ന്യൂഡൽഹി: ലോകത്തെവിടെയും കാണാത്തത്ര തരത്തിൽ കഠിനമായ ലോക്ക്ഡൗൺ നടപ്പാക്കിയെങ്കിലും ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം തടയാനായില്ലെന്നും അതുവഴി സന്പദ്വ്യവസ്ഥ തകർന്നെന്നും പ്രമുഖ വ്യവസായി രാജീവ് ബജാജ്. തെറ്റായ വളവാണ് സർക്കാർ നിവർത്തിയത്. അത് വൈറസ് ബാധയുടെ വളവല്ല, ജിഡിപിയുടെ വളവാണെന്നും ഇന്നലെ രാഹുൽ ഗാന്ധിയുമായി നടത്തിയ അഭിമുഖത്തിൽ ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് കുറ്റപ്പെടുത്തി.
സാന്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും തുറക്കുകയെന്നതു ബാലികേറാമലയാണ്. സാന്പത്തിക വളർച്ച പഴയ നിലയിലേക്കു തിരിച്ചു കൊണ്ടുവരാൻ ഇനി എളുപ്പമല്ല. ജനങ്ങളുടെ മനസിലുള്ള ഭീതി മാറ്റുകയെന്നതാണ് പ്രശ്നം. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതിനായി കൃത്യവും വ്യക്തവുമായ പദ്ധതികൾ ഉണ്ടാകണമെന്നും രാജീവ് നിർദേശിച്ചു.
ജനങ്ങളുടെ മനസിൽ മരണത്തെക്കുറിച്ചുള്ള ഭീതി വളർത്തുകയാണു ലോക്ക്ഡൗണ്‍ ചെയ്തതെന്നും ഇതിൽ നിന്നു മോചനം നേടുക എളുപ്പമാകില്ലെന്നും രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപന പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞില്ല. എന്നാൽ പാശ്ചാത്യ വികസിത രാജ്യങ്ങളെ അനുകരിച്ചു നടപ്പാക്കിയ നിർദയമായ ലോക്ക്ഡൗണ്‍ മൂലം സന്പദ്വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. കർക്കശമായ ലോക്ക്ഡൗണ്‍ നടപ്പാക്കാനാണു നാം ശ്രമിച്ചത്. അതാകട്ടെ ചോർച്ചകളുള്ളതുമായിരുന്നു.
വായുപോലും കടക്കാത്ത തരത്തിലുള്ള കർശന ലോക്ക്ഡൗണ്‍ ആയിരുന്നു ലക്ഷ്യം. ഒരാളെയും കാണാതെ വീടിനുള്ളിൽ ഒതുങ്ങിക്കഴിയുകയെന്നതു പക്ഷേ, എന്നതും ലോകത്തൊരിടത്തും ഉണ്ടായില്ല. അതിനാൽ രോഗവ്യാപനം തടയാനുമായില്ല, പകരം സന്പദ്ഘടന തകരുകയും ചെയ്തു- രാജീവ് ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.