സുകളിലായി ഹാട്രിക് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ബൽബീർ. 1956 മെൽബണ്‍ ഒളിന്പിക്സിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. 1952 ഒളിന്പിക്സിൽ മാർച്ച്പാസ്റ്റിൽ ഇന്ത്യയുടെ പതാകയേന്തി. 1952ലെ ഫൈനലിൽ ഇന്ത്യ 6-1ന് ഹോളണ്ടിനെ കീഴടക്കിയപ്പോൾ അഞ്ച് ഗോൾ ബൽബീറിന്റെ വകയായിരുന്നു. അതോടെ ഒരു ഒളിന്പിക് ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് ബൽബീർ സ്വന്തമാക്കി. ആ റിക്കാർഡ് ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നു. 1908ൽ ഇംഗ്ലണ്ടിന്റെ റെഗി പ്രിഡ്മോർ നേടിയ നാലു ഗോൾ എന്ന റിക്കാർഡാണ് ബൽബീർ പഴങ്കഥയാക്കിയത്.
1958ൽ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ബൽബീർ ടീമിന്റെ പരിശീലകനുമായി. ബൽബീർ സിംഗിന്റെ ശിക്ഷണത്തിനു കീഴിൽ 1971ൽ ലോകകപ്പ് സ്വർണവും 1975ൽ വെങ്കലവും ഇന്ത്യ കരസ്ഥമാക്കി. 2015ൽ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. 1982 ഡൽഹി ഏഷ്യാഡിൽ ദീപശിഖ തെളിച്ചത് ബൽബീറായിരുന്നു. ബൽബീർ അംഗമായ 1948ലെ ഹോക്കി ടീമിന്റെ കഥയാണ് അക്ഷയ് കുമാറിന്റെ ഗോൾഡ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം.
സുശിയാണ് ഭാര്യ. സുഷ്ബിർ, കൻവാൽബിർ, കരണ്‍ബിർ, ഗുർബീർ എന്നിവരാണ് മക്കൾ. ഇവർ കാനഡയിലെ വാൻകൂവറിലാണ്. ബൽബീർ സിംഗും കനേഡിയൻ പൗരത്വം സ്വീകരിച്ചിരന്നു.
കായികലോകത്തിന്റെ ആദരാഞ്ജലി അന്തരിച്ച ഹോക്കി ഇതിഹാസം ബൽബീർ സിംഗ് സീനിയറിന് ആദരാഞ്ജലികളുമായി ഇന്ത്യൻ കായികലോകം. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിന്പ്യൻ പി.ടി. ഉഷ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, പരിശീലകൻ രവി ശാസ്ത്രി, മുൻ താരം ഹർഭജൻ സിംഗ്, ഒളിന്പിക് ഷൂട്ടിംഗ് സ്വർണ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി നിരവധി പ്രമുഖർ ബർബീർ സിംഗിന് ആദരാഞ്ജലിയർപ്പിച്ചു. ബർബീർ സിംഗ് കായികതാരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മാതൃകാപുരുഷനായിരുന്നു - ഉഷ ട്വീറ്റ് ചെയ്തു.
ആ ദുഃഖം മാത്രം ബാക്കി 
ഹോക്കിയിലൂടെ തനിക്ക് ലഭിച്ച നേട്ടങ്ങളുടെ ശേഷിപ്പുകളായ ബ്ലേസറുകളും മെഡലുകളും ഒരിക്കൽക്കൂടി കാണാനുള്ള ആഗ്രഹം സഫലമാകാതെയാണ് ബൽബീർ സിംഗ് യാത്രയായത്. തന്റെ ഹാട്രിക് ഒളിന്പിക് സ്വർണ മെഡലുകളും ഒളിന്പിക് ബ്ലേസറുകളും അപൂർവ ചിത്രങ്ങളും 1985ൽ ബൽബീർ സിംഗ് സായിക്ക് (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) കൈമാറിയിരുന്നു. സായിയുടെ മ്യൂസിയത്തിനായി ആയിരുന്നു കൈമാറിയത്. എന്നാൽ, മ്യൂസിയം ഉണ്ടായുമില്ല, ബൽബീർ സിംഗിന്റെ ഒളിന്പിക് സ്മരണികകൾ നഷ്ടപ്പെടുകയും ചെയ്തു. 2012 ഒളിന്പിക്സിനിടെ ബൽബീറിന്റെ ഒളിന്പിക് സ്മരണികകൾ ലണ്ടൻ ഓപ്പറ ഹൗസിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അതും സാധിച്ചില്ല. ഈ സ്മരണികകൾ വീണ്ടെടുക്കാൻ ബൽബീർ സിംഗിന്റെ കുടുംബം ഏറെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഓ... ദ്രാവിഡ്, വൗ... ദാദ
ഇരുപത്തൊന്ന് വർഷം മുന്‍പ് ഇതുപോലൊരു മേയ് 26. വേദി ഇംഗ്ലണ്ടിലെ ടൗണ്ടണിലെ കൗണ്ടി ഗ്രൗണ്ട്. 1999 ഐസിസി ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് എയിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. 45 ഓവർ ബാറ്റ് ചെയ്ത് രാഹുൽ ദ്രാവിഡും (145) സൗരവ് ഗാംഗുലിയും (183) അക്കാലത്തെ ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ടായ 318 റണ്‍സ് രണ്ടാം വിക്കറ്റിൽ തികച്ചത് ഇന്നേദിവസം.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളുടെയും നാലാം മത്സരം, സൂപ്പർ സിക്സ് സാധ്യത നിലനിർത്താൻ ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയോട് നാല് വിക്കറ്റിനും സിംബാബ്വെയോട് മൂന്ന് റണ്‍സിനും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ സച്ചിൻ തെണ്ടുൽക്കറുടെ (140) ക്ലാസ് സെഞ്ചുറിയിലൂടെ 94 റണ്‍സ് ജയം നേടി. പിതാവിന്റെ മരണത്തെത്തുടർന്ന് സച്ചിൻ സിംബാബ്വെയ്ക്കെതിരേ ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങിനുശേഷമെത്തിയായിരുന്നു കെനിയയ്ക്കെതിരേ സച്ചിന്റെ സെഞ്ചുറി. മറുവശത്ത് ശ്രീലങ്കയും രണ്ട് തോൽവിക്കുശേഷം (ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 89 റണ്‍സിനും) ഒരു ജയവുമായി (സിംബാബ്വെയ്ക്കെതിരേ നാല് വിക്കറ്റിന്) നിൽക്കുന്നു.
ടോസ് ജയിച്ച ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ മനോഹരമായൊരു ഓഫ് കട്ടറിലൂടെ ലങ്കൻ പേസർ ചാമിന്ദ വാസ് എസ്. രമേശിന്റെ (അഞ്ച്) ഓഫ് സ്റ്റംപ് ഇളക്കി. ലങ്കൻ സന്തോഷം അധികം നീണ്ടില്ല. മൂന്നാമനായി ക്രീസിലെത്തിയ രാഹുൽ ദ്രാവിഡ് ആക്രമണ മൂഡിലായിരുന്നു. ഏകദിനത്തിന് അനുയോജ്യനല്ലെന്നു പഴി കേട്ട ദ്രാവിഡാണോ ഇതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സാങ്കേതിക തികവുള്ള ആക്രമണത്തിലൂടെ മൈതാനത്തിന്റെ നാലു ഭാഗത്തേക്കും ദ്രാവിഡ് ഷോട്ടുതിർത്തു. നേരിട്ട 43-ാം പന്തിൽ പത്ത് ഫോറിന്റെ സഹായത്തോടെ ദ്രാവിഡ് അർധസെഞ്ചുറി തികച്ചു. 102-ാം പന്തിൽ സെഞ്ചുറി തികയ്ക്കുന്പോൾ ദ്രാവിഡിന്റെ ബാറ്റിൽനിന്ന് പിറന്നത് 12 ഫോറുകൾ.
മറുവശത്ത് സൗരവ് ഗാംഗുലി തന്റെ ബാറ്റിംഗ് സൗന്ദര്യം വെളിപ്പെടുത്തി. ഓഫ് സൈഡിന്റെ അധിപനായി വാഴ്ത്തപ്പെട്ട ദാദ, ഇടയ്ക്ക് ക്രീസിൽനിന്ന് നൃത്തച്ചുവടുകളോടെ ഇറങ്ങി മിഡ് ഓണിലൂടെയും മിഡ് വിക്കറ്റിലൂടെയും പന്ത് കാണികൾക്കിടയിലേക്ക് പറഞ്ഞുവിട്ടു. ദ്രാവിഡിനേക്കാൾ സ്കോറിംഗിൽ പിന്നിലായിരുന്നു ദാദ. 68-ാം പന്തിൽ ആറ് ഫോറിന്റെ അകന്പടിയോടെ 50. 119-ാം പന്തിൽ 11 ഫോറും ഒരു സിക്സും അടക്കം സെഞ്ചുറിയിലും. സെഞ്ചുറി തികച്ചശേഷം ഗാംഗുലി കടന്നാക്രമണത്തിലേക്ക് ഗിയർ മാറി. ദ്രാവിഡിന്റെയും സൗരവിന്റെയും ബാറ്റിൽനിന്ന് യാത്രതിരിച്ച് വേലിക്കെട്ടിലെ പരസ്യഫലകങ്ങളിൽ ചുംബിച്ചും കാണികളുടെ കൈകളിൽ കുരുങ്ങിയും പന്ത് പരക്കംപാഞ്ഞു. ഓ... ദ്രാവിഡ്, വൗ... ദാദ എന്ന് കാണികൾ ആർത്തുവിളിച്ചു.
45.4-ാം ഓവറിൽ ദ്രാവിഡ് (129 പന്തിൽ ഒരു സിക്സും 17 ഫോറുമടക്കം 145) റണ്ണൗട്ടായി. ഗാംഗുലിയുടെ പ്രയാണം 50-ാം ഓവറിന്റെ അഞ്ചാം പന്ത് വരെ തുടർന്നു. 158 പന്തിൽ ഏഴ് സിക്സും 17 ഫോറുമായി ദാദ 183 റണ്‍സ് നേടി.
50 ഓവറിൽ ഇന്ത്യ ആറിന് 373 റണ്‍സ് എടുത്തപ്പോൾ ലങ്കൻ മറുപടി 42.3 ഓവറിൽ 216ൽ അവസാനിച്ചു, ഇന്ത്യക്ക് 157 റണ്‍സ് ജയം. 1999 ലോകകപ്പിൽ റണ്‍ വേട്ടയിൽ ഒന്നാമനായതും ദ്രാവിഡ് ആണ്, 461 റണ്‍സ്. ലോകകപ്പ് ചരിത്രത്തിൽ മികച്ച കൂട്ടുകെട്ടിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ദ്രാവിഡ് - ദാദ സഖ്യത്തിന്റെ 318. 2015ൽ വെസ്റ്റ് ഇൻഡീസിന്റെ സാമുവൽസ്-ക്രിസ് ഗെയ്ൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയ 372 ആണ് ഒന്നാമത്.
അനീഷ് ആലക്കോട്
സൂപ്പർ പോര്; ബയേൺ x ഡോർട്ട്മുണ്ട്
മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ കൊറോണ വൈറസ് ലോക്ക് ഡൗണിനുശേഷമുള്ള സൂപ്പർ പോരാട്ടം ഇന്ന്. ലീഗ് ചാന്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഇന്ന് എവേ പോരാട്ടത്തിൽ നേരിടും. ഇന്ത്യൻ സമയം രാത്രി 10.00നാണ് മത്സരം. ലീഗിൽ 27 മത്സരങ്ങൾ പൂർത്തിയായപ്പോൾ 61 പോയിന്റുമായി ബയേണ്‍ ഒന്നാമതും 57 പോയിന്റുമായി ഡോർട്ട്മുണ്ട് രണ്ടാമതുമാണ്.
ശനിയാഴ്ച നടന്ന മത്സരത്തിൽ ബയേണ്‍ സ്വന്തം തട്ടകത്തിൽവച്ച് 5-2ന് എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ തകർത്തിരുന്നു. ഡോർട്ട്മുണ്ട് 2-0ന് വൂൾഫ്സ്ബർഗിനെയും കീഴടക്കി. ഞായറാഴ്ച ലൈപ്സിഗ് 5-0ന് മെയ്ന്റ്സിനെയും ഓഗ്സ്ബർഗ് 3-0ന് ഷാൽകെയെയും കീഴടക്കി. എഫ്സി കൊളോണും ഡുസൽഡോർഫും 2-2 സമനിലയിൽ പിരിഞ്ഞു. ലൈപ്സിഗിനായി യുവതാരം ടിമൊ വെർണർ ഹാട്രിക്ക് നേടി. 11, 48, 75 മിനിറ്റുകളിലായിരുന്നു വെർണറുടെ ഗോളുകൾ.