ഒാൺലൈൻ പർച്ചേസ് നടത്തുമ്പോൾ സൂക്ഷിക്കുക!
30,000 രൂപ വിലയുള്ള സ്മാർട്ട്ഫോണ്‍ 3,000 രൂപയ്ക്ക്! ഇങ്ങനെയൊരു ഡീൽ ഓഫർ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമാണ്. എന്നാൽ, ഇവ വ്യാജമാണെന്നു പലേടത്തുനിന്നും പരാതി ഉയർന്നുകഴിഞ്ഞു. പണമടച്ചു ബുക്ക് ചെയ്തവർക്കു ഫോണ്‍ കിട്ടിയിട്ടില്ലെന്നു ഫേസ്ബുക്കിൽതന്നെ പലരും പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഒാൺലൈനിൽ ഒരു പർച്ചേസ് നടത്തുന്പോൾ അത്യാവശ്യം ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ!
* ഒന്നാമതായി പരസ്യം ചെയ്യുന്നത് ഏതെങ്കിലും കന്പനിയുടെയോ ബ്രാൻഡിന്റെയോ ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് ആണോ എന്നുറപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ ഷോപ്പിംഗ് സൈറ്റുകൾക്കെല്ലാം വെരിഫൈഡ് സിംബൽ അഥവാ ബ്ലൂ ടിക് ഉണ്ട്. ഇങ്ങനെ ഫേസ്ബുക്ക് ഒറിജിനൽ അഥവാ ഒൗദ്യോഗികം എന്ന് അംഗീകരിച്ച പേജിലാണ് ഓഫറുകൾ എന്ന് ഉറപ്പാക്കുക.
* ഓഫറുകൾ നൽകുന്ന സൈറ്റിന് എത്രമാത്രം പോപ്പുലാരിറ്റി ഉണ്ടെന്നതും പരിശോധിക്കുക. വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജിൽ നോക്കിയാലും സൈറ്റിന് എത്ര പഴക്കമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.
* സേവനം നൽകുന്ന സെല്ലർ ആരാണെന്നു മനസിലാക്കുക. ഓണ്‍ലൈൻ ഷോപ്പിംഗ് നടത്തുന്ന മിക്കവരും സെല്ലർ ആരെന്നു ശ്രദ്ധിക്കാറില്ല.
ജനപ്രിയ ഷോപ്പിംഗ് സൈറ്റുകളായ ഫ്ളിപ്കാർട്ട്, ആമസോണ്‍ പോലുള്ളവയിൽ പോലും വ്യാജ സെല്ലർമാർ കടന്നുകൂടുകയും ഓർഡർ ചെയ്തതിൽനിന്നു വ്യത്യസ്തമായ ഉത്പന്നങ്ങൾ നൽകുകയും ചെയ്തതു പലതവണ വാർത്തയായിട്ടുണ്ട്. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ ഫ്ളിപ്കാർട്ട് പോലുള്ള സൈറ്റുകളിൽ പരാതിപ്പെടാനും പ്രശ്നത്തിനു പരിഹാരം കാണാനും ചിലപ്പോഴെങ്കിലും സാധിക്കും.
ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകൾ
ഫ്ളിപ്കാർട്ട്, ആമസോണ്‍ പോലുള്ള ഷോപ്പിംഗ് സൈറ്റുകൾ അവരുടെ ഉത്പന്നങ്ങൾ നേരിട്ടു വിൽക്കുകയല്ല ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത സെല്ലർമാരാണു വസ്തുക്കൾ വിൽക്കുന്നത്. ഏതൊരു പ്രൊഡക്ടിന്റെ കൂടെയും സെല്ലറിന്റെ വിശദാംശങ്ങളും പ്രധാന ഷോപ്പിംഗ് സൈറ്റുകൾ നൽകാറുണ്ട്.
ഈ ഡീലർമാരെയോ സെല്ലർമാരെയോ ബന്ധപ്പെടാനുള്ള സൗകര്യവും ഈ സൈറ്റുകൾ നൽകുന്നുണ്ട്. അവരുടെ റീപ്ലേസ്മെന്റ് പോളിസി അടക്കമുള്ള വിശദാംശങ്ങളും സൈറ്റിൽ ലഭ്യമാണ്.
കേടുപാടുകൾ സംഭവിച്ചാൽ എങ്ങനെ മാറ്റിവാങ്ങാനാകുമെന്നും മാറ്റി നൽകുമോ എന്നുമൊക്കെ അറിയാൻ ഇതെല്ലാം വായിച്ചു നോക്കി ഉറപ്പാക്കിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങുകയാണ് ഏറ്റവും സുരക്ഷിതം.
മറ്റൊരു ചതി
ലോക്ക്ഡൗൺ കാലത്തു തട്ടിപ്പുകാർ മറ്റൊരു തന്ത്രവും പ്രയോഗിക്കുന്നുണ്ട്. ഇപ്പോൾ പല ഓഫറുകളിലും കോവിഡ് -19 മൂലം കാഷ് ഓണ്‍ ഡെലിവറി ഫെസിലിറ്റി ഇല്ലെന്നും ഡെലിവറി ചെയ്യാൻ കൂടുതൽ ദിവസങ്ങൾ വേണ്ടി വന്നേക്കാമെന്നും എഴുതി കാണിച്ചിട്ടുണ്ട്. ഇതു തട്ടിപ്പിനായി പലരും ഉപയോഗിക്കുന്നുണ്ട്. ഓർഡർ ചെയ്ത സാധനം കിട്ടാൻ വൈകിയാലും പലരും ലോക്ക്ഡൗൺ മൂലമാണെന്നു കരുതി കാത്തിരിക്കും. എത്തിക്കുമെന്നു പറഞ്ഞതിനേക്കാൾ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ വൈകിയാൽ തട്ടിപ്പ് സംശയിക്കണം.
മാക്സിൻ ഫ്രാൻസിസ്
രോഗവ്യാപനം തടയാനായില്ല; ലോക്ക് ഡൗൺ തകർത്തതു സന്പദ്ഘടന: രാജീവ് ബജാജ്
ന്യൂഡൽഹി: ലോകത്തെവിടെയും കാണാത്തത്ര തരത്തിൽ കഠിനമായ ലോക്ക്ഡൗൺ നടപ്പാക്കിയെങ്കിലും ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം തടയാനായില്ലെന്നും അതുവഴി സന്പദ്വ്യവസ്ഥ തകർന്നെന്നും പ്രമുഖ വ്യവസായി രാജീവ് ബജാജ്. തെറ്റായ വളവാണ് സർക്കാർ നിവർത്തിയത്. അത് വൈറസ് ബാധയുടെ വളവല്ല, ജിഡിപിയുടെ വളവാണെന്നും ഇന്നലെ രാഹുൽ ഗാന്ധിയുമായി നടത്തിയ അഭിമുഖത്തിൽ ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് കുറ്റപ്പെടുത്തി.
സാന്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും തുറക്കുകയെന്നതു ബാലികേറാമലയാണ്. സാന്പത്തിക വളർച്ച പഴയ നിലയിലേക്കു തിരിച്ചു കൊണ്ടുവരാൻ ഇനി എളുപ്പമല്ല. ജനങ്ങളുടെ മനസിലുള്ള ഭീതി മാറ്റുകയെന്നതാണ് പ്രശ്നം. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതിനായി കൃത്യവും വ്യക്തവുമായ പദ്ധതികൾ ഉണ്ടാകണമെന്നും രാജീവ് നിർദേശിച്ചു.
ജനങ്ങളുടെ മനസിൽ മരണത്തെക്കുറിച്ചുള്ള ഭീതി വളർത്തുകയാണു ലോക്ക്ഡൗണ്‍ ചെയ്തതെന്നും ഇതിൽ നിന്നു മോചനം നേടുക എളുപ്പമാകില്ലെന്നും രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു.
കോവിഡ് വ്യാപന പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞില്ല. എന്നാൽ പാശ്ചാത്യ വികസിത രാജ്യങ്ങളെ അനുകരിച്ചു നടപ്പാക്കിയ നിർദയമായ ലോക്ക്ഡൗണ്‍ മൂലം സന്പദ്വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. കർക്കശമായ ലോക്ക്ഡൗണ്‍ നടപ്പാക്കാനാണു നാം ശ്രമിച്ചത്. അതാകട്ടെ ചോർച്ചകളുള്ളതുമായിരുന്നു.
വായുപോലും കടക്കാത്ത തരത്തിലുള്ള കർശന ലോക്ക്ഡൗണ്‍ ആയിരുന്നു ലക്ഷ്യം. ഒരാളെയും കാണാതെ വീടിനുള്ളിൽ ഒതുങ്ങിക്കഴിയുകയെന്നതു പക്ഷേ, എന്നതും ലോകത്തൊരിടത്തും ഉണ്ടായില്ല. അതിനാൽ രോഗവ്യാപനം തടയാനുമായില്ല, പകരം സന്പദ്ഘടന തകരുകയും ചെയ്തു- രാജീവ് ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
എയർടെലിൽ പണം മുടക്കാൻ ആമസോൺ
ന്യൂഡൽഹി: മൊബൈൽ സേവന കന്പനിയായ ഭാരതി എയർടെലിൽ ഓഹരിയെടുക്കാൻ ഓൺലൈൻ വ്യാപാരഭീമൻ ആമസോൺ.
200 കോടി ഡോളർ (15,000 കോടി രൂപ) മുടക്കി എയർടെലിന്റെ അഞ്ചു ശതമാനം ഓഹരി വാങ്ങാനാണു ശ്രമമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സുനിൽ ഭാരതി മിത്തൽ നയിക്കുന്ന എയർടെലിനു 30 കോടിയിലേറെ വരിക്കാർ ഉണ്ട്. ഇപ്പോൾ രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വർക്കാണ് എയർടെലിന്റേത്.
കീസ് ടു സേഫ്റ്റി പാക്കേജുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചി: വാഹനവിപണിയിലെ കോവിഡ് -19 പ്രതിസന്ധി മറികടക്കാൻ ടാറ്റ മോട്ടോഴ്സ് കീസ് ടു സേഫ്റ്റി എന്ന പേരിൽ പുതിയ പാക്കേജ് പ്രഖ്യാപിച്ചു.
ടാറ്റയുടെ ഹാച്ച് ബാക്ക്, സെഡാൻ, എസ് യുവി ശ്രേണികളിലെ ടിയാഗോ, ടിഗോർ, നെക്സണ്‍, ഹാരിയർ തുടങ്ങിയ വാഹനങ്ങൾ ആകർഷകമായ ആനുകൂല്യങ്ങളിൽ ലഭ്യമാകും.ഇഎംഐ പ്ലാൻ ഉപയോഗിച്ച് ആറ് മാസത്തേക്ക് 5,000 രൂപയിൽ ആരംഭിക്കുന്ന മാസതവണകളായി ഫിനാൻസ് ചെയ്ത് ഉപയോക്താക്കൾക്ക് 4-സ്റ്റാർ ജിഎൻസിഎപി സുരക്ഷാ റേറ്റുള്ള ടാറ്റ ടിയാഗോയുടെ ഇഷ്ടമുള്ള വേരിയന്റ് സ്വന്തമാക്കാം.
സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,280 രൂപയായും പവന് 34,240 രൂപയായും കുറഞ്ഞു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു.
ഇന്ത്യൻ കന്പനികളുടെ റേറ്റിംഗ് താഴ്ത്തി
മുംബൈ: രാജ്യത്തിന്റെ റേറ്റിംഗ് താഴ്ത്തിയ മൂഡീസ്, പ്രമുഖ ഇന്ത്യൻ കന്പനികളുടെ റേറ്റിംഗും താഴ്ത്തി. ഇൻഫോസിസ് ടെക്നോളജീസ്, ടിസിഎസ്, ഒഎൻജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, എക്സിം ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഇങ്ങനെ താഴ്ത്തപ്പെട്ടവയിൽപ്പെടുന്നു.
എൻടിപിസി, എന്‍എച്ച്പിസി, ഗെയിൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയുടെ റേറ്റിംഗും താഴ്ത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ റേറ്റിംഗ് താഴ്ത്തിയില്ലെങ്കിലും ഭാവിസാധ്യത നെഗറ്റീവ് ആക്കി.
നിക്ഷേപയോഗ്യമായവയിൽ ഏറ്റവും താണ ബിഎഎ3(നെഗറ്റീവ്) എന്ന റേറ്റിംഗിലേക്കാണ് തിങ്കളാഴ്ച മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയെ താഴ്ത്തിയത്. 2017-ൽ ബിഎഎ2 ലേക്ക് ഉയർത്തിയതായിരുന്നു.
1998-ൽ ഇന്ത്യ അണുബോംബ് പരീക്ഷിച്ചതിനെത്തുടർന്നാണ് ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തിയത്. പിന്നീട് രണ്ടുതവണ റേറ്റിംഗ് കൂട്ടി. 22 വർഷത്തിനു ശേഷമാണ് ഇപ്പോഴത്തെ റേറ്റിംഗ് താഴ്ത്തൽ.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ,എച്ച്പിസിഎൽ, ഓയിൽ ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയവയുടെ റേറ്റിംഗും താഴ്ത്തി.
റേറ്റിംഗ് താഴുന്പോൾ വിദേശത്തുനിന്നെടുക്കുന്ന വായ്പയ്ക്കു പലിശ കൂടും. ഇന്ത്യാ ഗവൺമെന്റ് ഇപ്പോൾ വിദേശകടം എടുക്കാറില്ല. ബഹുരാഷ്ട്ര സ്ഥാപനങ്ങളായ ലോകബാങ്കും എഡിബിയും മറ്റും നൽകുന്ന ദീർഘകാല വികസനവായ്പകൾ വാങ്ങാറുണ്ടെങ്കിലും അവയ്ക്ക് ഈ റേറ്റിംഗ് ബാധകമല്ല.
എന്നാൽ രാജ്യത്തെ പ്രമുഖ കന്പനികൾ ധാരാളം വാണിജ്യവായ്പകൾ വിദേശബാങ്കുകളിൽനിന്ന് എടുക്കാറുണ്ട്. വിദേശത്ത് കടപ്പത്രം വിൽക്കാറുമുണ്ട്.
ഇവയ്ക്കെല്ലാം റേറ്റിംഗ് താണതു മൂലം പലിശനിരക്ക് കൂടും.
ഓഹരികൾ വീണ്ടും മുന്നോട്ട്
മുംബൈ: നിഫ്റ്റി വീണ്ടും പതിനായിരത്തിനു മുകളിലെത്തി. തുടർച്ചയായ ആറാം ദിവസവും സൂചികകൾ ഉയർന്നതും 2020-ലെ റിക്കാർഡായി. ബാങ്കിംഗ്, ഫിനാൻസ് കന്പനികൾക്കു വലിയ ഡിമാൻഡ് കണ്ടു. റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഇഷ്യു വിജയകരമായതും വിപണിയെ സന്തോഷിപ്പിച്ചു.
സെൻസെക്സ് ഒരവസരത്തിൽ 34,488.69 വരെ ഉയർന്നതാണ്. പിന്നീട് 284.01 പോയിന്റ് (0.84 ശതമാനം) നേട്ടത്തിൽ 34,109.54-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82.45 പോയിന്റ് ഉയർന്ന് 10,061.55-ൽ ക്ലോസ് ചെയ്തു. മാർച്ച് 11-നു ശേഷം ആദ്യമാണ് 10,000-നു മുകളിൽ നിഫ്റ്റി ക്ലോസ് ചെയ്യുന്നത്.
വിദേശനിക്ഷേപകർ ഈ ദിനങ്ങളിൽ ഇന്ത്യൻ ഓഹരികൾ കാര്യമായി വാങ്ങുന്നുണ്ട്. ചൊവ്വാഴ്ച 7498 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങിക്കൂട്ടി
ധനലക്ഷ്മി ബാങ്ക് പലിശ കുറച്ചു
തൃശൂർ: ധനലക്ഷ്മി ബാങ്ക് വായ്പകൾക്കുള്ള പലിശനിരക്കു കുറച്ചു. ഒരു വർഷം വരെയുള്ള വായ്പയ്ക്ക് 9.20 ശതമാനത്തിൽനിന്ന് 9.05 ശതമാനമാക്കി.
മൂന്നുമുതൽ ആറുവരെ മാസത്തെ വായ്പയ്ക്ക് 9.10 ശതമാനത്തിൽനിന്ന് 8.95 ശതമാനമാക്കി.
ഫെബ്രുവരി മുതൽ നാലാം തവണയാണു പലിശ കുറയ്ക്കുന്നത്.
എസ്ഐബി ഇൻസ്റ്റ അവതരിപ്പിച്ചു
തൃശൂർ: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ‘എസ്ഐബി ഇൻസ്റ്റ’ അവതരിപ്പിച്ചു. വേഗമേറിയതും പേപ്പർരഹിതവുമായ ഓണ്‍ലൈൻ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി ഇൻസ്റ്റ വളരെപ്പെട്ടെന്ന് അക്കൗണ്ട് തുറക്കാൻ സഹായിക്കും.
ആധാറും പാൻകാർഡുമുള്ളവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ ഉൾപ്പെടെയുള്ള ഉപാധികൾ വഴി വളരെ ലളിതമായി അക്കൗണ്ട് തുറക്കാൻ കഴിയും. ഈ സ്വയംസേവന മാതൃക ഇടപാടുകാർക്ക് ഇഷ്ടമുള്ള ശാഖ തെരഞ്ഞെടുക്കാനും ഉപകരിക്കും. സൗജന്യ വ്യക്തിഗത ഡെബിറ്റ് കാർഡ്, സൗജന്യ മൊബൈൽ ബാങ്കിംഗ് ആൻഡ് ഇന്റർനെറ്റ് ബാങ്കിംഗ്, എൻഇഎഫ്ടി / യുപിഐ വഴി സൗജന്യ ഫണ്ട് ട്രാൻസ്ഫർ എന്നിവയാണ് മറ്റു സവിശേഷതകൾ.
പരമാവധി പ്രയോജനപ്പെടുത്തുന്ന എസ്ഐബി ഇൻസ്റ്റ പോലുള്ളവ സുരക്ഷിതത്വവും സൗകര്യവും ഉറപ്പുനൽകുന്നുവെന്നു ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.
സ്വര്‍ണവിലയില്‍ മാറ്റം
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രാവിലെ സ്വര്‍ണവില കുറഞ്ഞെങ്കിലും ഉച്ചയോടെ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,315 രൂപയും പവന് 34,520 രൂപയിലുമെത്തി.
കൊപ്ര, കുരുമുളക് വിലസ്ഥിരത ഉറപ്പാക്കാൻ നടപടി വേണം: മന്ത്രി വി.എസ്. സുനിൽകുമാർ
തിരുവനന്തപുരം: കൊപ്ര, കുരുമുളക്, ജാതി എന്നിവയുടെ വിലസ്ഥിരത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്ര കൃഷി സഹമന്ത്രി നരേന്ദ്രസിംഗ് തോമർ, കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഘോയൽ എന്നിവർക്ക് കത്തയച്ചു.
സംസ്ഥാനം ആവശ്യപ്പെട്ടതിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് 2020 സീസണിൽ കൊപ്രയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചത്. എങ്കിലും ക്വിന്റലിന് 9960 രൂപ താങ്ങുവില ഏർപ്പെടുത്തിയതിന് മന്ത്രി നന്ദി അറിയിച്ചു. കഴിഞ്ഞവർഷം പച്ചത്തേങ്ങയ്ക്ക് 42.25 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും സംഭരണം നടന്നില്ല. അതിനാൽ 42.25 രൂപയായി താങ്ങുവില വർധിപ്പിക്കേണ്ടതാണ്.
കുറച്ചുവർഷമായി കുരുമുളക് വില ഇടിയുകയാണ്. 2014-15-ൽ 686.64 രൂപയുണ്ടായിരുന്നത് 2018-19-ൽ 378.21 രൂപയായി ഇടിഞ്ഞു. ശ്രീലങ്കയുമായുളള സ്വതന്ത്ര വ്യാപാര കരാറാണ് വിലയിടിവിനു പ്രധാന കാരണം. കുരുമുളകിന് കുറഞ്ഞ ഇറക്കുമതി നിരക്ക് ചുമത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യ- ശ്രീലങ്ക കരാർ വന്നതോടെ ജാതിയും ജാതിപത്രിയും ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യുകയാണ്. കർഷകരെ സഹായിക്കാനായി ജാതിയുടെ ഇറക്കുമതിച്ചുങ്കം എട്ടുശതമാനമാനമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കെഎസ്യുഎമ്മിന്റെ ബിസിനസ് ടു സ്റ്റാര്ട്ടപ്സിനു തുടക്കമായി
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ് യുഎം) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്കു തുടക്കമായി.
ആദ്യറൗണ്ട് ടേബിള്‍ സെഷനില്‍ സംസ്ഥാന ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി എം. ശിവശങ്കര്‍, കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.
ജിടെക്, സിഐഐ, ടൈ കേരള, ഗ്രേറ്റ് മലബാര്‍ ഇനിഷ്യേറ്റീവ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കാലിക്കട്ട് മാനേജ്മെന്റ് അസോസിയേഷന്, കെഎസ്എസ്ഐഎ കൊച്ചി, ലൈഫ്ലൈന് ചേംബര്‍, എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇരുപത്തഞ്ചോളം സംഘടനകള്‍, ബിപിസിഎല്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എന്നിവയുടെ തൊണ്ണൂറോളം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുംബൈ: മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് താഴ്ത്തിയതിനെ തെല്ലും കണക്കാക്കാതെ ഓഹരിവിപണി ഉയരത്തിലേക്ക്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഓഹരി സൂചികകൾ കയറുന്നത്.
സെൻസെക്സ് 522.01 പോയിന്റ് (1.57 ശതമാനം) കയറി 33825.53 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 152.95 പോയിന്റ് (1.56 ശതമാനം) ഉയർന്ന് 9979.1-ൽ അവസാനിച്ചു.
എട്ടു ശതമാനം ഉയർന്ന ബജാജ് ഫിനാൻസ് ആയിരുന്നു ഇന്നലെ താരം. റിയൽ എസ്റ്റേറ്റ്, ബാങ്ക്, ഫിനാൻസ് ഓഹരികൾ നല്ല നേട്ടമുണ്ടാക്കി.
ഗാലക്സി എം11, എം01 വിപണിയിൽ
മുംബൈ: സാംസംഗിന്റെ ഗാലക്സി എം ശ്രേണിയിലെ ഏറ്റവും പുതിയ മോഡലുകളായ ഗാലക്സി എം11 , ഗാലക്സി എം 01 എന്നിവ കന്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് സ്റ്റോറുകളിൽനിന്നും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽനിന്നും ഫോൺ ലഭ്യമാണ്.
ഗാലക്സി എം11
3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയും 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയുമാണ് വില. 6.4 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ് ഡ്രാഗണ്‍ പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, മൂന്ന് പിൻകാമറകൾ(13എംപി, 5 എംപി, 2 എംപി ) എട്ട് എംപിയുടെ സെൽഫി കാമറ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
ഗാലക്സി എം01
3ജിബി റാമും 32 ജിബി സ്റ്റോറേജുമുളള ഒരു വേരിയന്റ്മാത്രമാണ് കന്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വില: 8999 രൂപ. 5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ് ഡ്രാഗണ്‍ പ്രോസസർ, 4000 എംഎഎച്ച് ബാറ്ററി. 13 എംപിയുടെയും രണ്ടു എംപിയുടെയും രണ്ടു പിൻകാമറകൾ, 5എംപിയുടെ സെൽഫി കാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
വി ഗാര്‍ഡ്: ലാഭവര്‍ധന 12 ശതമാനം
കൊച്ചി: രാജ്യത്തെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് കന്പനിയായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാര്‍ച്ച് 31ന് അവസാനിച്ച 2019-20 നാലാം പാദത്തിലെയും പൂര്‍ണ സാന്പത്തിക വര്‍ഷത്തിലെയും പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. നികുതിക്കുശേഷമുള്ള മൊത്തലാഭം 188.25 കോടി രൂപ. മുന്‍ കൊല്ലത്തെ (168 കോടി) അപേക്ഷിച്ച് 12 ശതമാനം വര്‍ധനയാണു കന്പനി നേടിയിരിക്കുന്നത്.
പാദത്തിലെ മൊത്തം പ്രവര്‍ത്തന വരുമാനം 541.14 കോടി രൂപ. മുന്‍ കൊല്ലം ഇതേ കാലയളവിലെ വരുമാനത്തില്‍ (745.78 കോടി) നിന്ന് 27.45 ശതമാനം ഇടിവ്. കോവിഡ് 19 നേരിടാനുള്ള ദേശീയ ലോക്ക് ഡൗണ്‍ വിറ്റുവരവിനെയും ലാഭത്തെയും പ്രതികൂലമായി ബാധിച്ചു.
മൊത്തം പ്രവര്‍ത്തന വരുമാനം 2502.94 കോടി രൂപ. മുന്‍ കൊല്ലത്തെ വരുമാനത്തില്‍ (2594 കോടി) നിന്ന് 3.5ശതമാനം ഇടിവ്. 2019-20 സാന്പത്തികവര്‍ഷം തികഞ്ഞ വെല്ലുവിളി ഉയര്ത്തുന്നതായിരുന്നെന്ന് വി ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഈ വെല്ലുവിളിക്കിടയിലും ലാഭം ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഫാക്ടറി ഉത്പാദനം മേയിലും ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യത്തെ ഫാക്ടറി ഉത്പാദനം മേയ് മാസത്തിലും കുത്തനേ കുറഞ്ഞതായി സർവേ. ഐഎച്ച്എസ് മാർക്കിറ്റ് തയാറാക്കുന്ന പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) മേയിൽ 30.8 ആയിരുന്നു ;ഏപ്രിലിൽ 27.4 ഉം. പിഎംഐയിൽ 50നു താഴെ വന്നാൽ ചുരുങ്ങി എന്നും 50 നു മുകളിൽ വന്നാൽ വളർന്നു എന്നുമാണ് അർഥം. ഏപ്രിലിലേതു റിക്കാർഡ് താഴ്ചയാണ്.
മേയിൽ ചെറുതായി നില മെച്ചപ്പെട്ടു. എങ്കിലും രാജ്യത്തെ വ്യാവസായിക ഉത്പാദനം സാധാരണ നിലയിൽനിന്നു വളരെ താഴെയാണ്.
ഉത്പാദനം കുറഞ്ഞതോടൊപ്പം സ്ഥാപനങ്ങൾ ആളുകളെ പിരിച്ചുവിടുന്നതു വർധിക്കുകയും ചെയ്തു.പിഎംഐക്കു വേണ്ടി വിവരം ശേഖരിച്ചു തുടങ്ങിയശേഷമുള്ള ഏറ്റവും വലിയ പിരിച്ചു വിടീലാണ് ഇപ്പോൾ നടക്കുന്നത്.
മുംബൈ: ടിക് ടോക്കിന്റെ ഇന്ത്യൻ എതിരാളിയായി അറിയപ്പെട്ടിരുന്ന മിട്രോണ്‍ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് അപ്രത്യക്ഷ്യമായി. 50 ലക്ഷത്തോളം ഡൗണ്‍ലോഡ്സ് സ്വന്തമാക്കിയിരുന്ന മിട്രോണിന് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നുള്ള റിപ്പോർട്ടുകൾ വ്യാപകമായിരുന്നു.
അതേസമയം ആപ് പ്ലേസ്റ്റോറിൽനിന്ന് അധികൃതർ നീക്കം ചെയ്തതാണോ അതോ ആപ് ഡെവലപ്പേഴ്സ് തന്നെ പിൻവലിച്ചതാണോ എന്നു വ്യക്തമായിട്ടില്ല. പ്ലേസ്റ്റോറിൽനിന്ന് അപ്രത്യക്ഷമായ സ്ഥിതിക്ക് മിട്രോൺ ഇനി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും എത്രയും വേഗം ആപ് അണ്‍ഇൻസ്റ്റാൾ ചെയ്യണമെന്നും ടെക് വിദഗ്ധർ അറിയിച്ചു.
പാക്കിസ്ഥാനിലുള്ള ഏതാനും ആപ് ഡെവലപ്പേഴ്സ് രൂപപ്പെടുത്തിയ ടിക് ടിക് എന്ന ആപ്പിന്റെ തനിപ്പകർപ്പാണ് മിട്രോണെന്നും തുച്ഛമായ തുകയ്ക്ക് ഇവരിൽനിന്നു സോഴ്സ് കോഡ് വാങ്ങിയാണ് മിട്രോണ്‍ തുടങ്ങിയതെന്നും ആരോപണമുയർന്നിരുന്നു. ഐഐടി വിദ്യാർഥിയായ ഷിബാൻഗ് അഗർവാൾ ആണ് മിട്രോണിന്റെ ഉടമ.
സ്വര്‍ണവില റിക്കാര്‍ഡില്‍ തൊട്ടു; പിന്നെ താഴ്ന്നു
കൊച്ചി: സ്വര്‍ണം റിക്കാര്‍ഡ് വിലയില്‍ തൊട്ടശേഷം കുറഞ്ഞു. ഇന്നലെ രണ്ടുതവണ വിലമാറ്റം സംഭവിച്ച് ഗ്രാമിനു 4,350 രൂപയും പവന് 34,800 രൂപയുമായി. രാവിലെ ഗ്രാമിന് 20 രൂപയും പവനു 160 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡ് വിലയായ ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയുമെന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഉച്ചയായതോടെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. കഴിഞ്ഞമാസം 18നാണ് സ്വര്‍ണം സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചത്. കേരളത്തില്‍ സ്വര്‍ണ വ്യാപാരം മെച്ചപ്പെട്ടു വരുന്നതായി വ്യാപാരികള്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ സ്വര്‍ണാഭരണ വിപണനം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്തെ സ്വര്‍ണാഭരണ നിര്‍മാണ, മൊത്തവിതരണ മേഖലയില്‍ ഉണര്‍വ് പ്രകടമാണ്.
പഴയ സ്വർണത്തിന് മികച്ച വിലയുമായി മലബാർ ഗോൾഡ്
കോഴിക്കോട്: ഉപയോക്താക്കൾക്ക് മികച്ച വിലയിൽ പഴയ സ്വർണം വിൽക്കുന്നതിന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ അവസരം. ഏത് ജ്വല്ലറിയിൽനിന്ന് വാങ്ങിയ സ്വർണാഭരണമായാലും പരമാവധി മൂല്യത്തിൽ തിരിച്ചെടുക്കുന്ന ഉപഭോക്തൃ സൗഹൃദ സംവിധാനമാണ് നടപ്പാക്കുന്നത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മുഴുവൻ ഷോറൂമുകളിലും ഈ സൗകര്യം ലഭ്യമാകും.
മൈക്രോ വായ്പകളുമായി എസ്ബിഐ
കൊച്ചി: ചെറുകിട കാര്‍ഷിക, വാണിജ്യ മേഖലകളിലെയും, സാന്പത്തിക സേവനങ്ങള്‍ നല്കുന്ന രംഗങ്ങളിലെയും വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി എസ്ബിഐ പ്രത്യേക വിഭാഗം ആരംഭിച്ചു.
രാജ്യവ്യാപകമായുള്ള എണ്ണായിരത്തിലേറെ ശാഖകളിലൂടെയാണ് വായ്പകള്‍ നല്‍കുക. ബാങ്കിന്റെ 63,000 ത്തിലധികമുള്ള കസ്റ്റമര്‍ സര്‍വീസ് പോയന്റുകളിലൂടെ സേവനവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡിഎംഡി സഞ്ജീവ് നൗടിയാലായിരിക്കും പുതിയ വിഭാഗത്തിന്റെ മേധാവി.
മുംബൈ: ലോക്ക് ഡൗണിൽ അയവ് വന്നു തുടങ്ങിയ പശ്ചാത്തലത്തിൽ ഓഹരിവിപണി വലിയ ആവേശം കാണിച്ചു. സെൻസെക്സ് ഇന്നലെ 1250 പോയിന്റ് കുതിച്ചു കയറി. എങ്കിലും ഒടുവിൽ കുറേക്കുടി താഴെയാണു ക്ലോസ് ചെയ്തത്. റിലയൻസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ദ്വയങ്ങൾ തുടങ്ങിയവയാണ് സൂചികകളെ കാര്യമായി ഉയർത്തിയത്.
സെൻസെക്സ് 879.42 പോയിന്റ് (2.57 ശതമാനം) ഉയർന്ന് 33,303.52 -ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 245.85 പോയിന്റ്(2.57 ശതമാനം) കയറി 9826.15 ൽ ക്ലോസ് ചെയ്തു.
എംഎസ്എംഇ പാക്കേജ് കാബിനറ്റ് അംഗീകരിച്ചു
ന്യൂഡൽഹി: സൂക്ഷ്മ-ചെറുകിട- ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ നിർവചനം മാറ്റൽ അടക്കം അവയ്ക്കായി പ്രഖ്യാപിച്ച ധനകാര്യ പാക്കേജിനു കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. തെരുവു കച്ചവടക്കാർക്കു 10,000 രൂപ വീതം വായ്പ നൽകുന്ന പദ്ധതിക്കും അനുമതിയായി.
ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജിൽ ഉണ്ടായിരുന്ന നിർവചനത്തിൽ ഒരു മാറ്റം വരുത്തി. ഇടത്തരം വ്യവസായത്തിന്റെ ടേണോവർ പരിധി 250 കോടി രൂപയും മൂലധനനിക്ഷേപപരിധി 50 കോടി രൂപയും ആക്കിയതാണു മാറ്റം. സൂക്ഷ്മ യൂണിറ്റുകൾക്ക് ഒരു കോടി രൂപ നിക്ഷേപവും അഞ്ചുകോടി ടേണോവറുമാകാം. 10 കോടി നിക്ഷേപവും 50 കോടി ടേണോവറും ഉള്ളവയാണു ചെറുകിട വിഭാഗത്തിൽ വരിക.
ബുദ്ധിമുട്ടിലായ എംഎസ്എംഇകൾക്ക് നില്പുവായ്പയുടെ 20 ശതമാനം അധിക വായ്പയായി നൽകുന്നതാണു പ്രധാന പദ്ധതി. മൂന്നുലക്ഷം കോടി രൂപ ഇതുവഴി വായ്പ നൽകും. ഒരു വർഷം മോറട്ടോറിയത്തോടെ നാലുവർഷത്തേക്കാണു വായ്പ. വായ്പ കുടിശികയായവർക്കു മൂലധനം വർധിപ്പിക്കാനായി വേറൊരു വായ്പാ പദ്ധതി ഉണ്ട്. എംഎസ്എംഇകളിൽ മൂലധനനിക്ഷേപത്തിന് ഒരു ഫണ്ട് ഓഫ് ഫണ്ട്സ് ഉണ്ടാക്കുന്നതും പദ്ധതിയിൽപെടുന്നു.
തെരുവു കച്ചവടക്കാർക്ക് പതിനായിരം രൂപ വരെ വായ്പ നൽകുന്ന പദ്ധതി അന്‍പതുലക്ഷം പേരെ സഹായിക്കുമെന്നു കേന്ദ്രം കണക്കാക്കുന്നു.
ഭാരത് ഗ്യാസ് വാട്ട്സ് ആപ്പിൽ ബുക്ക് ചെയ്യാം
കോട്ടയം: ഭാരത് ഗ്യാസിന്റെ പാചക വാതക സിലിണ്ടറുകൾ വാട്ട്സ് ആപ് ഉപയോഗിച്ചു ബുക്ക് ചെയ്യാമെന്ന് ബിപിസിഎൽ എൽപിജി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ടി. പീതാംബരൻ അറിയിച്ചു. വാട്സ് ആപ് വഴി ബുക്കു ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉടൻതന്നെ കണ്ഫർമേഷൻ മെസേജും ലഭിക്കും.
ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്സ് ആപ് വഴി പാചകവാതകം ബുക്കു ചെയ്യാൻ ആദ്യം 1800224344 എന്ന നന്പർ ഫോണിൽ സേവ് ചെയ്യണം. തുടർന്ന് വാട്സ് ആപ് വഴി ഈ നന്പറിലേക്ക് "Hi' എന്ന സന്ദേശം അയയ്ക്കുക. തുടർന്ന് ‘ Book’ എന്നോ "1' എന്നോ അയച്ചാൽ പാചകവാതകം ബുക്ക് ചെയ്യാനാകും. ഗ്യാസ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന മെസേജിൽ ഓണ്‍ലൈനായി പണമടയ്ക്കാനുള്ള ലിങ്കും ലഭിക്കും.
ആദായനികുതി റിട്ടേണുകൾ പരിഷ്കരിച്ചു
ന്യൂഡൽഹി: ഇൻകംടാക്സ് റിട്ടേൺ ഫോമുകൾ പരിഷ്കരിച്ചു. 2019-20 ലെ വരുമാനത്തിനുള്ള റിട്ടേണുകൾ കോവിഡ് മൂലമുള്ള ഇളവുകളുടെ അടിസ്ഥാനത്തിലാണു പരിഷ്കരിച്ചത്.
കോവിഡിനെ തുടർന്ന് 2019-20 ലെ നികുതിയിളവിനു വേണ്ട നിക്ഷേപങ്ങൾ 2020 ജൂൺ 30 വരെ നടത്താൻ അനുവദിച്ചിരുന്നു. ഈ നിക്ഷേപങ്ങൾ കൂടി ചേർക്കാവുന്ന വിധമാണ് പുതിയ റിട്ടേണുകൾ. ഒപ്പം ഉയർന്ന വരുമാനക്കാർ കൂടുതൽ ധനകാര്യ വിവരങ്ങൾ നൽകേണ്ടതുമുണ്ട്. വൈദ്യുതി ഉപയോഗം, വിദേശയാത്രച്ചെലവ് തുടങ്ങിയവ നിശ്ചിത പരിധിക്കു മുകളിലാണെങ്കിൽ റിട്ടേണിൽ വിശദീകരിക്കണം.
സ്വര്‍ണവില വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിനു 40 രൂപയുടെയും പവനു 320 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിനു 4,360 രൂപയും പവനു 34,880 രൂപയുമായി. കഴിഞ്ഞ മാസം 18നു ഗ്രാമിനു 4,380 രൂപയും പവനു 35,040 രൂപയും രേഖപ്പെടുത്തിയതാണ് സര്‍വകാല റിക്കാര്‍ഡ് വില.
കേരള ഫീഡ്സിന് 495.85 കോടിയുടെ വിറ്റുവരവ്
കൊച്ചി: പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 495.85 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടി. കോവിഡ് കാലത്തെ പ്രതികൂല അന്തരീക്ഷം മറികടന്നാണ് കന്പനി ഈ നേട്ടം കൈവരിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്.
ഒരു കിലോ കാലിത്തീറ്റയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 91 ശതമാനവും അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചെലവായിരുന്നു. എന്നാല്‍ ഇതനുസരിച്ച് കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കാന്‍ കേരള ഫീഡ്സ് തയാറായില്ലെന്ന് ചെയര്മാന് കെ.എസ്. ഇന്ദുശേഖരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ കാലിത്തീറ്റ കമ്പനികള്‍ അനിയന്ത്രിതമായി വില കൂട്ടാത്തതിനു കാരണം കേരള ഫീഡ്സിന്റെ വിപണി സാന്നിധ്യമാണ്. 2019ല്‍ വിപണി വിലയേക്കാള്‍ 130 ഓളം രൂപ വരെ കുറച്ചാണ് കേരള ഫീഡ്സിന്റെ കാലിത്തീറ്റ വിപണിയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ സമയത്ത് ക്ഷീരകര്‍ഷകര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള അവസരം കേരള ഫീഡ്സ് ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കൂടുതല്‍ സാന്നിധ്യമറിയിക്കാനും കമ്പനിക്ക് കഴിഞ്ഞെന്ന് എംഡി ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ട് കമ്പനിയുമായി ഇടപാടുകള്‍ നടത്തുന്നതിനു മൊബൈല്‍ ആപ്പ് തയാറായി വരികയാണ്. ഇതിലൂടെ കാലിത്തീറ്റ നേരിട്ട് ഓര്‍ഡര്‍ ചെയ്യാനും കര്‍ഷകര്‍ക്ക് സാധിക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ക്ഷീര ഫാമുകള്‍ ആരംഭിക്കാനായി ജൂലൈയില്‍ പരിശീലനം നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഓൺട്രപ്രണേറിയല്‍ വിഗര്‍ എന്നാകും ഈ പദ്ധതിയുടെ പേര്. കേരള ഫീഡ്സിന്റെ ബ്രാന്‍ഡ് അമ്പാസഡറും ക്ഷീരകര്‍ഷകനുമായ നടന് ജയറാമിന്റെ സാന്നിധ്യത്തിലായിരിക്കും ഈ പരിശീലനമെന്നും ഡോ. ശ്രീകുമാര്‍ പറഞ്ഞു.
ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കന്നുകുട്ടി പരിപാലന പദ്ധതി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയ്ക്ക് കേരള ഫീഡ്സ് മുടക്കം വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിനാശം വിതച്ച് വെട്ടുക്കിളികൾ
വിപണി വിശേഷം / കെ.ബി. ഉദയഭാനു വെട്ടുക്കിളികൾ നമ്മുടെ കർഷകരുടെ ഉറക്കം കെടുത്തുമോ ? കൃഷിവകുപ്പ് അടിയന്തര നീക്കം നടത്തേണ്ടത് അനിവാര്യം. കാലവർഷ മേഘങ്ങൾ കേരള തീരങ്ങളിൽ. ഏലക്ക ലേലം പുനരാരംഭിച്ചതു കർഷകർക്ക് ആശ്വാസമായി, കാലാവസ്ഥ അനുകൂലമായാൽ ബംപർ ഉത്പാദനം പ്രതീക്ഷിക്കാം. അന്തർസംസ്ഥാന വാങ്ങലുകാർ കുരുമുളക് വില ഉയർത്തി; ലക്ഷ്യം ഇറക്കുമതി ചരക്കിന് ഉയർന്ന ലാഭം ഉറപ്പുവരുത്തുക. കോവിഡ് പ്രശ്നങ്ങൾക്കിടയിൽ തമിഴ്നാട്ടിൽ കൊപ്രയ്ക്ക് ഡിമാൻഡ് മങ്ങി, വെളിച്ചെണ്ണ വില ഇടിഞ്ഞു. റബർ വ്യാപാരം പുനരാരംഭിച്ചെങ്കിലും വില പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. സ്വർണവിലയിൽ ചാഞ്ചാട്ടം.
പാക്കിസ്ഥാനിൽനിന്നുള്ള വെട്ടുക്കിളികൾ ഉത്തരേന്ത്യയും കടന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വ്യാപക ആക്രമണം നടത്തിയ അവ ഈ വാരം കേരളത്തിലെ കൃഷിയിടങ്ങളിലും താണ്ടവമാടാൻ ഇടയുണ്ട്. തമിഴ്നാട്ടിൽ റബർ, വാഴ കൃഷിത്തോട്ടങ്ങൾ വെട്ടുക്കിളികളുടെ ആക്രമണം നേരിട്ടു. സംസ്ഥാന കൃഷിവകുപ്പ് ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ റബർ മാത്രമല്ല, കയറ്റുമതി വിപണിയിൽ പ്രിയമേറിയ സുഗന്ധവ്യഞ്ജന കൃഷിയും വൻ പ്രതിസന്ധിയിൽ അകപ്പെടും. വിദേശ കീടനാശിനി എത്തിച്ചാൽ മാത്രമേ കേരളത്തിലെ കൃഷിയിടങ്ങളെ വെട്ടുക്കിളികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാനാവൂ.
ഏലം ![](/newsimages/cardamom_2019sept09.jpg)
ഏലക്കലേലം പുനരാരംഭിച്ചത് ഉത്പാദനമേഖലയ്ക്ക് ആശ്വാസമായി. മാർച്ച് രണ്ടാം പകുതിയിൽ ലേലം സ്തംഭിച്ചത് ഉത്പാദകരെയും വ്യാപാരികളെയും കയറ്റുമതി സമൂഹത്തെയും പ്രതിസന്ധിയിലാക്കി. ലോക്ക്ഡൗണിൽ കേരളം സ്തംഭിച്ചതിനാൽ വിഷു-ഈസ്റ്റർ വേളയിലെ വിൽപ്പനയും പിന്നീടു റംസാൻ ഡിമാൻഡും നഷ്ടപ്പെട്ടത് ഉത്പാദകർക്കു കനത്ത ആഘാതമായി.
ലേലം തുടങ്ങിയ സാഹചര്യത്തിൽ നിരക്ക് ഉയരുമെന്ന വിശ്വാസത്തിലാണു കർഷകർ. ഉത്തരേന്ത്യയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ അവർ വില ഉയർത്തിയും ശേഖരിക്കാം. കയറ്റുമതിക്കു പ്രിയമേറിയ എട്ട് എംഎം ചരക്കിനു ക്ഷാമം നേരിടുന്നുണ്ട്. ആദ്യലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 2410 രൂപയിൽ കൈമാറി. ഇതിനിടെ കാലവർഷം കേരളതീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. വേനൽമഴ പതിവിലും കൂടുതലായിരുന്നു. മാർച്ച്-മേയിൽ ഒമ്പത് ശതമാനം മഴ കൂടുതലായി ലഭിച്ചു. കാലവർഷം ചതിച്ചില്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം അടുത്ത സീസണിൽ ഉയരും. അതേസമയം കിടബാധകളുടെ ആക്രമണം തടയാനായില്ലെങ്കിൽ തിരിച്ചടിയാവും.
ഏതാനും വർഷങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്കു കയറ്റുമതി നടത്തിയ ഇന്ത്യൻ ഏലത്തിനു ഗംഭീര സ്വീകരണം ലഭിച്ചു. ആദ്യകയറ്റുമതിയായി 12 ടൺ സൗദിയിൽ ഇറക്കി. പുതിയ സാഹചര്യത്തിൽ കുടുതൽ ഓർഡറുകൾ എത്തുമെന്നാണു വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. നേരത്തേ പ്രതിവർഷം 3000‐3500 ടൺ എലക്ക സൗദി ശേഖരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങളും പതിവുപോലെ രംഗത്തെത്തുന്നത് ഉയർന്ന വിലയ്ക്ക് അവസരമൊരുക്കാം.
കുരുമുളക് ![](/newsimages/pepper_2019nov11.jpg)
കുരുമുളകിനായി അന്തർസംസ്ഥാന വ്യാപാരികൾ കാണിച്ച ഉത്സാഹം നിരക്കുയർത്തി. അധ്യയനവർഷാരംഭമായതിനാൽ പണത്തിനു നേരിട്ട ഞെരുക്കം കർഷകരെ വിൽപ്പനക്കാരാക്കി. പൗഡർ യൂണിറ്റുകൾ കുരുമുളക് ശേഖരിച്ചു. കാലവർഷം ആരംഭിക്കും മുമ്പേ ഉത്പന്നം ഗോഡൗണുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണു വ്യവസായികൾ. ഉത്പാദനകേന്ദ്രങ്ങളിൽനിന്നു ചെറുകിട വിപണികളിലേക്കും ടെർമിനൽ മാർക്കറ്റിലേക്കും ഉയർന്ന അളവിൽ മുളക് വിൽപ്പനയ്ക്കിറങ്ങി. കൊച്ചിയിൽ അൺഗാർബിൾഡ് മുളകിന് 30,500 രൂപയിൽനിന്ന് 30,900 രൂപയായി.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകു വില ടണ്ണിന് 4500 ഡോളറാണ്. മലബാർ മുളകിന് ആവശ്യക്കാരില്ല, അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് ചൈന കനത്ത തോതിൽ വിയറ്റ്നാം കുരുമുളക് ശേഖരിച്ചു. വിയറ്റ്നാം, ടണ്ണിന് 1900 ഡോളറിൽനിന്ന് അതിവേഗം നിരക്ക് 2500 ഡോളറാക്കി. വിയറ്റ്നാമിന്റെ നീക്കം കണ്ട് ഇന്തോനേഷ്യ വില 2200 ഡോളറായും ബ്രസീൽ 2100 ഡോളറായും മലേഷ്യ 2400 ഡോളറായും വർധിപ്പിച്ചു. ശ്രീലങ്ക 3000‐3500 ഡോളറിനു ചരക്ക് വാഗ്ദാനം ചെയ്തു. ശ്രീലങ്കയിൽ വിളവെടുപ്പിനു തുടക്കം കുറിച്ചതോടെ ഇന്ത്യയിലേക്ക് അവിടെനിന്നുള്ള ചരക്ക് എത്തിയാൽ ആഭ്യന്തര കർഷകർക്കു തിരിച്ചടിയാവും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 400 രൂപ ഉയർന്നു 32,900 രൂപയായി.
ജാതിക്ക ![](/newsimages/jathica_2020june01.jpg)
ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് അന്വേഷണങ്ങളുണ്ട്. മികച്ചയിനം ചരക്കു ശേഖരിക്കാൻ കയറ്റുമതി മേഖല താത്പര്യം കാണിച്ചു. വിളവെടുപ്പിനൊപ്പം ചരക്ക് സംസ്കരണവും പുരോഗമിക്കുന്നു. കറിമസാല നിർമാതാക്കളും ഔഷധവ്യവസായികളും ചരക്കു വാങ്ങുന്നുണ്ട്. ജാതിക്ക തൊണ്ടൻ 150‐ 175, തൊണ്ടില്ലാത്ത് 325‐350, ജാതിപത്രി 600‐800, ജാതി ഫ്ളവർ ചുവപ്പ് 900‐1100, ഫ്ളവർ മഞ്ഞ 1200‐1400 രൂപയിലും വിപണനം നടന്നു.
നാളികേരം ![](/newsimages/coccnut_2019sept09.jpg)
നാളികേരോത്പന്നങ്ങൾക്കു തിരിച്ചടി. വിളവെടുപ്പ് വേളയായതിനാൽ തമിഴ്നാട്ടിൽ പച്ചത്തേങ്ങയുടെ ലഭ്യത മുൻ മാസത്തെ അപേക്ഷിച്ച് ഇരട്ടിച്ചു. എന്നാൽ മില്ലുകാർ ചരക്ക് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം മൂലം കൊപ്ര വില 9200ൽനിന്ന് 8650 ലേക്ക് ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് അവിടെ വെളിച്ചെണ്ണയ്ക്ക് 1175 രൂപ കുറഞ്ഞ് 12,675 രൂപയായി. കൊച്ചിയിൽ കൊപ്ര 10,000ൽനിന്ന് 9495 രൂപയായി. എണ്ണവില ഇവിടെ 600 രൂപ കുറഞ്ഞ് 14,100 രൂപയായി. മാസാരംഭമായതിനാൽ പ്രാദേശിക വിപണികളിൽ ഈ വാരം വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയരാം.
റബർ ![](/newsimages/rubber1_2019sept16.jpg)
റബർ വ്യാപാരം രണ്ടുമാസത്തെ സ്തംഭനത്തിനുശേഷം പുനരാരംഭിച്ചെങ്കിലും ഷീറ്റുവില താഴ്ന്ന റേഞ്ചിൽ നീങ്ങിയത് ഉത്പാദകരെ നിരാശരാക്കി. കിലോയ്ക്കു 114 രൂപയിൽനിന്നു നാലാംഗ്രേഡ് 117വരെ കയറിയെങ്കിലും ഉത്പാദനച്ചെലവുകൾ കണക്കിലെടുത്താൽ ഈ വിലയ്ക്ക് ചരക്കു കൈമാറുന്നതു നഷ്ടക്കച്ചവടമാണെന്ന കാര്യം ടയർ ലോബിക്കും അറിയാം. എന്നാൽ താഴ്ന്ന വിലയ്ക്കു കിട്ടുന്നത്ര ഷീറ്റ് കൈക്കലാക്കുകയെന്ന നിലപാടിലായിരുന്നു പല കന്പനികളും. അനുകൂല കാലാവസ്ഥ കണ്ട് റബർവെട്ടിന് ഒരു വിഭാഗം കർഷകർ ഇറങ്ങി. എന്നാൽ കൂടുതൽ മേഖലകളിൽ ടാപ്പിംഗ് സജീവമാകുമെങ്കിൽ നിരക്കുയർത്താൻ വ്യവസായികൾ തയാറാവണം. അഞ്ചാം ഗ്രേഡ്10,500-11,000രൂപയിൽനിന്ന് 10,900‐11,500രൂപയായി. ലാറ്റക്സും ഒട്ടുപാലും 7000 രൂപയിൽ നിലകൊണ്ടു.
ബാങ്കോക്കിൽ നാലാം ഗ്രേഡിനു തുല്യമായ ചരക്ക് 10,800 രൂപയിലാണ്. ടോക്കോം എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണ്. സെപ്റ്റംബർ അവധി കിലോ 147യെന്നിലാണ്.
സ്വർണം ![](/newsimages/2019aug27gold1.jpg)
സ്വർണവില കുറഞ്ഞു. ആഭരണകേന്ദ്രങ്ങളിൽ പവൻ 34,800 രൂപയിൽനിന്ന് 34,200 ലേക്കു താഴ്ന്നെങ്കിലും ശനിയാഴ്ച പവൻ 34,560 രൂപയിലാണ്. ഗ്രാമിനു വില 4320 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1734 ഡോളറിൽനിന്ന് 1693 ഡോളർവരെ താഴ്ന്ന വേളയിൽ ഓപ്പറേറ്റർമാർ നിക്ഷേപകരായതോടെ നിരക്ക് വീണ്ടും ഉയർന്ന് 1735വരെ കയറിയെങ്കിലും ക്ലോസിംഗിൽ 1731 ഡോളറിലാണ്.
ഓഹരി അവലോകനം / സോണിയ ഭാനു
മൺസൂൺ വരവ് ആഘോഷമാക്കാൻ ഇന്ത്യൻ ഓഹരിഇൻഡെക്സുകൾ കച്ചമുറുക്കി; നിഫ്റ്റി 10,000 പോയിന്റിനെ ഉറ്റുനോക്കുന്നു. ആഭ്യന്തര -വിദേശ ഫണ്ടുകൾ മടിക്കെട്ടിൽ സൂക്ഷിച്ച പണം വാരിയെറിയാൻ കഴിഞ്ഞ ദിവസങ്ങളിൽ ഉത്സാഹിച്ചതു ചെറുകിട നിക്ഷേപകരെയും ആവേശംകൊള്ളിച്ചു. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്കു മുന്നിൽ പച്ചക്കൊടി ഉയർത്തി 30 പോയിന്റിലേക്കു നീങ്ങി.
മുൻ നിരയ്ക്കൊപ്പം രണ്ടാംനിര ഓഹരികളിലും ഉയർന്ന അളവിൽ ഇടപാടുകൾ നടന്നതോടെ മേയ് സീരീസ് ആവേശകരമായ അന്ത്യത്തിലേക്കു നീങ്ങി. ജൂൺ സീരീസ് വെടിക്കെട്ടോടെ ഇടപാടുകൾക്കു തുടക്കം കുറിച്ചു.
പ്രമുഖ ഇൻഡെക്സുകൾ ആറു ശതമാനം നേട്ടത്തിലാണ്. ബോംബെ സെൻസെക്സ് 1751പോയിന്റും നിഫ്റ്റി 541 പോയിന്റും കയറി. നിഫ്റ്റി 10,000 പോയിന്റിനെ ഉറ്റുനോക്കുന്നു. ചൈന‐ യൂറോപ്പിൽനിന്നുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റ് നേട്ടമാക്കി. അതേസമയം കോവിഡ് പ്രശ്നത്തിലെ യുഎസ്‐ബെയ്ജിംഗ് പോര് ആശങ്ക ഉളവാക്കുന്നു.
പ്രതീക്ഷിച്ചപോലെ ആദ്യദിനം തകർച്ചയിലായിരുന്നു, തുടർന്നു മൂന്നു ദിവസവും നേട്ടത്തിൽ നീങ്ങി. ഫണ്ടുകളും ഊഹക്കച്ചവടക്കാരും ഷോട്ട് കവറിംഗിനും റോൾ ഓവറിനും ഉത്സാഹിച്ചതോടെ മാർച്ചിനുശേഷം ആദ്യമായി സൂചിക പുതിയ തലങ്ങൾ താണ്ടി.
9099 പോയിന്റിൽ ഓപ്പൺ ചെയ്ത നിഫ്റ്റി ആദ്യദിനത്തിൽ 8996 ലേക്കിടിഞ്ഞശേഷം തിരിച്ചുവരവിൽ 9209‐9379 മേഖലയിലെ പ്രതിരോധങ്ങൾ തകർത്തതു നിക്ഷേപകരെ പുതിയ ബാധ്യതകൾക്കു പ്രേരിപ്പിച്ചു. ഒരവസരത്തിൽ 9598വരെ ചുവടുവച്ച നിഫ്റ്റി വ്യാപാരാന്ത്യം 9580 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റി 9786നെ ലക്ഷ്യമാക്കിയാകും ഇടപാടുകൾക്കു തുടക്കം കുറിക്കുക. ക്ലോസിംഗിനെ അപേക്ഷിച്ച് 206 പോയിന്റ് അകലെയാണ് ആദ്യ പ്രതിരോധം. ഇന്നും നാളെയും ഫണ്ടുകൾ വിപണിയോടു കാണിക്കുന്ന വിശ്വാസത്തെ ആസ്പദമാക്കിയാവും മുന്നോട്ടുള്ള ഓരോ ചുവടുവയ്പും. ആദ്യ തടസം മറികടന്നാൽ 9993 പോയിന്റ് കീടക്കാൻ ശ്രമിക്കും. ഈ വാരം നിർമിക്കുന്ന അടിത്തറയാവും മാസത്തിന്റെ രണ്ടാം പകുതിയിൽ 10,595 പോയിന്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കാൽവയ്പ്. സൂചിക 21, 50, 200 ദിവസങ്ങളിലെ ശരാശരിക്കു മുകളിലാണ്. സെൽ പ്രഷർ ഉടലെടുത്താൽ 9184-8798വരെ സാങ്കേതിക പരീക്ഷണങ്ങൾ തുടരാം.
നിഫ്റ്റിയുടെ പ്രതിദിന ചാർട്ട് വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ ബുള്ളിഷായി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടാണ്.
കാഷ് മാർക്കറ്റിനെ അപേക്ഷിച്ചു ജൂൺ സീരീസിന്റെ ചലനങ്ങൾ നിർണായകമാവും. നിഫ്റ്റി 9461ൽ വ്യാപാരം അവസാനിച്ചു, അതായത് റെഡിയെക്കാൾ 100 പോയിന്റ് താഴ്ന്ന്. ഇത്തരം വൻ അന്തരം അപൂർവമാണ്. 9655ലേക്ക് ഉയരാൻ ശ്രമം നടത്താം, ഈ കടന്പ ഭേദിച്ചാൽ ബുൾ റാലി തുടരാം. ജൂൺ സീരീസിന് 9225 ലാണ് ആദ്യസപ്പോർട്ട്.
ബോംബെ സെൻസെക്സ് 30,864ലാണ് ട്രേഡിംഗിനു തുടക്കം കുറിച്ചത്. ആദ്യദിനത്തിൽതന്നെ 30,512 ലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് സൂചിക 32,512വരെ കയറി, ക്ലോസിംഗിൽ 32,424 പോയിന്റിലാണ്. ഈ വാരം 33,098‐33,773റേഞ്ചിൽ പ്രതിരോധമുണ്ട്. 31,130ലെ ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ സെൻസെക്സ് 29,837ലേക്ക് തളരാം.
വിദേശഫണ്ടുകൾ മൂന്നാം മാസവും വിൽപ്പനക്കാരായി. മേയിൽ അവർ 7366 കോടി രൂപയുടെ ബാധ്യതകൾ വിറ്റു. ഏപ്രിലിൽ 15,403 കോടി രൂപയും മാർച്ചിൽ 1.1 ലക്ഷം രൂപയും അവർ പിൻവലിച്ചിരുന്നു. ജനുവരി-ഫെബ്രുവരി കാലയളവിൽ 9927 കോടി രൂപയുടെ ഓഹരി ശേഖരിച്ചു. ഇതിനിടെ കഴിഞ്ഞ വാരവും അവർ 8000 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് 32.20ൽനിന്ന് 29.56 ലേക്കു താഴ്ന്നങ്കിലും ക്ലോസിംഗിൽ 30.37ലാണ്. ഈവാരം 32.53ൽ പ്രതിരോധവും 26.30ൽ താങ്ങുമുണ്ട്. അതേസമയം ചാഞ്ചാട്ടത്തിൽ 23.50 ലേക്കു പരീക്ഷണങ്ങൾ നടത്തിയാൽ നിഫ്റ്റി 9800നു മുകളിൽ ഇടം കണ്ടെത്താം.
രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനു മുന്നിൽ 75.94ൽനിന്നു 75.40 ലേക്കു മികവു കാണിച്ചശേഷം 75.61 ലാണ്. ഈവാരം 75.04ലും 76.15 റേഞ്ചിൽ വിനിമയനിരക്ക് നീങ്ങാം.
ക്രൂഡ് ഓയിൽ അഞ്ചാഴ്ചയ്ക്കിടയിൽ ആദ്യമായി സമ്മർദത്തിലാണ്. വാരാന്ത്യം എണ്ണവില ബാരലിനു 35.18 ഡോളറിലാണ്. ഒപ്പെക്ക് അംഗരാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും റഷ്യയുടെ പിന്തുണയില്ല. ജൂൺ മധ്യം മുതൽ പ്രതിദിനം 9.7 ലക്ഷം ബാരലിന്റെ ഉത്പാദനം കുറയ്ക്കാൻ ഇടയുണ്ട്. വ്യാഴാഴ്ച നടക്കുന്ന അടിയന്തര യോഗം ഇതു സംബന്ധിച്ച് വ്യക്തമായ ചിത്രം പുറത്തുവിടും.
ഓണ്‍ലൈന്‍ ക്ലാസ് വെബ് കാമിന് പൊന്നുംവില
കൊച്ചി: സംസ്ഥാനത്ത് സ്കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേ വിപണിയില്‍ വെബ് കാമിന്റെ വില കുതിച്ചുയർന്നു. ലോക്ക് ഡൗണിനുമുമ്പ് 1000 രൂപയില്‍ കുറഞ്ഞ വെബ് കാമുകള്‍ സുലഭമായിരുന്നു. എന്നാൽ ഇപ്പോൾ കൂടിയ വിലയുടേതു മാത്രമേ വിപണിയിലുള്ളൂ. കുറഞ്ഞ വിലയുടെ വെബ് കാമുകള്‍ നേരത്തേ വിറ്റുപോയെന്നും സ്റ്റോക്കില്ലാത്തതാണു വിലവര്‍ധനയ്ക്ക് കാരണമായതെന്നു മാണ് വ്യാപാരികള്‍ പറയുന്നത്. കൂടാതെ ചില കമ്പനികള്‍ വില വര്‍ധിപ്പിക്കുകയും ചെയ്തു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ദിനം അടുത്തതോടെ 10,000 രൂപ വിലയുള്ള വെബ് കാമുകള്‍ വരെ വാങ്ങുന്നവരുണ്ടെന്ന് കൊച്ചിയിലെ വ്യാപാരികള്‍ പറയുന്നു. ആവശ്യക്കാരേറെയുള്ള 1,000 മുതല്‍ 2,000 രൂപ വിലയുള്ള വെബ് കാമുകള്‍ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് വില്പനയ്ക്കുള്ളത്.
ഓര്‍ഡര്‍ നല്കിയാലും ഇവ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചൈനീസ് കമ്പനികളുടെ വെബ് കാമാണ് സംസ്ഥാനത്ത് കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുമാണ് ഉപകരണങ്ങള്‍ കൂടുതലായും സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളോടനുബന്ധിച്ച് ഒരു വീട്ടില്‍ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി വെബ് കാം വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവയുടെ പാര്‍ട്സുകള്‍ക്കും വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്.
റോബിന് ജോര്‍ജ്
വിപണി ഊർജിതമാക്കാൻ പുതുവഴി തേടി കമ്പനികള്‍
കോഴിക്കോട്: കോവിഡ് പ്രതിരോധ നിയന്ത്രണംമൂലം തകര്‍ന്നടിഞ്ഞ വിപണി നേരെയാക്കാൻ കമ്പനികള്‍ പുതുവഴി തേടുന്നു . ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാർ, ഗൃഹോപകരണ വിപണിയിൽ പുതിയ ഓഫറുകളുമായി സജീവമായി രംഗത്തെത്താനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഇതിനുള്ള ജനസമ്പർക്ക പ്രവർത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കൂടുതലാളുകളെ ഇത്തരം പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കുകയാണ് ആദ്യഘട്ടം. ഓണം ലക്ഷ്യംവച്ച് ഗൃഹോപകരണ വിപണി വലിയ ഓഫറുകളും പർച്ചേസ് ലോണ്‍ സൗകര്യവുമായി രംഗത്തെത്തും.
90 ശതമാനം വരെ ലോണ്‍ സൗകര്യമാണ് കാര്‍വിപണിയില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഷോപ്പ് സന്ദര്‍ശിച്ചവരെയും വാഹനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചവരെയും നിരന്തരം ബന്ധപ്പെടുകയാണ് മുൻനിര കാർ കമ്പനികൾ. ആകര്‍ഷകമായ തവണ വ്യവസ്ഥകള്‍ ലഭ്യമാക്കിയും ആദ്യത്തെ കുറച്ചുമാസത്തേക്ക് ചെറിയ തിരിച്ചടവ് മാത്രം ലഭ്യമാക്കിയും മുന്നിരബാങ്കുകള് രംഗത്തുണ്ട്.
ഡീലർമാരുമായി സഹകരിച്ചു പുത്തന്‍ വിപണനതന്ത്രമാണ് ഒരുക്കുന്നത്. പൊതുഗതാഗതം ഉപയോഗിക്കാന്‍ പലരും താത്പര്യം പ്രകടിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.
ലോക്ക് ഡൗണ്‍ കാലത്തും വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
യൂസ്ഡ് കാര്‍ വിപണിയിലും ടാര്‍ജറ്റ് നല്‍കികൊണ്ടുള്ള ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. വിഷുക്കാലത്ത് നഷ്ടമായ കച്ചവടം അടുത്ത സീസണില്‍ തിരിച്ചുകിട്ടുമെന്നാണു പ്രതീക്ഷ.
ലോക്ക് ഡൗണ്‍കാലത്ത് 30 ശതമാനം വളര്‍ച്ച നേടി ഫ്രെഷ് ടു ഹോം
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് വില്‍പ്പനയിലും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിലും 30 ശതമാനം വളര്‍ച്ച നേടി ഓണ്‍ലൈന്‍ മത്സ്യവില്‍പ്പന കമ്പനിയായ ഫ്രെഷ് ടു ഹോം. കമ്പനിയുടെ റിപ്പീറ്റ് ഓര്‍ഡര്‍ വളര്‍ച്ചയും 30 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നു കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാത്യു ജോസഫ് അറിയിച്ചു. വില്‍പ്പനയില്‍ 35 ശതമാനമായിരുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഇല്ലാതാകുകയും 100 ശതമാനം ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് എത്തുകയും ചെയ്തു.
കേരളത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഫ്രെഷ് ടു ഹോമിന്റെ സേവനം ലഭ്യമാണ്. കേരളത്തിൽ ആലപ്പുഴ, ആറ്റിങ്ങല്‍, കരുനാഗപ്പള്ളി തുടങ്ങി കൂടുതല്‍ സ്ഥലങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കും. കോട്ടക്കലില്‍ അടുത്തനാളിൽ പ്രവര്‍ത്തനം തുടങ്ങി. അമ്പലപ്പുഴ മുതല്‍ തോട്ടപ്പിള്ളി വരെ 40 ഏക്കറിലായി പത്തു കര്‍ഷകരെ ഉള്‍പ്പെടുത്തി മത്സ്യക്കൃഷിയും കമ്പനി ആരംഭിച്ചു.
ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ കമ്പനി കോണ്ടാക്ട് ലെസ് ഡെലിവറി പദ്ധതി നടപ്പിലാക്കിയിരുന്നു. ഡെലിവറി ജീവനക്കാര്‍ അവരുടെ കൈമുട്ട് ഉപയോഗിച്ച് ഉപഭോക്താക്കളുടെ വാതിലില്‍ തട്ടുകയോ കോളിംഗ്ബെല്‍ അമര്‍ത്തുകയോ ചെയ്തശേഷം രണ്ടു മീറ്റര്‍ ദൂരം മാറിനില്‍ക്കും. ഉപഭോക്താവ് വന്നു കഴിയുമ്പോള്‍ കൈകൂപ്പി നന്ദി പറഞ്ഞു മടങ്ങും. ഒരുതരത്തിലുള്ള സ്പര്‍ശനവും ഉണ്ടാകുന്നില്ല.
ലോക്ക് ഡൗണിൽ ജോലിക്ക് എത്താത്തവര്‍ക്കും ശമ്പളം പൂര്‍ണമായും നല്കിയ കമ്പനി ജോലിക്ക് എത്തിയവര്‍ക്ക് ഹീറോ ബോണസ് എന്ന പേരില്‍ അധികശമ്പളവും നല്കി.
നബാർഡ് പ്രത്യേക വായ്പാപദ്ധതി പ്രയോജനമില്ലാതെ അവസാനിച്ചു
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാർഷിക, ചെറുകിട വ്യവസായ മേഖലകളെ സജീവമാക്കാൻ നബാർഡിന്റെ ധനസഹായത്തോടെ സഹകരണ ബാങ്കുകൾവഴി നടപ്പാക്കുന്ന പ്രത്യേക വായ്പാപദ്ധതി പ്രയോജനമില്ലാതെ അവസാനിക്കുന്നു. സ്പെഷൽ ലിക്വിഡിറ്റി ഫെസിലിറ്റി എന്ന പേരിൽ നബാർഡ് അനുവദിച്ച ധനസഹായം ഉപയോഗിച്ചുള്ള വായ്പകൾ 31ന് മുമ്പ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. 22നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. ആളുകൾ അറിഞ്ഞുവന്നപ്പോഴേക്കും പദ്ധതി അവസാനിച്ചു.
കാലാവധി നീട്ടിയതായി ഇന്നലെ ഉച്ചവരെ ബാങ്കുകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, അവസാന തീയതിയായ ഇന്ന് ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധി ദിനവുമാണ്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, വ്യവസായം എന്നീ വകുപ്പുകൾ അർഹരാണെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കൾക്കാണ് വായ്പ അനുവദിക്കേണ്ടതെന്ന് ഉത്തരവിലുണ്ട്. ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരിശോധന നടത്തി ശിപാർശ നൽകാൻ കഴിയുമോയെന്നത് കാതലായ ചോദ്യമാണ്. അതുകൊണ്ടുതന്നെ മിക്ക ബാങ്കുകളിലും വായ്പാ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകളൊന്നും കാര്യമായി എത്തിയിട്ടില്ല. മിക്കവാറും ബാങ്കുകൾ കൂടുതൽ തുക കാർഷികവായ്പയിൽ വകയിരുത്തി നൽകുകയാണ് ചെയ്തത്.
പദ്ധതി പ്രകാരം ഹ്രസ്വകാല കാർഷിക ഉത്പാദനത്തിനും കാർഷികാനുബന്ധ പ്രവർത്തനങ്ങളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യംവളർത്തൽ, പൗൾട്രി, നെൽകൃഷി, പച്ചക്കറി കൃഷി എന്നിവയുൾപ്പെടെയുള്ള കൃഷികളുടെ മൂലധന ആവശ്യങ്ങൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തനമൂലധനമായും ഒരു വർഷ കാലയളവിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന പദ്ധതികൾക്കുമാണ് വായ്പ അനുവദിക്കുന്നത്.
വ്യക്തികൾക്ക് അനുവദിക്കാവുന്ന പരമാവധി വായ്പാതുക രണ്ടുലക്ഷം രൂപയാണ്. ഒരു വർഷ കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 6.8 ശതമാനമാണ്. പദ്ധതിപ്രകാരമുള്ള വായ്പയ്ക്ക് മറ്റ് പലിശ സബ്സിഡികൾ ലഭിക്കുന്നതുമല്ല. സാധാരണഗതിയിൽ പ്രോജക്ട് റിപ്പോർട്ടുകൾ പ്രകാരം വായ്പ ലഭിക്കണമെങ്കിൽ ദിവസങ്ങളെടുക്കും.
അടച്ചുപൂട്ടലിന്റെ കാലത്തെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ് 22ന് ഇറങ്ങിയ ഉത്തരവിൽ 31ന് മുമ്പ് ഗുണഭോക്താക്കൾക്ക് വായ്പാ വിതരണം പൂർത്തിയാക്കണമെന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ബാങ്കുകൾക്ക് ഡയറക്ടർ ബോർഡ് യോഗങ്ങൾ ചേരാതെ വായ്പകൾ നൽകാനും കഴിയില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ കാലാവധി നീട്ടി നൽകിയില്ലെങ്കിൽ ഗുണഭോക്താക്കൾക്ക് യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ഉറപ്പ്.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ വിലയായ ഗ്രാമിനു 4,320 രൂപയ്ക്കും പവന് 34,560 രൂപയ്ക്കുമാണ് ഇന്നലെയും വ്യാപാരം നടന്നത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിനു 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
തദ്ദേശ നിര്‍മിത കോവിഡ് കിറ്റിന് എന്‍ഐവി അംഗീകാരം
കൊച്ചി: രാജ്യത്തെ കോവിഡ് പരിശോധനയ്ക്കു വേഗവും നൂറു ശതമാനം കൃത്യതയും ഉറപ്പുവരുത്താന്‍ സഹായമാകുന്ന തദ്ദേശ നിര്‍മിത കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ റിസര്‍ച്ചിന്റെയും (ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും (എന്‍ഐവി) അംഗീകാരം. മുംബൈ ആസ്ഥാനമായ ഐജെനറ്റിക്സ് ഡയഗ്നോസ്റ്റിക്സും താന ആസ്ഥാനമായ ബയോജിനോമിക്സും സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചത്.
കിറ്റുകള്‍ ഉടൻ വിപണിയിലെത്തും. പ്രതിദിനം ശരാശരി ഒരുലക്ഷം കോവിഡ് പരിശോധനകളാണ് ഇന്ത്യയില്‍ നടക്കുന്നത്, തദ്ദേശ നിര്‍മിത കിറ്റുകള്‍ വിപണിയില്‍ എത്തുന്നതോടെ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വരുത്താന്‍ സാധിക്കുമെന്ന് ഐജെനെറ്റിക്സ് ഡയഗ്നോസ്റ്റിക്സ് സ്ഥാപകയും സിഇഒയുമായ അരുണിമ പട്ടേല്‍ അഭിപ്രായപ്പെട്ടു.
നികുതി റിട്ടേണുകളും മറ്റും നീട്ടിവച്ചതുമൂലം ഇപ്പോഴത്തെ കണക്കുകൾ പൂർണമല്ലെന്ന വിശദീകരണത്തോടെയാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ഇന്നലെ ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. പിന്നീട് കണക്കുകൾ തിരുത്തുമെന്നു വ്യക്തം. അതു താഴോട്ടാകുമെന്നു പലരും കണക്കാക്കുന്നു.
എന്നാൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട വരവുചെലവ് കണക്കുകൾ പിന്നീടു തിരുത്തേണ്ടിവരില്ല. അതനുസരിച്ച് കമ്മി ജിഡിപിയുടെ 3.8 ശതമാനം പ്രതീക്ഷിച്ചത് 4.59 ശതമാനമായി. ഏകദേശം 0.8 ശതമാനം വ്യത്യാസം. 1.69 ലക്ഷം കോടി രൂപവരും വ്യത്യാസം.
ചെറുതല്ല ഇത്. ഫെബ്രുവരി ആദ്യം 2020-21 ബജറ്റ് അവതരിപ്പിക്കുന്പോഴാണ് 3.8 ശതമാനം പറഞ്ഞത്. തലേവർഷം 3.5 ശതമാനമാണു പറഞ്ഞത്. ബജറ്റ് നിർമിതിയിലെ അനവധാനതയാണോ പൊതുവേ കണക്കെഴുത്തിലുള്ള പാളിച്ചയാണോ ഇതിൽ കാണുന്നത് ?
ചൈനയുടെ ജിഡിപി 6.8 ശതമാനം ചുരുങ്ങിയ ജനുവരി-മാർച്ചിൽ ഇന്ത്യയുടേത് 3.1 ശതമാനം വളർന്നു. പക്ഷേ ചൈനയിൽ ജനുവരി-മാർച്ചിലായിരുന്നു കോവിഡ് മഹാമാരിയും ലോക്ക് ഡൗണും. നമുക്ക് ലോക്ക് ഡൗണിനു മുന്‍പേതന്നെ വളർച്ച താഴോട്ടായിരുന്നു. ലോക്ക് ഡൗണിലെ കണക്ക് (ഏപ്രിൽ-ജൂൺ) ഓഗസ്റ്റ് അവസാനമേ അറിയൂ. അതിൽ ജിഡിപി ചുരുങ്ങിയതായി കാണുമെന്ന് എല്ലാവരും പറയുന്നു.
2019-20 ലെ മുൻ ത്രൈമാസ വളർച്ച കണക്കുകൾ ഇന്നലെ തിരുത്തി. ഏപ്രിൽ-ജൂണിലേത് 5.6-ൽ നിന്ന് 5.2 ആക്കി. അടുത്തതിലേത് 5.6 -ൽ നിന്ന് 4.4 ആയും ഒക്ടോബർ-ഡിസംബറിലേത് 4.7-ൽ നിന്ന് 4.1 ശതമാനമായും താഴ്ത്തി. ഇതോടെ വാർഷികവളർച്ച അഞ്ചുശതമാനം എന്ന പ്രവചനം തെറ്റി. 4.2 ശതമാനം എന്ന ഇപ്പോഴത്തെ പ്രതീക്ഷ വീണ്ടും താഴ്ത്തേണ്ടിവരാം.ജനുവരി-മാർച്ചിൽ കാർഷികമേഖല 5.9 ശതമാനം എന്ന ബംപർ വളർച്ച കുറിച്ചു. തലേവർഷം ഇതേസമയം 1.6 ശതമാനവും തലേ ത്രൈമാസം 3.6 ശതമാനവും മാത്രമായിരുന്നു വളർച്ച.
ജനുവരി-മാർച്ചിൽ ഫാക്ടറി ഉത്പാദനം 1.4 ശതമാനം കുറഞ്ഞു. വാർഷികമായി 0.03 ശതമാനം എന്ന നാമമാത്ര വളർച്ച മാത്രം. സാന്പത്തിക മുരടിപ്പ് നേരത്തേതന്നെ മാന്ദ്യത്തിലേക്ക് നീങ്ങിയിരുന്നുവെന്ന് ചുരുക്കം.
2020-21 ലെ വളർച്ച പ്രതീക്ഷ പൂജ്യത്തിനു താഴെയാകുമെന്നാണ് റിസർവ് ബാങ്ക് പറഞ്ഞത്. അതിനർഥം ഇക്കൊല്ലവും ബജറ്റ് കണക്കുകൾ താറുമാറാകും എന്നത്രേ.
റ്റി.സി.മാത്യു
ഇന്ത്യൻ പന്നിമാംസം വിലക്കി ചൈന
ന്യൂഡൽഹി: ചൈന ഇന്ത്യയിൽനിന്നുള്ള പോർക്ക് ഇറക്കുമതി നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഫ്രിക്കൻ പന്നിപ്പനി ചൈനയിലേക്കു വ്യാപിക്കാതിരിക്കാനാണ് നിരോധന നീക്കം എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാൽ അതിർത്തി സംഘർഷവുമായി ഇതിനു ബന്ധമുണ്ടെന്നു ചൈനീസ് പത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
2018 ഓഗസ്റ്റിൽ ചൈനയിലാണ് ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയിൽ ഈ മാസമാദ്യം ആസാമിൽ രോഗബാധ കണ്ടു. പക്ഷേ വേറേ സ്ഥലങ്ങളിൽ ഇല്ല. പന്നിമാംസം ചൈനയിൽ ഏറെ പ്രിയപ്പെട്ടതാണ്.
അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ഇത് ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞവർഷം ചൈനയിൽ പന്നിമാംസം കിലോഗ്രാമിന് 500 രൂപയിലധികമായിരുന്നു.
വിപ്രോയ്ക്ക് പുതിയ സാരഥി
ബംഗളൂരു: പ്രമുഖ ഐടി സർവീസ് കന്പനിയായ വിപ്രോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി ഫ്രഞ്ചുകാരൻ തിയറി ഡെലാപോർട്ട് നിയമിതനായി.
ബഹുരാഷ്ട്ര കൺസൾട്ടിംഗ്-ഔട്ട്സോഴ്സിംഗ് കന്പനിയായ ക്യാപ് ജെ മിനിയിൽ കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ചിട്ടുണ്ട് ഡെലാപോർട്ട്. അവിടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരിക്കെ ആണ് വിപ്രോയിലേക്ക് മാറുന്നത്. പാരീസ് ആയിരിക്കും ഡെലാപോർട്ടിന്റെ ആസ്ഥാനമെന്നു വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പറഞ്ഞു.
കാതൽമേഖല 38.1 ശതമാനംഇടിഞ്ഞു
ന്യൂഡൽഹി: ഏപ്രിലിൽ കാതൽമേഖലാ വ്യവസായങ്ങളുടെ ഉത്പാദനം 38.1 ശതമാനം ഇടിഞ്ഞു. കോവിഡ് മൂലം പ്രഖ്യാപിച്ച സന്പൂർണ ലോക്ക് ഡൗണിലായിരുന്നു ഏപ്രിൽ. മാർച്ചിൽ 6.5 ശതമാനമായിരുന്നു ഇടിവ്. ഇത്രവലിയ തകർച്ച മുന്‍പുണ്ടായിട്ടില്ല.
പ്രധാന വ്യവസായങ്ങളിലെ ഇടിവ് ശതമാനത്തിൽ. ബ്രാക്കറ്റിൽ മാർച്ചിലെ ഇടിവ്. സ്റ്റീൽ 83.9(24.1), സിമന്റ് 86(25.1), ക്രൂഡ് ഓയിൽ 6.4(5.5), റിഫൈനറി ഉത്പന്നങ്ങൾ 24.2(0.5), വൈദ്യുതി 22.8(8.2), പ്രകൃതിവാതകം 19.9(15.1), രാസവളം 4.5(11.9), കൽക്കരി 15.5(4).
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ വിലയായ ഗ്രാമിന് 4,320 രൂപയ്ക്കും പവന് 34,560 രൂപയ്ക്കുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ആംവേ ഇന്ത്യയിലൂടെയും ഐടിസി വിതരണശൃംഖലയിലൂടെയും പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാകും.
ബി നാച്വറല്‍ പ്ലസ് ജ്യൂസുമായി ഐടിസി
കൊച്ചി: ഐടിസിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും സഹകരിച്ചു രാജ്യത്ത് ഇതാദ്യമായി രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറല്‍ പ്ലസ് ജ്യൂസുകള്‍ വിപണിയിലിറക്കി. ഓറഞ്ച്, മിക്സഡ് ഫ്രൂട്ട് വകഭേദങ്ങള്‍ അടങ്ങിയ ഒരു ലിറ്റര്‍ പായ്ക്കറ്റിനു വില 130 രൂപ. ഐടിസിയുടെ ലൈഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജി സെന്റര്‍ (എല്‍എസ്ടിഎസ്) വികസിപ്പിച്ചെടുത്തതാണ് പുതിയ ചേരുവ.
കോവിഡ് കാലത്ത് അന്തര്‍സംസ്ഥാന യാത്ര സഹായവുമായി "ഫ്ലിറ്റ്ഗോ'
കോട്ടയം: കോവിഡ് കാലത്ത് കേരളത്തിലേക്കു വരാനും ഇതര സംസ്ഥാനങ്ങളിലേക്കും പോകാനും ബുദ്ധിമുട്ടുന്നവര്‍ക്കു സഹായവുമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്. "ഫ്ലിറ്റ്ഗോ' എന്ന പേരില്‍ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണ് കമ്മിഷന് ഈടാക്കാതെയുള്ള സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിലവിലത്തെ സാഹചര്യത്തില്‍ കേരളത്തിനു പുറത്തുള്ള നിരവധി പേരാണ് നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ട്രെയിനില്‍ സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യവും നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്നു.
ഇതിനു പരിഹാരമായി കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് സൗകര്യമൊരുക്കുകയാണ് ഫ്ലിറ്റ്ഗോ. മിതമായ നിരക്കിലാണ് രാജ്യത്ത് ഏതു സംസ്ഥാനത്തില്‍ നിന്നും കേരളത്തിലേക്കു വരാനും തിരികെ പോകാനും ടാക്സി ലഭ്യമാക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാസ് വേണമെന്ന് മാത്രം. ഇതിനായി പ്രത്യേക വെബ്സൈറ്റും ഫ്ലിറ്റ്ഗോ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ റജിസ്റ്റര്‍ ചെയ്താല്‍ ലഭ്യമായ വാഹനങ്ങളുടെ വിവരങ്ങള്‍ ലഭിക്കും. കേരളത്തില്‍ നിന്നുള്ള ടാക്സികളാണ് സര്‍വീസ് നടത്തുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി, വാഹന സര്‍വീസ് നടത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യമാണ് ഫ്ലിറ്റ്ഗോ നല്‍കുന്നത്. അധികൃതര്‍ നല്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു യാത്ര ചെയ്യുന്നവര്‍ ഏജന്‍സികള്‍ക്കു പണം നല്‍കാതെ നേരിട്ട് വാഹനങ്ങള്‍ ലഭിക്കുമെന്നതാണ് ഫ്ലിറ്റ്ഗോയുടെ പ്രത്യേകത.
വിപുലമായ തോതില്‍ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണിത്. പതിവ് ഓണ്‍ലൈന്‍ ടാക്സികളില്‍നിന്ന് വ്യത്യസ്തമായി ഉപയോക്താക്കളും വാഹന ഉടമകളുമായി നേരിട്ടുള്ള ആശയവിനിമയത്തില്‍ കാറുകളും ബസുകളും
covid.flitgo.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.
സാന്പത്തിക തളർച്ചയുടെ കണക്ക് ഇന്നറിയാം
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇന്നു പുറത്തുവിടുന്നത് മൂന്നു കണക്കുകളാണ്.
ഒന്ന്:2019-20 ന്റെ അവസാന ത്രൈമാസ (ജനുവരി-മാർച്ച്)ത്തിലെ മൊത്ത ആദ്യന്തര ഉത്പാദനം (ജിഡിപി) സംബന്ധിച്ച എസ്റ്റിമേറ്റ്.
രണ്ട്: 2019-20 ലെ മൊത്തം ജിഡിപി സംബന്ധിച്ച താത്കാലിക എസ്റ്റിമേറ്റ്.
മൂന്ന്: 2020-21 വളർച്ച സംബന്ധിച്ച ആദ്യ പ്രതീക്ഷ.
നാലാം ത്രൈമാസം
2020 ജനുവരി-മാർച്ച് ത്രൈമാസം സംബന്ധിച്ച് വിവിധ ഏജൻസികളുടെ പ്രതീക്ഷ നിരാശാജനകമാണ്. (പ്രതീക്ഷ ശതമാനത്തിൽ)
നൊമുറ +1.5
എച്ച്എസ്ബിസി -0.5
കെയർറേറ്റിംഗ്സ് +3.6
ഡിബിഎസ് +1.3
എസ്ബിഐ
ഇക്കോറാപ് +1.2
ക്രിസിൽ +0.5
ഐസിആർഎ +1.9
2019-20 വാർഷികം
എസ്ബിഐ
ഇക്കോറാപ് +4.2
കെയർറേറ്റിംഗ്സ് +4.7
ഫിച്ച് റേറ്റിംഗ്സ് +3.9
ഐസി ആർ എ +4.3
2020-21 വാർഷികം
ഗോൾഡ്മാൻ സാക്സ് -5.0
ഐസിആർഎ -5.0
നൊമുറ -5.2
എസ്ബിഐ ഇക്കോറാപ് -4.7
ബേൺസ്റ്റൈൻ -7.0
ഈ ധനകാര്യവർഷം (2020-21) ആദ്യ ത്രൈമാസത്തെ സംബന്ധിച്ച് എല്ലാ ഏജൻസികൾക്കും ആശങ്കയാണുള്ളത്. 25 ശതമാനം മുതൽ 65 ശതമാനം വരെ ജിഡിപി ചുരുങ്ങുമെന്നാണ് അവർ പറയുന്നത്. തുടർന്നുള്ള ത്രൈമാസങ്ങളിൽ ഉണർവും പ്രതീക്ഷിക്കുന്നു. കോവിഡ് മഹാമാരി ജൂൺ അവസാനത്തോടെ ഗണ്യമായി ശമിക്കുമെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. കോവിഡ് രൂക്ഷമായി മാറിയാൽ വിലയിരുത്തൽ മാറും.
തിരുത്തലുകൾ
2018-19 ധനകാര്യവർഷത്തെ യഥാർഥ കണക്കും ഇന്നു പുറത്തുവിടും. 2018 ആദ്യം ബജറ്റ് അവതരിപ്പിച്ചപ്പോൾ 7.5 ശതമാനം യഥാർഥ ജിഡിപി വളർച്ച പ്രതീക്ഷിച്ചതാണ്. അത് ഒന്നാം എസ്റ്റിമേറ്റിൽ 7.2 ഉം രണ്ടാം എസ്റ്റിമേറ്റിൽ ഏഴും ശതമാനമായി. കഴിഞ്ഞ വർഷം ഇടക്കാല എസ്റ്റിമേറ്റിൽ 6.8 ശതമാനമായത് ഈ ഫെബ്രുവരിയിലെ ഒന്നാം റിവിഷനിൽ 6.1 ശതമാനമായി.
2019-20ലെ ബജറ്റ് 8.5 ശതമാനം യഥാർഥ ജിഡിപി വളർച്ച കണക്കാക്കി. അതു പിന്നീട് അഞ്ചു ശതമാനമായി താഴ്ത്തി. ഇന്നു താത്കാലിക എസ്റ്റിമേറ്റ് എത്രയാകുമെന്നറിയാം.
2020-21നെപ്പറ്റി റിസർവ് ബാങ്ക് ഒരു പ്രതീക്ഷയും കഴിഞ്ഞ പണനയ അവലോകനത്തിൽ അവതരിപ്പിച്ചില്ല. എൻഎസ്ഒ പറയട്ടെ എന്നാണ് റിസർവ് ബാങ്ക് ഗവർണർ അതേപ്പറ്റി പറഞ്ഞത്. സാഹചര്യം വളരെ മോശമാണ് എന്നും ഈ വർഷം വളർച്ചയല്ല തളർച്ചയാണു പ്രതീക്ഷയെന്നുമൊക്കെയാണ് അതിന്റെ അർഥം.
അഞ്ചാംതവണ
ഈ വർഷം സാന്പത്തികവളർച്ചയ്ക്കു പകരം തളർച്ചയായാൽ സ്വതന്ത്ര ഇന്ത്യയിലെ അഞ്ചാമത്തെ മാന്ദ്യവർഷമാകും 2020-21.
ഇതിനു മുന്‍പത്തെ മാന്ദ്യവർഷങ്ങളും ജിഡിപിയിലെ തളർച്ചയും (ശതമാനത്തിൽ)
1957-58 - 0.5
1965-66 - 2.7
1972-73 - 0.3
1979-80 - 5.1
നാലുതവണത്തെ മാന്ദ്യത്തിലും വരൾച്ച വലിയ പങ്കുവഹിച്ചു. കാലവർഷപ്പിഴവ് കാർഷികോത്പാദനത്തിലുണ്ടാക്കിയ വലിയ ഇടിവാണ് ജിഡിപിയെ ചുരുക്കിയത്.
കെഎസ്എഫ്ഇ നിക്ഷേപങ്ങൾക്കു പലിശ വർധിപ്പിച്ചു; പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് സാന്പത്തിക പ്രതിസന്ധിയിൽനിന്നു വ്യാപാര വ്യവസായ-പ്രവാസി വിഭാഗങ്ങളെ സഹായിക്കുന്നതിനു പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ച കെഎസ്എഫ്ഇ നിക്ഷേപങ്ങൾക്കുള്ള പലിശയും വർധിപ്പിച്ചു. വായ്പകളിൽ വീഴ്ച വരുത്തിയവർക്കു പലിശയിലും പിഴപ്പലിശയിലും ഇളവു നൽകി. ജൂണ്‍ 30 വരെ ജപ്തി നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.
വായ്പകൾക്ക് ഇളവു നൽകുന്നതിനായി വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയുള്ള സമിതിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. എല്ലാ വായ്പകളുടെയും പിഴപ്പലിശ ഒഴിവാക്കും. അഞ്ചുവർഷത്തിനു മുകളിലുള്ള കുടിശികകൾക്കു പലിശയും ഒഴിവാക്കും. അഞ്ചുവർഷത്തിനു താഴെ കുടിശിക വന്നവയിൽ 80 ശതമാനം വരെ പലിശ ഇളവു നൽകുന്നതിന് അദാലത്ത് കമ്മിറ്റിക്കു തീരുമാനിക്കാം. മരണം, അതുപോലെയുള്ള അത്യാഹിതങ്ങൾ മൂലം വായ്പാ കുടിശികയായിട്ടുണ്ടെങ്കിൽ അവർക്ക് മൂലധനത്തിൽ ഇളവുനൽകുന്നതിനും അദാലത്ത് കമ്മിറ്റിക്ക് അധികാരമുണ്ട്.
ഇതോടൊപ്പം പ്രതിസന്ധിയിൽപ്പെട്ടവർക്ക് ഉദാരനിരക്കിൽ വായ്പ നൽകുന്നതിനും കെഎസ്എഫ്ഇ തീരുമാനിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികൾക്കും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കും അടിയന്തര സഹായമായി മൂന്നു ശതമാനം പലിശനിരക്കിൽ ഒരുലക്ഷം രൂപയുടെ വരെ സ്വർണപ്പണയ വായ്പ നൽകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന വ്യാപാരസമൂഹത്തെ സഹായിക്കുന്നതിനായി മൂന്നു വ്യാപാരികൾ പരസ്പരം ജാമ്യം നിന്നാൽ ഒരു ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതി നടപ്പാക്കും.
നിർത്തിവച്ചിരിക്കുന്ന സുവർണജൂബിലി ചിട്ടിയും ഉടൻ പുനരാരംഭിക്കും. കേന്ദ്രസർക്കാരിന്റെ പാക്കേജിൽ 50,000 കോടി രൂപ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കു നീക്കിവച്ചിട്ടുണ്ടെങ്കിലും വായ്പ ലഭിക്കാത്ത സ്ഥിതിയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഇക്കുതന്നെ അത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഊർജിതമായി നിക്ഷേപസമാഹരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ നിക്ഷേപങ്ങൾക്കും പലിശ ഉയർത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ചിട്ടിപ്പണം നിക്ഷേപത്തിന് 7.75 ശതമാനം പലിശ
മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടിൽ നിന്ന് 8.5 ശതമാനമായി ഉയർത്തി. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ വായ്പാനിരക്ക് 4.75 ശതമാനത്തിൽനിന്ന് ഏഴു ശതമാനമാക്കി.
പൊതുവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഏഴിൽ നിന്ന് 7.25 ശതമാനമായി ഉയർത്തി. ചിട്ടിപ്പണം നിക്ഷേപത്തിന്റെ പലിശ 7.5 ശതമാനത്തിൽ നിന്ന് 7.75 ശതമാനമാക്കി. ചിട്ടിയിന്മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ട് ശതമാനത്തിൽനിന്ന് എട്ടര ശതമാനമാക്കി. സുഗമ നിക്ഷേപം/ സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.5 ശതമാനത്തിൽനിന്ന് 6.5 ശതമാനമാക്കി.
ചിട്ടിത്തുക മുൻകൂർ
കെഎസ്എഫ്ഇയുടെ രണ്ടു വർഷം കാലാവധിയുള്ള ഫിക്സഡ് ഡിവിഡന്റ് ചിട്ടിയിൽ (ഗ്രൂപ്പ് ഫിനാൻസ് സ്കീം) നാലു മാസത്തിനു ശേഷം ആവശ്യക്കാർക്കെല്ലാം ചിട്ടിത്തുക മുൻകൂറായി നൽകും. തുക വൈകി വാങ്ങുന്നവർക്ക് കൂടുതൽ തുക ലഭിക്കും. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ശാഖകളിൽ പദ്ധതി നടപ്പാക്കും. ഈ സാമ്പത്തികവർഷം ഇത്തരത്തിലുള്ള ആയിരം ചിട്ടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
12 തുല്യമാസത്തവണകളായി അടയ്ക്കാൻ കഴിയുന്ന ജനമിത്രം സ്വർണപ്പണയ വായ്പയിൽ ഒരാൾക്ക് പത്തു ലക്ഷം രൂപ വരെ 5.7 ശതമാനം പലിശനിരക്കിൽ ലഭിക്കും. സുവർണജൂബിലി ചിട്ടിയുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചിട്ടിപ്പണം അടയ്ക്കാനും സംവിധാനം ഏർപ്പെടുത്തി. www.ksfe.com ൽ ലിങ്ക് ലഭ്യമാണ്.
സൗഹൃദ സ്വർണപ്പണയ വായ്പ, പ്രവാസിമിത്രം സ്വർണപ്പണയ വായ്പ, നിവാസി സൗഹൃദ പാക്കേജിലെ പ്രത്യേക സ്വർണപ്പണയ വായ്പ, വ്യാപാരസമൃദ്ധി വായ്പ എന്നിവയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
വായ്പാ മോറട്ടോറിയം അപേക്ഷ കൂടാതെ നീട്ടി എസ്ബിഐ
കൊച്ചി: ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കു റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ തിരിച്ചടവു മോറട്ടോറിയം എസ്ബിഐ, അര്‍ഹതയുള്ള എല്ലാ ഇടപാടുകാര്‍ക്കും അവരുടെ അപേക്ഷയ്ക്കു കാത്തിരിക്കാതെ ബാധകമാക്കി.
ഇഎംഐ നീട്ടി വയ്ക്കുന്നതിന് ഇടപാടുകാരുടെ അനുമതിക്കായി അര്‍ഹതയുള്ള 85 ലക്ഷത്തിലധികം ഇടപാടുകാരുമായി ബാങ്ക് എസ്എംഎസുമായി ബന്ധപ്പെടുകയും താത്പര്യമുണ്ടെങ്കില്‍ ഇഎംഐ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്നു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് ‘യെസ്’എന്നു മറുപടി നല്കിയാല് മൂന്നു മാസങ്ങളിലെ തവണ തിരിച്ചടവു നീട്ടിവയ്ക്കും. തിരിച്ചടവു നീട്ടി വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്എംഎസ് ലഭിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. മറുപടി നല്ക്കാത്തവരുടെ കാര്യത്തില്‍ നിലവിലുള്ള നടപടിക്രമം തുടരും.
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. കാലാവധി വ്യത്യാസമില്ലാതെ എല്ലാ നിക്ഷേപങ്ങൾക്കും 0.40 ശതമാനമാണ് കുറച്ചത്. കുറയ്ക്കൽ ഇന്നലെ പ്രാബല്യത്തിലായി. ഈ മാസം എസ്ബിഐ നിക്ഷേപ പലിശ കുറയ്ക്കുന്നതു രണ്ടാംതവണയാണ്. മുതിർന്ന പൗരന്മാർക്ക് അരശതമാനം കൂടുതൽ കിട്ടും.
ഒരുവർഷം മുതൽ രണ്ടുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1 ശതമാനമാണ് ഇനി പലിശ. മൂന്നുമുതൽ അഞ്ചുവർഷംവരെ ഉള്ളവയ്ക്ക് 5.3 ശതമാനം. അഞ്ചിനും പത്തിനുമിടയിൽ വർഷത്തേക്ക് 5.4 ശതമാനം കിട്ടും.
റിസർവ് ബാങ്ക് ഈയിടെ റീപോ നിരക്ക് കുറച്ച പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ നടപടി. മാർച്ചിലും മേയിലും രണ്ടുതവണവീതം പലിശ കുറച്ചു. മേയ് 12-ന് 0.2 ശതമാനമായിരുന്നു കുറച്ചത്.
മുതിർന്ന പൗരന്മാർക്കായി വീ കെയർ ഡെപ്പോസിറ്റ് എന്നൊരു നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സാധാരണയേക്കാൾ 0.3 ശതമാനം പലിശ കൂടുതൽ കിട്ടും. അഞ്ചുവർഷത്തിൽ കുറയാത്ത കാലാവധി വേണം ഇതിന്. സെപ്റ്റംബർ 30 വരെയാണ് പദ്ധതി.
വിദേശികൾ വന്നു ; ഓഹരി സൂചികകൾ കയറി
മുംബൈ: വിദേശനിക്ഷേപകർ പണമിറക്കിയതും വിദേശ കന്പോളങ്ങൾ ഉയർന്നതും ഇന്ത്യൻ ഓഹരികളെ സഹായിച്ചു. സൂചികകൾ ഗണ്യമായി ഉയർന്നു. ബാങ്കിംഗ്, ധനകാര്യം, ഐടി കന്പനികൾക്ക് വലിയ നേട്ടമുണ്ടായി.
തലേന്ന് യുഎസ് ഓഹരികളും ഇന്നലെ ഏഷ്യൻ ഓഹികളും മികച്ച ഉയർച്ച കാണിച്ചു. എന്നാൽ ചൈനീസ് സൂചികകൾ അല്പം താണു. അമേരിക്കയുമായുള്ള ചൈനീസ് ഉരസലാണ് കാരണം.
സെൻസെക്സ് 995.92 പോയിന്റ് (3.25 ശതമാനം) ഉയർന്ന് 31,605.22-ലും നിഫ്റ്റി 285.9 പോയിന്റ് (3.17 ശതമാനം) കയറി 9314.95-ലും ക്ലോസ് ചെയ്തു.
ജിയോ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യും
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഉപകന്പനിയായ ജിയോ പ്ലാറ്റ്ഫോംസിനെ അമേരിക്കയിലെ നാസ്ഡാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. കന്പനി ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. ടെക്നോളജി കന്പനികളാണ് പ്രധാനമായും നാസ്ഡാക്കിലുള്ളത്.
ഇന്ത്യൻ കന്പനികൾ വിദേശ എക്സ്ചേഞ്ചുകളിൽ നേരിട്ട് ലിസ്റ്റ് ചെയ്യാൻ അനുവദിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ 17-നു പ്രസ്താവിച്ചിരുന്നു. ഇതുവരെ ഇന്ത്യയിലും വിദേശത്തും ഒരുമിച്ചു ലിസ്റ്റ് ചെയ്യുന്നതു മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ ഡിജിറ്റൽ ഇടപാടുകളും ചേർന്നതാണ് ജിയോ പ്ലാറ്റ്ഫോംസ്. മൊബൈൽ ടെലിഫോണി, ഓൺലൈൻ വ്യാപാരം (ജിയോ മാർട്ട്), ഡിജിറ്റൽ കറൻസി, വിദ്യാഭ്യാസം (ജിയോ യൂണിവേഴ്സിറ്റി) തുടങ്ങിയവയെല്ലാം ഇതിൽവരും.
ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ്ബുക്കും ഏതാനും വിദേശനിക്ഷേപകരും ഓഹരി വാങ്ങിയിട്ടുണ്ട്. മൊത്തം 17.12 ശതമാനം ഓഹരികൾക്കായി 78,562 കോടി രൂപയാണു കന്പനിക്കു ലഭിച്ചത്.ചെയർമാൻ മുകേഷ് അംബാനിയുടെ മൂന്നു മക്കളും - ആകാശ്, ഇഷ, അനന്ത് - ജിയോ പ്ലാറ്റ്ഫോംസിൽ ഡയറക്ടർമാരാണ്.
സ്വര്‍ണ വില കുറഞ്ഞു; പഴയ സ്വര്‍ണ വില്പന കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 75 രൂപയുടെയും പവന് 600 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ പവന് 34,200 രൂപയായും ഗ്രാമിന് 4,275 രൂപയായും വില കുറഞ്ഞു. രണ്ടു ദിവസമായി വിലനിലവാരം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നലെ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ 18നു രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1,765 ഡോളറില്‍നിന്ന് 1707 ഡോളറായി കുറഞ്ഞു. രൂപയുടെ വിനിമയ നിരക്ക് 75.68 രൂപയുമായി. ലോകത്താകമാനം വിപണികളെല്ലാം സജീവമാകുന്ന സാഹചര്യത്തിലാണ് സ്വര്‍ണത്തിന് വിലക്കുറവ് രേഖപ്പെടുത്തിയത്. രണ്ടു മാസത്തിനുശേഷം സ്വര്‍ണ നിക്ഷേപകര്‍ ലാഭമെടുത്തു താത്കാലികമായി ഇക്വിറ്റികളിലേക്കു മാറിയതും വില കുറയുന്നതിനു കാരണമായി. രാജ്യത്ത് മഹാരാഷ്ട്ര ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും സ്വര്‍ണാഭരണശാലകള്‍ തുറന്നുകഴിഞ്ഞു. നിര്‍മാണശാലകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ ഇനിയും സമയമെടുക്കും. ആഭ്യന്തര വിമാനസര്‍വീസുകള്‍ പൂര്‍ണതോതില്‍ ആയെങ്കില്‍ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് ആഭരണങ്ങള്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ക്കു കഴിയൂ.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതോടെ അടുത്തമാസം മുതല്‍ സ്വര്‍ണവ്യാപാരം സാധാരണ നിലയിലേക്ക് എത്തുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ. മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടകള്‍ ജൂണ്‍ ഒന്നു മുതല്‍ തുറക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും കുറവായതോടെ സംസ്ഥാനത്ത് സ്വര്ണവില്പനയില് കുറവ് അനുഭപ്പെടുമ്പോള്‍ പഴയ സ്വര്‍ണ വില്പന കൂടിയതായി വ്യാപാരികള്‍ പറയുന്നു. പണയം വച്ചു പലിശയിനത്തില്‍ കൂടുതല്‍ പണം പോകുന്നതിനേക്കാള്‍ നല്ലത് കൂടിയ വിലയില്‍ സ്വര്‍ണം വിറ്റഴിക്കുന്നതാണെന്ന തിരിച്ചറിവാണ് കാരണം.
മെഴ്സിഡസ് ബെന്സിനു രണ്ട് എഎംജി മോഡലുകള്‍ കൂടി
കൊച്ചി: എഎംജി ശ്രേണിയില്‍ രണ്ടു പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ചു മെഴ്സിഡസ് ബെന്‍സ് . എഎംജി സി 63 കൂപെ മോഡലും റേസര്‍മാര്‍ക്കു വേണ്ടി റേസര്‍മാരുടേതെന്ന വിശേഷണവുമായി എത്തുന്ന എഎംജി ജിടി ആര് കൂപെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഹ്യൂണ്ടായ് ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: ഹ്യൂണ്ടായിയുടെ 806 ഡീലര്‍ഷിപ്പുകളും 863 സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഈമാസം എട്ടുമുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാജ്യത്തെ പ്ലാന്റുകളില്‍ ഹ്യൂണ്ടായ് കാറുകളുടെ ഉത്പാദനവും ആരംഭിച്ചു. ഇതിനകം 9,000 പുതിയ ബുക്കിംഗ് ലഭിച്ചു. 5,600 പുതിയ കാറുകള്‍ ഡെലിവറി ചെയ്തു. രാജ്യത്തെ 530 സിറ്റികളിലായി ഇതിനകം ഒരു ലക്ഷത്തില്‍പരം കാറുകളുടെ സര്‍വീസ് നടത്തിയതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.