കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് യുണികോൺ. തൂവെള്ള നിറവും മാന്ത്രിക ശക്തിയുമുള്ള ഈ കുതിരയുടെ പ്രത്യേകത നെറ്റിയിലുള്ള ഒറ്റക്കൊന്പാണ്. എന്നാൽ അതേ യുണികോണിനോടു സാമ്യമുള്ള ഒരു ഗോൾഡൻ റിട്രീവർ നായക്കുട്ടിയാണ് ഇപ്പോൽ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. റേ എന്നാണ് ഈ മിടുക്കിയുടെ പേര്. അമേരിക്കയിലെ മിഷിഗനാണ് സ്ഥലം. നായയാണെന്നു കരുതി റേ ആളത്ര നിസാരക്കാരിയല്ല കേട്ടോ. ഇൻസ്റ്റഗ്രാമിൽ സ്വന്തമായൊരു അക്കൗണ്ടും 31,000ൽപ്പരം ഫോളോവേഴ്സുമുണ്ട് കക്ഷിക്ക്.
ജനനസമയത്തുണ്ടായ ഒരു അപകടത്തെത്തുടർന്ന് റേയ്ക്ക് ഒരു ചെവി നഷ്ടമായി. പതുക്കെ പതുക്കെ മറുചെവി നീങ്ങി നീങ്ങി തലയുടെ ഒത്ത നടുവിലേക്ക് എത്തുകയും ചെയ്തു. ഇതൊടെയാണ് റേയ്ക്ക് യുണികോണ് നായ എന്ന പേരു വീഴുന്നത്. ടിക് ടോക്കിൽ വന്ന രസകരമായ ഒരു വീഡിയോയിലൂടെ റേയെക്കുറിച്ചു കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങി. നിമിഷനേരത്തിനുള്ളിൽ റേയുടെ വീഡിയോ വൈറലായി. ടിക് ടോക്കിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലുമുണ്ട് റേയ്ക്ക് ആരാധകർ. അല്ലെങ്കിൽ തന്നെ ഇത്ര ക്യൂട്ട് ആയ ഒരു നായ്ക്കുട്ടിയെ എങ്ങനെയാണ് കണ്ടില്ലെന്നു വയ്ക്കുക. പന്ത്രണ്ട് ആഴ്ച പ്രായമുള്ള റേയുടെ വിവരങ്ങൾ അവളുടെ ബ്രയാന ആർഡെമയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
മിഷിഗനിലെ ഫാമിലി ഫ്രണ്ട്സ് വെറ്ററിനറി ആശുപത്രിയിൽ വച്ചാണ് റേയും ബ്രയാനയും കണ്ടു മുട്ടുന്നത്. തങ്ങൾക്കിടയിലുണ്ടായത് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആണെന്ന് ബ്രയാന പറയുന്നു. ആശുപത്രിയിലുണ്ടായിരുന്ന നാളുകളിൽ റേയെ പരിചരിച്ചും ശുശ്രൂഷിച്ചും ബ്രയാന ഒപ്പം നിന്നു.
"ആദ്യ കാഴ്ചയിൽ തന്നെ അവൾ എനിക്ക് അത്രയേറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ അവൾ ഒപ്പമുണ്ടാകണം എന്നു ഞാൻ ഉറപ്പിച്ചു. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു ജീവിതത്തിലേക്കുള്ള മടങ്ങി വരവ് അവളെ സംബന്ധിച്ച് പ്രയാസമേറിയതാവും എന്ന് എനിക്കറിയാമായിരുന്നു. എന്നാൽ വിചാരിച്ചതിനേക്കാൾ വേഗത്തിൽ അവൾ സുഖം പ്രാപിച്ചു.' ബ്രയാന പറയുന്നു.
ബ്രയാനയ്ക്കുമാത്രം പ്രിയപ്പെട്ടവളായിരുന്ന റേ ഇപ്പോൾ ലോകത്തിന്റെ മുഴുവൻ കണ്മണിയാണ്. റേയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
അഞ്ജലി അനിൽകുമാർ