അർദ്ധരാത്രിയിൽ, ജോലിക്കിടെ നിങ്ങൾക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ അത് വിശ്വസിക്കുമോ? ലോട്ടറിയുടെ സമ്മാനത്തുക കോടികളാണെങ്കിലോ? ഒരിക്കലും വിശ്വസിക്കില്ല, അല്ലേ? സ്റ്റാസെയും ഇങ്ങനെയാണ് ചിന്തിച്ചത്. ആരാണ് സ്റ്റാസെയെന്നല്ലേ? ലണ്ടനിലെ നാഷണൽ ലോട്ടറിയുടെ ഒരു മില്യണ് പൗണ്ട് (ഏകദേശം ഒന്പത് കോടി രൂപ) സമ്മാനം ലഭിച്ച ഡേവിഡ് ടെയ്ലറുടെ ഭാര്യയാണ് സ്റ്റാസെ.
കെയർ വർക്കറായി ജോലി ചെയ്യുകയാണ് സ്റ്റാസെ. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്പോഴാണ് ഭർത്താവ് ഫോണിൽ വിളിച്ച് ലോട്ടറിയടിച്ച വിവരം പറയുന്നത്. നട്ടപ്പാതിരായ്ക്കുള്ള ഭർത്താവിന്റെ തമാശയായി മാത്രമേ സ്റ്റാസെ അതിനെ കണ്ടുള്ളൂ.
ഭർത്താവ് ഇടയ്ക്ക് ഇത്തരം തമാശകൾ പറയാറുള്ളതുകൊണ്ട് സ്റ്റാസെ തന്റെ ജോലി തുടർന്നു. ഭാര്യ വിശ്വസിച്ചില്ലെന്ന് മനസിലാക്കിയ ഡേവിഡ് ലോട്ടറിയുടെ ഒരു ഫോട്ടോയെടുത്ത് അയച്ചു നൽകി. എന്നിട്ടും സ്റ്റാസെയ്ക്ക് വിശ്വാസമായില്ല. ലോട്ടറിയുടെ രണ്ടുവശവും വീണ്ടും ഡേവിഡ് അയച്ചുകൊടുത്തു.
സഹപ്രവർത്തകയോട് വിവരം പറഞ്ഞ് പരിശോധിച്ചപ്പോഴാണ് ശരിക്കും ലോട്ടറിയടിച്ചതാണെന്ന് സ്റ്റാസെയ്ക്ക് മനസിലായത്. പിന്നെ ജോലിയെല്ലാം പൂർത്തിയാക്കി രാവിലെ എട്ടോടെ വീട്ടിലെത്തി ഡേവിഡുമൊത്ത് സന്തോഷം പങ്കിട്ടു.
ഇതുവരെ ആകെ ലഭിച്ച സമ്മാനം ഒരു സ്ക്രാച്ച് ആൻഡ് വിൻ കാർഡിലെ 100 പൗണ്ടാണെണ് ഡേവിഡ് പറയുന്നു. കോടീശ്വരനായതോടെ ജീവിതം കൂടുതൽ ആഢംബരമാക്കാനുള്ള തയാറെടുപ്പിലാണ് ഡേവിഡ്. തനിക്കും ഭാര്യക്കും മക്കൾക്കുമായി രണ്ട് എസ്യുവികൾ, വലിയ ഒരു വീട്, വിദേശ യാത്ര... നീണ്ട ലിസ്റ്റാണ് ഇരുവരും ചേർന്ന് തയാറാക്കിയിരിക്കുന്നത്.
എസ്ടി