അസാധാരണം - ഓസ്ട്രേലിയയില്‍ കാട്ടുതീയെ പരിസ്ഥിതി സ്നേഹികൾ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഏറ്റവും കടുത്ത നാശനഷ്ടങ്ങളാണ് കാട്ടുതീ വരുത്തിയത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായിരുന്നു ഈ ദുരന്തമെന്നാണ് റിപ്പോർട്ട്. റിക്കാര്‍ഡ് താപനിലയും കടുത്ത വരള്‍ച്ചയും കാറ്റും കാരണം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കാട്ടുതീ ആരംഭിച്ചത്. രണ്ടര കോടി ഏക്കര്‍ ഭൂമി കത്തിയെരിഞ്ഞു. രണ്ടര ലക്ഷം പേരാണ് വാസസ്ഥലം ഉപേക്ഷിച്ച് പോയത്.
മൃഗങ്ങളുടെ കാര്യമാണ് ഏറെ പരിതാപകരം. വനഭൂമി കത്തിനശിച്ച് ലക്ഷക്കണക്കിന് ജീവജാലങ്ങൾക്ക് ജീവൻ നഷ്ടമായി. ഇതിൽ 20,000ലധികം കൊവാലകളും ഉൾപ്പെടുന്നു. കാട്ടു തീ താണ്ഡവമാടിയതു കൊണ്ട് തന്നെ അതിൽ നിന്ന് രക്ഷപ്പെട്ട ജീവി വർഗങ്ങൾക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. യുഎസ് മാസച്യൂസെറ്റ്സിലെ ആറുവയസുകാരൻ ഒൗൻ കോളേയ്ക്ക് പക്ഷെ ഈ രംഗം കണ്ടിട്ട് വെറുതെയിരിക്കാൻ കഴിഞ്ഞില്ല. അമ്മ കയ്റ്റ്ലിനോട് ഒൗൻ തന്റെ പദ്ധതി പറഞ്ഞു. കളിമണ്ണുകൊണ്ട് കൊവാലകളുടെ രൂപമുണ്ടാക്കി വിൽക്കുക. അതിൽ നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് ഒാസ്ട്രേലിയയിൽ കാട്ടുതീയിൽപ്പെട്ട ജീവജാലങ്ങളെ സഹായിക്കുക. 50 ഡോളർ നൽകുന്ന ആർക്കും കൊവാലയുടെ കളിമൺ പ്രതിമ ഒൗൻ നൽകും.
മൂന്നു മിനിറ്റുകോണ്ടാണ് ഒരു ചെറിയ പ്രതിമ നിർക്കാനെടുക്കുക. വെള്ളിയും വെള്ളയും കറുപ്പും നിറഞ്ഞ നിറത്തിലാണ് കൊവാല നിർമിക്കുന്നത്. 17 മിനിറ്റ് അവനിൽ വച്ച് കൊവാല പ്രതിമ ഉണക്കിയെടുക്കും. പൂർത്തിയായ പ്രതിമകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് ഒൗൻ നൽകുക. ഇതുവരെ 33 ലക്ഷം രൂപ കൊവാല പ്രതിമ വിൽപനയിലൂടെ ഒൗൻ നേടി ഒാസ്ട്രേലിയയ്ക്ക് നൽകി. ഓസ്ട്രേലിയൻ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്.
ഇനി ഒൗൻ കോളേയെപ്പോലുള്ളവരാണ് ഒാസ്ട്രേലിയയ്ക്ക് സഹായം. ന്യൂ സൗത്ത് വെയിൽസ് ഭരണകൂടം മൃഗങ്ങൾക്ക് ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന മനോഹരമായ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാണ്.
എസ്ടി