മുംബൈ: രാജ്യത്തിന്റെ റേറ്റിംഗ് താഴ്ത്തിയ മൂഡീസ്, പ്രമുഖ ഇന്ത്യൻ കന്പനികളുടെ റേറ്റിംഗും താഴ്ത്തി. ഇൻഫോസിസ് ടെക്നോളജീസ്, ടിസിഎസ്, ഒഎൻജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, എക്സിം ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഇങ്ങനെ താഴ്ത്തപ്പെട്ടവയിൽപ്പെടുന്നു.
എൻടിപിസി, എന്എച്ച്പിസി, ഗെയിൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയുടെ റേറ്റിംഗും താഴ്ത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ റേറ്റിംഗ് താഴ്ത്തിയില്ലെങ്കിലും ഭാവിസാധ്യത നെഗറ്റീവ് ആക്കി.
നിക്ഷേപയോഗ്യമായവയിൽ ഏറ്റവും താണ ബിഎഎ3(നെഗറ്റീവ്) എന്ന റേറ്റിംഗിലേക്കാണ് തിങ്കളാഴ്ച മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയെ താഴ്ത്തിയത്. 2017-ൽ ബിഎഎ2 ലേക്ക് ഉയർത്തിയതായിരുന്നു.
1998-ൽ ഇന്ത്യ അണുബോംബ് പരീക്ഷിച്ചതിനെത്തുടർന്നാണ് ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തിയത്. പിന്നീട് രണ്ടുതവണ റേറ്റിംഗ് കൂട്ടി. 22 വർഷത്തിനു ശേഷമാണ് ഇപ്പോഴത്തെ റേറ്റിംഗ് താഴ്ത്തൽ.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ,എച്ച്പിസിഎൽ, ഓയിൽ ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയവയുടെ റേറ്റിംഗും താഴ്ത്തി.
റേറ്റിംഗ് താഴുന്പോൾ വിദേശത്തുനിന്നെടുക്കുന്ന വായ്പയ്ക്കു പലിശ കൂടും. ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ വിദേശകടം എടുക്കാറില്ല. ബഹുരാഷ്ട്ര സ്ഥാപനങ്ങളായ ലോകബാങ്കും എഡിബിയും മറ്റും നൽകുന്ന ദീർഘകാല വികസനവായ്പകൾ വാങ്ങാറുണ്ടെങ്കിലും അവയ്ക്ക് ഈ റേറ്റിംഗ് ബാധകമല്ല.
എന്നാൽ രാജ്യത്തെ പ്രമുഖ കന്പനികൾ ധാരാളം വാണിജ്യവായ്പകൾ വിദേശബാങ്കുകളിൽനിന്ന് എടുക്കാറുണ്ട്. വിദേശത്ത് കടപ്പത്രം വിൽക്കാറുമുണ്ട്.
ഇവയ്ക്കെല്ലാം റേറ്റിംഗ് താണതു മൂലം പലിശനിരക്ക് കൂടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.