നാണയങ്ങൾക്ക് വിലയുണ്ട്. പഴയ നാണയങ്ങളായാലോ? വില കൂടും. പഴയ നാണയങ്ങൾ ഒരു മനുഷ്യനെ ലക്ഷപ്രഭുവാക്കിയ സംഭവമാണ് ഇംഗ്ലണ്ടിൽ നിന്ന് വരുന്നത്. ഡോണ്‍ ക്രൗലി - സംഭവകഥയിലെ നായകനാണ് അയാൾ. അപ്രതീക്ഷിതമായി വൻതുക കൈയിൽ വരുന്നതിന്റെ അന്പരപ്പിലാണ് ഡോണ്‍.
പുരാവസ്തുക്കൾ അന്വേഷിച്ച് നടക്കുകയാണ് ഡോണിന്റെ പ്രധാന ഹോബി. കൈയിൽ സദാസമയവും ഒരു മെറ്റൽ ഡിറ്റക്ടറും ഉണ്ടാവും. വളരെ യാദൃശ്ചികമായാണ് അയാൾ സുഫ്ഫോളിലെ ഒരു കർഷകന്റെ വയലിലെത്തിയത്. മെറ്റൽ ഡിറ്റക്ടറുമായി വയലിലൂടെ നടക്കുന്നതിനിടെയാണ് ചില നാണയങ്ങൾ ഡോണിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ 81 പെന്നികളും 18 കട്ട് ഹാഫ് പെന്നികളാണ് (ബ്രിട്ടീഷ് വെങ്കല നാണയം) ലഭിച്ചത്.
AD 999 ലെ നാണയങ്ങളാണിതെന്നാണ് നിഗമനം. നാണയങ്ങളെല്ലാം ലേലത്തിൽ വയ്ക്കാനാണ് ഡോണ്‍ ക്രൗലിയുടെ തീരുമാണ്. ലേലത്തിലൂടെ 60,000 ഡോളർ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 42 ലക്ഷം രൂപ. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് ലേലം നടക്കുക.