ഗ്രീസിലെ ക്രിസ്തീയ ഭവനങ്ങളിൽ കുട്ടികൾ തെരുവീഥിയിലൂടെ കാരൾ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അലങ്കരിച്ച വള്ളങ്ങളിൽ ജലയാത്ര നടത്തുന്നതും ഒരു ക്രിസ്മസ് വിനോദമാണ്. ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയങ്ങളിൽ പാതിരാക്കുർബാന സമയത്ത് കുർബാന അപ്പം മുറിച്ചു കൊണ്ടു നടത്തുന്ന പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
ഇരുപതിലേറെ ഗോത്രങ്ങൾ താമസിക്കുന്ന രാജ്യമാണ് ഗ്വാട്ടിമല. ക്രിസ്മസ് ആചരിക്കുന്ന കാര്യത്തിൽ ഇവർ ഒട്ടും പിന്നിലല്ല. ക്രിസ്മസ് സദ്യ തന്നെയാണ് ആഘോഷങ്ങളുടെ മുന്നിൽ. ഒലിവെണ്ണയും കുരുമുളകും പ്രത്യേകതരം കാട്ടിലകളും ചേർത്തു തയാറാക്കുന്ന കോഴിക്കറിയും പന്നിയിറച്ചിയുമാണ് ഭക്ഷണത്തിലെ പ്രധാനി. ക്രിസ്മസ് രാത്രിയിൽ ക്രിസ്മസ് ട്രീകൾക്കു ചുറ്റുമിരുന്ന് കുടുംബ പ്രാർഥന നടത്തുന്ന പതിവും ഇവർ പിന്തുടരുന്നു.
ഹോങ്കോങ്
ഹോങ്കോങിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ക്രിസ്മസ് ദിനത്തിൽ ചൈനീസ് ഭാഷയിലുള്ള കുർബാന അർപ്പണം ഉണ്ടായിരിക്കും. അടുത്ത ബന്ധുമിത്രാദികൾക്ക് ക്രിസ്മസ് കാർഡുകൾ അയയ്ക്കുക പ്രധാനമാണ്. " പൊയിൻ സെറ്റിയ' ചെടി ക്രിസ്മസ് ട്രീയിൽ അലങ്കരിച്ചു വയ്ക്കും. "സിങ് ഡാൻ ലുയാൻ' എന്നാണ് ഇവിടെ ക്രിസ്മസ് ഫാദർ അറിയപ്പെടുക. ഡിസ്നിലാൻഡിൽ ക്രിസ്മസ് ദിനത്തിൽ ഇരുനൂറിലേറെ ക്രിസ്മസ് ട്രീകൾ തയാറാക്കിയിട്ടാണ് ആഘോഷങ്ങൾ നടക്കുക.
ഹംഗറി
ഹംഗറിയിൽ ക്രിസ്മസ് അറിയപ്പെടുന്നത് "വിശുദ്ധ രാത്രി' എന്ന പേരിലാണ്. മത്സ്യം, കാബേജ്, ബ്രഡ്, കേക്ക് എന്നിവയാണ് ഇവിടത്തെ ക്രിസ്മസ് വിരുന്നിലെ മുഖ്യവിഭവങ്ങൾ. പതിരാക്കുർബാനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം കൽപിക്കുന്നവരാണ് ഹംഗറിയിലെ ക്രൈസ്തവർ. വിരുന്നിനു ശേഷമായിരിക്കും വിശ്വാസികൾ ദേവാലയത്തിൽ പോകുക.
അയർലൻഡ്
അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും അതേ ആചാരം പിന്തുടരുന്ന ഒരു രാജ്യമാണ് അയർലൻഡ്. ജനുവരി ആറിനു നടക്കുന്ന "എപ്പിഫാനി' പെരുന്നാളിന് അവർ വലിയ പ്രാധാന്യം കൽപിക്കുന്നു. "ലിറ്റിൽ ക്രിസ്മസ്' എന്ന പേരിലാണ് അത് അറിയപ്പെടുന്നതു തന്നെ. "സാൻ നിയോക്ലാസ്' എന്നാണ് ക്രിസ്മസ് ഫാദർ ഇവിടെ അറിയപ്പെടുന്നത്. വട്ടത്തിലുള്ള പ്രത്യേകതരം കേക്കാണ് ക്രിസ്മസ് വിരുന്നിലെ മുഖ്യ വിഭവം.
ഇറ്റലി
ക്രിസ്മസ് ക്രിബുകൾ കൂടുതലായി ഉപയോഗിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യമത്രേ ഇറ്റലി. 1025ൽ നേപ്പിൾസിൽ പ്രദർശിപ്പിച്ച ആദ്യക്കെ ക്രിസ്മസ് ക്രിബ് ഒരു ചരിത്രസ്മാരകമാണ്. പാതിരാക്കുർബാനയ്ക്കുശേഷം മാത്രമേ ഇവിടെയുള്ള ക്രൈസ്തവർ ഭക്ഷണം കഴിക്കുകയുള്ളൂ. "എപ്പിഫാനി' പെരുന്നാളിനും ക്രിസ്തീയ സഭ വലിയ പ്രാധാന്യം കൽപ്പിക്കാറുണ്ട്. ക്രിസ്മസ് മുത്തശിയെ "ബെഫാന' എന്നാണ് വിളിക്കുക. മുത്തശി സമ്മാനങ്ങളുമായി കുട്ടികളെ സന്ദർശിക്കുമെന്നാണ് ഐതിഹ്യം. ക്രിസ്മസ് ഫാദറായ "ബാബോ നടിലേ'യും മുതിർന്നവർക്കും സ്ത്രീകൾക്കും ക്രിസ്മസ് സമ്മാനങ്ങളുമായി ക്രിസ്മസ് ദിനത്തിൽ വരുമത്രെ.
ജപ്പാൻ
ക്രൈസ്തവർ അധികമില്ലാത്ത ജപ്പാനിലും ക്രിസ്മസ് ആഘോഷങ്ങൾ ചുരുങ്ങിയ രീതിയിൽ മാത്രം ആഘോഷിച്ചു വരുന്നു.
ക്രിസ്മസ് ആചാരങ്ങൾ അമേരിക്കയിൽ നിന്നുമാണ് ഇവിടേക്കു കുടിയേറിയത്. മതപരമായ ഒരു ആചാരം എന്നതിലുപരി ജനങ്ങളുടെ സന്തോഷത്തിനായുള്ള ഒരു മാർ ഗമായിട്ടാണ് അവർ ക്രിസ്മസിനെ വീക്ഷിക്കുന്നത്. ക്രിസ്മസ് കേക്കിനെ ഇലകൾ കൊണ്ടും പൂക്കൾ കൊണ്ടും സാന്താക്ലോസിന്റെ ചിത്രങ്ങൾ കൊണ്ടും അവർ അലങ്കരിക്കാറുണ്ട്. ക്രിസ്മസ് സദ്യയിലെ മുഖ്യവിഭവം വറുത്ത കോഴിയിറച്ചി ആയിരിക്കും.
മുപ്പത്തിയഞ്ചു ശതമാനം മാത്രം ക്രൈസ്തവർ വസിക്കുന്ന ദേവദാരുവിന്റെ നാടായ ലബനനിൽ ക്രിബിനും ട്രീകൾക്കുമാണ് ക്രിസ്മസ് ആഘോഷങ്ങളിലെ മുഖ്യസ്ഥാനം. ദേവാലയങ്ങളിൽ പാതിരാകുർബാനയിൽ കുടുംബാംഗങ്ങൾ എല്ലാവരും നിർബന്ധമായും സംബന്ധിച്ചിരിക്കും. ഭവനസന്ദർശനവും ക്രിസ്മസ് വാരത്തിലെ മുഖ്യപരിപാടിയാണ്. "ബാബാ നോയൽ' എന്നാണ് ഇവിടെ ക്രിസ്മസ് ഫാദർ അറിയപ്പെടുന്നത്.
മാലി
മുസ്ലിം രാജ്യമായ മാലിയിൽ ക്രിസ്മസ് ദേശീയ അവധി ദിവസമാണ്. പള്ളിയിലാണ് ആഘോഷങ്ങൾ മുഖ്യമായി നടക്കുക. ക്രിസ്മസ് വാരത്തിൽ ഓരോ വിശ്വാസിയും 30 മണിക്കൂർ പള്ളിയിൽ ചെലവഴിച്ചിരിക്കും. കൊയർ ഗാനങ്ങൾ ആലപിക്കും. സ്ത്രീകളും കുട്ടികളും നൃത്തം ചവിട്ടും. ഡിസംബർ 12 മുതൽ ജനുവരി ആറുവരെയാണ് മെക്സിക്കോയിലെ ക്രിസ്മസ് ആഘോഷം. "എപ്പിഫാനി' തിരുനാൾ ദിനമായ ജനുവരി ആറിന് കുട്ടികൾക്കു സമ്മാനങ്ങൾ ലഭിക്കും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ക്രിസ്മസ് മാലാഖയുടെ പ്രതിമ ഇവിടെയാണുള്ളത്.
ജോർജ് മാത്യു പുതുപ്പള്ളി