കഴിഞ്ഞവർഷത്തെ ഓശാനഞായറിന് പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടു കുരുത്തോലകൾ വാങ്ങിയിരുന്നു. മറ്റൊന്നിനുമായിരുന്നില്ല, രോഗിയും അവശയുമായി വീട്ടിൽ കഴിയുന്ന വൃദ്ധയായ അമ്മയുടെ പേരിൽ വാങ്ങിയതായിരുന്നു അത്.അന്ന് കൈയിൽ കിട്ടിയ കുരുത്തോല ഇരുകൈകളും നീട്ടി വാങ്ങി സ്നേഹത്തോടെ ചുംബിച്ചതിന് ശേഷം വിശുദ്ധ രുപങ്ങളുടെ ഇടയിൽ കുരുത്തോല പ്രതിഷ്ഠിക്കാൻ പറഞ്ഞുകൊണ്ട് അമ്മ നെടുവീർപ്പെട്ടു.
അടുത്തവർഷം ഓശാനയ്ക്ക് ഞാനുണ്ടാവുമോയെന്ന് ആരറിഞ്ഞു. പക്ഷേ ഈ വർഷവും അമ്മയുണ്ട് കൂടെ. എന്നാൽ അമ്മയെന്നല്ല ആരും തന്നെ വിചാരിക്കാത്ത ഒന്ന് ഇപ്പോൾ സംഭവിച്ചിരിക്കുന്നു. നമുക്ക് ഇത്തവണ ഓശാനയാചരണങ്ങളില്ല. ഒരിക്കൽ പോലും പള്ളിയിൽ വരാത്തവനും കുരുത്തോല വാങ്ങാൻ മാത്രമായി പള്ളിയിൽ എത്തിയിരുന്ന, എല്ലാവരുടെയും കൈയിൽ കുരുത്തോലയുടെ പച്ചപ്പുള്ള ഓശാനഞായർ ഇത്തവണയില്ല.. ദാവീദിന്റെപുത്രന് സ്തുതി പാടാൻഒരു കണ്ഠത്തിൽനിന്നും ഓശാനയുയരാത്ത ഓശാന ഞായർ.ആചരണങ്ങളില്ലാത്ത ഓശാനഞായർ.
ആളൊഴിഞ്ഞ ദേവാലയത്തിൽ കത്തിയെരിയുന്ന മെഴുകുതിരികളെയും വാടാത്ത പൂക്കളെയും സാക്ഷി നിർത്തി വൈദികനും ഒന്നോ രണ്ടോ ശുശ്രൂഷികളുമായി ഇന്ന് ബലിയർപ്പിക്കും. ലോകമെങ്ങുമുള്ള വിശ്വാസികളെ മനസ്സിൽ കരുതി അവർക്കെല്ലാവർക്കും വേണ്ടി അദ്ദേഹം ബലിയർപ്പിക്കുന്പോൾ കടന്നുപോയ ഓശാനകളുടെ ഓർമകളുമായി അനേകർ വീടുകളിൽ ഒതുങ്ങിക്കൂടും. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ എന്ന ആത്മഗതം ഇങ്ങനെ അന്വർഥമാകും എന്ന് നാം ആരെങ്കിലും വിചാരിച്ചിരുന്നോ?
ജീവിതത്തിൽ ഒരിക്കലും വിചാരിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ചവയൊക്കെ നമ്മുടെ ജീവിതത്തെ അവിചാരിതമായ രീതിയിൽ തിരുത്തിയെഴുതിയിരിക്കുന്നു.
ഓശാന ഒരു തിരിച്ചറിവാണ്, അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് പലതും കടന്നുവരും എന്നതിന്റെ.. ജീവിതത്തിലെ ചില സന്തോഷങ്ങൾ സ്ഥായിയായി നിലനിന്നുപോരില്ല എന്നതിന്റെ.. ഇന്ന് നീ അനുഭവിക്കുന്ന സന്തോഷങ്ങൾ.. ഇന്ന് നിനക്ക് അനുവദിച്ചുകിട്ടിയ പ്രശസ്തികളും പ്രശംസകളും.. ഇന്ന് നിനക്ക് കിട്ടുന്ന സ്നേഹങ്ങളും ആദരവുകളും ഇന്ന് നിനക്ക് കിട്ടുന്ന അംഗീകാരങ്ങളും പദവികളും.. ഒന്നും ഒന്നും സ്ഥിരമല്ല. ഇന്നു നിന്നെ പുക്ഴ്ത്തിയവർ തന്നെ നാളെ നിനക്കെതിരേ വാളോങ്ങും. ഇന്നു നിന്റെ തോളത്ത് കൈയിട്ട് നടന്നവർ തന്നെ നാളെ നിന്നെ തള്ളിമാറ്റും.
അന്നു ജെറുസലേം നഗരവീഥിയിൽ എഴുന്നെള്ളിവന്ന ക്രിസ്തുവിന് ജനം ഒന്നടങ്കം ഓശാന വിളിച്ചു. തങ്ങളുടെ നാഥനും രക്ഷകനുമായി അവനെ പ്രതി്ഷ്ഠിക്കാൻ അവർക്ക് തെല്ലും മടിയുണ്ടായിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം അതേ ജനക്കൂട്ടത്തിന്റെ ഭൂരിഭാഗവും അവനെതിരേ ആക്രോശിച്ചു. അവനെ ക്രൂശിക്ക... അവനെ ക്രൂശിക്ക...
കൊടുംഭീകരനായ ബറാബാസിനെക്കാൾ ക്രിസ്തു അധപതിച്ചവനായി മാറിയത് എത്രയോ പെട്ടെന്നായിരുന്നു. ജീവിതത്തിൽ എത്രയോ തവണയാണ് നാമൊക്കെ ഇങ്ങനെ മാറ്റിനിർത്തപ്പെടുകയും നമുക്കെതിരേ അകാരണമായ ആരോപണങ്ങൾ ഉയർന്നുവരികയും ചെയ്തിരിക്കുന്നത് എന്ന് വെറുതെ ആലോചിച്ചുനോക്കുക. സന്തോഷങ്ങളുടെയും ആദരവുകളുടെയും ഓശാനഞായറുകളിൽ നിന്ന് നെഞ്ചുപിളർക്കുന്ന പെസഹാവ്യാഴങ്ങളിലേക്കും നിഷ്ഠുരമായ കുരിശുമരണങ്ങളുടെ ദുഃഖവെള്ളികളിലേക്കും അധികദൂരമൊന്നുമില്ല. ഒരു കൈ അകലം മാത്രം. ഒരു കല്ലേറു ദൂരം മാത്രം.
എന്നിട്ടും നാം കരുതുന്നു, നാം ഇപ്പോൾ അനുഭവിക്കുന്നവയെല്ലാം ശാശ്വതമാണെന്ന്. ഇപ്പോൾ നമുക്ക് ലഭിക്കുന്നവയെല്ലാം നിത്യമായിട്ടുള്ളവയാണെന്ന്. നോക്കുന്പോൾ ശരിയാണ്, സ്നേഹിക്കാൻ മാത്രമറിയാവുന്ന ജീവിതപങ്കാളിയുണ്ട് നമുക്ക്..വാത്സല്യനിധികളായ മക്കളുണ്ട്. നല്ല വീടും നല്ല ജോലിയുമുണ്ട്. ആരോഗ്യമുണ്ട്. സമൂഹത്തിൽ സ്ഥാനമുണ്ട്. പക്ഷേ അവയെല്ലാം എന്നും നമ്മുടെ കൂടെയുണ്ടാവുമെന്ന് കരുതരുത്. ചിറകുമുളച്ചുകഴിയുന്പോൾ മക്കൾ പുതിയ ആകാശങ്ങൾ തേടി പറന്നുപോകും.
സ്വന്തം ഇഷ്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയോ ചെയ്യാത്തപ്പോൾ മുതൽ ജീവിതപങ്കാളിയും നിങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങും. ജോലിയിലുള്ള സ്ഥാനമാനങ്ങൾ അത് നിർവഹിക്കപ്പെടാനുള്ള കഴിവ് ഉണ്ടാകുന്ന നിമിഷംവരെ മാത്രം. ആരോഗ്യം രോഗം കീഴടക്കുന്നതുവരെയും പേര്, പേരുദോഷം ഉണ്ടാകുന്ന നിമിഷം വരെയും മാത്രം.
ഈ പ്രപഞ്ചത്തിൽ എല്ലാറ്റിനും മാറ്റമുണ്ട്. എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ജീവിതത്തിലെ ഓശാനകളിൽ മതിമറക്കാതിരിക്കുക, ക്രിസ്തുവിനെ പോലും തള്ളിപ്പറഞ്ഞ ഈ ലോകത്തിന് നമ്മളെ എത്രയോ നിസാരമായി തള്ളിപ്പറയാനാവും! ക്രിസ്തുവിനെപ്പോലും ഒറ്റുകൊടുത്ത സൗഹൃദങ്ങൾക്ക് ഇത്തിരി നേട്ടത്തിനും പുതിയ ബന്ധങ്ങൾക്കും വേണ്ടി നമ്മെയും കുടിയൊഴിപ്പിക്കാനും ഒറ്റുകൊടുക്കാനും കഴിയുകയില്ലേ? നമുക്ക് നമ്മുടെ നേട്ടങ്ങളിൽ മതിപ്പുണ്ടാവണം. പക്ഷേ അത് അടുത്തുനില്ക്കുന്നവനെ മറന്നുപോകത്തക്കവിധത്തിലുള്ള അഹങ്കാരമായോ ദൈവത്തോടുളള നന്ദികേടായോ മാറിക്കൊണ്ടായിരിക്കരുത്.
ഓശാനകൾക്കുശേഷം കടന്നുവരുന്നത് പെസഹാവ്യാഴത്തിന്റെ, കല്ലുകൾ പിളരുന്ന നെടുവീർപ്പുകളും ദുഃഖവെള്ളിയുടെ ചങ്ക് പിടയുന്ന വ്യാകുലങ്ങളുമാണ് എന്നത് സത്യം. പക്ഷേ ഓശാനഞായറിൽ മാത്രം അഭിരമിക്കാനാണ് നമുക്ക് താല്പര്യം. എന്നാൽ ദുഃഖവെള്ളികളും പെസഹാവ്യാഴങ്ങളുമില്ലാതെ ജീവിതം പൂർണമാകുന്നില്ല എന്നതാണ് യാഥാർഥ്യം.
ഓശാനഞായർ പോലെയുള്ള സത്യങ്ങളാണ് അവയും. വേനലിനു ശേഷം വസന്തങ്ങളുണ്ട്. വേനലിൽ വരുണ്ടുണങ്ങിയ വൃക്ഷത്തലപ്പുകൾ വേനൽമഴയിൽ വീണ്ടും പൊട്ടിക്കിളിർക്കുന്നത് കണ്ടിട്ടില്ലേ. തോട്ടമുടമസ്ഥൻ വെട്ടിക്കളഞ്ഞ ശിഖരങ്ങൾ പോലും കാലം തികയുന്പോൾ വീണ്ടും പൂവിടും.
സുഖവും ദുഃഖവും കയ്പും മധുരവും വിരഹവും സമാഗമവും ചതിയും വിശ്വാസവും സ്നേഹവും വെറുപ്പും മരണവും ജനനവും എല്ലാം കൂടിചേർന്നതാണ് ജീവിതം. ഒന്നിനു മാത്രമായി ഇവിടെ നിലനില്പില്ല. ഒന്നിനു മാത്രമായി ഇവിടെ വാഴ്ചയുമില്ല. എന്നിട്ടും നാം കരുതുന്നു ഏതെങ്കിലും ഒന്നിന്റെ കള്ളിയിൽ മാത്രമായി നമ്മുടെ ജീവിതങ്ങൾ കൊരുക്കപ്പെട്ടുകിടക്കുകയാണെന്ന്..
അതൊരുപക്ഷേ സന്തോഷത്തിന്റെയോ സങ്കടങ്ങളുടെയോ ചതുരംഗക്കളത്തിലാകാം.. അതുകൊണ്ടുതന്നെ നാം ഒന്നുകിൽ സന്തോഷിക്കുകയോ കണ്ണീരൊഴുക്കുകയോ ചെയ്യുന്നു. ക്രമാനുഗതമായ സന്തോഷസന്താപങ്ങളുടെ ഗ്രാഫാണ് ജീവിതത്തിലുള്ളതെന്ന് തിരിച്ചറിയുന്പോൾ ഒന്നും സ്ഥിരമായി നമ്മെ തളർത്തുകയില്ല.
അപ്രതീക്ഷിതം എന്നൊരു വാക്ക് ഒരു ദൈവവിശ്വാസിയുടെ ജീവിതനിഘണ്ടുവിൽ ഇല്ല. കാരണം സഹനവും ത്യാഗവും സ്നേഹവും സന്തോഷവും സങ്കടവും എല്ലാം അവൻ വാങ്ങുന്നത് ദൈവത്തിന്റെ കൈകളിൽ നിന്നാണ്, സ്വന്തം ന·യെ പ്രതിയല്ല. ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് അവൻ വിശ്വസിക്കുന്നു. അതുകൊണ്ട്തന്നെ ഒരു ദുരന്തത്തെയും പ്രതി അവൻ ദൈവത്തിന് നേരെ വിരൽചൂണ്ടുന്നില്ല. ദൈവത്തിന്റെ അസ്്തിത്വത്തെ അവൻ നിഷേധിക്കുന്നുമില്ല. മാത്രവുമല്ല അപ്രതീക്ഷിതമായിട്ടെന്തോ സംഭവിച്ചു എന്ന മട്ടിൽ നിങ്ങൾ പരിഭ്രാന്തരാകരുത് എന്നാണല്ലോ ക്രിസ്തുവിന്റെ നിർദേശവും?
അർഹതയുള്ളയും മേന്മയുള്ളതുമായ സന്തോഷങ്ങൾ സന്തോഷിക്കാതെ പോകരുത് എന്നതും ഓശാനഞായർ ഓർമിപ്പിക്കുന്നുണ്ട്. വർത്തമാനത്തിന്റെ സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കരുത്. കുരുത്തോലകൾ ഉയർത്തിയും വസ്ത്രങ്ങൾ വിരിച്ചും ജനം യേശുവിന് വരവേല്പ് നല്കിയപ്പോൾ അതിൽ നിന്ന് അവൻ ഒഴിഞ്ഞുമാറിയില്ല. ഒരുപക്ഷേ ക്രിസ്തു ആരുടെയെങ്കിലും പ്രശംസയ്ക്ക് പരസ്യമായി നിന്നുകൊടുത്തതും അന്നുമാത്രമാകാം. അത് അവന്റെ അവകാശമായിരുന്നു. നമുക്ക് ലഭിച്ചിരിക്കുന്നത് ഈ നിമിഷമാണ്.
നാളെ നമ്മൾ അറിഞ്ഞുകൂടാത്ത പ്രശ്നങ്ങൾ നമ്മെ ഞെരുക്കിക്കളഞ്ഞേക്കാം. പക്ഷേ ഇപ്പോഴത്തെ സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കരുത്. കാരണം നമുക്ക് കൈയിലുള്ളത് ഈ നിമിഷമാണ്. അതുകൊണ്ട് കൂടുതൽ നന്നായി സ്നേഹിക്കുക..കൂടുതൽ നന്നായി പ്രണയിക്കുക..കൂടുതൽ നന്നായി പ്രാർഥിക്കുക.. കൂടുതൽ നന്നായി ജോലി ചെയ്യുക.
നാളെ ഈ നിമിഷങ്ങൾ ആവർത്തിക്കപ്പെടണം എന്നില്ലല്ലോ. ലോകം മുഴുവൻ അവനവന്റെ വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്ന ഒരു സമയം കൂടിയാണല്ലോ ഇത്. വെടിവട്ടവും പഞ്ചായത്തുമായി വീട്ടിൽ പോലും കയറാൻ തിരക്ക് അനുവദിക്കാതിരുന്ന നമ്മുടെ പുരുഷകേസരികളൊക്കെ എത്രയോ ദിവസമായി മുറ്റംകടന്നിട്ട്. അതുകൊണ്ട് ഒടുവിൽ വീടുകളെക്കുറിച്ചുകൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു.
നമുക്ക് നമ്മുടെ വീടുകളെ തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ് ഇത്. കുഞ്ഞുമക്കൾക്ക് അവരുടെ മാതാപിതാക്കളെയും വൃദ്ധരായ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെയും തിരിച്ചുകിട്ടിയ അവസരം. തിരക്കുപിടിച്ച ലോകത്തിലായിരിക്കവേ അപ്രധാനമെന്ന് കരുതി തള്ളിക്കളഞ്ഞവയ്ക്കൊക്കെ ഇപ്പോൾ എന്തു പ്രാധാന്യമാണെന്ന് നാം മനസിലാക്കുന്നു.
അച്ഛനും അമ്മയും വീ്ട്ടിൽ ഒരുമിച്ചായിരിക്കുന്ന നിമിഷങ്ങളിൽ കുഞ്ഞുമക്കൾ അനുഭവിക്കുന്ന സന്തോഷത്തിന് നാം എന്തുവില നല്കും? വൃദ്ധരായ മാതാപിതാക്കളുടെ അരികിൽ ചെന്നിരിക്കുന്പോൾ അവരുടെ കണ്ണുകളിൽ നിറയുന്ന സംതൃപ്തിക്ക് നാം എന്തു വിലയിടും?
എവിടെയെല്ലാം കറങ്ങിനടന്നാലും എങ്ങനെയൊക്കെ തിരക്കിൽ പെട്ടാലും നമുക്ക് കയറിച്ചെല്ലാൻ ഒരു വീടുണ്ട്. വീട് മാത്രമേ നമുക്കുള്ളൂവെന്നും വീടാണ് ലോകമെന്നും ഇപ്പോൾ ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവും.
അതെ, വീടുകളെ നമുക്ക് തിരിച്ചുപിടിക്കാം. എല്ലാവരെയും സ്വീകരിക്കാനും എല്ലാവർക്കും സന്തോഷം നല്കാനും കഴിയത്തക്കവിധത്തിൽ വീടുകൾ രൂപാന്തരപ്പെടട്ടെ.
കൈകളിൽവഹിക്കുന്ന കുരുത്തോലകൾ വാടിപ്പോകും. പക്ഷേ മനസിലെ കുരുത്തോലകൾ ഒരിക്കലും വാടുകയില്ല. അതുകൊണ്ട് മനസിൽ കുരുത്തോലകൾ വഹിക്കുന്നവരായി മാറാം നമുക്ക്.
വിനായക് നിർമ്മൽ