തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൈവശക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇവർക്ക് എല്ലാവർക്കും പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ഗാന്ധിസ്ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടുക്കിയിലെ ഭൂ പ്രശ്നപരിഹാരത്തിന് ഭൂപതിവ് നിയമം ഭേദഗതി ചെയ്തു.
ചട്ടം രൂപീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ ഭൂ ഉടമകൾക്കും അവരുടെ ഭൂമിക്ക് കൃത്യമായ രേഖ നൽകും.ഇതിനുള്ള നടപടികളും നടന്നുവരികയാണെന്നു അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഈ നേട്ടം കൈവരിക്കാനാവില്ല. കമ്യൂണിസ്റ്റ്കാരന് തോൽവിയിൽ നിരാശയും വിജയത്തിൽ അമിതാഹ്ലാദവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.