കല്യാണവും കല്യാണ വീഡിയോയും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. ചേറിലും ചെളിയിലും കുളത്തിലും കടലിലും വരെയാണ് പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ടിംഗുകൾ നടത്തുന്നത്. വലിയ ശബ്ദമുള്ള ബൈക്കുകളുടെയും സംഗീതോപകരണങ്ങളുടെയും അകന്പടിയോടെയാണ് മിക്ക വധു- വരന്മാരും കല്യാണ വേദിയിലെത്തുന്നത്.
കല്യാണ വേദിയിൽ സിന്പിൾ സ്റ്റെപ്പുകളും ചടുലനൃത്തവും ഗാനമേളയും വരെ ഉണ്ടാവും.
കല്യാണ വേദിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്ര കാളവണ്ടിയിലും സൈക്കിളിലും ഉന്തുവണ്ടിയിലും ജെസിബിയിലുമൊക്കെയാവും. എന്നാൽ, സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം ഒരു വധുവാണ്. വിവാഹത്തിനായി വധു എത്തുന്ന രീതിയാണ് വീഡിയോയെ പ്രത്യേകതയുള്ളതാക്കിയത്.
ശവപ്പെട്ടിയിലാണ് വധു വിവാഹത്തിനായി എത്തിയത്. കറുത്ത തുണികൊണ്ട് പൊതിഞ്ഞ ശവപ്പെട്ടിയാണ് അതിഥികൾക്കിടയിലേക്ക് ആദ്യം വരുന്നത്. സംഗീതത്തിനിടെ ശവപ്പെട്ടിതുറന്ന് വധു അതിഥികൾക്ക് ഇടയിലേക്ക് ഇറങ്ങുകയാണ്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾ കരഘോഷത്തോടെയാണ് വധുവിനെ സ്വീകരിക്കുന്നത്. വധു അതിഥികൾക്കൊപ്പം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
എന്നാൽ വിവാഹം നടന്ന രാജ്യമോ സ്ഥലമോ വീഡിയോയിൽ പറഞ്ഞിട്ടില്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ധാരാളം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എസ്.ടി