കടന്നു പോയ വഴികളിൽ വെള്ളിവെളിച്ചം വിതറി നടന്നു നീങ്ങിയ വിശുദ്ധ ചാവറയച്ചന്റെ രചനകൾ നിത്യസ്മാരകങ്ങളും തുടർ ചൈതന്യവുമായി കാലത്തിന്റെ കലവറയിൽ കനിചൂടി നിൽക്കുന്നു.
ചാവറയച്ചന്റേതായി 112 രേഖകൾ കണ്ടു കിട്ടിയിട്ടുണ്ട്. ഇതിൽ 97 എണ്ണം മലയാളത്തിലും, 9 എണ്ണം സുറിയാനിയിലും, നാലെണ്ണം ഇറ്റാലിയനിലും. ഒരെണ്ണംവീതം ലത്തീനിലും തമിഴിലുമാണ്. (ഇവയെ ആശയങ്ങളുടെയും സാഹിത്യരൂപങ്ങളുടേയും പ്രത്യേകതകൾക്കനുസരിച്ച് നാലു വാല്യങ്ങളായി തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളാഗമങ്ങൾ (വാല്യം - 1), സാഹിത്യകൃതികൾ (വാല്യം - 2), ആദ്ധ്യാത്മിക കൃതികൾ (വാല്യം - 3), കത്തുകൾ (വാല്യം - 4) എന്നിവയാണ് അവ. ഇവ നാലും ചേർത്ത് “ചാവറയച്ചന്റെ സന്പൂർണ്ണ കൃതികൾ” എന്ന പേരിൽ സി.എം.ഐ. സഭയുടെ 150-ാം വർഷത്തിൽ (1981) നാലു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.
ചാവറയച്ചന്റെ കൃതികൾ
1. നാളാഗമങ്ങൾ (വാല്യം ഒന്ന്)
2. സാഹിത്യ കൃതികൾ (വാല്യം രണ്ട്)
*ആത്മാനുതാപം
*അനസ്താസ്യായുടെ രക്തസാക്ഷ്യം
*മരണവീട്ടിൽ പാടുന്നതിനുള്ള പാന
3. ആദ്ധ്യാത്മിക കൃതികൾ (വാല്യം മൂന്ന്)
*ധ്യാന സല്ലാപങ്ങൾ
*ചാവറ അച്ചൻ വ്യക്തിപരമായ പ്രാർത്ഥനകൾ
*നാല്പതുമണി ആരാധനാ ക്രമം
4. കത്തുകൾ (വാല്യം നാല്)
*ഒരു നല്ല അപ്പന്റെ ചാവരുൾ
5. തൂക്കാസ (ബലിയർപ്പണ ക്രമങ്ങൾ)
6. മരിച്ചവർക്കുവേണ്ടിയുള്ള ക്രമങ്ങൾ
7. എക് ലോഗുകൾ (ഇടയനാടകങ്ങൾ)
8. നാളാഗമങ്ങൾ (വാല്യം ഒന്ന്)
1829 നും 1870 നും ഇടയിൽ മാന്നാനം, കൂനമ്മാവ് എന്നീ സ്ഥലങ്ങളിലിരുന്നുകൊണ്ട് ചാവറയച്ചൻ എഴുതിയ നാൾവഴി ചരിത്രമാണ് നാളാഗമങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. അഞ്ചുവാല്യങ്ങളിലായി ക്രമീകരിച്ചിട്ടുള്ള നാളാഗമം 1829 മുതൽ 1870 വരെയുള്ള കാലഘട്ടങ്ങളിൽ എഴുതപ്പെട്ടവയാണ്. അതിൽ ഒന്നും രണ്ടും വാല്യങ്ങളിൽ മാന്നാനം ആശ്രമത്തിന്റെ സ്ഥാപന ചരിത്രവും, മൂന്നാമത്തേതിൽ റോക്കോസ് കലാപ ചരിത്രവും, നാലാമത്തേതിൽ അന്പഴക്കാട്ടു കൊവേന്തയുടെയും, അഞ്ചാമത്തേതിൽ കൂനമ്മാവു കർമ്മലീത്താ മഠത്തിന്റെയും സ്ഥാപന ചരിത്രം വിവരിക്കുന്നു. ഈ അഞ്ചുവാല്യങ്ങളിലായി ചാവറയച്ചൻ കുറിച്ചുവച്ച ചരിത്രസംഭവങ്ങളെല്ലാം ചേരുംപടി ഒന്നിച്ചാക്കിവച്ചാൽ കേരളചരിത്രത്തിന്റെയും സഭയുടെയും അമൂല്യമായ നാലു ചരിത്ര പുസ്തകങ്ങളായിത്തീരും.
സാഹിത്യകൃതികൾ (വാല്യം രണ്ട്)
സാഹിത്യകൃതികൾ എന്ന പേരിലുള്ള രണ്ടാം വാല്യത്തിൽ മൂന്നു പദ്യസമാഹാരങ്ങളാണ് ഉള്ളത്. ആത്മാനുതാപം, അനസ്താസ്യായുടെ രക്തസാക്ഷ്യം, മരണവീട്ടിൽ പാടുന്നതിനുള്ള പാന എന്നിവയാണവ. കൃത്യമായി എന്നാണീ കൃതികൾ എഴുതിയതെന്നുറപ്പില്ലെങ്കിലും അതിലെ ഉള്ളടക്കത്തിന്റെ പ്രത്യേകതകൾകൊണ്ടും ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യങ്ങൾ പരിഗണിക്കുന്പോഴും 1862-നും 1870-നും ഇടയ്ക്കാണ് ഇവ പൂർത്തിയാക്കിയതെന്ന് അനുമാനിക്കാം.
ആത്മാനുതാപം
4021 വരികളിലൂടെ 12 അദ്ധ്യായങ്ങൾ ഉള്ള ആത്മാനുതാപം എന്ന മിസ്റ്റിക്ക് കവിത ആത്മകഥാംശം അലിയിപ്പിച്ചു ചേർത്ത പശ്ചാതാപ ജന്യമായി, ദൈവമാതൃഭക്തിയിൽ നിർലീനമാക്കി അവതരിപ്പിക്കുന്ന ക്രിസ്തു ഗാഥയാണ്. ആത്മാവിന്റെ അഗാധതയിൽ നിന്നുയരുന്ന ഈ അനുതാപ സങ്കീർത്തനം അനുവാചകന് അഗ്നിശുദ്ധി വരുത്തുവാൻ പോരുന്ന ഹവിസാണ്. ഭാരതത്തിന്റെ ആത്മസാക്ഷാത്കാരത്തിന് തൂവൽസ്പർശമേകിയ രാമാനുജൻ, കബീർ, തുളസീദാസ്, പൂന്താനം തുടങ്ങിയവരുടെ നിരയിലാണ് സാഹിത്യരംഗത്ത് ചാവറയച്ചൻ ഈ കൃതിയിലൂടെ സ്ഥാനം നേടുന്നത് എന്നാണ് പണ്ഡിതമതം.
അനസ്താസ്യായുടെ രക്തസാക്ഷ്യം
"അനസ്താസ്യായുടെ രക്തസാക്ഷ്യം’ എന്ന കൃതിയുടെ പ്രത്യേകതകളാൽ മലയാളഭാഷയിലെ പ്രഥമ ഖണ്ഡകാവ്യമാണിതെന്ന് ആധുനിക നിരൂപകർ അഭിപ്രായപ്പെടുന്നു.
ശീശ്മയും ഛിദ്രങ്ങളും കേരളസഭാന്തരീക്ഷത്തിൽ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച പശ്ചാത്തലത്തിൽ ചഞ്ചലചിത്തരായ വിശ്വാസികളെ യഥാർത്ഥ സത്യവിശ്വാസത്തിൽ അരക്കിട്ടുറപ്പിക്കുവാൻവേണ്ടി എ.ഡി. മൂന്നാം നൂറ്റാണ്ടിൽ വലേരിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് വിശ്വാസത്തെപ്രതി ധീരരക്തസാക്ഷിത്വം വരിച്ച അനസ്താസിയായുടെയും, സിറിലോസിന്റെയും ധീരകഥകൾ നതോന്നതവൃത്തത്തിൽ ഹൃദയാവർജകമായ വിധത്തിൽ 182 വരികളിൽ കവിതയായി അവതരിപ്പിക്കുന്നു. 1861 നും 1862 നും ഇടയിലാണ് ഈ കൃതി വിരചിതമായത്.
മരണവീട്ടിൽ പാടുന്നതിനുള്ള പാന
മരണത്തോടനുബന്ധിച്ച് വിശ്വാസസത്യങ്ങൾ സ്വതഃസിദ്ധമായ ശൈലിയിൽ വർണിക്കുന്ന ഈ കൃതി 1868 ന് മുന്പ് രചിക്കപ്പെട്ടതാകണം. ഒരാൾ മരണമടഞ്ഞാൽ അന്തിമശുശ്രൂഷകളുടെ സമയം വരെ മൃതദേഹം വീട്ടിൽ സൂക്ഷിക്കണം. വേർപാടിന്റെ വിയോഗ ദുഃഖ വികാരങ്ങൾ തളംകെട്ടി നിൽക്കുന്ന ഈ സമയം പ്രാർത്ഥനയുടെയും വിചിന്തനത്തിന്റേയും സമയമാണ്. ഹൃദയ പരിവർത്തനത്തിന് പ്രചോദനം ഉൾക്കൊള്ളാനും പറ്റിയ സമയം . ഇതു മനസ്സിൽ കണ്ടാകണം ചാവറയച്ചൻ മനുഷ്യന്റെ സനാതനമൂല്യങ്ങളായ ലോകം, വിധി, സ്വർഗം, നരകം എന്നിവയെ വരച്ചുകാട്ടാൻ ഈ രചനയിലൂടെ ശ്രമിക്കുന്നു.
ആദ്ധ്യാത്മിക കൃതികൾ (വാല്യം മൂന്ന്)
ചാവറപ്പിതാവിന്റെ മൂദ്രിതകൃതികൾ, ഗദ്യകൃതികൾ ഒരുമിച്ചു ചേർത്ത് ആദ്ധ്യാത്മിക കൃതികൾ എന്നപേരിൽ മൂന്നാം വാല്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ആദ്ധ്യാത്മികരംഗത്തുള്ള ചാവറപ്പിതാവിന്റെ ശ്രേഷ്ഠവ്യക്തിത്വവും മാഹാത്മ്യവും തെളിഞ്ഞുനിൽക്കുന്ന ധ്യാനസല്ലാപങ്ങൾ മാനസിക പ്രാർത്ഥനയുടെ നിറകുടമാണ്. വ്യക്തിപരമായി ചാവറപ്പിതാവ് നടത്തിയിരുന്ന പ്രാർത്ഥനകളുടെ, അദ്ദേഹം തന്നെ കേരളത്തിൽ ആരംഭിച്ച നാല്പതുമണി ആരാധനയുടെ ക്രമവിധികളും മൂന്നാം വാല്യത്തിൽ ഉൾപ്പെടുന്നു.
ധ്യാനസല്ലാപങ്ങൾ
ധ്യാനസല്ലാപങ്ങൾ എന്ന കൃതി ചാവറയച്ചന്റെ ആദ്ധ്യാത്മിക ജീവിതത്തിലെ ഡയറിക്കുറിപ്പുകൾ ആണ്. ഈ ചെറു ഗ്രന്ഥത്തെ ധ്യാനസല്ലാപങ്ങൾ, ധ്യാനകുറിപ്പുകൾ, ചാവറയച്ചൻ ചൊല്ലിയിരുന്ന ചില പ്രാർത്ഥനകൾ, നാല്പതുമണി ആരാധനയുടെ ക്രമചട്ടങ്ങളും നിർദേശങ്ങളും എന്നിങ്ങനെ നാലായി തിരിക്കാവുന്നതാണ് ഈ ചെറു ഗ്രന്ഥം പഴയനിയമത്തിലേയും പുതിയ നിയമത്തിലേയും ആശയങ്ങളും തിരുവചനങ്ങളുംകൊണ്ട് സമൃദ്ധമാണ്. ബൈബിൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു തൂടങ്ങുന്നതിന് ഏതാണ്ട് അരനൂറ്റാണ്ട് മുന്പ്തന്നെ അദ്ദേഹത്തിനിതു സാധിച്ചു എന്നത്. സുറിയാനി ബൈബിളിലും ഭാഷയിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം നമ്മെ വിസ്മയിപ്പിക്കാൻ പോരുന്നതാണ്.
കത്തുകൾ (വാല്യം നാല്)
ചാവറയച്ചന്റെ കത്തുകൾ ഇതര രേഖകളിൽ നിന്നും വിഭിന്നമാണ്. കൂടുതൽ വ്യക്തിപരമാണ് - ഒരു വ്യക്തിയുടെ ഹൃദയത്തുടിപ്പുകളാണിതിൽ കാണാനാവുക. ഇടവക വൈദികൻ, സന്യാസ ശ്രേഷ്ഠൻ, രണ്ട് ഏതദ്ദേശീയ സന്ന്യാസ സഭകളുടെ സ്ഥാപകൻ, മലബാർ സഭയുടെ ആദ്യത്തെ വികാരി ജനറാൾ, സെമിനാരി മൽപ്പാൻ, ആദ്ധ്യാത്മികോപദേഷ്ടാവ്, സാമൂഹിക പരിഷ്കർത്താവ് എന്നീ തലങ്ങളിലെല്ലാം വ്യാപരിച്ച ചാവറയച്ചൻ വളരെയധികം കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റേത് എന്ന് വ്യക്തമായി അവകാശപ്പെടാവുന്ന 86 കത്തുകളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. അവ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നവയുമാണ്. 1843 മുതൽ 1870 വരെയുള്ള വർഷങ്ങളിൽ പരിശുദ്ധ പിതാവ് ഒൻപതാം പീയൂസ് മാർപാപ്പയ്ക്ക് എഴുതിയ കത്തുകൾ മുതൽ തയ്യിൽ കൊച്ചുപോത്തനും പെരുമാലിൽ കുര്യൻ തരകനും കൊടുത്ത രസീതുവരെ ഇതിൽപ്പെടുന്നു. ഈ കത്തുകൾ അതിന്റെ ഒൗദ്യോഗിക പ്രസക്തിയോട് ചേർന്ന് പരിഗണിക്കുന്പോൾ മതസാമൂഹികതലങ്ങളിൽ ചാവറയച്ചനുണ്ടായിരുന്ന സ്ഥാനത്തേയും ബന്ധങ്ങളേയും വെളിപ്പെടുത്തുന്നവയാണ്.
ചാവരുൾ (ഒരു നല്ല അപ്പന്റെ ചാവരുൾ)
1868 ലും 69 ലുമായി ചാവറയച്ചൻ തന്റെ ഇടവകക്കാരും രക്തബന്ധികളുമായ കൈനകരിക്കാർക്കെഴുതിയ രണ്ടു കത്തുകളാണ് ചാവരുൾ. ആദ്യത്തേത് കുടുംബജീവിതക്കാർക്കുള്ള ഒരു മാർഗ്ഗരേഖയാണ്. മാതാപിതാക്കളുടേയും മക്കളുടേയും കടമകളോട് ബന്ധപ്പെടുത്തിയുള്ള നാല്പതിന പരിപാടികളാണ് ഇതിൽ നിർദേശിക്കുന്നത്. രണ്ടാമത്തേത് അവ വഴി നടപ്പിലാക്കേണ്ട വലിയ രണ്ടു സേവനരംഗങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പാവപ്പെട്ടവരും ആരും സംരക്ഷിക്കാനില്ലാത്തവരും, മരണാസന്നരുമായ ആളുകളെ സംരക്ഷിക്കുന്നതിനുണ്ടാകേണ്ട ഉപവിശാലയേക്കുറിച്ചുമാണ്. രണ്ടു ലേഖനങ്ങൾക്കും ചാവറയച്ചൻ കൊടുത്തിരിക്കുന്ന പേര് ചാവരുൾ എന്നാണ്.
ചാവറയച്ചൻ എഴുതിയ കൃതികളെ സമാഹരിച്ച് നാലു വാല്യങ്ങളിലാക്കിയതാണ് “സന്പൂർണ്ണകൃതികൾ.” എന്നാൽ ഇതിൽ മൂന്നു കൃതികൾപെടുത്തിയിട്ടില്ല. അവയാണ് താഴെചേർത്തിരിക്കുന്നത്.
തൂക്കാസ
1866 ൽ പ്രസിദ്ധീകരിച്ച തൂക്കാസയിൽ ബലിയർപ്പണത്തിനായി തിരുവസ്ത്രങ്ങളണിയാനെത്തുന്നതു മുതൽ ബലിയർപ്പണം കഴിഞ്ഞ് തിരുവസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നതുവരെ പുരോഹിതൻ ശ്രദ്ധിക്കേണ്ട ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളാണ് ഉള്ളത്. 1962 വരെ ബലിയർപ്പണവേളയിൽ ഈ നിർദ്ദേശങ്ങളനുസരിച്ചാണ് സുറിയാനിഭാഷയിൽ ചടങ്ങുകൾ നടത്തിയിരുന്നത്. കുർബാനക്രമം പിന്നീട് മലയാളഭാഷയിലാക്കുകയും പരിഷ്കരിക്കുകയും ചെയ്തപ്പോൾ ആചാരാനുഷ്ഠാനങ്ങളിൽ വളരെയധികം മാറ്റം വരുത്തിയതിനാലും തൂക്കാസയിലെ നിഷ്ഠകൾ അതേവിധം ഇപ്പോൾ ഉപയോഗത്തിലില്ലാത്തതിനാലുമാണ് ഇത് സന്പൂർണ്ണകൃതികളിൽ ചേർത്തു പ്രസിദ്ധീകരിക്കാത്തത്.
മരിച്ചവർക്കുവേണ്ടിയുള്ള ക്രമങ്ങൾ
തൂക്കാസയിലെ കൂർബാന ക്രമം എന്നപോലെ തന്നെ മരണശുശ്രൂഷയുടെ ക്രമങ്ങളും വിശദീകരണങ്ങളുമാണ് ഈ കൃതിയിൽ ഉള്ളത്. ക്രമങ്ങളിൽ പിന്നീടുണ്ടായ മാറ്റങ്ങളാണ് ഈ കൃതിയും സന്പൂർണ്ണകൃതികളിൽ ചേർക്കാത്തതിന്റെ കാരണം.
എക്ലോഗൂകൾ (ഇടയനാടകങ്ങൾ)
ചാവറയച്ചൻ എഴുതിയ എക്ലോഗുകൾ (ഇടയനാടകങ്ങൾ) മലയാളഭാഷയിലെ ആദ്യകാല ഏകാങ്കങ്ങളായി പരിഗണിക്കാവുന്നതാണ്. ഈ കൃതി എഴുതിയത് ഇറ്റാലിയൻ മൂപ്പച്ചൻമാരിൽ നിന്നും കിട്ടിയ അറിവുവച്ചാണ്. ക്രിസ്തുവിന്റെ ജനനത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഇതിലെ ഇതിവൃത്തം. 10 ഇടയനാടകങ്ങൾ ചാവറയച്ചൻ രചിച്ചിട്ടുണ്ട്.
വ്യക്തികൾ ജീവിച്ചിരിക്കുന്പോൾ ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുവാനും ശ്രവിച്ച അതേ കാര്യങ്ങൾ മറ്റുള്ളവർക്ക് കൈമാറുവാനും സാധിക്കുന്നതിലൂടെ ഉച്ചരിക്കപ്പെട്ട വചനങ്ങൾ ജീവനുള്ളതാകുന്നു. എന്നാൽ വചനം പറഞ്ഞവരും ശ്രവിച്ചവരും മണ്മറയുന്പോൾ വചനങ്ങളും അത് പങ്കുവച്ച വ്യക്തികളും വസ്തുക്കളും ചരിത്രവ്യക്തികളായിമാറുന്നു. അവരുടെ വചനങ്ങൾ മറ്റുള്ളവരിലൂടെ കൈമാറുന്പോൾ സ്വാഭാവികമായ കൈമാറ്റചോർച്ചയിൽ സത്യത്തിന് ഒരു പക്ഷെ കുറവ് വന്നേക്കാം. എന്നാൽ ജീവിച്ചിരിക്കുന്പോൾതന്നെ അവർ രേഖപ്പെടുത്തിയിട്ടുള്ള വചനങ്ങൾക്ക് അത് സംഭവിക്കുന്നില്ല. അത് ചരിത്ര സത്യമായി മാറുകയും മാറ്റങ്ങൾക്കതീതമായ സത്യമായി തുടരുകയും ചെയ്യും. മണ്മറഞ്ഞവർ ജീവിക്കുന്നത് പ്രധാനമായും അവർ പറഞ്ഞുവച്ച അല്ലെങ്കിൽ എഴുതിവച്ച വചനങ്ങളിലൂടെയാണ്. ചാവറയച്ചന്റെ കൃതികളിൽ ഇന്നും അദ്ദേഹത്തിന്റെ ജീവന്റെ തുടിപ്പ് നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ കൃതികളും തുടർപഠനങ്ങൾ ആവശ്യപ്പെടുന്ന അക്ഷര ശുശ്രൂഷകളാണ്.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച് കേരളീയ സമൂഹത്തിന് ശക്തിയും വെളിച്ചവും പകർന്ന വിശുദ്ധ ചാവറ അച്ചൻ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് സൂര്യതേജസായി ചൂടും വെളിച്ചവും അവിഘ്നം പകർന്നുകൊണ്ടിരിക്കുന്നു.
ചാവറയച്ചനെക്കുറിച്ചുള്ള കൃതികൾ (തെരഞ്ഞെടുത്തവ)
മലയാളം
1. മലങ്കര സഭാമാതാവിന്റെ ഒരു വീരസന്താനം അഥവാ ദിവ്യശ്രീ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, ഫാ. വലേരിയൻ സി,ഡി, സിഎംഐ,സെന്റ് ജോസഫ് പ്രസ്സ്, മാന്നാനം, 1939
2. പുളകമണിയുന്ന ഭാരതം - വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറ, ഫാ. വലേരിയൻ പ്ലാത്തോട്ടം സിഎംഐ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
3. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ - ജീവചരിത്രം, ഫാ.സെഡ്.എം. മൂഴൂർ സിഎംഐ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
4. വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ, ഫാ.ആൻസലേം സിഎംഐ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
5. വാഴ്ത്തപ്പെട്ട ചാവറയച്ചൻ, ഫാ.ചെറിയാൻ കുനിയന്തോടത്ത് സിഎംഐ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
6. ആകാശദീപങ്ങൾ സാക്ഷി, ജോണ് ആന്റണി, ബെത് റോമ പബ്ലിക്കേഷൻ
7. അരൂപിയുടെ മേലൊപ്പുള്ള മനുഷ്യൻ, ഫാ.സെഡ്.എം. മൂഴൂർ സിഎംഐ, കാർമ്മൽ പബ്ലിക്കേഷൻ സെന്റർ, തിരുവനന്തപുരം.
8. മനസിൽ നിറയുന്ന ചാവറയച്ചൻ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, മെരിറ്റ് ബുക്ക്സ്, എറണാകുളം.
9. നന്മയുടെ ഗീതകങ്ങൾ, ഫാ. തോമസ് പന്തപ്ലാക്കൽ സിഎംഐ, ക്രിസ്തു ജ്യോതി പബ്ലിക്കേഷൻസ്.
10. ചാവറ ദർശനം, ഫാ. മാത്യു ഉലകംതറ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
11. ഇതാ ചാവറയച്ചൻ, ഡോ. ജെ.എസ്.തേക്കുങ്കൽ സിഎംഐ, സിഎംഐ. ജനറൽ സെക്രട്ടറിയേറ്റ്,
12. വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും, ഫാ.ജോണ് റോമിയോ പട്ടശ്ശേരി, ചാവറ ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ്, ആലുവ
13. ചാവറയച്ചൻ വിവിധ വീക്ഷണങ്ങളിൽ, ഫാ. സെഡ്.എം.മൂഴൂർ സിഎംഐ, ജനത, തേവര
14. കേരള സഭാദീപം, ഡി.മാണിക്കത്താൻ, കെസിഎം പ്രസ്, കൊച്ചി
15. കൂടും കൂട്ടും, ഷൗക്കത്ത്, ചാവറ കൾച്ചറൽ സെന്റർ ആൻഡ് അമല മീഡിയ ഹൗസ്, കോഴിക്കോട്
16. ഈ കടലാസ് മരിക്കില്ല, പ്രഫ. സജ്ജയ് കെ.വി., എസ്.എച്ച്, പബ്ലിഷർ, കോഴിക്കോട്.
17. ചാവറ അച്ചൻ കേരളാധുനികത്വത്തിന്റെ ശില്പി, എഡിറ്റർ, ജോണ് മണ്ണാറത്തറ, മാതൃഭൂമി, കോഴിക്കോട്.
ഇംഗ്ലീഷ്
18. ബ്ലസഡ് കെഇ ചാവറ, കെ.സി. ചാക്കോ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
19. ബ്ലസഡ് കെഇ ചാവറ, ഡോ.കുര്യൻ മാതോത്ത്
20. ബ്ലസഡ് കെഇ ചാവറ, ഫാ.വലേരിയൻ സിഎംഐ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
21. ആൻ എപ്പിക് ഓഫ് ഡ്രീം, ഫാ. ആന്റ്ണി വള്ളവന്തറ സിഎംഐ, വൈസ് പോസ്റ്റുലേറ്റർ, മാന്നാനം.
22. എ പേൾ ട്രൂലി ഇൻഡ്യൻ, ഫാ.തോമസ് പന്തപ്ലാക്കൽ സി.എം.ഐ.,
23. ബ്ലസഡ് കുര്യാക്കോസ് ഏലിയാസ് ചാവറ, ഫാ. മത്തിയാസ് മുണ്ടാടൻ സിഎംഐ, ധർമ്മാരാം പബ്ലിക്കേഷൻസ്, ബാംഗ്ലൂർ
24. ബ്ലസഡ് കുര്യാക്കോസ് ഏലിയാസ് ചാവറ, ഫാ. ലിയോപോൾഡ് ബെക്കാറോ ഒസിഡി, മാന്നാനം.
25. പേഴ്സ്പെക്റ്റീവ് ഓഫ് എ ഹീറോയിക് ക്രിസ്ത്യൻ ലൈഫ്, ഫാ. ലൂക്കാസ് വിത്തുവട്ടിക്കൽ സിഎംഐ, കെ.ഇ.സി. പബ്ലിക്കേഷൻസ്, മാന്നാനം.
26. ദി പാസ്റ്ററൽ വിഷൻ ഓഫ് കെഇ ചാവറ, ഡോ. ജോസഫ് കാഞ്ഞിരമറ്റത്തിൽ സിഎംഐ, ധർമ്മാരാം പബ്ലിക്കേഷൻസ്, ബാംഗ്ലൂർ.
27. ലൈറ്റ് ഓണ് ദി ബേണ്ട് ഹൊറൈസണ്, എഡിറ്റർ, ജോണ് മണ്ണാറത്തറ, വിവാ ബുക്ക്സ്, ന്യൂ ഡെൽഹി
28. ലൈഫ് ആൻഡ് ലെഗസി ഓഫ് ചാവറ കുര്യാക്കോസ് ഏലിയാസ്, എഡിറ്റർ, ജോണ് മണ്ണാറത്തറ, വിവാ ബുക്ക്സ്, ന്യൂ ഡൽഹി
തമിഴ്
29. ചാവറ കുര്യാക്കോസ് ഏലിയാസ് അഡികളാർ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
30. കുര്യാക്കോസ് ഏലിയാസ് ചാവറ, പി.സി. രത്തിനം, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
ഹിന്ദി
31. ധന്യ കുര്യാക്കോസ് ചാവറ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
കന്നഡ
32. കെഇ ചാവറ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
ഗുജറാത്തി
33. സന്ത് കുര്യാക്കോസ് ചാവറ, കെഇസി പബ്ലിക്കേഷൻസ്, മാന്നാനം.
ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ
സിഎംഐ പ്രൊവിൻഷ്യൽ,
സെന്റ് ജോസഫ് പ്രൊവിൻസ്, കോട്ടയം.
---------------------------------------------------
ചാവറ കൃതികൾ ലഭിക്കുന്ന സ്ഥലം:
സിഎംഐ ജനറലേറ്റ്, കാക്കനാട്,
ഫോൺ: 7907931977