ന്യൂഡൽഹി: സൂക്ഷ്മ-ചെറുകിട- ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ നിർവചനം മാറ്റൽ അടക്കം അവയ്ക്കായി പ്രഖ്യാപിച്ച ധനകാര്യ പാക്കേജിനു കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. തെരുവു കച്ചവടക്കാർക്കു 10,000 രൂപ വീതം വായ്പ നൽകുന്ന പദ്ധതിക്കും അനുമതിയായി.
ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിൽ ഉണ്ടായിരുന്ന നിർവചനത്തിൽ ഒരു മാറ്റം വരുത്തി. ഇടത്തരം വ്യവസായത്തിന്റെ ടേണോവർ പരിധി 250 കോടി രൂപയും മൂലധനനിക്ഷേപപരിധി 50 കോടി രൂപയും ആക്കിയതാണു മാറ്റം. സൂക്ഷ്മ യൂണിറ്റുകൾക്ക് ഒരു കോടി രൂപ നിക്ഷേപവും അഞ്ചുകോടി ടേണോവറുമാകാം. 10 കോടി നിക്ഷേപവും 50 കോടി ടേണോവറും ഉള്ളവയാണു ചെറുകിട വിഭാഗത്തിൽ വരിക.
ബുദ്ധിമുട്ടിലായ എംഎസ്എംഇകൾക്ക് നില്പുവായ്പയുടെ 20 ശതമാനം അധിക വായ്പയായി നൽകുന്നതാണു പ്രധാന പദ്ധതി. മൂന്നുലക്ഷം കോടി രൂപ ഇതുവഴി വായ്പ നൽകും. ഒരു വർഷം മോറട്ടോറിയത്തോടെ നാലുവർഷത്തേക്കാണു വായ്പ. വായ്പ കുടിശികയായവർക്കു മൂലധനം വർധിപ്പിക്കാനായി വേറൊരു വായ്പാ പദ്ധതി ഉണ്ട്. എംഎസ്എംഇകളിൽ മൂലധനനിക്ഷേപത്തിന് ഒരു ഫണ്ട് ഓഫ് ഫണ്ട്സ് ഉണ്ടാക്കുന്നതും പദ്ധതിയിൽപെടുന്നു.
തെരുവു കച്ചവടക്കാർക്ക് പതിനായിരം രൂപ വരെ വായ്പ നൽകുന്ന പദ്ധതി അന്പതുലക്ഷം പേരെ സഹായിക്കുമെന്നു കേന്ദ്രം കണക്കാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.