ഇരുനൂറോളം സമരങ്ങളിൽ പങ്കെടുത്ത, അതിൽ ഏറെയെണ്ണത്തിനും നേതൃത്വം വഹിച്ച ഒരാൾ... ജാതി-മത-വർഗ-വർണ ഭേദമില്ലാതെ, ശരിയെന്നു തോന്നുന്ന സമരമുഖങ്ങളിലെല്ലാം അദ്ദേഹം എത്തി. പാതിയിൽ മടങ്ങാതെ വീര്യത്തോടെ നിലകൊണ്ടു... സമരസപ്പെടലുകളില്ലാതെ സമരം ജീവിതമാക്കിയ ഒരാളുടെ കഥയറിയുക., ഡോ. സുരേന്ദ്രനാഥിന്റെ!
സമരം ജീവിതമാക്കിയ ഒരാളെക്കുറിച്ചാണ് ഇനി പറയുന്നത്. ഭൂതവും വർത്തമാനവും ഭാവിയും സമരമുഖമാക്കിയ ഒരു ഭിഷഗ്വരനെക്കുറിച്ച്. ചിന്തയും സ്വപ്നവും സമരത്തിൽ സമരസപ്പെടുത്തുകയും ചരിത്ര-വർത്തമാന-ഭാവി കാലങ്ങൾ സമരമുഖങ്ങളിൽ ചേർത്തുവയ്ക്കുകയും ചെയ്യുന്നു അയാൾ. ഈ ചേരുന്പടിയിൽനിന്ന് നമുക്കയാളെ വരഞ്ഞെടുക്കാം.
പേര് -സുരേന്ദ്രനാഥ്
സ്വദേശം-കണ്ണൂർ
തൊഴിൽ -ഉച്ചവരെ ഡോക്ടർ, ഉച്ചയ്ക്കുശേഷം സമരം
സമരത്തെക്കുറിച്ച് പറയുന്പോൾ സമരസപ്പെടലുകൾക്ക് അർഥമില്ല അവിടെ പോരാട്ടത്തിനേ സ്ഥാനമുള്ളൂ. ആ ഇടത്തിൽ നിന്ന് പറഞ്ഞു തുടങ്ങാം...
200 ഓളം സമരങ്ങളിൽ ഭാഗഭാക്കായ ഒരാൾ. അതിലേറെയും സമരനേതൃത്വം വഹിച്ചു. ജാതി-മത-വർഗ-വർണ ഭേദമില്ലാത സകല സമരങ്ങളിലും പങ്കെടുത്തു. സമരത്തിലെ രാഷ്ട്രീയമോ സാർവത്രികതയോ നോക്കിയില്ല. ശരിയെന്ന് തോന്നിയ ഇടത്ത് അദ്ദേഹം എത്തി. പാതിയാൽ മടങ്ങാതെ സമരവീര്യം ആർജിച്ച് നിലകൊള്ളുകയും ചെയ്തു
ഇനി അൽപ്പം ചരിത്രം പറയാം... കാരണം ചരിത്രമാണ് വർത്തമാനത്തിന്റെ സ്രോതസ്. അതാണ് ഭാവിയിൽ ഊർജവും.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് പാടിയോട്ടുചാൽ എന്ന ഗ്രാമമാണ് സുരേന്ദ്രനാഥിന്റെ സ്വദേശം. 1948 ൽ ജനിച്ചു. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആ ഗ്രാമത്തോടു ചേർന്നു പൂർത്തിയാക്കി. തുടർന്ന് പയ്യന്നൂരിന്റെ നഗര ഇടത്തേക്ക് അദ്ദേഹത്തിന്റെ കുടുംബം പറിച്ചുനടപ്പെട്ടു. ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂരിൽ. പ്രീഡിഗ്രി വിദ്യാഭ്യാസം കാസർഗോഡ് ഗവ. കോളജിൽ. 1967 ൽ പോണ്ടിച്ചേരിയിലെ പ്രശസ്തമായ ജിപ്മെറിൽ മെഡിസിനു ചേർന്നു.
ഇന്റഗ്രേറ്റഡ് കോഴ്സ് ആയിരുന്നതിനാൽ അഞ്ചര വർഷം പഠനവും ഒന്നര വർഷം ഹൗസ് സർജൻസിയും. 1974 ൽ നാട്ടിലേക്ക് മടങ്ങി. 30 വർഷത്തോളം പാടിയോട്ടുചാലിൽ ക്ലിനിക്ക് നടത്തി. 2005 ൽ പരിയാരം മെഡിക്കൽ കോളജിൽ ടിബി ഡോട്സ് പ്രോജക്ടിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു. സകല സമരങ്ങളിലും ഇടവിടാതെ പങ്കെടുക്കുന്നയാളെന്നു പറഞ്ഞ് അവിടെനിന്നു മടക്കി. തുടർന്ന് എം.വി. രാഘവൻ ചെയർമാനായ പറശിനിക്കടവിലെ ആയുർവേദ മെഡിക്കൽ കോളജിൽ അലോപ്പതി വിഭാഗത്തിൽ ജോലി നോക്കി.
സമരം തന്നെ അവിടെയും പ്രതിസന്ധിയായി. രണ്ടു വർഷത്തിനുശേഷം അവിടെനിന്നും മടങ്ങി. പിന്നീട് മൂന്നര വർഷത്തോളം ധർമടത്തെ ഡയാലിസിസ് സെന്ററിൽ. അവിടെ നിന്നും മട്ടന്നൂരിലെ വയോമിത്രം പ്രോജക്ടിൽ മെഡിക്കൽ ഓഫീസറായി എത്തി. 72 വയസുള്ള അദ്ദേഹത്തിന് തന്നോളം പ്രായമുള്ള കുറെയാളുകൾ കൂട്ടുകാർ. അവരെ പരിചരിച്ച് പരിചയിച്ച് ഉച്ചവരെ ജോലിയിൽ. തുടർന്ന് പലയിടങ്ങളിലെ സമരത്തിലേക്ക്...
സമരമാണ് ഡോ. സുരേന്ദ്രനാഥിന്റെ ജീവിതം. അതുകൊണ്ട് സമരസഖാക്കളാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. ആക്ടിവിസ്റ്റുകൾ നിറഞ്ഞ ആക്ടീവായ കുടുംബമെന്ന് വിശേഷിപ്പിക്കാം. ഭാര്യ മേരി പല സമരങ്ങളിലും അദ്ദേഹത്തിന്റെ വലംകൈയാണ്. മകൾ മേധ സുരേന്ദ്രനാഥ് വിദ്യാഭ്യാസ മേഖലയിലെ സമരഇടങ്ങളിൽ ആർജവത്തോടെ പങ്കെടുത്ത് പഠനം തുടരുന്നു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കെമിസ്ട്രി വിഭാഗം ഗവേഷക വിദ്യാർഥിയാണ് മേധ.
സ്വാർഥ താത്പര്യങ്ങളിൽ വിശ്വസിക്കാത്ത സമര മുഖങ്ങളിൽ ജീവിക്കുന്ന ഡോ. സുരേന്ദ്രനാഥിന് സ്വന്തമായി ഒരു വാഹനം പോലുമില്ല. സന്പാദ്യവുമില്ല. കണ്ണൂർ ചാലാടിനടുത്ത് ഭാര്യക്ക് സ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലത്തെ ചെറിയ വീട്ടിൽ സമരകഥകൾ പറഞ്ഞും ചിന്തിച്ചും അദ്ദേഹവും കുടുംബവും ആക്ടീവായി ജീവിക്കുന്നു.
ഇനി അദ്ദേഹത്തിന്റെ സമരവഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. സമരത്തിലൂടെയുള്ള ആ പ്രയാണത്തെ എട്ടിടങ്ങളിലായി വരിച്ചിടാവുന്നതാണ്. കാരണം എട്ടൊരു സമസ്യയാണ്. എഴുതിയെഴുതി ചേരുന്ന ഇരുപുറങ്ങളാണല്ലോ അത്.
തുടങ്ങുന്നയിടം
ജീവിതം സുരേന്ദ്രനാഥിനൊരു ലക്ഷ്യബോധമായിരുന്നു പ്രയാണമായിരുന്നു. മുന്നോട്ടുള്ള ജീവിതാനുഭവങ്ങളിൽ സഹജീവികളെ പരിഗണിക്കണമെന്നൊരു ചിന്താഗതി. അതുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഫഷൻ മെഡിസിനാകണമെന്ന് ചിന്തിച്ചത്. അതുപ്രകാരമാണ് പ്രീഡിഗ്രി പഠനത്തിനുശേഷം ജിപ്മറിൽ മെഡിസിൻ പഠനത്തിനു ചേരുന്നതും.
ഇന്റർവ്യൂ സമയത്ത് ബോർഡംഗം ഒരു ചോദ്യം ചോദിച്ചു. "എന്തുകൊണ്ടാണ് മെഡിസിൻ പ്രഫഷൻ തെരഞ്ഞെടുത്തതെന്ന്'. വ്യക്തവും ദൃഢവുമായിരുന്നു സുരേന്ദ്രനാഥിന്റെ മറുപടി പറഞ്ഞു: "ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെന്ന്'അദ്ദേഹം ഉത്തരം നൽകി. ഇന്റർവ്യൂ ബോർഡിന് അത് നന്നേ ബോധിച്ചു. അതിൽ അവർ പ്രശംസിക്കുകയും മുന്നോട്ടുള്ള ജീവിതത്തിന് ഭാവുകമേകുകയും ചെയ്തു. ആ ഭാവുകമാണ് മുന്നോട്ടുള്ള സുരേന്ദ്രനാഥിന്റെ ജീവിതത്തിന് ആധാരമായത്.
തനിച്ചൊരിടം
ജിപ്മറിലെ പഠനം കഴിഞ്ഞ് ഡോ. സുരേന്ദ്രനാഥായി പാടിയോട്ടുചാലിലേക്ക് അദ്ദേഹം മടങ്ങി. ഒരു ക്ലിനിക്കിട്ട് അവിടെ വാസം തുടങ്ങി. നിസ്വാർഥ ജീവിതത്തിന് അന്നു മുതൽ തുടക്കമിട്ടു. സ്വകാര്യമേഖലയിൽനിന്നും മറ്റുമായി വലിയ ഓഫറുകൾ വന്നെങ്കിലും തന്റെ ചെറിയ ക്ലിനിക്കൽ അദ്ദേഹം സംതൃപ്തി കണ്ടെത്തി.
രോഗികളെ പരിശോധിക്കുന്നതിനൊപ്പം അവരുടെ വിഷമങ്ങളും ഡോക്ടർ കേട്ടുതുടങ്ങി. തന്നാൽ കഴിയുന്ന ചെറിയ പരിഹാരങ്ങൾ അദ്ദേഹം നിർദേശിക്കുകയും ചെയ്തു. വലിയ പ്രശ്നങ്ങൾക്ക് ഉപദേശം ഒരു പരിഹാരമല്ല എന്നു കണ്ടതോടെ പരിശോധനകളുടെ ഇടവേളകളിൽ സ്റ്റെത്ത് താഴെവച്ച് ഒരു സമരഭടനായി അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. ഒരു സാമൂഹിക പ്രവർത്തകന്റെ വേഷമണിഞ്ഞപ്പോൾ സ്റ്റെത്തിലൂടെ കേട്ട സഹജീവികളുടെ നെഞ്ചിടിപ്പ് പൊതുസമൂഹത്തിൽ നിന്ന് അദ്ദേഹത്തിന് ഉയർന്നുകേൾക്കാനായി. സമൂഹത്തിന്റെ ആ സ്പന്ദനമാണ് സുരേന്ദ്രനാഥിലെ മനുഷ്യാവകാശ പ്രവർത്തകനെ വിളിച്ചുണർത്തിയതും തുറന്നുവിട്ടതും.
പ്രയാണമാണിടം
ആദ്യ സമരം അണുനിലയത്തിന് എതിരെയായിരുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ പെരിങ്ങോത്ത് അണുനിലയം എന്ന സർക്കാരിന്റെ തീരുമാനത്തെ 1991 ൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ആ നാടൊന്നാകെ എതിർത്തു. സമരസമിതി ചെയർമാൻ അവരുടെ സ്വന്തം ഡോ. സുരേന്ദ്രനാഥായിരുന്നു. അത് ആ നാടിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. സമരം ശക്തിയാർജിച്ചു. നാടൊന്നാകെ അണുനിലയത്തിനെതിരേ കൈകോർത്തു. രണ്ടു വർഷത്തെ സമരം അങ്ങനെ വിജയത്തിലെത്തി. 1993 ൽ ആ പദ്ധതി ഉപേക്ഷിച്ച് സർക്കാർ ഉത്തരവായി. ആ നാടിനും ഡോ. സുരേന്ദ്രനാഥെന്ന സാമൂഹ്യപ്രവർത്തകനും അതൊരു വലിയ വിജയമായിരുന്നു.
നിസ്വാർഥമാണിടങ്ങളെല്ലാം
പെരിങ്ങോം വിജയം സമരങ്ങളുടെ ഒരു പരന്പര തന്നെ ഡോ. സുരേന്ദ്രനാഥിൽ സൃഷ്ടിച്ചു. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ വിഷമങ്ങൾ കേൾക്കാനും അദ്ദേഹം കൂടുതൽ സമയം കണ്ടെത്തി. തന്റെ ക്ലിനിക്കിലെ പരിശോധനകൾ തീർത്ത് അദ്ദേഹം സമര സമൂഹങ്ങളിലേക്കിറങ്ങി. സമൂഹത്തിന്റെ ദുരിതങ്ങൾ വളരെയേറെ ഉണ്ടായിരുന്നു. അത് കണ്ടെത്താൻ താമസിച്ചതു മാത്രമായിരുന്നു സുരേന്ദ്രനാഥിന്റെ വിഷമം.
കണ്ണൂരിന്റെ ദൃശ്യവിസ്മയമായ മാടായിപ്പാറയിൽ ഖനനം നടത്താൻ സർക്കാർ തീരുമാനിച്ച കാലം. പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സുരേന്ദ്രനാഥ് അവിടേക്കെത്തി. ജനങ്ങൾക്കത് വർധിത ആവേശമായി. സുരേന്ദ്രനാഥെന്ന പ്രചോദനത്തിന്റെ പിൻബലത്തിൽ സമരം കത്തിജ്വലിച്ചു. സമരം വിജയമാകുന്നതു വരെ അതു തുടർന്നു. മറ്റു ജനകീയ വിഷയങ്ങളും അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നു. കണ്ണൂർ ഇരിണാവിലെ താപനിലയ വിരുദ്ധ സമരം, സിമന്റ് ഫാക്ടറി വിരുദ്ധ സമരം, തൊഴിലാളികളുടെ അവകാശപ്പോരാട്ടം നടന്ന തിരുവേൽപ്പതി മിൽ സമരം എന്നിവയിലെല്ലാം അദ്ദേഹം മുന്നിൽനിന്നു പൊരുതി.
സാർവത്രികമാകുമിടം
സമര വഴികൾ സുരേന്ദ്രനാഥിൽ അനന്തമായി നീണ്ടു. പല വിഷയങ്ങൾ പല രൂപത്തിൽ സാമൂഹിക ദുരന്തമാകുന്നത് അദ്ദേഹത്തിൽ ദുഃഖമേകി. അങ്ങനെ അദ്ദേഹം മറ്റുള്ളവർക്കു വേണ്ടിയുള്ള ജീവിതസമരവുമായി നാടിന് പുറത്തേക്ക് ഇറങ്ങി.
ആദ്യമായി ചെന്നുപെട്ടത് നർമദ സമരത്തിനൊപ്പം. മേധാപട്കറുടെ നർമദ സമരമുഖത്തേക്ക് കേരളത്തിൽ നിന്നു പുറപ്പെട്ട 50 അംഗ സംഘത്തോടൊപ്പം ഡോ. സുരേന്ദ്രനാഥും ചേർന്നു. നർമദ സഹയോഗ യാത്ര എന്ന പേരിൽ ഇറങ്ങിപ്പുറപ്പെട്ട സമരസംഘം നർമദ തീരത്തെത്തി. മൂന്നാഴ്ചയോളം മേധയ്ക്കും സംഘത്തിനുമൊപ്പം സമര മേഖലയിൽ ചെലവഴിച്ചു. നാട്ടിലെ മറ്റു ജനകീയ വിഷയങ്ങളിൽ പങ്കെടുക്കേണ്ടതുകൊണ്ട് പിന്നീട് ആ സംഘം മടങ്ങി. മനസില്ലാമനസോടെ ഡോ. സുരേന്ദ്രനാഥും...
പിന്നീട് അദ്ദേഹം ചെന്നുപെട്ടത് ആലപ്പുഴയിലെ കരിമണൽ ഖനന വിരുദ്ധ സമര വേദിയിലേക്കാണ്. വൻതോതിൽ ചർച്ച ചെയ്യപ്പെട്ട ആ സമരത്തിന്റെ മുന്നണിപ്പോരാളിയായി ദിവസങ്ങളോളം അദ്ദേഹം ചെലവഴിക്കുകയും ചെയ്തു.
തുടർന്ന് വയനാടിന്റെ കർഷക മനസുകളിലേക്ക് സമരവും സാന്ത്വനവുമായി സുരേന്ദ്രനാഥും സംഘവും ചെന്നെത്തി. വയനാട് കർഷക പ്രതിരോധ സമിതിയുടെ കീഴിലായിരുന്നു പ്രവർത്തനങ്ങൾ. കടക്കെണിയിൽ അകപ്പെട്ട് മാനസികസംഘർഷം അനുഭവിക്കുന്നവരുടെ ഇടയിലേക്കായിരുന്നു അവരുടെ യാത്ര. യാത്രയ്ക്ക് രണ്ടു ഉദ്ദേശ്യങ്ങളായിരുന്നു. മാനസിക സംഘർഷങ്ങളിൽ ഇടറിയ കർഷക മനസിന് സാന്ത്വനമേകുക, അതോടൊപ്പം കർഷകദുരിതം കാണാത്ത സർക്കാരിന്റെ നിലപാടിനെതിരേ സമരം ചെയ്യുക. ദ്വിദിന കർഷക മാർച്ചും കളക്ടറേറ്റ് മാർച്ചും ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നയിക്കുകയും കർഷക മനസുകൾക്ക് സാന്ത്വനമേകാൻ ബോധവത്കരണ ക്യാന്പുകൾ സംഘടിപ്പിക്കുകയും ചെയ്തു.
താമസിയാതെ ഫലമുണ്ടായി. കർഷകരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കൂടാതെ കേന്ദ്ര സർക്കാരിന്റെ കടം എഴുതിത്തള്ളൽ എന്ന ആശ്വാസ പാക്കേജും അക്കാലത്ത് പ്രഖ്യാപിക്കപ്പെട്ടു. കർഷകമനസിനെ ഉറച്ച ബോധ്യത്തിലാക്കി ചുരമിറങ്ങിയ സംഘം പ്രതിസന്ധികളുടെ കാലത്ത് ആ ചുരം കയറുമെന്ന് ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് പ്രളയസമയത്ത് മെഡിക്കൽ ക്യാന്പുമായി ആ സംഘം വീണ്ടും മല കയറിയത്.
പിന്നീട് കാസർഗോട്ടെ എൻഡോസൾഫാൻ സമരമുഖത്തേക്കും അദ്ദേഹമെത്തി. എൻഡോസൾഫാൻ ദുരിത സമരവുമായി സമൂഹം തെരുവിലേക്ക് വ്യാപകമായി ഇറങ്ങിയ കാലഘട്ടമായിരുന്നു അത്. ഒരു ഡോക്ടർ കൂടിയായതിനാൽ അദ്ദേഹത്തിന് സമരപ്പന്തലിൽ വലിയ സ്വീകാര്യത കിട്ടി. അനിശ്ചിതകാല നിരാഹാര സമരത്തിൽ രണ്ടാമനായി നിരാഹാരം കിടന്നുകൊണ്ടാണ് അദ്ദേഹം തന്റെ സാന്നിധ്യം കാസർഗോഡിന് കാണിച്ചുകൊടുത്തത്.
ഇതോടൊപ്പം സുനാമി ദുരിത ബാധിതർക്കിടയിൽ സമരവും സാന്ത്വനവുമായി അദ്ദേഹമെത്തി. നഴ്സിഗ് വിദ്യാർഥികൾ വിദ്യാഭ്യാസ ലോണെടുത്ത് കടക്കെണിയിലായപ്പോൾ അവർക്കായും അദ്ദേഹം ശബ്ദമുയർത്തി.
സജീവയിടങ്ങൾ
യാത്രകൾ കഠിനമാകുന്പോൾ ശ്രമങ്ങൾ കൂടുതൽ ബലവത്താകുമെന്ന ബോധ്യം സുരേന്ദ്രനാഥിൽ ഊർജമേകി. സമരത്തിന്റെ സാർവത്രികതയും സ്വീകാര്യതയും കൂടുതൽ വിപുലമാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. ഈ ചിന്താഗതി ആദ്യം പ്രയോഗിക്കപ്പെട്ടത് പരിയാരം സമരത്തിലാണ്.
സൊസൈറ്റിയുടെ കീഴിൽ സ്ഥാപിതമായ പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്തിറങ്ങുന്നത് 2011 ലാണ്. മലബാർ മേഖലയിൽ കോഴിക്കോട് കഴിഞ്ഞാൽ വടക്കോട്ട് മറ്റൊരു മെഡിക്കൽ കോളജില്ല എന്ന ബോധ്യവും വടക്കൻ മേഖലയുടെ അവികസനത്തിന് ഒരു പരിഹാരമാകുമെന്ന ചിന്തയുമാണ് പരിയാരം സമരത്തിന് സുരേന്ദ്രനാഥിനും സംഘത്തിനും പ്രേരകമായത്. അതുപ്രകാരം സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ സമരസമിതി സംഘടിപ്പിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.
ആദ്യകാലഘട്ടത്തിൽ വലിയ പിന്തുണ രാഷ്ട്രീയക്കാരിൽനിന്നു ലഭിച്ചെങ്കിലും സമരം നീണ്ടുപോയപ്പോൾ എല്ലാവരുടെയും താത്പര്യം കുറഞ്ഞുവന്നു. പക്ഷേ സുരേന്ദ്രനാഥിനും സമരസമിതിയിലെ ചുരുക്കം ആളുകൾക്കും താത്പര്യം കുറഞ്ഞതേയില്ല. അവർ നിരന്തരം സമരം ചെയ്തു. അങ്ങനെ അവർ 12 തവണ കളക്ടറേറ്റ് മാർച്ചും 245 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സത്യഗ്രഹവും സെക്രട്ടേറിയറ്റ് പടിക്കൽ സമരവും നടത്തി. തുടർച്ചയായ എട്ടു വർഷത്തെ ആ സമരത്തിന് ഫലം കണ്ടത് 2018 ൽ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതോടെയാണ്. സമരവിജയത്തിനു പിന്നാലെ പലരും അതിന്റെ ക്രെഡിറ്റ് നേടിയെങ്കിലും ഡോ. സുരേന്ദ്രനാഥിന് അതിൽ പരിഭവം തോന്നിയില്ല. കാരണം, തന്റെ ദൗത്യവുമായി സമരമുഖങ്ങളിലേക്ക് അദ്ദേഹം നിരന്തരം പ്രയാണം ചെയ്തു കൊണ്ടേയിരിക്കുകയായിരുന്നു.
വീര്യഭാവമാണിടം
ശാസ്ത്രസാഹിത്യ പരിഷത്തിലും വിവിധ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഗാന്ധിയൻ സമരമുറകളാണ് ഡോ. സുരേന്ദ്രനാഥിന്റേത്. നിരാഹാരം, സത്യഗ്രഹം, ധർണ തുടങ്ങിയ സമരമാർഗങ്ങൾ അദ്ദേഹം നിരന്തരം സൃഷ്ടിച്ചുപോകുന്നു. തീവ്രമായ സമരാനുഭവം ഇത്തരം സമരരീതികൾക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ടാണ് എല്ലാ സമരമുഖത്തും ഇത്തരം സമരരീതികൾ അദ്ദേഹം പരീക്ഷിക്കുന്നതും.
വിജയമാകുമിടം
വിജയകരമായ സമരചരിത്രങ്ങൾ ഡോക്ടറെ ഇന്ന് സ്വാധീനിക്കാറില്ല. ഒരു സമരവേദിയിൽ നിന്നു മറ്റൊരിടത്തേക്ക് അദ്ദേഹം പലായനം ചെയ്തുകൊണ്ടേയിരിക്കുന്നു. ബഹുജന പ്രക്ഷോഭങ്ങൾ അതിന്റെ മൂർധന്യത്തിൽ വിജയക്കൊടി പാറിക്കും എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അതിന് കാലങ്ങളും സമയങ്ങളും പ്രധാനമല്ല. ദുരിതബാധിതർ മുന്നിട്ടിറങ്ങിയാൽ അന്ന് വിജയവഴിയിൽ എത്തിക്കൊള്ളും. അതിന് പ്രേരകമാകുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ദൗത്യം.
ഒന്നിച്ച് പ്രവർത്തിക്കുകയും വിജയകരമായി മുന്നേറുകയും ചെയ്യുക എന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. വിവിധ അഭിപ്രായങ്ങളെ ചർച്ചയിലൂടെ ഏകീകരിക്കുകയും അതിനെ സമരവഴിയിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്നു അദ്ദേഹം.
വിരുദ്ധ അഭിപ്രായമുള്ളവർ പരിയാരത്ത് ഒത്തുചേർന്നതുപോലെ, വയനാടിന്റെ കർഷകമനസിലേക്ക് കുടിയേറിയതുപോലെ, ആലപ്പുഴയിലെ ഖനന നീക്കങ്ങളെ ചെറുത്തതുപോലെ, പ്രകൃതി ചൂഷണത്തിന്റെ പല ശ്രമങ്ങളെയും തട്ടിയകറ്റിയതുപോലെ സമൂഹം ഒത്തുചേരുന്പോൾ ഏകമായ ഒരു വിജയ ഘടനം വന്നെത്തുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
നിരന്തരമായ സമരപോരാട്ടങ്ങൾ ഈ 72-ാം വയസിലും ഡോ. സുരേന്ദ്രനാഥിൽ അലയടിക്കുന്നു. സമരമുഖങ്ങളിലേക്കുള്ള പ്രയാണത്തിൽ തളരാതെ ജീവിക്കുക എന്നതാണ് അദേഹം നൽകുന്ന സന്ദേശം. ഒറ്റ സമരമല്ല ഒരുപാട് സമരങ്ങളാണ് ജീവിതം എന്ന് അദ്ദേഹം കാണിച്ചുതരുന്നു. സഹജീവികൾ സുരക്ഷിതമാകുവാൻ അക്ഷമനായി അദ്ദേഹം ഓടി നടക്കുന്നു. പിന്നീട്ട വഴികളിലെ കനൽപ്പാതയല്ല മുന്നിടേണ്ട വഴികളിലെ പച്ചയായ യാഥാർഥ്യം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതൊരു പൂർത്തീകരണമാകട്ടെ, പൂർണവും.
വിനിൽ ജോസഫ്