നികുതി റിട്ടേണുകളും മറ്റും നീട്ടിവച്ചതുമൂലം ഇപ്പോഴത്തെ കണക്കുകൾ പൂർണമല്ലെന്ന വിശദീകരണത്തോടെയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ഇന്നലെ ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. പിന്നീട് കണക്കുകൾ തിരുത്തുമെന്നു വ്യക്തം. അതു താഴോട്ടാകുമെന്നു പലരും കണക്കാക്കുന്നു.
എന്നാൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട വരവുചെലവ് കണക്കുകൾ പിന്നീടു തിരുത്തേണ്ടിവരില്ല. അതനുസരിച്ച് കമ്മി ജിഡിപിയുടെ 3.8 ശതമാനം പ്രതീക്ഷിച്ചത് 4.59 ശതമാനമായി. ഏകദേശം 0.8 ശതമാനം വ്യത്യാസം. 1.69 ലക്ഷം കോടി രൂപവരും വ്യത്യാസം.
ചെറുതല്ല ഇത്. ഫെബ്രുവരി ആദ്യം 2020-21 ബജറ്റ് അവതരിപ്പിക്കുന്പോഴാണ് 3.8 ശതമാനം പറഞ്ഞത്. തലേവർഷം 3.5 ശതമാനമാണു പറഞ്ഞത്. ബജറ്റ് നിർമിതിയിലെ അനവധാനതയാണോ പൊതുവേ കണക്കെഴുത്തിലുള്ള പാളിച്ചയാണോ ഇതിൽ കാണുന്നത് ?
ചൈനയുടെ ജിഡിപി 6.8 ശതമാനം ചുരുങ്ങിയ ജനുവരി-മാർച്ചിൽ ഇന്ത്യയുടേത് 3.1 ശതമാനം വളർന്നു. പക്ഷേ ചൈനയിൽ ജനുവരി-മാർച്ചിലായിരുന്നു കോവിഡ് മഹാമാരിയും ലോക്ക് ഡൗണും. നമുക്ക് ലോക്ക് ഡൗണിനു മുന്പേതന്നെ വളർച്ച താഴോട്ടായിരുന്നു. ലോക്ക് ഡൗണിലെ കണക്ക് (ഏപ്രിൽ-ജൂൺ) ഓഗസ്റ്റ് അവസാനമേ അറിയൂ. അതിൽ ജിഡിപി ചുരുങ്ങിയതായി കാണുമെന്ന് എല്ലാവരും പറയുന്നു.
2019-20 ലെ മുൻ ത്രൈമാസ വളർച്ച കണക്കുകൾ ഇന്നലെ തിരുത്തി. ഏപ്രിൽ-ജൂണിലേത് 5.6-ൽ നിന്ന് 5.2 ആക്കി. അടുത്തതിലേത് 5.6 -ൽ നിന്ന് 4.4 ആയും ഒക്ടോബർ-ഡിസംബറിലേത് 4.7-ൽ നിന്ന് 4.1 ശതമാനമായും താഴ്ത്തി. ഇതോടെ വാർഷികവളർച്ച അഞ്ചുശതമാനം എന്ന പ്രവചനം തെറ്റി. 4.2 ശതമാനം എന്ന ഇപ്പോഴത്തെ പ്രതീക്ഷ വീണ്ടും താഴ്ത്തേണ്ടിവരാം.ജനുവരി-മാർച്ചിൽ കാർഷികമേഖല 5.9 ശതമാനം എന്ന ബംപർ വളർച്ച കുറിച്ചു. തലേവർഷം ഇതേസമയം 1.6 ശതമാനവും തലേ ത്രൈമാസം 3.6 ശതമാനവും മാത്രമായിരുന്നു വളർച്ച.
ജനുവരി-മാർച്ചിൽ ഫാക്ടറി ഉത്പാദനം 1.4 ശതമാനം കുറഞ്ഞു. വാർഷികമായി 0.03 ശതമാനം എന്ന നാമമാത്ര വളർച്ച മാത്രം. സാന്പത്തിക മുരടിപ്പ് നേരത്തേതന്നെ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നുവെന്ന് ചുരുക്കം.
2020-21 ലെ വളർച്ച പ്രതീക്ഷ പൂജ്യത്തിനു താഴെയാകുമെന്നാണ് റിസർവ് ബാങ്ക് പറഞ്ഞത്. അതിനർഥം ഇക്കൊല്ലവും ബജറ്റ് കണക്കുകൾ താറുമാറാകും എന്നത്രേ.
റ്റി.സി.മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.