"മനുഷ്യനെ സന്തോഷമായി കാണാൻ ദൈവം ആഗ്രഹിക്കുന്നു. എവിടെ പ്രത്യാശയുണ്ടോ, അവിടെ ജീവിതമുണ്ട്. അത്തരം നിമിഷങ്ങളിൽ എനിക്ക് കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞില്ല. പകരം, എപ്പോഴും ബാക്കിയായ സൗന്ദര്യത്തെക്കുറിച്ച് മാത്രമായിരുന്നു ചിന്ത. നിങ്ങളിലുള്ള സന്തോഷത്തെ വീണ്ടെടുക്കാൻ ശ്രമിക്കുക. നിങ്ങൾക്കു ചുറ്റുമുള്ള മനോഹരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക, സന്തോഷിക്കുക. എത്ര സുന്ദരമായിരിക്കും അത്...’-ആൻ ഫ്രാങ്ക്
ചിലപ്പോഴൊക്കെ നമുക്ക് ഒരു അഹങ്കാരമുണ്ട്. എല്ലാറ്റിനും മുകളിലാണ് നാമെന്ന്. ജീവജാലങ്ങൾക്കെല്ലാം അവകാശപ്പെട്ട ഭൂമി സ്വന്തം പേരിലാക്കിയും, കാടും മേടും കൈയേറിയും കത്തിച്ചും സ്വാതന്ത്ര്യത്തോടെ നടക്കേണ്ട ജീവജാലങ്ങളെ കൂട്ടിലടച്ചു, ലോകം നമ്മുടെ സ്വന്തം കൈപ്പിടിയിലാണെന്ന് കരുതി അഹങ്കരിക്കുന്ന മനുഷ്യൻ. മറ്റുള്ളവർക്കുംകൂടി അവകാശപ്പെട്ട ഈ ഭൂമി മലിനമാക്കിയും തട്ടിപ്പറിച്ചു, നാം ജീവിക്കുന്നു. എന്നാൽ ഈ മനുഷ്യനെ കൂട്ടിലടയ്ക്കാൻ, വീട്ടിലടയ്ക്കാൻ അവന്റെ കണ്ണിനുപോലും സാധിക്കാത്ത ഒരു ചെറിയ ജീവിക്ക് സാധിക്കും - ’വൈറസ്’. ഇനി വഴികൾ വീട്ടിലേക്കാണ്. വീടെന്ന സ്വർഗത്തിലേക്ക്. വീട്ടിലേക്കുള്ള വഴികൾ ഏവർക്കും തുറന്നിട്ടിരിക്കുന്നു. * stay home.
സിനിമയിൽനിന്നു ജീവിതത്തിലേക്ക്
2011-ൽ പുറത്തിറങ്ങിയ ഒരു സിനിമയാണ് Contagion. ഹോങ്കോങ്ങിൽനിന്നു തിരിച്ചുവന്ന ’ബെത്ത്’ ക്ഷീണിതയാവുന്നു. അവളിൽനിന്നുമാണ് സിനിമ ആരംഭിക്കുന്നത്. രണ്ടു ദിവസങ്ങൾക്കുശേഷം അവൾ മരിക്കുന്നു. അതിനു പുറമെ അവളുടെ മകനും. അജ്ഞാതമായ ആ രോഗത്തിന്റെ കാരണങ്ങൾ തേടിയാണ് മെഡിക്കൽ ലോകം. ആ രോഗം അവരെ കുഴപ്പിക്കുകയാണ്. പതിയെ ആ രോഗം ലോകം മുഴുവൻ പടരുന്നതാണ് സിനിമ. ദിവസങ്ങൾ കഴിയുംതോറും ഈ രോഗം അതിന്റെ രൗദ്രഭാവം കാണിച്ചുതുടങ്ങുന്നു. ലോകമെന്പാടും നിരവധി ആളുകൾ മരിക്കുകയാണ്. രോഗികളുമായി അടുത്ത് ഇടപഴകുന്നവരും ശുശ്രൂഷിക്കുന്നവരും മരണപ്പെടുന്നു. ലോകം നിശബ്ദമാകുന്നു.
ഭീതിനിറഞ്ഞ സംഘർഷഭരിതമായ അവസ്ഥ. ഈ രോഗത്തേക്കുറിച്ചുള്ള അശാസ്ത്രീയമായ നിരീക്ഷണങ്ങളും പഠനങ്ങളും, മരുന്നുകളും വീഡിയോകളും വരുന്നു. ഇതെല്ലാം തെറ്റെന്ന് തെളിയുന്നു. മെഡിക്കൽ ലോകം ഈ വൈറസിനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ആളുകൾ പുറത്തിറങ്ങാതെ, ഭക്ഷണത്തിനുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഈ വൈറസ് എങ്ങനെ തുടങ്ങിയെന്നും അതിന്റെ പ്രതിവിധിയിലൂടെ അതിജീവനം നേടുന്നതുമാണ് ചിത്രം. കൊറോണയുടെ വേരോട്ടംപോലെ ഓർമകൾ ഈ ചിത്രത്തിലേക്ക് പോകുന്നു.
ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണിത്. കരുതലാണ് പ്രധാനമെന്ന് ഈ ചിത്രവും അടിവരയിടുന്നുണ്ട്. സുരക്ഷിതരായി സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങേണ്ടതിന്റെ ആവശ്യകത നമ്മെ അദ്ഭുതപ്പെടുത്തും. അത്രയ്ക്ക് ഭീകരമാണ് ഇതിന്റെ അനന്തരഫലങ്ങൾ. ഇന്നേറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നതും ആവർത്തിക്കുന്നതും അതുതന്നെയാണ്. * stay home. വീട്ടിൽ സുരക്ഷിതരായിരിക്കുന്നതാണ് ഇതിന്റെ മൂല്യമുള്ള മരുന്ന്, ആന്റിവൈറസ്.
ഇന്നത്തെ ഓശാന
ഒന്നും ഇങ്ങനെയായിരുന്നില്ല. ഇനിയെങ്ങനെയാകും നമ്മുടെ ജീവിതമെന്ന് ചിന്തിക്കാത്ത ആരാണുള്ളത്. ഒരായിരം ഓർമകളുമായാണ് ഈ വൈറസുകാലത്ത് നാം വീട്ടിലായിരിക്കുന്നത്. നോന്പും കുരിശിന്റെ വഴിയും, വലിയ ആഴ്ചയും മറ്റ് മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ മനസിന്റെ കോണിൽ പ്രതിഷ്ഠിക്കുന്ന ആത്മീയതയുടെ കാലം. എല്ലാം ഒന്ന് മാറ്റിപ്പിടിക്കാനുള്ള അവസരവുമാണിത്. ഇനി നമ്മുടെ ആഘോഷങ്ങൾക്ക് ദൈവമെന്ന് പേരിടാം. അവൻ മനസിൽ ഉടയവനാകുന്പോഴാണ് ജീവിതം അൽപംകൂടി ലളിതമാകുന്നത്. ഓശാനയുടെ ഈരടികൾ മനം നിറയുന്നുണ്ട്. ഇത്രകാലം ഉറക്കെപ്പാടിയ പാട്ടുകൾ ആത്മാവിന്റെ ആഴങ്ങളിൽ മുഴങ്ങുന്നുണ്ട്. ഓശാന... ഓശാന...
ഓശാന എന്നാൽ "ഞങ്ങളെ രക്ഷിക്കണമേ’ എന്നാണ്. എല്ലാ ഇടങ്ങളിലും അലഞ്ഞുനടന്ന ആ ചെറുപ്പക്കാരനാണ് അവർ ഓശാന പാടിയത്. ഉള്ളിലെ പ്രകാശം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അവർക്കുള്ളതാണ് ഓശാന. ഈ കൊറോണക്കാലത്ത് നമ്മൾ ഒന്നിച്ച് പാടേണ്ട ഓശാന ആർക്കാണ്. അത് ദൈവത്തിനു വേണം. ഒപ്പം, മറ്റൊരു കൂട്ടരുണ്ട്. ശുശ്രൂഷകൊണ്ട് ഈ വൈറസുകാലത്ത് നമ്മെ പൊതിഞ്ഞുപിടിക്കുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരും. അവർക്കുകൂടി പാടുകയാണ് ഓശാന. സംഘർഷഭരിതമായ ഇടങ്ങളിലെല്ലാം സമാധാനത്തിന്റെ സുവിശേഷമായിരുന്നു ക്രിസ്തു. അവനാണ് അവർ ഓശാന പാടിയത്.
"വൈറസാണ്' ഇന്നത്തെ നമ്മുടെ സംഘർഷം. അവിടെ രക്ഷയുടെ കരംപിടിക്കുന്ന മാലാഖമാർക്കുംകൂടിയുള്ളതാണ് ഓശാന. "ഞങ്ങളെ രക്ഷിക്കണമേ’ എന്ന് അവനോട് പറയുന്നപോലെ നമുക്ക് ഇവരോടും പറയാം, ഓശാന.
ഇതും കടന്നുപോകുമെന്ന് നാം മനസിനെ പഠിപ്പിക്കുന്നുണ്ട്. സമയത്തെക്കുറിച്ചും നാം ജീവിക്കുന്ന നിമിഷങ്ങളെക്കുറിച്ചുമൊക്കെ ഈ കാലം നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. അടങ്ങിയിരിക്കേണ്ട ചില നിമിഷങ്ങൾ, ഓട്ടമൊക്കെ അവസാനിപ്പിച്ച് വീട്ടിലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ട കാലം. ഉൗതിവീർപ്പിച്ച ഈ ബലൂണ്ജീവിതമൊക്കെ എത്ര നിസാരവും ദുർബലവുമെന്ന് വീട്ടിലിരിക്കുന്പോൾ നാം തിരിച്ചറിയുകയാണ്.
പലായനം വീട്ടിലേക്ക്
വീട് സുരക്ഷിതമെന്നു മനസിലാകുന്ന നേരമാണിത്. മടങ്ങിപ്പോവുകയാണ് നാം വീട്ടിലേക്ക്. മനസുകൊണ്ട് നാം വീട്ടിലല്ലായിരുന്നു. അലച്ചിലിന്റെ ഒഴുക്കിൽപ്പെട്ട് നാം ദൂരെയായിരുന്നു. ഡൽഹിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ നാം കാണുന്നതും അതുതന്നെയാണ്. പലായനത്തിന്റെ പെരുപ്പം കണ്ട് നാം ഞെട്ടുന്നുണ്ട്. സ്വന്തം ഇടത്തിലേക്കുള്ള മടക്കമാണത്, വീട്ടിലേക്കുള്ള വഴികൾ. ആൾത്തിരക്കുകൾക്കും ആഘോഷങ്ങൾക്കും അരാധനാലയങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് നാം വീട്ടിലാണ്. കാരണം ഈ വൈറസിന്റെ മരുന്ന് വീട്ടിൽ മാത്രമാണ് * stay home.
ഫേസ് ബുക്കിൽ കണ്ട കവിത എത്ര മനോഹരമാണ്:
"ഒരവസരമാണിത്,
മോള് വരച്ച കുസൃതി
ചിത്രമൊന്നു നോക്കിക്കേ...
പാതിവഴിയിൽ മറന്നുപോയവരുടെ
അടുത്തൊന്ന് ഇരുന്ന് നോക്കിക്കെ...
വീട്ടുവളപ്പിൽ വാടിയ ചെടികൾക്ക്
ഇത്തിരി വെള്ളം നനച്ചേ...
വളർന്നുപോയതുകൊണ്ടു മാത്രം
നഷ്ടപ്പെട്ട പലതിലേക്കും
വെറുതെ ചെല്ലാൻ
ഒരവസരമാണിത്...’
ഫാ. ബെറോസെല്ലിയുടെ കുരിശിന്റെ വഴി
വീട്ടിലിരിക്കുന്പോൾ തെളിയുന്നതു മുഴുവൻ കരുതലിന്റെ കാഴ്ചകളാണ്. കുരിശിന്റെ വഴികളെ ധ്യാനിക്കുന്ന അതേ മനസോടെ, ഈ മാതൃകകൾ നെഞ്ചോട് ചേരുന്നുണ്ട്. ഇറ്റലിയിലെ ലൊവേറിൽ നിന്നു വന്ന പത്രവാർത്ത മനോഹരമാണ്. പുരോഹിതനായ ഡോണ് ഗിസപ്പി ബെറോസെല്ലി കൊറോണ ബാധിതനായി ആശുപത്രിയിലായിരുന്നു. വെന്റിലേറ്റർ ഇല്ലാത്തതിനാൽ ഇടവകയിലെ സ്നേഹിതൻ കഷ്ടപ്പെട്ടു സംഘടിപ്പിച്ച ശ്വസനസഹായിയുമായി എത്തി.
തന്നോടുള്ള സ്നേഹം കാണിച്ച അവർ കൊടുത്ത വെന്റിലേറ്റർ ആ പുരോഹിതൻ സ്വീകരിച്ചില്ല. പകരം ഡോക്ടറോട് ചോദിച്ചു, ഈ വെന്റിലേറ്റർ ഞാൻ ഉപയോഗിച്ചാൽ തൊട്ടടുത്ത ചെറുപ്പക്കാരനേക്കാൾ എത്ര സാധ്യതയുണ്ട്. മൂന്നിലൊന്ന് മാത്രമെന്ന് ഡോക്ടർ പറഞ്ഞു. ഫാ. ബെറോസെല്ലി പെട്ടെന്നുതന്നെ ആ വെന്റിലേറ്റർ തൊട്ടടുത്ത കിടക്കയിലെ ചെറുപ്പക്കാരനു നൽകി. മൂന്നാംദിവസം ആ പുരോഹിതൻ മരിച്ചു. ശ്വാസംപോലും അപരന് കൊടുക്കാൻ കാണിച്ച ആ മനസ് കരുതലിന്റേതാണ്.
ഡോ. ഹാദിയോ ഇൻഡോനേഷ്യയിലെ യുവ ന്യൂറോളജിസ്റ്റായിരുന്നു. ഡോ. ഹാദിയോ തന്റെ രോഗം സ്ഥിരീകരിച്ചിട്ടും ശുശ്രൂഷിക്കാൻ പോയത് പുതിയ പോസിറ്റീവ് രോഗികളെ പ്രവേശിപ്പിച്ച വാർഡിലേക്കാണ്. മൂന്നാം ദിവസം ഡോ. ഹാദിയോയും ഒപ്പമുണ്ടായിരുന്ന അഞ്ച് ഡോക്ടർമാരും മരിച്ചു. ഡോ. ഹാദിയോക്ക് രണ്ടു മക്കളായിരുന്നു, ഹിജയും നസീജയും.
ഗർഭിണിയായ തന്റെ ഭാര്യയെയും ഈ രണ്ടു മക്കളെയും തനിച്ചാക്കി ഡോക്ടർ കരുതലിന്റെ കഥയായിമാറി. ഡോ. ഹാദിയോ... നിങ്ങൾ അങ്ങ് ദൂരെയുള്ള ഒരുദേശത്തെ ഡോക്ടറായിരുന്നു. പക്ഷെ ഈ കൊറോണക്കാലത്ത് ഞങ്ങൾ വീട്ടിലിരുന്ന് നിങ്ങളെക്കുറിച്ചറിയുന്പോൾ മനം നിറയുന്നുണ്ട്. ഈ ലോകം മാറുന്നത് ഞങ്ങൾ കാണുന്നുണ്ട്. ഈ ലോകത്ത് കരുതൽ നിറയുന്നതും ഞങ്ങൾ കാണുന്നു. ഡോ. ഹാദിയോമാരിലൂടെ...
അവൻ വഞ്ചിയിലുണ്ട്
ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾതന്നെ നമുക്ക് ശക്തിപകരുകയാണ്. ""യേശുനാഥൻ വഞ്ചിയിൽ ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടു എന്ന ചിന്തയാൽ പേടിച്ച ശിഷ്യൻമാരുടെ അവസ്ഥയാണ് നമുക്ക് ഇപ്പോൾ. നാമെല്ലാവരും ഒരേ വഞ്ചിയിൽ യാത്രചെയ്യുന്നവരാണ്. കോവിഡ് വ്യാപനം നമ്മേ ഓർമിപ്പിക്കുന്നതും അതുതന്നെയാണ്. കാറ്റും കോളും വഞ്ചിയെ ഉലയ്ക്കുന്നത് മനുഷ്യനെന്ന നിലയിൽ നമ്മുടെ അസ്ഥിരമായ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.
എന്നാൽ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്, നിങ്ങൾക്ക് വിശ്വാസമില്ലേ എന്നാണ് കർത്താവ് അവരോട് ചോദിച്ചത്. ഇതുതന്നെയാണ് അവിടുന്ന് നമ്മോടും ചോദിക്കുന്നത്. ഇത് ദൈവത്തിന്റെ വിധിയുടെ സമയമല്ല, മറിച്ച് ജീവിതത്തിൽ എന്താണ് പ്രസക്തമെന്ന് നമുക്ക് മനസിലാക്കാനുള്ള അവസരമാണ്.''
ഈ വൈറസുകാലം ആത്മശോധനയുടെ കാലമാകട്ടെ. ഇവിടെ കരുതലാണ് ആവശ്യം. അമിതമായ ഉത്കണ്ഠകളില്ലാതെ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ജീവനെ പരിപാലിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ടുതന്നെ വീടെന്ന സ്വർഗത്തിൽ ഹൃദയംകൊണ്ട് നമുക്ക് ഇരിക്കാം. ഈ വലിയ ആഴ്ചയിലേക്ക് മൗനമായി നാം പ്രവേശിക്കുന്നു. ആത്മാവിൽ ഒരായിരം ബലിയർപ്പണങ്ങളാണ്.
സഹനങ്ങളുടെ നോന്പും മലകയറ്റവുമൊക്കെ നമ്മുടെ ഉള്ളിലുണ്ട്. കണ്ണു നനഞ്ഞ് കരം കൂപ്പി കുടുംബത്തെ അൾത്താരയാക്കേണ്ട ദിവസങ്ങളാണിത്. നമ്മുടെ കൈകളിൽ അദൃശ്യ ചില്ലകളുണ്ട്. പണ്ട് നസ്രായനെ എതിരേറ്റ അതേ ചില്ലകൾ. അവൻ ഇവിടെയുണ്ട്... നാം കരുതലോടെ ഇരിക്കുന്ന നമ്മുടെ ഇടങ്ങളിൽ. വീട്ടിലേക്കുള്ള വഴികളിൽ ഒലിവിൻ ചില്ലകളുമായി ഞങ്ങൾ നിൽക്കുന്നു; ഈ വൈറസുകാലത്ത്. നീ വരിക... രാജാവാകുക...!
ബിബിൻ ഏഴുപ്ലാക്കൽ
എംസിബിഎസ്