മലയാള സിനിമയുടെ ഏറ്റവും സുവർണകാലമായിരുന്ന1970 കളിലും 1980കളിലും മലയാളത്തിലെ മുഖ്യധാര സിനിമയിൽ സമാന്തരമായ ഒരു ശാഖ തന്നെ പ്രവർത്തിച്ചിരുന്നതായി ചലച്ചിത്ര നിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ട്. മലയളാ സിനിമയിലെ ഈ പുതിയ പ്രവണതയേയും ലാവണ്യസങ്കൽപ്പങ്ങളേയും പ്രതിനിധാനം ചെയ്തിരുന്നത് പത്മരാജനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായിരുന്നു.ഇവർ ശരാശരി മലയാളിയുടെ സിനിമാ ബോധത്തെ പുതിയ തലങ്ങങ്ങളിലേക്ക് നയിക്കുകയും പുതുക്കി പണിയുകയുമായിരുന്നു.
പത്മരാജൻ എന്ന പേര് ഓരോ മലയാളി സിനിമാ പ്രേക്ഷകനും മനസിൽ താലോലിക്കുന്ന, സ്വപ്ന സമാനമായ ഒരു പേരാണ്. 70 കളിലും 80 കളിലും പത്മരാജന്റെ സിനിമകൾക്കുവേണ്ടി മലയാളി പ്രേക്ഷകരും കാമ്പസുകളും കാത്തുനിന്നു. മലയാളിയുടെ ഭാവനകളെയും സ്വപ്നങ്ങളെയും ഒരു പുതിയാ ഭാവുകത്വത്തിന്റെ ആലസ്യത്തിലേക്കും ഹർഷോന്മാദത്തിലേക്കും ഉയർത്തുകയായിരുന്നു പത്മരാജൻ.
പതിനെട്ടു തിരക്കഥകൾ മറ്റ് സംവിധായകർക്കുവേണ്ടി എഴുതുകയും, പതിനെട്ടു സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.അങ്ങിനെ മുപ്പത്താറ് സിനിമകളിലൂടെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിറസാന്നിധ്യമായി പത്മരാജൻ മാറി.
പത്മരാജൻ തിരക്കഥാകൃത്ത്,സംവിധായകൻ എന്നതിലുപരി ചെറുകഥയിലും നോവൽസാഹിത്യത്തിലും തന്റെ പ്രതിഭകൊണ്ട് ആഴത്തിൽ സ്വാധീനിച്ച ഒരു സാഹിത്യകാരൻ കൂടിയാണ്.എന്നാൽ പലപ്പോഴും പത്മരാജൻ എന്ന സാഹിത്യകാരൻ വേണ്ടത്ര ചർച്ചചെയ്യപ്പെടാതെ പോയിട്ടുണ്ട്.സിനിമയ്ക്ക് ഒരുപാട് സാധ്യതകളുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രണ്ടു സാഹിത്യസൃഷ്ടികൾ ഇനിയും സിനിമയാക്കപ്പെട്ടിട്ടില്ല. മഞ്ഞുകാലം നോറ്റ കുതിരയും അദ്ദേഹത്തിന്റെ അവസാന നോവലായ പ്രതിമയും രാജകുമാരിയുമാണ് അവ. അങ്ങനെ നോവലുകളിലൂടെ, ചെറുകഥകളിലൂടെ, സിനിമകളിലൂടെ മലയാളിയുടെ ആസ്വാദന ബോധത്തെ ഉഴുതുമറിച്ച ഒരു എഴുത്തുകാരനും സംവിധായകനുമായിരുന്നു പത്മരാജൻ .
നായകൻ വില്ലനും. വില്ലൻ നായകനുമാകുന്ന ഒരു വിചിത്ര കഥാതന്തുവായിരുന്നു ‘ഇതാ ഇവിടെവരെ’യുടേത്.കാലത്തിനു മുമ്പേ വന്ന്, കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമയായിരുന്നു ‘അരപ്പട്ട കെട്ടിയ ഗ്രാമം’. ആ സിനിമ അന്നും ഇന്നും പ്രേക്ഷകമനസിൽ അഭ്രപാളിയിലെ ഒരു വിസ്മയമായി നിലകൊള്ളുന്നു.പത്മരാജന്റെ മറ്റ് സിനിമകളിൽ എന്നപോലെ അസാധാരണമായ ഒരു ക്രാഫ്റ്റ് ആണ് ഈ ചലച്ചിത്രത്തിന്റെ പ്രത്യേകത. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, തിങ്കളാഴ്ച നല്ലദിവസം, നവംബറിന്റെ നഷ്ടം, കള്ളൻ പവിത്രൻ തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയുടെതന്നെ ജാതകം അദ്ദേഹം തിരുത്തിക്കുറിച്ചു. ബ്യൂട്ടിപാർലറുകളെക്കുറിച്ച് മലയാളികൾ അറിഞ്ഞുതുടങ്ങിയിട്ടില്ലാത്ത കാലത്താണ് പത്മരാജൻ ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിൽ ബ്യൂട്ടിപാർലർ അവതരിപ്പിക്കുകയും പിന്നീട് മലയാളിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി ബ്യൂട്ടിപാർലർ മാറുകയും ചെയ്തു. ഓണാട്ടുകര ദേശത്തെ സാധാരണക്കാരുടെ കഥയാണ് പറഞ്ഞതെങ്കിലുംഅത് ദേശത്തിന്റെയും കാലത്തിന്റെയും അതിരുകളെ ഭേദിച്ച് സഞ്ചരിക്കുന്നവയായിരുന്നു.
പത്മരാജന്റെ മുപ്പത്താറ് ചലച്ചിത്രങ്ങളും വ്യത്യസ്തമായ ഭൂപശ്ചാത്തലത്തിലുള്ളതായിരുന്നു, വ്യത്യസ്തമായ സാമ്പത്തിക പശ്ചാത്തലത്തിലുള്ളതായിരുന്നു. മനുഷ്യജീവിതത്തിന്റെ സങ്കീർണതകളിലേക്ക് ഇറങ്ങിച്ചെന്ന് അനിതരസാധാരണമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ പത്മരാജന് സാധിച്ചു.അതിശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു പത്മരാജന്റെ തിരക്കഥയുടെ മറ്റൊരു സവിശേഷത. ഇത്രയും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ മലയാളത്തിലെ മറ്റൊരു തിരക്കഥാകൃത്തും സൃഷ്ടിക്കുകയോ സംവിധായകർ ആവിഷ്കരിക്കുകയോ ചെയ്തിട്ടില്ല. മലയാളത്തിലെ നൂറു കഥകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ ഏതു നിരൂപകനും കണ്ണടച്ച് തെരഞ്ഞെടുക്കുന്ന കഥയാണ് ലോല. മലയാളത്തിലെ ഏറ്റവും മികച്ച നോവൽ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ പത്മരാജന്റെ പ്രതിമയും രാജകുമാരിക്കും സ്ഥാനം ലഭിക്കും.
ബൈബിൾ പഴയനിയമം പത്മരാജന് ഉറവ വറ്റാത്ത ഒരു സാഹിത്യപ്രചോദനമായിരുന്നു. തന്റെ സൃഷ്ടികളിൽ ബൈബിൾ വചനങ്ങൾ അതിമനോഹരമായി കോർത്തിണക്കുന്നുണ്ട്.സോളമന്റെ ഉത്തമഗീതംപോലെ ജീവിതത്തിന്റെ സർവസൗന്ദര്യവും ഏകാന്തതയും വിരഹവും വിഷാദവും ചറം പോലെ ഒഴുകുന്ന സങ്കടങ്ങളും സ്പുടം ചെയ്തതും ഒപ്പം അസംസ്കൃതവുമായ ജീവിതാസക്തികളും കാമക്രോധ മോഹവും ദൃശ്യങ്ങളുടെ സൂചനകൾകൊണ്ടും മാസ്മരിക ഭാവനകൊണ്ടും അഭ്രപാളിയിൽ സന്നിവേശിപ്പിച്ച് അനുവാചക ഹൃദയത്തെ തരളിതവും കലുഷിതവുമാക്കുന്ന പത്മരാജന്റെ കൈയടക്കം അദ്ദേഹത്തെ മൗലികമായി അടയാളപ്പെടുത്തുന്നുണ്ട് മലയാള സാഹിത്യ-സിനിമാ ചരിത്രമണ്ഡലത്തിൽ.
മലയാള സിനിമയുടെ തലക്കെട്ടുകളെ ഇത്രമേൽ ഭാവസുന്ദരവും കാൽപനികവുമാക്കിയത് പത്മരാജനായിരുന്നു. ഒറ്റവരിയുള്ള ഒരു കവിത പോലെ, ഒരു ഹൈക്ക്പോലെ. വിലോഭനീയമായ സ്വപ്നത്തിലേക്കുള്ള ഒരു താക്കോൽപോലെ അവ നിലകൊണ്ടു. സിനിമയ്ക്കപ്പുറം ഒരു സ്വതന്ത്ര സങ്കേതമായി അർഥലാവണ്യം നിറഞ്ഞതായിരുന്നു ഈ തലക്കെട്ടുകൾ. എഴുപതുകളിലെ കാൽപനിക കൽപനകളാൽ തരളിതമായ മനസുകളിൽ വർണരാജിപോലെ പലതരത്തിൽ ഇവ പ്രതിബിംബിച്ചു.
മലയാളത്തിലെ ഏറ്റവും മികച്ച പത്ത് സിനിമകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ പത്മരാജന്റെ സിനിമയുണ്ടാകും. അങ്ങനെ സിനിമയിലും സാഹിത്യത്തിലും തന്റെ പ്രതിഭയുടെ മന്ത്രിക സ്പർശം ഇത്രമേൽ സ്വാധീനിച്ച, യുവാക്കളുടെ ജീവിത കാഴ്ചപ്പാടുകളേയും തന്റെ സർഗാത്മകതകൊണ്ട് വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് ഉയർത്തിയ ഒരു ഗന്ധർവ്വൻ തന്നെയായിരുന്നു പത്മരാജൻ. ഇതു പത്മരാജൻ ടച്ച് എന്ന് ആഘോഷിക്കപ്പെട്ടു.
ജീവിച്ചിരുന്നപ്പോഴും ജീവിതത്തിൽ നിന്നു കടന്നുപോയപ്പോഴും ഒരേപോല, ഒരു വിസ്മയം പോലെ ആരാധകർ നെഞ്ചേറ്റിയ സാഹിത്യപ്രതിഭകൾ പത്മരാജനെപോലെ ലോകത്ത് അധികമില്ല.
എം.സി. വസിഷ്ഠ്