കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാർഷിക, ചെറുകിട വ്യവസായ മേഖലകളെ സജീവമാക്കാൻ നബാർഡിന്റെ ധനസഹായത്തോടെ സഹകരണ ബാങ്കുകൾവഴി നടപ്പാക്കുന്ന പ്രത്യേക വായ്പാപദ്ധതി പ്രയോജനമില്ലാതെ അവസാനിക്കുന്നു. സ്പെഷൽ ലിക്വിഡിറ്റി ഫെസിലിറ്റി എന്ന പേരിൽ നബാർഡ് അനുവദിച്ച ധനസഹായം ഉപയോഗിച്ചുള്ള വായ്പകൾ 31ന് മുമ്പ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. 22നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. ആളുകൾ അറിഞ്ഞുവന്നപ്പോഴേക്കും പദ്ധതി അവസാനിച്ചു.
കാലാവധി നീട്ടിയതായി ഇന്നലെ ഉച്ചവരെ ബാങ്കുകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, അവസാന തീയതിയായ ഇന്ന് ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധി ദിനവുമാണ്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, വ്യവസായം എന്നീ വകുപ്പുകൾ അർഹരാണെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കൾക്കാണ് വായ്പ അനുവദിക്കേണ്ടതെന്ന് ഉത്തരവിലുണ്ട്. ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരിശോധന നടത്തി ശിപാർശ നൽകാൻ കഴിയുമോയെന്നത് കാതലായ ചോദ്യമാണ്. അതുകൊണ്ടുതന്നെ മിക്ക ബാങ്കുകളിലും വായ്പാ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകളൊന്നും കാര്യമായി എത്തിയിട്ടില്ല. മിക്കവാറും ബാങ്കുകൾ കൂടുതൽ തുക കാർഷികവായ്പയിൽ വകയിരുത്തി നൽകുകയാണ് ചെയ്തത്.
പദ്ധതി പ്രകാരം ഹ്രസ്വകാല കാർഷിക ഉത്പാദനത്തിനും കാർഷികാനുബന്ധ പ്രവർത്തനങ്ങളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യംവളർത്തൽ, പൗൾട്രി, നെൽകൃഷി, പച്ചക്കറി കൃഷി എന്നിവയുൾപ്പെടെയുള്ള കൃഷികളുടെ മൂലധന ആവശ്യങ്ങൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തനമൂലധനമായും ഒരു വർഷ കാലയളവിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന പദ്ധതികൾക്കുമാണ് വായ്പ അനുവദിക്കുന്നത്.
വ്യക്തികൾക്ക് അനുവദിക്കാവുന്ന പരമാവധി വായ്പാതുക രണ്ടുലക്ഷം രൂപയാണ്. ഒരു വർഷ കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 6.8 ശതമാനമാണ്. പദ്ധതിപ്രകാരമുള്ള വായ്പയ്ക്ക് മറ്റ് പലിശ സബ്സിഡികൾ ലഭിക്കുന്നതുമല്ല. സാധാരണഗതിയിൽ പ്രോജക്ട് റിപ്പോർട്ടുകൾ പ്രകാരം വായ്പ ലഭിക്കണമെങ്കിൽ ദിവസങ്ങളെടുക്കും.
അടച്ചുപൂട്ടലിന്റെ കാലത്തെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ് 22ന് ഇറങ്ങിയ ഉത്തരവിൽ 31ന് മുമ്പ് ഗുണഭോക്താക്കൾക്ക് വായ്പാ വിതരണം പൂർത്തിയാക്കണമെന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ബാങ്കുകൾക്ക് ഡയറക്ടർ ബോർഡ് യോഗങ്ങൾ ചേരാതെ വായ്പകൾ നൽകാനും കഴിയില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ കാലാവധി നീട്ടി നൽകിയില്ലെങ്കിൽ ഗുണഭോക്താക്കൾക്ക് യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ഉറപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.