പാലാ: കെ.എം. മാണി ഇനി ദീപ്തമായ ഓർമ. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിനു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ അന്ത്യനിദ്ര. സംസ്ഥാന ചരിത്രത്തിൽ സ്വന്തം സ്ഥാനം എഴുതിച്ചേർത്ത ജനനായകനു ജനസഹസ്രങ്ങളുടെ വികാരനിർഭരമായ സ്നേഹാദര പ്രകടനങ്ങൾക്കും അശ്രുപൂജയ്ക്കുമൊടുവിൽ കേരളം യാത്രാമൊഴി നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
കൊച്ചിയിൽനിന്ന് 21 മണിക്കൂർ നീണ്ട വിലാപയാത്രയ്ക്കൊടുവിൽ ഇന്നലെ രാവിലെ ഏഴിനാണു പാലായിലെ വസതിയിൽ കെ.എം. മാണിയുടെ മൃതദേഹം എത്തിച്ചത്. കേരളം കണ്ട ഏറ്റവും സമയമെടുത്ത വിലാപയാത്രകളിലൊന്നായിരുന്നു ഇത്.
ഈ രാഷ്ട്രീയ മഹാരഥന് അർഹി ക്കുന്ന വിധത്തിലുള്ള പ്രൗഢമായ വിടവാങ്ങലിനാണ് ഇന്നലെ പാലാ സാക്ഷ്യം വഹിച്ചത്. ദുഃഖം വിളംബരം ചെയ്യുന്ന കരിങ്കൊടികളും പ്രിയ നേതാവിന്റെ ചിത്രങ്ങളും കൊണ്ട് മീനച്ചിലാറിന്റെ തീരത്തെ പാലാ നഗരം നിറഞ്ഞു.
ഇന്നലെ രാവിലെ മുതൽ കേരളം പാലായിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജനപ്രിയ ജനനായകന്റെ മൃതദേഹം ഒരുനോക്കു കാണാൻ ഒരു കിലോമീറ്ററോളം നീണ്ടക്യൂവി ൽ ആളുകൾ ക്ഷമയോടെ കാത്തുനിന്നു. കെ.എം. മാണിയുടെ വികസനമുദ്ര പതിഞ്ഞ നഗരത്തിൽ അഭിവാദ്യങ്ങൾ മുഴങ്ങി.
കരിങ്ങോഴയ്ക്കൽ വീട്ടിൽ മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങി. വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികനായിരുന്നു.തുടർന്നു നഗരത്തിലൂടെയുള്ള വിലാപയാത്ര ഒന്നര മണിക്കൂർ പിന്നിട്ടാണ് മൃതദേഹം സെന്റ് തോമസ് കത്തീഡ്രലിലെത്തിച്ചത്.
കത്തീഡ്രലിലെ ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാവേലിക്കര ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികരായി. കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നൽകി. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുസ്മരണം നടത്തി.
ഇപ്പോൾ റോമിലുള്ള സീറോ മലബാർ സഭാ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആല ഞ്ചേരിയെ പ്രതിനിധീകരിച്ച് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ചടങ്ങിൽ സംബന്ധിച്ചു.
സംസ്കാര ശുശ്രൂഷകൾ രാത്രി ഏഴോടെ പൂർത്തിയായി. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു അധ്യായത്തിന് അതോടെ പരിസമാപ്തി.
നിരവധി റിക്കാർഡുകൾ സ്വന്തം പേരിലാക്കിക്കൊണ്ടാണു കേരള കോൺഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം. മാണി(86) ചൊവ്വാഴ്ച വൈകുന്നേരം 4.57നു വിടപറഞ്ഞത്.