കൊച്ചി: പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 495.85 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടി. കോവിഡ് കാലത്തെ പ്രതികൂല അന്തരീക്ഷം മറികടന്നാണ് കന്പനി ഈ നേട്ടം കൈവരിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്.
ഒരു കിലോ കാലിത്തീറ്റയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 91 ശതമാനവും അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചെലവായിരുന്നു. എന്നാല്‍ ഇതനുസരിച്ച് കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കാന്‍ കേരള ഫീഡ്സ് തയാറായില്ലെന്ന് ചെയര്മാന് കെ.എസ്. ഇന്ദുശേഖരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ കാലിത്തീറ്റ കമ്പനികള്‍ അനിയന്ത്രിതമായി വില കൂട്ടാത്തതിനു കാരണം കേരള ഫീഡ്സിന്റെ വിപണി സാന്നിധ്യമാണ്. 2019ല്‍ വിപണി വിലയേക്കാള്‍ 130 ഓളം രൂപ വരെ കുറച്ചാണ് കേരള ഫീഡ്സിന്റെ കാലിത്തീറ്റ വിപണിയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ സമയത്ത് ക്ഷീരകര്‍ഷകര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള അവസരം കേരള ഫീഡ്സ് ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കൂടുതല്‍ സാന്നിധ്യമറിയിക്കാനും കമ്പനിക്ക് കഴിഞ്ഞെന്ന് എംഡി ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ട് കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്നതിനു മൊബൈല്‍ ആപ്പ് തയാറായി വരികയാണ്. ഇതിലൂടെ കാലിത്തീറ്റ നേരിട്ട് ഓര്‍ഡര്‍ ചെയ്യാനും കര്‍ഷകര്‍ക്ക് സാധിക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ക്ഷീര ഫാമുകള്‍ ആരംഭിക്കാനായി ജൂലൈയില്‍ പരിശീലനം നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഓൺട്രപ്രണേറിയല്‍ വിഗര്‍ എന്നാകും ഈ പദ്ധതിയുടെ പേര്. കേരള ഫീഡ്സിന്റെ ബ്രാന്‍ഡ് അമ്പാസഡറും ക്ഷീരകര്‍ഷകനുമായ നടന് ജയറാമിന്റെ സാന്നിധ്യത്തിലായിരിക്കും ഈ പരിശീലനമെന്നും ഡോ. ശ്രീകുമാര്‍ പറഞ്ഞു.
ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കന്നുകുട്ടി പരിപാലന പദ്ധതി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയ്ക്ക് കേരള ഫീഡ്സ് മുടക്കം വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.