ബെൻ വിൽസൺ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായ ചിത്രങ്ങൾ വരയ്ക്കും. അതിലെന്താ ഇത്ര വലിയ കാര്യമെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ബെൻ വിൽസൺ ചിത്രങ്ങൾ വരയ്ക്കുന്നത് കാൻവാസിലും, ചുവരിലും ഒന്നുമല്ല, എല്ലാവരും ഉപയോഗിച്ച് വലിച്ചെറിയുന്ന ച്യൂയിങ്ഗത്തിലാണ്. കേട്ടിട്ട് അറപ്പുതോന്നുന്നുണ്ടോ? പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം ഉപയോഗമില്ലാതെ വലിച്ചെറിയുന്ന ച്യൂയിങ്ഗത്തെ ഇതിലൂടെ പുനരുപയോഗം ചെയ്യുകയാണ്.
"ച്യൂയിങ്ഗം മാൻ 'എന്നാണ് വിൽസൺ അറിയപ്പെടുന്നത്. ആദ്യം പടികളിലും തറയിലും മറ്റും ഒട്ടിയിരിക്കുന്ന ച്യൂയിങ്ഗം ശേഖരിക്കും. പിന്നീട് ബർണർ ഉപയോഗിച്ച് അതിനെ ഉരുക്കും. എന്നിട്ട് ബ്രഷും, ചായങ്ങളും ഉപയോഗിച്ച് അതിൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കും. വിൽസനെ സംബന്ധിച്ചിടത്തോളം ഇതൊരു പുനരുപയോഗ മൂല്യമുള്ള കലാരൂപമാണ്.
താൻ മാലിന്യത്തിൽനിന്ന് നല്ലതെന്തെങ്കിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചെറിയ നാണയത്തോളം വലുപ്പമുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. വടക്കൻ ലണ്ടനിൽ താമസിക്കുന്ന വിൽസൺ ആദ്യം മരത്തിലാണ് കൊത്തുപണികൾ ചെയ്തിരുന്നത്. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ചൂയിങ്ഗം ഉപയോഗിച്ചുള്ള ചിത്രരചനയിലാണ്.