കൊറോണയെ നേരിടാൻ മനുഷ്യൻ നാൽപ്പതു രാപ്പകലുകൾ ഒതുങ്ങി ജീവിച്ചപ്പോൾതന്നെ പരിസ്ഥിതി സംതുലിതാവസ്ഥ വീണ്ടെടുക്കുന്നതിന്റെ ഫലസൂചനകൾ തലപൊക്കിത്തുടങ്ങിയിരിക്കുന്നു.
ശുദ്ധമായ വായുവും വെള്ളവും തിരികെ കിട്ടുന്നതു ചെറിയ കാര്യമല്ലല്ലോ. കരിമേഘങ്ങൾക്കുമേൽ നീലാകാശം തെളിയുന്നതും പൊടിപടലങ്ങൾ മാഞ്ഞ് ദൂരക്കാഴ്ച തിരികെക്കിട്ടുന്നതും സ്വൈരം കെടുത്തുന്ന കോലാഹലങ്ങൾക്ക് അറുതി വന്നതുമൊക്കെ വലിയ കാര്യങ്ങൾതന്നെ. കൊറോണ ലോക്ക് ഡൗണിൽ ചെറുതല്ലാത്ത പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ പുണ്യനദികളിലെ തടസമില്ലാത്ത ഒഴുക്ക് നഗരങ്ങളെയും സ്നാനഘട്ടങ്ങളെയും ശുദ്ധീകരിക്കുകയാണ്. കാളീഘട്ടതീരങ്ങളോടു പിണങ്ങിപ്പിരിഞ്ഞുപോയ ഗംഗാറ്റിക് ഡോൾഫിനുകൾ കാൽ നൂറ്റാണ്ടിനുശേഷം കോൽക്കത്തയിൽ ഹൂഗ്ലിയുടെ മേൽത്തട്ടിൽ വെള്ളം പതച്ചുതുപ്പി അഭിവാദ്യം ചെയ്തിരിക്കുന്നു.
വ്യവസായശാലകളുടെ വിഷത്തുപ്പലുകളിൽ മയങ്ങി ചെളിയിൽ പൂണ്ടുകിടന്ന ആമക്കൂട്ടങ്ങൾ മെല്ലെ പൊന്തി ഗംഗാ, യമുനാ തീരങ്ങളിലേക്ക് പറ്റമായി വരുന്നു. വിഷകാളിന്ദികളായി കറുത്തുകുറുകിയ പുഴകളുടെ അടിത്തട്ട് തെളിയുകയും കുലം അറ്റുപോയെന്നു കരുതിയ മീനുകളും ചീങ്കണ്ണികളും ചെറുജീവികളും മേലാപ്പിലേക്ക് പൊന്തിവരികയും ചെയ്യുന്നു.
പഞ്ചാബിലെ ജലന്ധറിൽ വസിക്കുന്ന ഇന്നത്തെ തലമുറ കണ്ണെത്താദൂരത്ത്, അതായത്, 235 കിലോമീറ്ററുകൾ ഹിമാലയനിരകളുടെ വെള്ളിത്തിളക്കം കണ്കുളിർക്കെ ആസ്വദിച്ചു. ഹിമാചൽ പ്രദേശിലെ ദൗലാധർ റേഞ്ചിൽ ഹിമാലയമലകൾ തെളിയിച്ച കാഴ്ച ക്രിക്കറ്റ് താരം ഹർഭജൻസിംഗ് പോസ്റ്റ് ചെയ്തപ്പോൾ സോഷ്യൽമീഡിയയിൽ ലൈക്ക് പ്രളയമായി.
തിരുവനന്തപുരം കോവളത്തും മുംബൈ ജൂഹുവിലും ചെന്നൈ മെറീനയിലും കടലും തീരവും തെളിഞ്ഞതോടെ പ്ലോവർ കടൽപക്ഷികളുടെ വിഹാരം തുടങ്ങി. ഇവിടങ്ങളിൽ കപ്പലിരന്പലും പ്ലാസ്റ്റിക് മാലിന്യവും മാത്രമല്ല തീരങ്ങളിൽ മനുഷ്യരുടെ കാലടയാളങ്ങളും കാണാനില്ല.
കൊനാട്ട് പ്ലേസിലെ പ്രാവിൻകൂട്ടം
ഡൽഹിയിലെ പ്രധാന മാർക്കറ്റായ കൊനാട്ട് പ്ലേസിൽ ദിവസം അര ലക്ഷം എന്ന തോതിലുള്ള ആളിരന്പൽ ഇല്ലാതായപ്പോൾ അവിടം പ്രാവിൻകൂട്ടങ്ങളുടെ വിഹാരകേന്ദ്രമായി.
മൂന്നാർ പട്ടണത്തിലെ മഞ്ഞുപുതച്ച പച്ചപ്പിൽ മനുഷ്യരും വണ്ടിയൊച്ചയും ഇല്ലാതായപ്പോൾ അവിടെ കാട്ടാന കൂട്ടമായെത്തി കാഴ്ച കണ്ടുനടക്കുന്നതും കരടിയും മ്ലാവും മാനും മലയണ്ണാനും ആരെയും പേടിക്കാതെ വരുന്നതും കൗതുകം. കാട്ടുപോത്തുകൾ പെരിയാർ തീരത്തെ പുൽമേടുകളിൽ കൂട്ടമായുണ്ട്.
പെരിയാറിന്റെ പനിനീരിൽ കടുവകൾ നീരാടുന്നതും കാഴ്ച. ഭയപ്പാടിൽ ഒളിച്ചുപാർത്തിരുന്നവരൊക്കെ അവർക്കുകൂടിയുള്ള ഭൂമിയിൽ അവകാശം പ്രഖ്യാപിക്കാൻ വഴിതുറന്നിരിക്കുന്നു. മനുഷ്യനു മാത്രം കൽപ്പിച്ചു കിട്ടിയ ലോക്ക് ഡൗണ് ശിക്ഷ.
കൊറോണ വൈറസിലൂടെ പ്രകൃതി മനുഷ്യരാശിക്കു വലിയ ഗുണപാഠം പകരുകയാണെന്ന് യുഎൻ പരിസ്ഥിതി വിഭാഗം മേധാവി ഇംഗർ ആൻഡേഴ്സണ് പറയുന്നു. മനുഷ്യരുടെ പരിസ്ഥിതിവിരുദ്ധമായ ചൂഷണവും ചെയ്തികളുമാണ് എക്കാലവും രോഗവും പകർച്ചവ്യാധിയുമായി മാറുന്നതെന്നും അദ്ദേഹം പറയുന്നു.
കൊറോണ പോലുള്ള പകർച്ചവ്യാധികളെ തടയാൻ ആഗോളതാപനത്തെ നിയന്ത്രിച്ചേ പറ്റൂ. മനുഷ്യൻ മാത്രമല്ല, കോടാനുകോടി ജീവജാലങ്ങൾക്കും അവകാശമാക്കപ്പെട്ടതാണ് പരിസ്ഥിതിയെന്ന തിരിച്ചറിവും ഉണ്ടായേ തീരൂ. അതിനാൽ വൈറസിനെ പകർത്തി വിട്ടതു കുരങ്ങനാണോ വവ്വാലാണോ മൂങ്ങയാണോ മനുഷ്യനാണോ എന്നു ഗവേഷണം നടത്തിയിട്ടു കാര്യമില്ല.
പ്രകൃതിയുടെ താളം തെറ്റുന്പോൾ വൈറസുകളും ബാക്ടീരിയകളും ഇങ്ങനെയൊക്കെ സംഹാരശേഷിയുള്ള ഇത്തരം ശിക്ഷകളെ ഇനിയും തന്നുകൊണ്ടിരിക്കും. ഈ പതിറ്റാണ്ടിനിടെ ജനലക്ഷങ്ങളെ നിലംപറ്റിച്ച ഡെങ്കി, എബോള,പക്ഷിപ്പനി, മെഴ്സ്, റിഫ്റ്റ് വാലി പനി, സാർസ്, വെസ്റ്റ് നൈൽ വൈറസ്, നിപ്പ, സിക്ക, എലിപ്പനി, മസ്തിഷ്കജ്വരം തുടങ്ങി എത്രയോ മഹാമാരികളുടെ ഇരകളായി ലോകം.
പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും തകരുന്പോൾ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ലോകത്തിന് ഭീഷണിയാകും. മനുഷ്യൻ മാത്രമല്ല, മൃഗങ്ങൾ, മത്സ്യങ്ങൾ, ഇഴജന്തുക്കൾ തുടങ്ങിയവയൊക്കെ ഇത്തരം രോഗവേദനകൾക്കും ഇരയായിക്കൊണ്ടിരിക്കുന്നു.
ശ്വാസമെടുക്കാൻ ക്ലേശിച്ചിരുന്ന പ്രകൃതിക്ക് ആശ്വാസം പകരുന്നുണ്ടാകും മനുഷ്യർക്കുമേലുള്ള ഈ പൂട്ടുവീഴൽ. പ്രകൃതി ചൂഷണമാണ് വികസനമെന്നും എത്രത്തോളം മാലിന്യം പുറന്തള്ളിയാലും എനിക്കു കിട്ടണം പണം എന്നതാണ് ഇക്കാലത്തെ പ്രമാണമെന്നും ധരിച്ചുപോയവർക്കൊക്കെ ഗുണപാഠമാണ് അടച്ചുപൂട്ടിയുള്ള ഈ ഇരിപ്പ്.
ശുദ്ധവായുവിന്റെ മടങ്ങിവരവ്
ബംഗളരു,ഡൽഹി, ലക്നൗ, നോയ്ഡ, മുംബൈ തുടങ്ങിയ മഹാനഗരങ്ങളിൽ ജനകർഫ്യൂവിനുശേഷം ശുദ്ധവായു തിരികെ വരുന്നതായി എയർ ക്വാളിറ്റി ഇൻഡക്സ് രേഖകൾ വ്യക്തമാക്കുന്നു. മലിനീകരണം കുറഞ്ഞതോടെ ഗ്രീൻഹൗസ് വാതകങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും കാർബണ് പ്രസരണം കുറയുകയും ചെയ്തു. ഫാക്ടറികളുടെ ഓരോ കുഴലും എത്രയോ ടണ് വിഷവായുവും വിഷദ്രാവകങ്ങളുമാണ് ഓരോ ദിവസവും അന്തരീക്ഷത്തിലേക്കും ജലസ്രോതസുകളിലേക്കും തള്ളിക്കൊണ്ടിരുന്നത്.
മലിനീകരണത്തിലെ പ്രധാന വില്ലനായ കാർബൺഡയോക്സൈഡിന്റെ അളവിൽ വലിയ കുറവുണ്ടായതായി അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ഉപഗ്രഹചിത്രങ്ങൾ തെളിവാക്കി പുറത്തുവിട്ടിരിക്കുന്നു. ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നായ ചൈനയിൽ കാർബൺഡയോക്സൈഡിന്റെയും സൂക്ഷ്മ പൊടിപടലങ്ങളുടെയും അളവ് സാധാരണയെക്കാൾ 30 ശതമാനം കുറഞ്ഞിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ അടച്ചുപൂട്ടിയപ്പോൾ അന്തരീക്ഷമലിനീകരണം 50 ശതമാനം കുറഞ്ഞു.
അലർജിക്ക് ആശ്വാസം
കൊറോണ വൈറസ് പതിനായിരങ്ങളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും ബ്രിട്ടനിലും അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ അലർജി, ശ്വാസകോശരോഗങ്ങൾ എന്നിവയിൽനിന്ന് ലക്ഷക്കണക്കിന് ജനങ്ങൾ ആശ്വാസം കൊള്ളുകയാണ്. ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം 20 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയതായാണ് ബഹിരാകാശ ചിത്രങ്ങൾ വച്ചുള്ള നാസയുടെ പഠനം.
പ്രകാശം കടന്നുപോകുന്പോൾ അന്തരീക്ഷത്തിലെ കണികകൾ അതിനെ വലിച്ചെടുക്കുന്നതിന്റെ തോതാണ് എയറോസോൾ. ഇക്കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ അന്തരീക്ഷത്തിലെ എയറോസോൾ നിരക്ക് കുറഞ്ഞതായി നാസയുടെ ഉപഗ്രഹ സെൻസറുകൾ നിരീക്ഷിച്ചു. സിന്ധു ഗംഗാ സമതല പ്രകൃതി ഇത്രത്തോളം അളവിൽ ശുദ്ധീകരിക്കപ്പെട്ട കാലം അടുത്തൊന്നുമുണ്ടായിട്ടില്ലത്രേ.
നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. വ്യവസായശാലകൾ നിശ്ചലമായി. തീയും ചൂടും കുറഞ്ഞു. ഘര, ദ്രാവക, വായു മാലിന്യങ്ങളിൽനിന്ന് ഒരു പരിധിവരെ ലോകം മോചിതമായി. നമ്മുടെ കാൽച്ചുവട്ടിലേക്കു നോക്കിയാൽ മതിയല്ലോ, പ്ലാസ്റ്റിക് ആവരണം മണ്ണിൽ കാണാനേയില്ല.
കേരളത്തിൽ മലിനീകരണത്തോത് ഉയരങ്ങളിലെത്തിയ കൊച്ചിയുടെ ആകാശമേലാപ്പിലും തെളിച്ചവും വെളിച്ചവും കൂടിയതായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വെളിപ്പെടുത്തുന്നത്. വായു നിലവാര സൂചിക പ്രകാരം കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം മലിനീകരണത്തോത് കുറയുന്നുണ്ട്. ജനുവരിയിൽ കോഴിക്കോട്ട് വായു ഗുണനിലവാര സൂചിക 76 ആയിരുന്നത് മാർച്ച് അവസാനം 53ലും എപ്രിൽ മധ്യത്തിൽ 35ലും എത്തി.
തിരുവനന്തപുരത്ത് ജനുവരിയിൽ 80 രേഖപ്പെടുത്തിയ സൂചിക മാർച്ചിൽ 49, ഏപ്രിൽ രണ്ടാം വാരം 30 എന്ന തോതിലുമായി. പടക്ക ആഘോഷ കാലങ്ങളും വിളവെടുപ്പ് തീയിടീൽ കാലത്തും ഡൽഹിയുടെ ആകാശം കറുക്കുന്നതും ശുദ്ധവായു കിട്ടാനില്ലാത്തതിനാൽ പൊതു അവധി പ്രഖ്യാപിക്കുന്നതും വിമാനം ഉൾപ്പെടെ ഗതാഗതം നിറുത്തിവയ്ക്കുന്നതുമൊക്കെ പതിവാണല്ലോ.
ഇപ്പോഴിതാ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം 30 ശതമാനവും അഹമ്മദാബാദിലും പൂനെയിലെ 15 ശതമാനവും കുറഞ്ഞു. പ്രകൃതി ഒരുക്കിയ ഈ സുരക്ഷ ഏറെ ഫലങ്ങൾ തരുമെന്നും കൊറോണ ഒരു പാഠമാണെന്നും കരുതാം. ആഗോളവറുതിയുടെ കാലമാണ് വരാനിരിക്കുന്നതെന്നും പ്രകൃതിയെ നശിപ്പിക്കാത്ത കൃഷികൾ ചെയ്ത് സ്വന്തം അധ്വാനത്തിൽ വിളവുണ്ടാക്കി സ്വയംപര്യാപ്തരാകണമെന്നുമുള്ള പാഠം.
കടലും കാടും കരയും ചൂഷണത്തിൽനിന്ന് മോചിതമായതോടെ അവിടങ്ങളിലെ ജീവജാലങ്ങൾ പെറ്റുപെരുകുമെന്ന നല്ല വാർത്ത. പെരുവള്ളങ്ങളും പത്തേമാരികളും കൊള്ളക്കപ്പലുകളും കൊറോണഭീതിയിൽ കരകയറിയതിനാൽ ഇക്കൊല്ലം മത്സ്യസന്പത്ത് 30 ശതമാനം വർധിക്കുമെന്നാണ് സമുദ്രഗവേഷകരുടെ നിരീക്ഷണം. മനുഷ്യന്റെ കാടുകയറ്റം കുറഞ്ഞതിനാൽ ആനയും മാനും കടുവയും പുലിയും എന്നുവേണ്ട സകല പക്ഷിമൃഗാദികളും കൂടെ ശതകോടി സസ്യലതാദികളും ഇവിടെ പെരുകുമെന്നാണ് ശാസ്ത്രമതം.
റെജി ജോസഫ്