തിരുവനന്തപുരം: കോവിഡ് സാന്പത്തിക പ്രതിസന്ധിയിൽനിന്നു വ്യാപാര വ്യവസായ-പ്രവാസി വിഭാഗങ്ങളെ സഹായിക്കുന്നതിനു പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ച കെഎസ്എഫ്ഇ നിക്ഷേപങ്ങൾക്കുള്ള പലിശയും വർധിപ്പിച്ചു. വായ്പകളിൽ വീഴ്ച വരുത്തിയവർക്കു പലിശയിലും പിഴപ്പലിശയിലും ഇളവു നൽകി. ജൂണ് 30 വരെ ജപ്തി നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
വായ്പകൾക്ക് ഇളവു നൽകുന്നതിനായി വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയുള്ള സമിതിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. എല്ലാ വായ്പകളുടെയും പിഴപ്പലിശ ഒഴിവാക്കും. അഞ്ചുവർഷത്തിനു മുകളിലുള്ള കുടിശികകൾക്കു പലിശയും ഒഴിവാക്കും. അഞ്ചുവർഷത്തിനു താഴെ കുടിശിക വന്നവയിൽ 80 ശതമാനം വരെ പലിശ ഇളവു നൽകുന്നതിന് അദാലത്ത് കമ്മിറ്റിക്കു തീരുമാനിക്കാം. മരണം, അതുപോലെയുള്ള അത്യാഹിതങ്ങൾ മൂലം വായ്പാ കുടിശികയായിട്ടുണ്ടെങ്കിൽ അവർക്ക് മൂലധനത്തിൽ ഇളവുനൽകുന്നതിനും അദാലത്ത് കമ്മിറ്റിക്ക് അധികാരമുണ്ട്.
ഇതോടൊപ്പം പ്രതിസന്ധിയിൽപ്പെട്ടവർക്ക് ഉദാരനിരക്കിൽ വായ്പ നൽകുന്നതിനും കെഎസ്എഫ്ഇ തീരുമാനിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികൾക്കും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കും അടിയന്തര സഹായമായി മൂന്നു ശതമാനം പലിശനിരക്കിൽ ഒരുലക്ഷം രൂപയുടെ വരെ സ്വർണപ്പണയ വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന വ്യാപാരസമൂഹത്തെ സഹായിക്കുന്നതിനായി മൂന്നു വ്യാപാരികൾ പരസ്പരം ജാമ്യം നിന്നാൽ ഒരു ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതി നടപ്പാക്കും.
നിർത്തിവച്ചിരിക്കുന്ന സുവർണജൂബിലി ചിട്ടിയും ഉടൻ പുനരാരംഭിക്കും. കേന്ദ്രസർക്കാരിന്റെ പാക്കേജിൽ 50,000 കോടി രൂപ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കു നീക്കിവച്ചിട്ടുണ്ടെങ്കിലും വായ്പ ലഭിക്കാത്ത സ്ഥിതിയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഇക്കുതന്നെ അത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഊർജിതമായി നിക്ഷേപസമാഹരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ നിക്ഷേപങ്ങൾക്കും പലിശ ഉയർത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ചിട്ടിപ്പണം നിക്ഷേപത്തിന് 7.75 ശതമാനം പലിശ
മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടിൽ നിന്ന് 8.5 ശതമാനമായി ഉയർത്തി. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ വായ്പാനിരക്ക് 4.75 ശതമാനത്തിൽനിന്ന് ഏഴു ശതമാനമാക്കി.
പൊതുവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഏഴിൽ നിന്ന് 7.25 ശതമാനമായി ഉയർത്തി. ചിട്ടിപ്പണം നിക്ഷേപത്തിന്റെ പലിശ 7.5 ശതമാനത്തിൽ നിന്ന് 7.75 ശതമാനമാക്കി. ചിട്ടിയിന്മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ട് ശതമാനത്തിൽനിന്ന് എട്ടര ശതമാനമാക്കി. സുഗമ നിക്ഷേപം/ സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.5 ശതമാനത്തിൽനിന്ന് 6.5 ശതമാനമാക്കി.
ചിട്ടിത്തുക മുൻകൂർ
കെഎസ്എഫ്ഇയുടെ രണ്ടു വർഷം കാലാവധിയുള്ള ഫിക്സഡ് ഡിവിഡന്റ് ചിട്ടിയിൽ (ഗ്രൂപ്പ് ഫിനാൻസ് സ്കീം) നാലു മാസത്തിനു ശേഷം ആവശ്യക്കാർക്കെല്ലാം ചിട്ടിത്തുക മുൻകൂറായി നൽകും. തുക വൈകി വാങ്ങുന്നവർക്ക് കൂടുതൽ തുക ലഭിക്കും. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ശാഖകളിൽ പദ്ധതി നടപ്പാക്കും. ഈ സാമ്പത്തികവർഷം ഇത്തരത്തിലുള്ള ആയിരം ചിട്ടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
12 തുല്യമാസത്തവണകളായി അടയ്ക്കാൻ കഴിയുന്ന ജനമിത്രം സ്വർണപ്പണയ വായ്പയിൽ ഒരാൾക്ക് പത്തു ലക്ഷം രൂപ വരെ 5.7 ശതമാനം പലിശനിരക്കിൽ ലഭിക്കും. സുവർണജൂബിലി ചിട്ടിയുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചിട്ടിപ്പണം അടയ്ക്കാനും സംവിധാനം ഏർപ്പെടുത്തി. www.ksfe.com ൽ ലിങ്ക് ലഭ്യമാണ്.
സൗഹൃദ സ്വർണപ്പണയ വായ്പ, പ്രവാസിമിത്രം സ്വർണപ്പണയ വായ്പ, നിവാസി സൗഹൃദ പാക്കേജിലെ പ്രത്യേക സ്വർണപ്പണയ വായ്പ, വ്യാപാരസമൃദ്ധി വായ്പ എന്നിവയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.