2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല പകർച്ചവ്യാധി പ്രതിരോധത്തിന്റെ കാര്യത്തിലും ക്രിസ്ത്യനിക്കു രണ്ടായിരം കൊല്ലത്തെ പാരമ്പര്യമുണ്ട്.' ആത്മീയതയുടെയും ദൈവികതയുടെയും അടയാളമായി കല്ലുകളെയും കെട്ടിട സമുച്ചയങ്ങളെയും സ്ഥാപനങ്ങളെയും മാത്രം കാണുന്നവരുടെ കണ്ണുകളിലാണ് ദൈവം തോറ്റുപോയൊരു രാജാവായും വിശ്വാസികൾ പരാജിത ചക്രവർത്തിയുടെ പടയാളികളായും തോന്നലുണ്ടാകുന്നത്.
"നാളെ ലോകം നശിക്കുമ്പോൾ ആ നാശമുഖത്തിന് അറ്റോമിക് ബോംബിന്റെ "മഷ്റൂം ക്ളൗഡ്’ മുഖമായിരിക്കില്ല, അതിനു വൈറസിന്റെ മുഖമായിരിക്കും. ഇനിയുള്ള വർഷങ്ങളിൽ കോടിക്കണക്കിനു മനുഷ്യർ കൊല ചെയ്യപ്പെടാൻ പോകുന്നത് യുദ്ധമുഖങ്ങളിലായിരിക്കില്ല. പകർച്ചവ്യധികണക്കെ പടർന്നു പിടിക്കുന്ന അദൃശ്യ വൈറസുകളുടെയും മൈക്രോബ്സുകളുടെയും അസാമാന്യ ആക്രമണം കൊണ്ടായിരിക്കും.
മൈക്രോസോഫ്റ്റ് എന്ന ലോകോത്തര ബിസിനസ് സാമ്രാജ്യത്തിന്റെ സഹ സ്ഥാപകനും മുപ്പത്തിയൊന്നാമത്ത വയസുമുതലിങ്ങോട്ട് ലോകകോടീശ്വരൻമാരിലൊരുവനായും ഖ്യാതി സ്വന്തമാക്കിയ ബിൽ ഗേറ്റ്സ്, നാലു വർഷങ്ങൾക്കു മുൻപ് റ്റെഡ് ടോക്ക് (Ted Talk) വേദിയിൽ നിന്നു ലോകത്തിന്റെ കാതിലേക്കു കടത്തിവിട്ട മുന്നറിയിപ്പായിരുന്നു ഈ വാക്യം. ചരിത്രത്തിൽ ഇതുവരെ നിവർത്തിക്കപ്പെട്ട പ്രവചനങ്ങളോടൊപ്പം ഇന്ന് ഒന്നുകൂടെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.
‘അണ്വായുധങ്ങളുടെയും ബയോവെപ്പണുകളുടെയും നിർമാണത്തിന് മില്യൺ കണക്കിന് മുതൽമുടക്കു നടത്തിയ നാം വൈറോളജി, എപിഡെമിയോളജി ഉൾപ്പെടുന്ന ആരോഗ്യ പ്രതിരോധ മേഖലയിലെ പഠനത്തിനായി എന്ത് ചെലവഴിച്ചു?’. മിസൈലുകൊണ്ടുള്ള ദൃശ്യപ്പോരാട്ടത്തിന് അതിർത്തികൾ അടച്ചു നാം പദ്ധതി ആവിഷ്കരിക്കുമ്പോൾ, അതിർത്തികൾ ഒരു തടസമേ അല്ലാത്ത അദൃശ്യ പോരാളികളായ വൈറസുകളുടെയും മൈക്രോബ്സിന്റെയും അങ്കം വെട്ടിനു നാം എന്ത് തയാറെടുപ്പു നടത്തി എന്നും അദ്ദേഹം ആരായുന്നു.
കളിച്ചു കാണികളെ രസിപ്പിക്കുന്ന കാൽപ്പന്തു കളിക്കാർക്ക് മില്യൺ കണക്കിന് യൂറോയും, ബയോളജിക്കൽ റിസേർച് നിർവഹിക്കുന്ന ഒരാൾക്ക് ആയിരത്തി എണ്ണൂറു യൂറോയുമാണ് നിങ്ങൾ കൊടുക്കുന്നത്. എന്നിട്ടിപ്പോൾ വൈറസിന് മരുന്നുണ്ടാക്കി കൊടുക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നോ? പോയി ക്രിസ്റ്റ്യാനോ റൊണാൾഡോയോടും മെസിയോടും ചോദിക്കു...അവർ നിങ്ങളെ സുഖപ്പെടുത്തും.'-ഒരു വൈറസ് കണക്കേ സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ച സ്പാനിഷ് ബയോളജിക്കൽ റിസേർച്ചർ സ്ത്രീയുടെ ക്ഷോഭമാണിത്.
ലോകം ഇന്ന് കടന്നു പോകുന്ന അവിശ്വസനീയമായ അപകടസാഹചര്യങ്ങൾക്കു ദൈവം ആണ് ഉത്തരവാദിയെന്നും വിശ്വാസത്തിന്റെ പരാജയമാണ് ഇത് എന്നുമൊക്കെ ആർത്തലയ്ക്കുന്നവർ മേൽപ്പറഞ്ഞ കാര്യങ്ങൾ കാണാതെ പോകരുത്. മനുഷ്യർ അവന്റെ അഹങ്കാരം കൊണ്ടും സ്വാർഥത കൊണ്ടും ചെയ്തു കൂട്ടുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ദൈവത്തിന്റെ ചുമലിലേക്ക് കയറ്റിവയ്ക്കരുത്. മനുഷ്യന്റെ അജ്ഞതയ്ക്കും അപരാധങ്ങൾക്കും ദൈവത്തെയല്ല പ്രതികൂട്ടിൽ നിർത്തേണ്ടത്. ദൈവ വിശ്വാസികളെയല്ല സാക്ഷികളായി വിസ്തരിക്കേണ്ടത്.
അയൽരാജ്യത്തിന്റെ അതിർത്തി ചൂഴ്ന്നു കയറി അക്രം അഴിച്ചുവിടാനും, ആകാശത്തു സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് അടയാളങ്ങളുടെ നിർദേശം വഴി ഭൂമിയിലൂടെ കടന്നു പോകുന്ന കാറിനകത്തേക്കു നിറയൊഴിച്ചു കത്തിച്ചു കളയാനുമുള്ള ശാസ്ത്ര മികവ് നേടിയ മനുഷ്യർക്ക് ചൈനയിലെ വുഹാനിലും ഇറ്റലിയിലെ മിലാനിലും മരണത്തോട് മല്ലടിക്കുന്നവരുടെ ജീവനെ പിടിച്ചു നിർത്താനാകുന്നില്ല.
മരണത്തിന്റെ കിടക്കയിൽ കിടന്ന് അവസാന ശ്വാസം ആകാശത്തേക്ക് വിടുമ്പോഴും അവരിൽ ഭൂരിഭാഗവും അനുസ്മരിച്ചത് ദൈവനാമം മാത്രമാണ്. ഒരു ചെറു തൂവലോളം പോലും ഭാരമില്ലാത്ത ശ്വാസം ഒന്നുള്ളിലേക്കെടുക്കാൻ പറ്റാതെ നെഞ്ചുന്തി വരുമ്പോൾ അവർ ആഗ്രഹിച്ചത് അടുത്തിരുന്നു നെഞ്ച് തടവി കൊടുക്കാൻ ഒരു മനുഷ്യനെ മാത്രമാണ്. ശാസ്ത്രത്തിനു മുട്ടുമടക്കേണ്ടി വരുന്ന അദൃശ്യശക്തികൾ!
ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള മഹാമാരികളുടെ നടുവിൽ മനുഷ്യന് കൂട്ടായിരുന്നിട്ടുള്ളത് എന്നും മനസാക്ഷിയുള്ള മറ്റു മനുഷ്യർ തന്നെയാണ്, റോബട്ടുകളല്ല. അവരെ അതിനു പരുവപ്പെടുത്തിയതോ ഉള്ളിൽ പാകപ്പെട്ട വിശ്വാസത്തിന്റെ വിത്തുകളുടെ പൊട്ടിമുളയ്ക്കൽ തന്നെയാണ്. 2020 മാർച്ച് പതിമൂന്നിന് ലീമാൻ സ്റ്റോൺ എന്ന എഴുത്തുകാരൻ കുറിച്ച ലേഖനത്തിന്റെ ശീർഷകം ഇപ്രകാരമാണ് "വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല പകർച്ചവ്യാധി പ്രതിരോധത്തിന്റെ കാര്യത്തിലും ക്രിസ്ത്യനിക്കു രണ്ടായിരം കൊല്ലത്തെ പാരമ്പര്യമുണ്ട്.
റോമൻ സാമ്രാജ്യത്തിലെ നാലിലൊന്നു ജനങ്ങളെ കൊന്നൊടുക്കിയ രണ്ടാം നൂറ്റാണ്ടിലെ പകർച്ച വ്യാധിയെക്കാൾ വേഗത്തിലാണ് ക്രിസ്ത്യാനിറ്റിക്ക് വളർച്ചയും വ്യാപ്തിയുമുണ്ടായത്. വിജാതീയ ദൈവങ്ങളുടെ കോപമാണ് പകർച്ചവ്യാധിക്കു നിദാനമെന്ന പുലമ്പലുകൾക്കു മീതെ ഭയരഹിതരായി നടന്നു നീങ്ങി, കടലിനു മീതെ നടന്നവന്റെ മക്കൾ. മരണത്തിന്റെ എണ്ണം കുറയ്ക്കാനൊന്നും അവർക്ക് സാധിച്ചില്ലെങ്കിലും ആരെയും നിരാശരായി മരിക്കാൻ അവർ അനുവദിച്ചില്ല.
മരിച്ചവരെ ഓർത്തു നിങ്ങൾ കരയരുത് അവർ സ്വർഗത്തിലാണ്...പകരം, ജീവിച്ചിരിക്കുന്നവരുടെ കൂടെ ആയിരിക്കുക അവർക്കു വേണ്ടി ഇരട്ടിയായി പ്രാര്ഥിക്കുക, അവരെ ഇരട്ടിയായി പരിപാലിക്കുക, മൂന്നാം നൂറ്റാണ്ടിലെ മഹാമാരിക്ക് മധ്യേ നിന്നുകൊണ്ട് വിശുദ്ധ സിപ്രിയാൻ നടത്തിയ ഈ പ്രഭാഷണം കത്തോലിക്കാ സഭയുടെ ഗർഭപാത്രത്തിലെ ഊർജമാണ്.
ആ ഊർജവുമായി തെരുവിലേക്കിറങ്ങിയ ക്രിസ്ത്യാനികളുടെ സ്നേഹവും പരിപാലനയും കണ്ടു വിജാതീയ ചക്രവർത്തിയായ ജൂലിയസിന്റെ പോലും കണ്ണ് തള്ളിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രണ്ടായിരം വർഷത്തിന് ശേഷവും, വിശ്വാസത്തിനും സ്നേഹത്തിനും ഒരു കുറവും വരാതെ ഫ്രാൻസിസ് എന്ന് പേരുള്ള മാർപാപ്പ റോമൻ തെരുവീഥികളിലൂടെ ഒരു തീർഥാടകനെ പോലെ നടന്നു പ്രാർഥിക്കുന്നു. മിലാനിലെ കൊറോണ ബാധിത പ്രദേശങ്ങളിൽ മരണപ്പെട്ട ഇരുപത്തഞ്ചോളം വൈദീകരും സമർപ്പിതരും, രോഗം ബാധിച്ച ഇടവകാങ്ങങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനുമായി പോയിരുന്നവരാണ് എന്ന് വായിക്കുമ്പോഴാണ് വിശുദ്ധ സിപ്രിയന്റെ വാക്കുകൾ ഇന്നും മാംസം ധരിക്കുന്നുവെന്നു നാം തിരിച്ചറിയുന്നത്.
ത്യാഗ പരിചരണത്തിന്റെ ഈ ശീലം ചരിത്രത്തിലുടനീളം വീണ്ടും പ്രത്യക്ഷപ്പെട്ടു. 1527ൽ വിറ്റൻബെർഗിൽ ബ്യൂബോണിക് പ്ലേഗ് ബാധിച്ചപ്പോൾ, നഗരം വിട്ട് സ്വയം രക്ഷപ്പെടാനുള്ള ആഹ്വാനം നിരസിച്ചത് മാർട്ടിൻ ലൂഥറാണ്. "ക്രിസ്ത്യൻ ഡോക്ടർമാർക്ക് അവരുടെ ആശുപത്രികൾ ഉപേക്ഷിക്കാൻ കഴിയില്ല, ക്രിസ്ത്യൻ ഗവർണർമാർക്ക് അവരുടെ ജില്ലകളിൽ നിന്ന് പലായനം ചെയ്യാൻ കഴിയില്ല, ക്രിസ്ത്യൻ പുരോഹിതർക്ക് അവരുടെ സഭകൾ ഉപേക്ഷിക്കാൻ കഴിയില്ല’, കൂടെയുള്ള മനുഷ്യരെ തനിച്ചാക്കി ഓടിയൊളിക്കാൻ കഴിയാത്ത ക്രിസ്ത്യാനിയുടെ ഈ മാനസികാവസ്ഥയെ വിളിക്കുന്ന പേരാണ് ആത്മീയതയെന്നത്.
സത്യാന്വേഷണത്തിലേക്കു പറന്നുയരാൻ മനുഷ്യനുള്ള രണ്ടു ചിറകുകളാണ് മതവും ശാസ്ത്രവും എന്ന് പറഞ്ഞത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. ആത്മീയതയുടെ നിരാസമായിട്ടല്ല ശാസ്ത്രം വളരേണ്ടത്. ശാസ്ത്രത്തിന് അന്ധതയേൽക്കുന്ന ഇടങ്ങളിലാണ് മതം വിളക്കാകുന്നത്. അതുകൊണ്ടാണ് യുദ്ധം അരുതെന്നാവശ്യപ്പെട്ടുകൊണ്ട് ആത്മീയനായ ആ മനുഷ്യൻ രാഷ്ട്ര നേതാക്കളുടെ കാലു കഴുകി ചുംബിച്ചത്. അവർക്കിനി എങ്ങനെ സമാധാനക്കരാറിൽ ഒപ്പു വയ്ക്കാതിരിക്കാനാകും! നമുക്ക് മിസൈലുകൾ കണ്ടുപിടിക്കാം എന്ന് പറയുന്ന ശാസ്ത്രജ്ഞനോടു നമുക്ക് മരുന്ന് കണ്ടുപിടിക്കാം എന്ന് പറയുന്നതാണ് ആത്മീയത.
കഴിക്കാൻ ഭക്ഷണമോ മരുന്നോ ഇല്ലാതിരുന്നത് കൊണ്ടല്ല...കടിച്ചു പിടിച്ചു പോരാടാനും ജീവിക്കാനും പ്രതീക്ഷയും പ്രത്യാശയും ഇല്ലാതായിപ്പോയത് കൊണ്ടാണ് അവരിൽ ഭൂരിഭാഗം ആളുകളും മരിച്ചു പോയത്. ക്രൂരതയും കരച്ചിലും കൊലപാതകങ്ങളും മാത്രം അരങ്ങേറിക്കൊണ്ടിരുന്ന ഔഷ്-വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പ് ജീവിതം അതിജീവിച്ചു വന്ന വിക്റ്റർ ഫ്രാങ്കലിന്റെ പുസ്തകത്തിലേതാണ് ഈ സങ്കടാക്ഷരങ്ങൾ.
അപ്രതിരോധ്യമായ കൊറോണ ഭീതിയിൽ ജീവനുവേണ്ടി പൊരുതി കൊണ്ടിരിക്കുന്ന രോഗികളുടെ കൂടെ വൈദ്യമായും വേദമായും കൂടെയുള്ളത് ഭൂരിഭാഗവും നെഞ്ചിൽ വിശ്വാസം പേറുന്നവരാണ്. വീട്ടിലുള്ള പ്രിയപ്പെട്ടവരോട് "പ്രാർഥിച്ചാൽ മാത്രം മതി ’ എന്നും പറഞ്ഞു ആശുപത്രികളിലേക്ക് നീങ്ങുകയാണ് മാലാഖമാരുടെ മുഖമുള്ള ഡോക്ടർമാരും നഴ്സുമാരും സന്നദ്ധപ്രവർത്തകരും. മണിക്കൂറുകൾ മാസ്ക് ധരിച്ചു മുഖം ചുവന്നു പുറത്തേക്കു വരുന്ന അവർ മനുഷ്യരോട് ആവശ്യപ്പെടുന്ന കാര്യം ഒന്ന് മാത്രമാണ് “ദൈവത്തെ ഓർത്തു വീടിനകത്തിരിക്കുക’’.
നൂറ്റാണ്ടുകൾക്കു മുൻപ് രോഗികളുടെ അടുത്തേക്ക് ചെല്ലുക എന്ന് പറഞ്ഞ മാർപാപ്പമാരുടെ വാക്കുകളെ വിശ്വാസികൾ അന്ന് എങ്ങനെ എടുത്തോ അതെ ആദരവോടും അനുസരണയോടും കൂടെ ഇന്ന് ഇവരുടെ വാക്കുകളെയും എടുക്കുകയാണ്. കാരണം, ദൈവം എന്നും സംസാരിച്ചിട്ടുള്ളത് മനുഷ്യരിലൂടെ തന്നെയാണ്.
അപകടകരമായ സാഹചര്യങ്ങൾക്കെതിരേ മുൻകരുതലെടുക്കണം എന്ന ആഹ്വാനവുമായി വൈദ്യശാസ്ത്രവും ആരോഗ്യമന്ത്രാലയങ്ങളും നിർദേശങ്ങൾ തരുമ്പോൾ അതിനനുസരിച്ചു സാമൂഹ്യാകലം പാലിക്കുന്നതിനാണ് ദേവാലയങ്ങൾ അടച്ചതും പ്രാർഥന കൂട്ടായ്മകൾ നിർത്തിയതും. അനുസരണയുടെ ഈ നിലപാടിനെ നോക്കി “വിശ്വാസത്തിന്റെ പരാജയം’ എന്നും “ദൈവങ്ങളുടെ തോൽവി’ എന്നൊക്കെ പറയുന്നവരോട് യാതൊരു വിരോധവുമില്ല; പക്ഷെ അവരെയൊക്കെ യുക്തിവാദി എന്ന് വിളിക്കുന്നവരുടെ യുക്തിഹീനതയെക്കുറിച്ചാണ് സത്യത്തിൽ ആകുലത!
കത്തോലിക്കാ വിശ്വാസകൂട്ടായ്മയുടെ ആദിമരൂപത്തിന് “അപ്പം മുറിക്കൽ ശുശ്രൂഷ’യെന്നായിരുന്നു മാമ്മോദിസപ്പേര്. ക്രിസ്തു എന്ന മനുഷ്യപുത്രനെ ദൈവപുത്രനായി നെഞ്ചിലേറ്റിയവരുടെ ഒത്തുചേരലായിരുന്നു അത്. ആനന്ദത്തോടും ആഹ്ളാദത്തോടും ഭയത്തോടും ഭീതിയോടും വിശപ്പോടും ദാഹത്തോടും കൂടി അവർ ചേർന്നിരുന്നു. അവരവരുടെ അടുപ്പിൽ ചുട്ടെടുത്ത അപ്പക്കഷണങ്ങൾ അവർ മറ്റുള്ളവർക്കായി പങ്കിട്ടു.
ആ പങ്കുവയ്പ്പിന്റെ ആധാരശിലയായി നിലകൊണ്ടതോ, അന്ത്യത്താഴരാത്രിയിൽ മുപ്പത്തിമൂന്നുവയസുകാരൻ മനുഷ്യപുത്രൻ പകുത്തു നൽകിയ സ്വന്തം ശരീരരക്തങ്ങളും. ആ അത്താഴമേശയിൽ നിന്നുമാണ് ഇന്നും ഭൂമിയിൽ പങ്കുവയ്ക്കലുകൾ നടന്നുകൊണ്ടിരിക്കുന്നത്. നീണ്ട വർഷങ്ങളുടെ കടന്നുപോകലിൽ ആ അപ്പം മുറിക്കൽ ശുശ്രൂഷയ്ക്ക് നവമാനങ്ങൾ കൈവന്നുവെങ്കിലും കത്തോലിക്കന്റെ നെഞ്ചിൽ വേവുന്ന അപ്പത്തിന് ക്രിസ്തുവിന്റെ ശരീരത്തിന്റെ അതേ സ്വാദും അവന്റെ രക്തത്തിന്റെഅതേ ലഹരിയുമാണ്. അതുകൊണ്ടാണ് ആ ലഹരിയിൽ അവർ ഭൂമിയിൽ സ്നേഹം പങ്കു വയ്ക്കാനിറങ്ങിതിരിക്കുന്നത്.
അകന്നിരിക്കുന്നതിലും ആത്മീയതയുണ്ടെന്ന് ആർക്കാണ് അറിയാത്തത്? അന്ന്, അപ്പംമുറിക്കലിന് വന്നവർ അപരന്റെ ഉദരത്തിന് ആവശ്യമായ അന്നവുമായി വന്നവരാണ്. അവർക്കത് ജീവദായകമായ ദൗത്യമായിരുന്നു. എന്നാൽ ഇന്ന്, വിജ്ഞാനത്തിന്റെ വൈദ്യശാസ്ത്രം, ’അടുത്തിരുന്നാൽ അപകടം ഉണ്ടാകും’ എന്ന് മുന്നറിയിപ്പ് തരുമ്പോൾ, എന്റെ സാന്നിധ്യം അപരന്റെ ആയുസിന് ഹാനിയാകും എന്ന തിരിച്ചറിവ് കിട്ടിയവർ അപ്പംമുറിക്കൽ ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ജീവാദായകം. ഇവിടെ അകലമാണ് ആത്മീയത.
ആത്മാവ് വന്നു ശക്തിപ്പെടുത്തുന്നത് വരെ അവർ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തിയിരുന്നത് ’അടച്ചിട്ട മുറികളിൽ’ ആയിരുന്നുവെന്നു മറക്കരുത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മരുന്നാണ് നമുക്ക് ഇന്ന് ആത്മാവ്. അത് വരുന്നതുവരെ അടച്ചിട്ട മുറികളിൽ മറിയത്തിന്റെ മധ്യസ്ഥതയിൽ നമുക്കായിരിക്കാം. കൊളോസിയത്തിന്റെ നിണവഴികളിലേക്കു ക്രിസ്ത്യാനിയെ വലിച്ചിഴയ്ക്കുന്ന മതപീഡകരുടെ കൺവെട്ടത്ത് നിന്നും ഒഴിഞ്ഞു മാറിയാണ് അവർ നാളുകളത്രയും പ്രാർഥിച്ചത്: സർപ്പത്തിന്റെ വിവേകം! ക്രിസ്തുവിനുമുണ്ടായിരുന്നു പിൻവാങ്ങലുകൾ.
നാല്പതു നാളിന്റെ വിശപ്പ്, കല്ലിനെ അപ്പമാക്കാനുള്ള പ്രലോഭകനായി മുന്നിൽ നിന്നപ്പോഴും, മലമുകളിൽ നിന്നെടുത്തു ചാടി മാലാഖമാരെക്കൊണ്ട് മാജിക് കാണിച്ചു കയ്യടി നേടാനുള്ള മറ്റൊരു ഓഫറും അയാൾ നൈസ് ആയി തള്ളിക്കളഞ്ഞു. അദ്ഭുതങ്ങൾ ചെയ്തു അസാമാന്യകയ്യടികൾ കിട്ടിയിട്ടും അയാൾ ആരുമറിയാതെ സീൻ വിട്ടു. ജനങ്ങൾ അയാളെ രാജാവാക്കാൻ നോക്കിനടന്നപ്പോളൊക്കെ ആളൊഴിഞ്ഞ കടൽത്തീരത്തെ ആറ്റുവഞ്ചിയിൽ തല ചായ്ച്ച് അങ്ങേരു വെറുതെ കിടന്നുറങ്ങി. കാരണം അയാൾക്കറിയാമായിരുന്നു അപ്പൻ പ്ലാൻ ചെയ്ത സമയമായിട്ടില്ല എന്ന്. അതിനു മുൻപേ കളത്തിലിറങ്ങുന്നത് അവിവേകമാണെന്ന്.
വിവേകം, അത് പരിശുദ്ധാത്മാവിന്റെ ദാനമാണെന്ന് കത്തോലിക്കർക്കറിയാം. അതുകൊണ്ടുതന്നെയാണ് ആരാധനാലയങ്ങൾ അടച്ചിടുന്നത്. ലോകാരോഗ്യ സംഘടനയിലൂടെയും ആരോഗ്യ മന്ത്രിയിലൂടെയും പഞ്ചായത്ത് പ്രസിഡന്റിലൂടെയും പുരോഹിതരിലൂടെയും വരുന്ന നിർദേശങ്ങളുടെ അനുസരണമാണ് ആരാധനാലയങ്ങളിൽ ഈ കാലയളവിൽ അർപ്പിക്കപ്പെടുന്ന ബലികളേക്കാൾ ശ്രേഷ്ഠം.
ആത്മീയതയുടെയും ദൈവികതയുടെയും അടയാളമായി കല്ലുകളെയും കെട്ടിട സമുച്ചയങ്ങളെയും സ്ഥാപനങ്ങളെയും മാത്രം കാണുന്നവരുടെ കണ്ണുകളിലാണ് ദൈവം തോറ്റുപോയൊരു രാജാവായും വിശ്വാസികൾ പരാജിത ചക്രവർത്തിയുടെ പടയാളികളായും തോന്നലുണ്ടാകുന്നത്.
കല്ലുകൾകൊണ്ട് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയ ദേവാലയങ്ങളിൽ ബലിയർപ്പണം നിലച്ചു എന്നു കരുതി നിരീശ്വരവാദികൾ ആനന്ദിക്കാൻ വരട്ടെ. ഹൃദയത്തിനുള്ളിലെ ബലിക്കല്ലുകളിൽ ബലികൾ മുടങ്ങാതെ അർപ്പിക്കപ്പെടുകതന്നെ ചെയ്യും. വീടിനകത്തെ അൾത്താരയായ രൂപക്കൂടുകൾക്കു മുന്നിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തിരികൾ ജ്വലിച്ചുകൊണ്ടേയിരിക്കും.
നിബിൻ കുരിശിങ്കൽ