ആഘോഷങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. വിവാഹം, ജന്മദിനം, വിവാഹ വാർഷികം, യാത്രയയപ്പ്, വിജയം തുടങ്ങി നിരവധി ആഘോഷങ്ങൾ നമ്മൾ കൊണ്ടാടാറുണ്ട്. ചിലപ്പോൾ ആഘോഷങ്ങൾക്കായി പോലും നമ്മൾ എന്തെങ്കിലും വിശേഷങ്ങൾ കണ്ടുപിടിക്കാറുണ്ട്.
ഫിലാഡെൽഫിയയിലെ പെൻസിൽവാനിയ മൃഗശാലയിൽ കഴിഞ്ഞ ദിവസം ഒരാഘോഷം നടന്നു. ഒരു ജന്മദിന ആഘോഷം. അതിനെന്താ ഇത്ര പ്രത്യേകതയെന്നല്ലേ? മൃഗശാലയിലെ 60വയസുള്ള ആൽഡബ്ര വിഭാഗത്തിൽപ്പെട്ട ആമയുടെ ജന്മദിനമാണ് ജീവനക്കാർ ഗംഭീരമായി ആഘോഷിച്ചത്. ഹെൻറി എന്നാണ് ആമയെ വിളിക്കുന്നത്. ബർത്തഡേ തൊപ്പി അണിയിച്ച ആമയെ സുന്ദരനാക്കി. പിന്നീട് പഴങ്ങളും പച്ചക്കറിയും കൊണ്ട് നിർമിച്ച കേക്ക് നൽകി. കേക്കിൽ 60 എന്ന എഴുത്തും ഉണ്ടായിരുന്നു. പൂക്കൾകൊണ്ട് കേക്ക് അലങ്കരിക്കാനും ജീവനക്കാർ സമയം കണ്ടെത്തി.
2016ൽ ഹെൻറിയുടെ ഒപ്പമുള്ള ആമയുടെ 50-ാം ജന്മദിനവും ജീവനക്കാർ ഗംഭീരമായി ആഘോഷിച്ചിരുന്നു. ഹെൻറിയുടെ ജന്മദിന ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആയിരക്കണക്കിന് ഷെയറാണ് വീഡിയോയ്ക്ക് ലഭിച്ചത്. പൊതുജനത്തിനും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകാറുണ്ട്.