പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അധികാരചുമതലകളൊഴിഞ്ഞ് ഏകാന്ത താപസജീവിതം നയിക്കാനുള്ള താത്പര്യം സഭാധികാരികളെ അറിയിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു അത്യപൂർവതീരുമാനം എന്ന ചോദ്യം സമൂഹം ചർച്ച ചെയ്യുന്നതിനിടെ അദ്ദേഹംതന്നെ അതിന് ഉത്തരം നല്കുന്നു. ആഴമേറിയ പ്രാർഥനയുടെ യാമങ്ങളിൽ തിരിച്ചറിഞ്ഞ ദൈവനിയോഗത്തെക്കുറിച്ചാണ് ഈ വാക്കുകൾ. താപസജീവിതം എന്താണെന്നും എവിടെയാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും തുറന്നുപറയുന്നു. തന്റെ തപസ്് സഭയ്ക്കു കൂടുതൽ ആത്മീയശക്തി പകരുമെന്ന ആഗ്രഹത്തോടെ അദ്ദേഹം സൺഡേ ദീപികയോട്...
1993ൽ വൈദികനും 2012ൽ പാലാ രൂപത സഹായമെത്രാനുമായ എനിക്ക് 2017 മുതലാണ് താപസജീവിതത്തിലേക്കു വരാൻ ദൈവം ആവശ്യപ്പെടുന്നതായി അനുഭവപ്പെട്ടുതുടങ്ങിയത്. ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും അറിയപ്പെടാത്ത ജീവിതത്തിലേക്കും വളരാൻ വിളിക്കുന്ന അനുഭവം. ഇക്കാര്യം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ അറിയിച്ചു. അദ്ദേഹം ആശങ്ക അറിയിച്ചെങ്കിലും കൂടുതൽ ചിന്തിക്കുകയും പഠിക്കുകയും പ്രാർഥിക്കുകയും ചെയ്യാമെന്നു പറഞ്ഞു. 27 വർഷമായി പാലാ രൂപതയിൽ ഞാൻ പല തലങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. ഏവരാലും അറിയപ്പെടുന്ന വ്യക്തിയുമാണ്. 57-ാം വയസിലെത്തുന്പോൾ അറിയപ്പെടാത്ത താപസജീവിതത്തിലേക്ക് നീ വരികയും വളരുകയും ചെയ്യണമെന്ന നിശബ്ദമായ പ്രചോദനം എന്നെ പിന്തുടരുകയാണ്.
കല്ലറങ്ങാട്ട് പിതാവിന്റെ അനുമതിയോടെ ഇക്കാര്യം ഞാൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ സന്ദർശിച്ച് എഴുതി നൽകി. ആലഞ്ചേരി പിതാവ് പ്രാർഥിച്ചശേഷം ഇക്കാര്യം സിനഡിൽ ചർച്ച ചെയത് രണ്ടു മൂന്നു വർഷത്തിനുള്ളിൽ തീരുമാനമെടുക്കാമെന്നു പറഞ്ഞിരിക്കുന്നു. സിനഡ് തീരുമാനം പൗരസ്ത്യ തിരുസംഘത്തെയും അറിയിക്കേണ്ടതുണ്ട്. മാർ ജോസഫ് പള്ളിക്കാപറന്പിൽ പിതാവിനെ അറിയിച്ചപ്പോൾ അദ്ദേഹവും ഇതിൽ യോജിക്കുകയാണുണ്ടായത്. ഏകാന്ത താപസം തീവ്രഭാവത്തിൽ ഉൾക്കൊള്ളണമെന്ന സന്ദേശമാണ് പ്രാർഥനയിൽ എനിക്കു ലഭിക്കുന്നത്.
ദൈവം മെത്രാനായി കണ്ടെത്തിയ ഞാൻ ഇഷ്ടപ്പെടുന്ന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെയാണ് ഏകാന്തതയിലേക്കു പോകാനുള്ള വിളി. അബ്രാഹം മെസപ്പെട്ടോമിയയിൽ കഴിയുന്പോഴാണല്ലോ നാടും കൃഷിയും ഉപേക്ഷിച്ച് പറയുന്ന സ്ഥലത്തേക്കു പോകാൻ ദൈവം ആവശ്യപ്പെട്ടത്. അബ്രാഹത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ കാര്യമായിരുന്നു ദൈവത്തിന്റെ തീരുമാനം.
ഈജിപ്തിൽ തുടക്കം
താപസജീവിതം അഥവാ ഹെർമിറ്റ് സന്യാസശൈലി ഈജിപ്തിൽ ആദ്യനൂറ്റാണ്ടിൽതന്നെ ആരംഭിച്ചതാണ്. മരുഭൂമിയിലും ആശ്രമങ്ങളിലും താപസരായി ജീവിച്ചിരുന്നവർ അന്ന് ഏറെയുണ്ടായിരുന്നു. ആത്മീയ ഉപദേശം സ്വീകരിക്കാൻ ഏറെപ്പേർ അവരെ സന്ദർശിക്കുകയും അതുവഴി സഭയ്ക്ക് ആത്മീയ ഉണർവ് ലഭിക്കുകയും ചെയ്തിരുന്നു.
അധികാരപദവികളിൽനിന്നു മാറുക എന്നതുകൊണ്ട് ലോകത്തെ വെറുക്കുക എന്നല്ല അർഥം. സ്രഷ്ടാവിന്റെ ഹിതപ്രകാരം ലോകത്തെ കാണാൻ താപസൻ പഠിപ്പിക്കുകയാണു ചെയ്യുന്നത്. താപസന് ലോകത്തെക്കുറിച്ചുള്ള വീക്ഷണം വ്യത്യസ്തവുമാണ്. തപസ് അനുഷ്ഠിക്കുന്നയാൾ പ്രകൃതിയിലേക്കിറങ്ങി ദൈവഹിതപ്രകാരം സർവസൃഷ്ടജാലങ്ങളെയും കാണാൻ ലോകത്തെ പഠിപ്പിക്കുന്ന വ്യക്തിയായി മാറുന്നു. ഇതാണ് മരുഭൂമിയിലെ താപസരുടെ ജീവിതസാക്ഷ്യം.
ഒരു മെത്രാൻ തപസിനായി ആഗ്രഹിക്കുന്പോൾ ലോകം അതു പ്രത്യേകമായി ശ്രദ്ധിക്കും. എനിക്കുള്ള വിളിയും അതിനുള്ള ഉത്തരവും ലോകത്തിന് ചിന്തിക്കാനും സന്ദേശമാകാനും ഇടയാക്കണം എന്നതായിരിക്കാം ദൈവത്തിന്റെ പദ്ധതി.
ദിവ്യകാരുണ്യസന്നിധിയിൽ
പൗരസ്ത്യ താപസരുടെ പാരന്പര്യത്തിൽ വിശുദ്ധ കുർബാനയുടെ സന്നിധിയിലാണ് പൂർണസമർപ്പണം. ഹെർമിറ്റിൽ പൂർണമായി ദിവ്യകാരുണ്യ സന്നിധിയിൽ ദൈവികസാന്നിധ്യം അനുഭവിച്ചറിഞ്ഞുള്ള ജീവിതം. ഏകാന്തതയുടെ രാപകലുകളുടെ ഓരോ നിമിഷവും ഈശോയോടൊപ്പമായിരിക്കും.
ഭക്ഷണകാര്യത്തോടു പരുവപ്പെടാൻ എനിക്ക് ബുദ്ധിമുട്ടില്ല. ഇപ്പോൾതന്നെ നിയന്ത്രിത ഭക്ഷണരീതിയും ജീവിതക്രമവുമാണ് പാലിച്ചുപോരുന്നത്. മത്സ്യമാംസാദികൾ കഴിക്കാറില്ല. ഹെർമിറ്റിൽ താപസൻ ആവശ്യമായതു മാത്രം സ്വയം തയാറാക്കിയാണ് കഴിക്കുക.
താപസ ജീവിതത്തെക്കുറിച്ചു പറഞ്ഞപ്പോൾ ജോസഫ് കല്ലറങ്ങാട്ട് പിതാവ്, ആഗ്രഹിക്കുന്ന സമർപ്പണം രൂപതയ്ക്കുള്ളിലാവട്ടെ എന്നു താത്പര്യപ്പെട്ടിരുന്നു. ഏറെ പരിചിതരായവരുടെ ഇടയിൽ ഏകാന്തജീവിതം എളുപ്പമല്ലെന്നതിനാൽ എന്റെ ഗുരുനാഥനായ സേവ്യർ കൂടപ്പുഴയച്ചൻ അധിപനായ പെരുവന്താനം നല്ലതണ്ണി മാർത്തോമാ ശ്ലീഹാ ആശ്രമ ആവൃതിക്കുള്ളിൽ ഹെർമിറ്റേജ് ഒരുക്കി കഴിയുന്നതാണ് നല്ലതെന്ന് തോന്നി. ഈ താത്പര്യം ഞാൻ അധികാരികളെ എഴുതി നൽകിയിട്ടുണ്ട്.
മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രാർഥിച്ചശേഷം പറഞ്ഞത് സഭയുടെ ശക്തിപ്പെടുത്തലിൽ ഇത് സഹായകമാവട്ടെയെന്നാണ്. ഏകാന്തതാപസം എന്ന പാരന്പര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യവുമാണല്ലോ. സന്യാസവും തപസുമാണ് പൗരസ്ത്യ സഭാപാരന്പര്യത്തിന്റെ അടിസ്ഥാനം. അവിടെനിന്നാണ് ആത്മീയത വികസിച്ചുവന്നത്. ആത്മീയതയുടെ ഉറവിടമാണ് ഏകാന്തജീവിതം.
ആത്മസമർപ്പണം
പ്രാർഥനയുടെയും തപസിന്റെയും ആത്മീയഫലം വലുതാണ്. വിശ്വാസത്തോടെ പ്രാർഥിച്ചാൽ മലയോട് മാറി കടലിൽ പോകാൻ പോലും പറഞ്ഞാൽ അനുസരിക്കുമെന്നാണ് ഈശോ പറയുന്നത്. വിശ്വാസത്തിന്റെ തീക്ഷ്ണതയിൽ പ്രാർഥിച്ചാൽ നമ്മെയും ലോകത്തെയും രൂപാന്തരപ്പെടുത്താം. താപസ ഏകാന്തതയിൽ പ്രവേശിക്കണമെങ്കിൽ ലൗകികവും ഭൗതികവുമായുള്ളതൊക്കെ കൊഴിഞ്ഞുപോകേണ്ടതുണ്ട്. ഞാനും അതിലേക്ക് ഇനിയും ഏറെ വളരേണ്ടിയും പാകപ്പെടേണ്ടിയുമിരിക്കുന്നു.
ഞാൻ മുൻപ് നടത്തിയ വൃക്കദാനവും ദൈവസന്ദേശത്താലായിരുന്നു. ഞാൻ ആസൂത്രണം ചെയ്തതായിരുന്നില്ല. വൈദ്യപരിശോധനയിൽ, ഒരു വൃക്ക ദാനം ചെയ്യാൻ ആരോഗ്യവാനാണെന്നു കണ്ടപ്പോൾ ദൈവം അതിനായി തെരഞ്ഞെടുത്തിരിക്കുന്നതായ ബോധ്യം എനിക്കുണ്ടായി. ആ ദാനത്തിൽ വലിയൊരു ത്യാഗം അന്നും ഇന്നും കാണുന്നുമില്ല.
എന്നും സഭയോടൊത്ത്
താപസചര്യയിലും നിലവിലെ സഭാത്മകമായ ആത്മീയ അനുഷ്ഠാനങ്ങൾ കൂടുതൽ തീക്ഷ്ണതയോടെ തുടരണം. വിശുദ്ധ കുർബാന, യാമപ്രാർഥനകൾ എന്നിവയിൽ അധിഷ്ഠിതമായിരിക്കും അത്. അതുവഴി ഓരോ നിമിഷത്തെയും പ്രാർഥനയിൽ വിശുദ്ധീകരിക്കാനാകും. തനിക്കുവേണ്ടി മാത്രമല്ല, പ്രപഞ്ചത്തിനും പ്രകൃതിക്കും അതിലുള്ള എല്ലാ മനുഷ്യർക്കുംവേണ്ടിയുമാണ് താപസധ്യാനവും പ്രാർഥനയും. തപസ് പൂർണമായ വിടുതലല്ല. മറ്റുള്ളവർക്ക് കാണാനും ആത്മീയ ഉപദേശങ്ങൾ സ്വീകരിക്കാനും അവസരമുണ്ടാകും.
ആദിമസഭയുടെ ചൈതന്യമായ ഹെർമിറ്റിൽ താപസനും ദൈവവും മാത്രമേയുള്ളൂ. ഞാൻ മെത്രാനായതിനാൽ സന്യാസാശ്രമത്തിന്റെ ആവൃതി തപസിനായി ഒരുക്കുന്നുവെന്നു മാത്രം. മാർത്തോമ ശ്ലീഹാ ആശ്രമവാസികൾക്കൊപ്പം കുർബാനയും യാമപ്രാർഥനകളും അർപ്പിക്കാനാകും.
ചെറിയ സമൂഹങ്ങളുടെ ധ്യാനം അവിടെ നടക്കുന്പോൾ ഉപദേശങ്ങളും നൽകാം. സഭയുടെ മൊണാസ്ട്രികളിൽനിന്നാണല്ലോ ബൈബിൾ വ്യാഖ്യാനങ്ങൾ വരെയുണ്ടായത്. എഴുത്തും പഠനവും ധ്യാനവും ആശ്രമജീവിതത്തിൽ അവിഭാജ്യഘടകമാണ്. താപസകാലത്തും അവശ്യസാഹചര്യത്തിൽ പൗരോഹിത്യ പട്ടം കൊടുക്കുന്നതിലോ ഇതര കർമങ്ങൾ നടത്തിക്കൊടുക്കുന്നതിലോ തടസമില്ല. മെത്രാഭിഷേകത്തിന്റെ കൃപ എക്കാലവുമുണ്ടായിരിക്കും.
വ്യക്തിയല്ല, വലുത് ശുശ്രൂഷ
വ്യക്തിയല്ല, ശുശ്രൂഷയാണു പ്രധാനപ്പെട്ടത്. ഞാൻ രൂപത ചുമതലയൊഴിഞ്ഞാൽ ദൈവം ആ സ്ഥാനത്ത് അനുയോജ്യനെ കണ്ടെത്തും എന്നതിൽ ആശങ്ക വേണ്ടതില്ല. സഭയ്ക്ക് കൂടുതൽ ശക്തിയും ചൈതന്യവും എന്റെ പ്രാർഥനാജീവിതത്തിന് നൽകാനാവും. ബനഡിക്ട് മാർപാപ്പ സ്ഥാനത്യാഗം ചെയ്തപ്പോൾ പറഞ്ഞു, ഇനി താൻ മറഞ്ഞിരുന്ന് സഭയ്ക്കുവേണ്ടി പ്രാർഥിക്കുമെന്ന്. അദ്ദേഹം മറഞ്ഞിരുന്നു പ്രാർഥിക്കുന്നതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇത്രയും നന്നായി സഭാശുശ്രൂഷ ചെയ്യാൻ സാധിക്കുന്നതെന്നാണ് എന്റെ വിശ്വാസം.
മാധ്യമ വിമർശനം
അസാധാരണമായതു കേൾക്കുന്പോൾ സ്വാഭാവികമായി പല വാർത്തകളും വ്യാഖ്യാനങ്ങളും സ്വാഭാവികം. ഇവയൊക്കെ വരാറുള്ള സോഷ്യൽ മീഡിയകളിലൊന്നും ഞാൻ ഉൾപ്പെടുകയോ ശ്രദ്ധിക്കുകയോ ചെയ്യാറുമില്ല. എനിക്ക് സ്മാർട്ട് ഫോണുമില്ല. എന്റെ താപസതാത്പര്യം സോഷ്യൽ മീഡിയയിൽ വിമർശനാത്മകമായി കുറിക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നതും അറിഞ്ഞിരുന്നില്ല. അരമനയിലെ ഒരു വൈദികനാണ് പലതും പ്രചരിക്കുന്നതായും അത് കേൾക്കണമെന്നും എന്നോട് പറഞ്ഞത്. ആ കുറിപ്പുകളൊക്കെ പൂർണമായി അസത്യമായതിനാൽ അറിഞ്ഞപ്പോൾ എനിക്കു അസഹനീയമായ ദുഖവും മനോവേദനയുണ്ടായി.
ഞാൻ പാലാ രൂപതയിലും സഭയിലും സമൂഹത്തിലും സന്തോഷത്തോടെ ജീവിക്കുന്നയാളാണ്. രൂപതയുടെ പ്രവർത്തനങ്ങളിൽ എനിക്കു പൂർണ തൃപ്തിയും അഭിമാനവുമാണുള്ളത്. എനിക്കു ലഭിച്ചതും തന്നതുമൊക്കെ കൂടുതലാണെന്ന തിരിച്ചറിവാണ് എനിക്കുള്ളത്. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിൽനിന്നും ഇതര പിതാക്കന്മാരിൽനിന്നും എക്കാലവും സ്നേഹവും കരുതലും പരിഗണനയുമാണ് എക്കാലവും ലഭിച്ചുപോരുന്നത്.
അനിശ്ചിത്വങ്ങളുടെയും ഭിന്നതയുടെയും സാഹചര്യത്തിൽ ഒരു വ്യക്തിക്കും താപസജീവിതത്തിലേക്ക് പ്രവേശിക്കാനാവില്ല. നെഗറ്റീവ് മൈൻഡിൽനിന്നും സമർപ്പിതനായ സന്യാസിയാകാനും കഴിയില്ല. അത്തരക്കാർക്ക് സന്യാസം അനുയോജ്യമാവുകയില്ല, വിജയിക്കുകയുമില്ല.
സോഷ്യൽ മീഡിയകളിൽ എന്റെ ആഗ്രഹം സംബന്ധിച്ചുവന്നതൊക്കെ തുടർന്നും ചിന്തിച്ചുകൊണ്ടിരുന്നാൽ ഞാനും ലോകവും തമ്മിൽ ഒരുപോലെയാകും. നിലനിൽക്കുന്നതേ നിൽക്കൂ. അല്ലാത്തതെല്ലാം ഇല്ലാതാകും എന്നതാണ് തത്വം.
പ്രകൃതി ജീവൻ
പ്രകൃതിചൂഷണത്തിൽ മനുഷ്യൻ എല്ലാ പരിധിയും ലംഘിച്ചുപോവുകയാണ്. സോഷ്യൽ മീഡിയ പോലെ പിടിവിട്ടുപോയിരിക്കുന്നു പ്രകൃതിയുടെ നെറ്റ് വർക്ക്. ശാസ്ത്ര - സാങ്കേതിക രംഗം ഏറെ വളർന്നെങ്കിലും അതു ലോകം നേരിടുന്ന തകർച്ചയ്ക്കും നാശത്തിനും പരിഹാരമാകുന്നില്ല. ദീപികയിൽ ഞാൻ ഈയിടെ കാലത്തിന്റെ അടയാളങ്ങൾ എന്ന ലേഖനം എഴുതിയത് ഈ ബോധ്യത്തിൽനിന്നാണ്.
സമൂഹം ദൈവാധിഷ്ഠിതമായ ജീവിതക്രമത്തിലേക്കു വരണം. ദൈവത്തിനു പ്രഥമ സ്ഥാനം കൊടുക്കണം. സ്രഷ്ടാവിന് സൃഷ്ടിയിലുള്ള ലക്ഷ്യങ്ങളും ക്രമങ്ങളും അട്ടിമറിക്കാൻ മനുഷ്യനു സാധ്യമല്ല. സ്രഷ്ടാവിന്റെ ഹിതപ്രകാരംവേണം ഭൂമിയിൽ ജീവിക്കാൻ. കാലത്തിനപ്പുറമുള്ള യഥാർത്ഥ്യവും അനശ്വരവുമായ മൂല്യങ്ങളുമാണ് താപസജീവിതം പ്രതിനിധാനം ചെയ്യുന്നത്. ശാസ്ത്രയുഗത്തിൽപോലും ഈ മൂല്യങ്ങൾക്കു മാറ്റമുണ്ടാകില്ല. ദൈവഹിതം നിറവേറ്റപ്പെടണമെങ്കിൽ സ്വയം ശൂന്യവത്കരിക്കപ്പെടണം. പിതാവുമായുള്ള സമാനത മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിക്കാതെ ദാസന്റെ രൂപം ധരിച്ച് അവൻ നമ്മെ രക്ഷിച്ചു.
മറ്റൊരു ശുശ്രൂഷാതലം
സഭയിലെ ആത്മീയ താപസജീവിതത്തെപ്പറ്റി ആഴത്തിൽ അറിവുള്ളയാളാണ് ജോസഫ് കല്ലറങ്ങാട്ട് പിതാവ്. പൗരസ്ത്യ ആധ്യാത്മികത, സന്യാസജീവിതം എന്നിവയെപ്പറ്റി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. താപസജീവിതം ലോകത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ലെന്നും ദൈവത്തിനായുള്ള പൂർണസമർപ്പണമാണെന്നും പിതാവ് എഴുതിയിട്ടുണ്ട്.
തപസും സന്യാസവും മെത്രാൻശുശ്രൂഷയും ശ്ലൈഹികശുശ്രൂഷയുമൊക്കെ സംഭവിക്കുന്നത് സഭയ്ക്കുള്ളിൽതന്നെയാണ്. അത് വേറിട്ടുനിൽക്കുന്നവയുമല്ല. സഭ എന്നെ മെത്രാനായി തെരഞ്ഞെടുത്തു നിയോഗിച്ചു. അതേ സഭയിൽതന്നെ ഇങ്ങനെയൊരു വിളി ലഭിക്കുന്പോൾ അത് ദൈവത്തിലുള്ള പൂർണ സമർപ്പണമായി മാറും.
ഫ്രാൻസിസ് അസീസിയാണ് എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി. വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ് മരിയ വിയാനിയും വിശുദ്ധ മരിയ ഗൊരേത്തിയും വിശുദ്ധ അൽഫോൻസാമ്മയും എനിക്കു പ്രാർഥനയിൽ ചൈതന്യം പകരുന്നു. താപസത്തിലേക്കുള്ള ദൈവവിളി ആത്മീയവിശുദ്ധിയിലേക്കുള്ള പരിവർത്തനത്തിന്റെ ഉന്നതമായ തലമായാണ് ഞാൻ കാണുന്നത്.
തയാറാക്കിയത്: റെജി ജോസഫ്