കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 75 രൂപയുടെയും പവന് 600 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ പവന് 34,200 രൂപയായും ഗ്രാമിന് 4,275 രൂപയായും വില കുറഞ്ഞു. രണ്ടു ദിവസമായി വിലനിലവാരം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നലെ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ 18നു രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1,765 ഡോളറില്‍നിന്ന് 1707 ഡോളറായി കുറഞ്ഞു. രൂപയുടെ വിനിമയ നിരക്ക് 75.68 രൂപയുമായി. ലോകത്താകമാനം വിപണികളെല്ലാം സജീവമാകുന്ന സാഹചര്യത്തിലാണ് സ്വര്‍ണത്തിന് വിലക്കുറവ് രേഖപ്പെടുത്തിയത്. രണ്ടു മാസത്തിനുശേഷം സ്വര്‍ണ നിക്ഷേപകര്‍ ലാഭമെടുത്തു താത്കാലികമായി ഇക്വിറ്റികളിലേക്കു മാറിയതും വില കുറയുന്നതിനു കാരണമായി. രാജ്യത്ത് മഹാരാഷ്ട്ര ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും സ്വര്‍ണാഭരണശാലകള്‍ തുറന്നുകഴിഞ്ഞു. നിര്‍മാണശാലകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ ഇനിയും സമയമെടുക്കും. ആഭ്യന്തര വിമാനസര്‍വീസുകള്‍ പൂര്‍ണതോതില്‍ ആയെങ്കില്‍ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് ആഭരണങ്ങള്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ക്കു കഴിയൂ.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതോടെ അടുത്തമാസം മുതല്‍ സ്വര്‍ണവ്യാപാരം സാധാരണ നിലയിലേക്ക് എത്തുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ. മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടകള്‍ ജൂണ്‍ ഒന്നു മുതല്‍ തുറക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും കുറവായതോടെ സംസ്ഥാനത്ത് സ്വര്ണവില്പനയില് കുറവ് അനുഭപ്പെടുമ്പോള്‍ പഴയ സ്വര്‍ണ വില്പന കൂടിയതായി വ്യാപാരികള്‍ പറയുന്നു. പണയം വച്ചു പലിശയിനത്തില്‍ കൂടുതല്‍ പണം പോകുന്നതിനേക്കാള്‍ നല്ലത് കൂടിയ വിലയില്‍ സ്വര്‍ണം വിറ്റഴിക്കുന്നതാണെന്ന തിരിച്ചറിവാണ് കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.