കേരളത്തിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽനിന്നും വ്യത്യസ്തമായി വർഷംമുഴുവൻ ആകർഷണീയമാണ് മറയൂർ മലനിരകൾ. പശ്ചിമഘട്ട മലനിരകളിലെ കിഴക്കൻ ചെരിവിലാണ് മഴനിഴലിന്റെ മനോഹര ഭൂമികയായ ചിന്നാർ. വരണ്ട ഉഷ്ണമേഖല കാടുകൾ, മുള്ളുകളോടുകൂടിയ കുറ്റിക്കാടുകൾ, ചോലവനങ്ങൾ, പുൽമേടുകൾ നദീതട വനങ്ങൾ, ഇലപൊഴിയും കാടുകൾ എന്നിങ്ങനെ വിവിധതരം കാടുകളാൽ സമൃദ്ധമാണ് 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ചിന്നാർവനം.
ഉയരംകുറഞ്ഞ വനമേഖല ആയതിനാൽ വന്യജീവികളെ ഏളുപ്പത്തിൽ കാണാനും ഇവിടെ സാധിക്കുമെന്നതാണ് ചിന്നാർ കാടുകളെ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. കേരളത്തിന്റെ പൈതൃക സ്വത്തായ സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂർ കരിമുട്ടി വെള്ളച്ചാട്ടത്തിൽനിന്നും ആരംഭിക്കുന്നു. ശബരി - പഴനി തീർഥാടന പാത 16 കിലോമീറ്ററോളം ദൂരം ചിന്നാർ വന്യജീവി സങ്കേതത്തിനു നടുവിലൂടെയാണ് കടന്നുപോകുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന വനമേഖലകളായ ആനമല കടുവാ സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ആനമുടി ഷോലാ നാഷണൽ പാർക്ക്, മറയൂർ ചന്ദനക്കാടും ജൈവ വൈവിധ്യങ്ങളാൽ സന്പന്നമാണ്.
കേരളത്തിൽ ജൂണ് - ജൂലൈ മാസങ്ങളിൽ കാലവർഷം തിമിർത്തുപെയ്യുന്പോൾ മഴയുടെ നിഴൽ എന്നപോലെ നൂൽമഴ മാത്രമാണ് ഈഭാഗത്ത് അനുഭവപ്പെടാറുള്ളത്. അതിനാൽ മണ്സൂണ് ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇക്കോ ടൂറിസം പോയിന്റായി ചിന്നാർ മാറിക്കൊണ്ടിരിക്കുകയാണ്. വർഷത്തിൽ 12 മാസവും സഞ്ചാരികൾക്ക് കണ്ടാസ്വദിക്കാൻ പറ്റിയ ഏറ്റവും സുന്ദരമായ വനമേഖലയാണ് ചിന്നാർ വന്യജീവി സങ്കേതം.
കരിമുട്ടി വെള്ളച്ചാട്ടവും
നക്ഷത്ര ആമക്കടയും
മൂന്നാറിൽനിന്നും തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെയും മറയൂർ ചന്ദനക്കാടുകൾക്കിടയിലൂടെയും എത്തുന്ന സഞ്ചാരികളെ ചിന്നാറിലേക്ക് സ്വാഗതംചെയ്യുന്നത് കരിമുട്ടിയിൽ പ്രകൃതി ഒരുക്കിയ വെള്ളച്ചാട്ടവും ചിന്നാറിന്റെ ഫ്ളാഗ് ഷിപ് സ്പീഷീസ് ആയ നക്ഷത്ര ആമയുടെ രൂപത്തിൽ പത്തടി ഉയരത്തിൽ വനംവകുപ്പ് നിർമിച്ചിട്ടുള്ള ഇക്കോഷോപ്പുമാണ്.
തുള്ളി തുളുന്പി തൂവാനം
ചിന്നാറിന്റെ പ്രവേശന കവാടമായ കരിമുട്ടിയിൽനിന്നും നാലുകിലോമീറ്റർ സഞ്ചാരിച്ചാൽ ആലാംപെട്ടിയിലെത്തും. ഇവിടെനിന്നാണ് മറയൂരിന്റെ ഏറ്റവും പ്രധാന ആകർഷണമായ തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. തൂവാനത്തേക്കുള്ള ട്രെക്കിംഗ് സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും കാഴ്ചകളുമാണ് സമ്മാനിക്കുന്നത്. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒന്നായ പാന്പാറിലാണ് തൂവാനം തുള്ളിത്തുളുന്പി ചാടുന്നത്.
ആലാംപെട്ടി ഗുഹാചിത്രങ്ങൾ
മറയൂരിൽനിന്നും ഏഴുകിലോമീറ്റർ അകലെ ആലാംപെട്ടി മലപുലയ കോളനിക്കു സമീപത്താണ് ആലാംപെട്ടി ഗുഹാചിത്രങ്ങൾ. റെഡ് ഓക്കറിലുള്ള ഗുഹാചിത്രങ്ങളാണ് കാണാൻ കഴിയുന്നത്. മാൻ, മ്ലാവ്, മനുഷ്യർ എന്നിവയുടെ രൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
ട്രെക്കിംഗ് പ്രോഗ്രാമുകൾ
കൂട്ടാർ ട്രെക്കിംഗ്
കേരളത്തേയും തമിഴ്നാടിനേയും പ്രകൃതി വേർതിരിക്കുന്ന ചിന്നാർ പുഴയുടെ തീരത്തുകൂടി മൂന്നുകിലോമീറ്റർ ട്രെക്കിംഗ് നടത്തിയാൽ കൂട്ടാറിലെത്താം. പാന്പാർ പുഴയും ചിന്നാർ പുഴയും കൂടിച്ചേരുന്ന ഭാഗത്തെയാണ് കൂട്ടാർ എന്നു വിളിക്കുന്നത്. നദിയുടെ തീരത്തുകൂടിയുള്ള ഈ ട്രെക്കിംഗിൽ കേരളത്തിൽ ചിന്നാറിൽമാത്രം കാണാൻ സാധിക്കുന്ന ചാന്പൽ മലയണ്ണാനെ കാണാൻ സാധ്യതയേറെയാണ്. വിദ്യാർഥികളാണ് കൂട്ടാർ ട്രെക്കിംഗ് ഏറെ തെരഞ്ഞെടുക്കുന്നത്.
ചുരുളിപ്പെട്ടി ട്രെക്കിംഗ്
ചെറിയ മുൾച്ചെടികൾ നിറഞ്ഞ കാട്ടിലൂടെയുള്ള ട്രെക്കിംഗ് ദക്ഷിണാഫ്രിക്കൻ സവാരിയെ അനുസ്മരിപ്പിക്കും. ഈ ഭാഗങ്ങളിൽ കാട്ടുപോത്ത്, ആന, പുള്ളിമാൻ എന്നിവയെ ധാരാളമായി കണാൻ സാധിക്കും.
വശ്യപ്പാറ ട്രെക്കിംഗ്
ചിന്നാറിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിംഗാണ് വശ്യപ്പാറ ട്രെക്കിംഗ് പ്രോഗ്രം. ചിന്നാറിൽനിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് പാന്പാർ കടന്ന് ചന്പക്കാട് മലപുലയ കോളനിക്കുള്ളിലൂടെ കടന്നുപോകുന്നതാണ്. മറ്റുള്ള ട്രെക്കിംഗുകൾ മൂന്നുമണിക്കൂർകൊണ്ട് അവസാനിക്കുമെങ്കിലും വശ്യപ്പാറ ട്രെക്കിംഗ് അവസാനിക്കാൻ ആറുമണിക്കൂർ വേണ്ടിവരും. വിദേശികൾ ഏറെ തെരഞ്ഞെടുക്കുന്ന ഒരു ട്രെക്കിംഗ് പ്രോഗ്രാം കൂടിയാണിത്.
പക്ഷി നിരീക്ഷണം
പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കാടുകളിൽ ഒന്നാണ് ചിന്നാർ വന്യജീവി സങ്കേതം. ഇരുനൂറ്റി അൻപതോളം പക്ഷിവൈവിധ്യങ്ങളാണ് ചിന്നാർ കാടുകളിലുള്ളത്. ഇതിനുപുറമെ അമുർ ഫാൽക്കണ് ഉൾപ്പെടെയുള്ള ദേശാടന പക്ഷികളും ചിന്നാറിലെത്തുന്നതിനാൽ സംസ്ഥാനത്തെയും രാജ്യത്തെയും വിവിധ ഭാഗങ്ങളിൽനിന്നുള്ള പക്ഷി നിരീക്ഷകർ ഇവിടെ എത്തുന്നുണ്ട്.
മറയൂരിനെ അറിയാൻ
ആറുപേർക്ക് ആറുമണിക്കൂർ യാത്ര
മറയൂരിൽനിന്നും യാത്ര ആരംഭിക്കുന്ന തുറന്ന ജീപ്പിൽ ആറുപേർക്കാണ് മറയൂരിന്റെ വൈവിധ്യങ്ങളിലേക്ക് ഒരേസമയത്ത് യാത്രചെയ്യാൻ കഴിയുന്നത്. 9000 വർഷം പഴക്കമുള്ള മറയൂർ ചന്ദന റിസർവിനൂള്ളിലെ പത്തിപ്പാറയിലെ എഴുത്തള, 3000 വർഷം പഴക്കമുള്ള മറയൂരിലെ മുനിയറകൾ, സാംസ്കാരിക പൈതൃകഗ്രാമങ്ങളായ അഞ്ചുനാട് ഗ്രാമങ്ങളിൽ ഒന്നായ മറയൂർ ഗ്രാമവും വീരക്കല്ലും മധുരം വിളയിക്കുന്ന കർഷകരുടെ മറയൂർ ശർക്കര നിർമാണം, കീഴാന്തൂരിൽനിന്നൂള്ള മറയൂരിന്റെ ദൂരക്കാഴ്ച, കേരളത്തിന്റെ പൈതൃക സ്വത്തായ ചന്ദനക്കാടുകൾ, ഗോത്ര ജനതയുടെ സാംസ്കാരിക ഘടന നേരിട്ടറിയുന്നതിനായി വില്ലേജ് ടൂറിന്റെ ഭാഗമായി കാന്തല്ലൂരിൽ കൂളച്ചിവയൽ ആദിവാസി കൂടി സന്ദർശനം, കേരളത്തിലെ പഴവർഗങ്ങളുടെ കലവറയായ കാന്തല്ലൂരിലെ ആപ്പിൾ, ഓറഞ്ച് തോട്ടങ്ങൾ എന്നിവയാണ് ആറുമണിക്കൂർ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറയൂർ മേഖലയിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സർക്കാർതലത്തിൽ ആരംഭിക്കുന്ന ആദ്യപദ്ധതിയാണ് മറയൂർ ഹെറിറ്റേജ് ടൂർ, ചരിത്രങ്ങൾ ഇനിയും ഒളിഞ്ഞിരിക്കൂന്ന അഞ്ചുനാട് താഴ്വരയിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളും അനൂഭവങ്ങളുമായിരിക്കും.
ചന്ദനക്കാടുകൾ
ചന്ദനമരങ്ങൾ മറയൂരിന്റെമാത്രം പെരുമയാണ്. കേരളത്തിന്റെ മഴനിഴൽ പ്രദേശമായ മറയൂരിൽ 15 സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുകയാണ് ചന്ദനറിസർവ്. ചന്ദനലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും മറയൂരിൽ വിനോദസഞ്ചാരികൾക്ക് ഹരംപകരുന്നു. വനം വകുപ്പിന്റെ ചന്ദനപണിപ്പുരയിൽ ചന്ദനം ചെത്തിയൊരുക്കലിന്റെ ശിൽപികൾ മുതുവാൻമാരും ഗ്രാമവാസികളുമാണ്. എന്നാൽ ചന്ദനക്കാട്ടിൽനിന്ന് ഒരു തരിപോലും നഷ്ടപ്പെടാതെ പിഴുതെടുക്കാൻ മിടുക്കർ മലപുലയരാണ്. മറയൂരിന്റെ വിവിധ ചന്ദന റിസർവുകളിൽ ഉണങ്ങി നിൽക്കുന്നതും കാറ്റിൽ മറിഞ്ഞുവീഴുന്നതും വന്യജീവികൾ കുത്തിമറിച്ച് ഇടുന്നതുമായ മരങ്ങളാണ് വനംവകുപ്പ് സംഭരിക്കുന്നത്.
ഇത്തരത്തിലുള്ള ചന്ദനമരം മുറിച്ചെടുക്കുകയല്ല മറിച്ച് അത് പിഴുതെടുക്കുക എന്നതാണ് രീതി. പൂർണമായ ഒരു മരത്തിന്റെ അന്പതു പൈസ വലുപ്പത്തിലുള്ള വേരുവരെ മാന്തിയെടുത്ത് മരം മൊത്തമായി പിഴുതെടുക്കുകയാണ് ചെയ്യുന്നത്.
പിഴുതെടുത്ത മരം കഴിവതും റിസർവിൽവച്ചുതന്നെ ഒരുമീറ്റർ നീളത്തിൽ മുറിച്ച് വേര് വേറെയും തടി വേറെയുമാക്കി മാറ്റും. മുറിക്കുന്ന സമയത്ത് അതിലെ അറക്കപ്പൊടി നഷ്ടപ്പെടാതിരിക്കാൻ മുറിക്കുന്ന ഭാഗത്തിന് താഴെ ചാക്കുവിരിച്ച് അവയും ശേഖരിക്കും. കൂടാതെ ഇതോടൊപ്പംതന്നെ മുറിക്കുന്ന മരക്കഷണങ്ങൾക്ക് പ്രത്യേക മാർക്കിംഗ് നന്പർ നൽകി രജിസ്റ്ററിൽ എഴുതി സൂക്ഷിക്കും. മുറിക്കുന്ന കഷണങ്ങൾ മേലുദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് നന്പർ അനുസരിച്ച് നിരത്തി മരം പൂർണമാക്കിവച്ച് കാണിക്കാൻ സാധിക്കും.
ഒരുമീറ്റർ വലിപ്പത്തിൽ മുറിച്ചെടുത്ത ചന്ദനമരം കേരളത്തിലെ ഏക ചന്ദനഡിപ്പോയായ മറയൂരിലെ പണിപ്പുരയിൽ എത്തിക്കും. പണിപ്പുരയിൽ എത്തിച്ച ചന്ദനമരത്തിന്റെ തൊലിയും വെള്ളയും ചെത്തുന്നതാണ് ആദ്യപണി. ചെത്തിമിനുക്കുന്പോൾ ലഭിക്കുന്ന ചീളുകൾക്കുപോലും നല്ല വിലയാണ്. ചന്ദനമരത്തിന്റെ കാതലിന് മാത്രമാണ് മണമുള്ളത്. അതിന്റെ ഇലയ്ക്കോ പുറംതടിക്കോ ചന്ദനത്തിന്റെ സുഗന്ധമില്ല.
ചെത്തിമിനുക്കിയെടുക്കുന്നതിനു മുൻപും പിൻപും അതിന്റെ തൂക്കം രജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്ന് മിനുക്കിയെടുത്ത ചന്ദനത്തിന്റെ വണ്ണവും തൂക്കവും അനുസരിച്ച് തരംതിരിച്ച് ലേലത്തിൽ വിറ്റഴിക്കും. ചന്ദനം തരംതിരിക്കുന്പോൾ 14 ഇനങ്ങളിലായാണ് തിരിക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേകമായ വിലയുമാണ് ലഭിക്കുന്നത്.
മറയൂർ ചന്ദനറിസർവിലെ ചന്ദനമരങ്ങൾ ലോകത്തിലെ ഒന്നാംകിട ചന്ദനമരങ്ങളാണെന്നും ഇവിടത്തെ ചന്ദനമരങ്ങൾ എണ്ണയും കാതലും കൂടുതലുള്ള മരങ്ങളാണെന്നും ബംഗളൂരു ആസ്ഥാനമായുള്ള ചന്ദന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപത്രം നൽകിയിട്ടുണ്ട്. ചന്ദനമരത്തിന്റെ വേരിൽ നിന്നാണ് എണ്ണ അധികവും ലഭിക്കുന്നത്.
ചിന്നാറിലെ ടൂറിസം പദ്ധതികൾ കോളനിയിലെ ആദിവാസി ജനവിഭാഗത്തെ ഉൾപ്പെടുത്തിയാണ് നടത്തുന്നത്. ട്രെക്കർമാരായി സഞ്ചാരികളെ അനുഗമിക്കുന്നതും വിവരങ്ങൾ പകർന്നുനൽകുന്നതും ആദിവാസി യുവാക്കളാണ്. ട്രെക്കിംഗിനും വനത്തിനുള്ളിലെ താമസത്തിനുമായി ചിന്നാർ വന്യജീവി സങ്കേതം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജിതേഷ് ചെറുവള്ളിൽ