യുഎസിലെ ഇല്ലിനോയിസുകാരിയായ കിം ഡ്രാപ്പറിന് ഏതാനും ദിവസം മുന്പ് ഒരു പോസ്റ്റ് കാർഡ് കിട്ടി. ഒരു പോസ്റ്റ്കാർഡിലെന്താണ് ഇത്ര കാര്യമെന്നാവും ഇപ്പോൾ ചിന്തിച്ചത്. കാര്യമുണ്ട്. 1993ൽ മസ്റൂർ കിസിൽബാഷ് വീട്ടിലേക്ക് അയച്ച കാർഡാണ് 26 വർഷത്തിനു ശേഷം ഇപ്പോൾ ആ വിലാസത്തിൽ താമസിക്കുന്ന കിമ്മിന് ലഭിച്ചത്. കിസിൽബാഷിന്റെ കുടുംബം സ്പ്രിംഗഫീൽഡിലാണ് താമസിച്ചിരുന്നത്. ജോലി ആവശ്യവുമായി കിസിൽബാഷ് ഹോങ്കോങ്ങിലായിരുന്നു.
ലീന ആൻഡ് മുഹമ്മദ് ആലി കിസിൽബാഷ് എന്നാണ് ആളുടെ അഡ്രസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.’ വൈകാതെ കാണാം, നിങ്ങളുടെ ഡാഡി’ എന്നാണ് പോസ്റ്റ് കാർഡിൽ എഴുതിയിരിക്കുന്നത്. പോസ്റ്റ്കാർഡ് കിട്ടിയതോടെ കിം വിലാസക്കാരനെ എങ്ങനെയും കണ്ടുപിടിക്കാൻ തീരുമാനിച്ചു.
സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവിലാണ് കിസിൽബാഷിനെയും മുഹമ്മദിനെയും കണ്ടെത്തിയത്. ഷിക്കാഗോയിലാണ് ഇപ്പോൾ മുഹമ്മദ് താമസിക്കുന്നത്. ഫോണ് ചെയ്യാനും ഇന്റർനെറ്റ് സൗകര്യത്തിനുമെല്ലാം വലിയ ചെലവായിരുന്ന അക്കാലത്ത് പോസ്റ്റ് കാർഡ് മാത്രമാണ് ഏക ആശ്രയമെന്ന് കിസിൽബാഷ് പറയുന്നു.
പതിവായി വീട്ടിലേക്ക് പോസ്റ്റ് കാർഡ് അയയ്ക്കാറുണ്ടായിരുന്നത്രേ. കിസിൽബാഷ് അയച്ച ഹോങ്കോങ്ങിലെ മത്സ്യബോട്ടുകളുടെ ചിത്രമുള്ള പോസ്റ്റ് കാർഡാണ് കിമ്മിന് ലഭിച്ചത്. ഹോങ്കോങ്ങിൽനിന്ന് കാർഡ് വരാൻ താമസിച്ചതാവാം ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് യുഎസ് പോസ്റ്റൽ സർവീസിന്റെ വിശദീകരണം. ഇനി നേരിട്ട് പോസ്റ്റ് കാർഡ് മുഹമ്മദിനെ ഏൽപിക്കാനാണ് കിമ്മിന്റെ തീരുമാനം.
എസ്ടി