"ഏയ്, എന്റെ മകൻ അങ്ങനെയൊന്നും പോവില്ല, അങ്ങനെയൊന്നും ചെയ്യില്ല’ - മാതാപിതാക്കളിൽ പലരുടെയും മക്കളെക്കുറിച്ചുള്ള ഈ അമിത ആത്മവിശ്വാസമാണ് പലർക്കും ഒടുവിൽ വിനയായി മാറുന്നത്. ശക്തമായ വെല്ലുവിളികളും പ്രലോഭനങ്ങളും നിറഞ്ഞ സാഹചര്യങ്ങളിലാണ് മക്കൾ ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നതെന്ന ബോധ്യം ഓരോ രക്ഷാകർത്താവിനും ഉണ്ടാകണം. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളുടെ കാര്യത്തിലും ഈ ജാഗ്രത വേണം. കൗമാരക്കാരുടെ തൊട്ടുമുന്നിൽത്തന്നെ കെണിയൊരുക്കി മയക്കുമരുന്നിന്റെ ചൂണ്ടകളുണ്ട്.
കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം ഡോണ്ബോസ്കോ വീട് സൊസൈറ്റി കഴിഞ്ഞ വർഷം ബാംഗളൂർ റൂറൽ എഡ്യൂക്കേഷണൽ ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചു തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗത്തെക്കുറിച്ചു നടത്തിയ സർവേയിലെ കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത 28.7 ശതമാനം സ്കൂൾ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി. അതിനേക്കാൾ ഞെട്ടിക്കുന്നത് 39.3 ശതമാനം കുട്ടികൾക്ക് ഇത് ഉപയോഗിക്കാൻ ആഗ്രഹമുണ്ടെന്നു പ്രതികരിച്ചതാണ്. അതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 41.3 ശതമാനം പേരും മോഷണം നടത്തിയും മറ്റുമാണ് ഇതു വാങ്ങാനുള്ള പണം കണ്ടെത്തുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് എന്നിങ്ങനെ അറുപതോളം സ്കൂളുകളിലെ 1,800 കുട്ടികളിലാണ് സർവേ നടത്തിയത്. 7.6 ശതമാനം പേർ തങ്ങൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ടെന്നും 18.1 ശതമാനം പേർ സമീപകാലത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും സമ്മതിച്ചു.
പ്രേരണ, പ്രലോഭനം
രസത്തിനു വേണ്ടിയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്ന് 18 ശതമാനം പേർ നിലപാടെടുത്തപ്പോൾ 8.5 ശതമാനം ജിജ്ഞാസകൊണ്ട് ഇതിലേക്ക് എത്തിയതാണ്. കൂട്ടുകാരിൽ പലരും ഉപയോഗിക്കുന്നതു കണ്ട് പരീക്ഷിച്ചതാണെന്ന് അഞ്ചു ശതമാനം പേരും വെളിപ്പെടുത്തി.
ഇനിയുള്ള വിവരങ്ങളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. 22.1 ശതമാനം പേർ പറഞ്ഞത് മറ്റുള്ളവരുടെ പ്രേരണയാലും സമ്മർദത്താലുമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നാണ്. 16.8 ശതമാനം പേരെ അവരുടെ കൂട്ടുകാർ തന്നെയാണ് പ്രേരിപ്പിച്ചത്. 68.9 ശതമാനം പേർ പറഞ്ഞ ഒരു പ്രധാന കാര്യം അവരുടെ ബന്ധുക്കളോ കൂട്ടുകാരോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ്. ഇതിൽത്തന്നെ 32 ശതമാനം പേർ അമ്മയോ അച്ഛനോ ആണ്.
ഇതുകൂടാതെ, വളരെ എളുപ്പത്തിലുള്ള ലഭ്യതയും കുട്ടികളെ ഇതിന്റെ വലയിലേക്കു വീഴ്ത്തുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 85 ശതമാനം കുട്ടികൾക്കും തങ്ങളുടെ പ്രദേശത്ത് എവിടെയൊക്കെയാണ് ഇവ ലഭ്യമാകുന്നതെന്ന് അറിയാമായിരുന്നുവെന്നത് ഏറെ ആശങ്കാജനകമായ യാഥാർഥ്യങ്ങളിലൊന്ന്. അതിന്റെ അർഥം ഈ ദുരന്തം നമ്മുടെ കുട്ടികളുടെ തൊട്ടടുത്തുണ്ട് എന്നതാണ്. പുതുതലമുറയെ ഇതിൽനിന്നു സംരക്ഷിച്ച് നിർത്തണമെങ്കിൽ അതീവജാഗ്രതയും ശ്രദ്ധയും ഓരോരുത്തരും പുലർത്തണം.
കാരണങ്ങളിൽ ചിലത്
കുട്ടികൾ കഞ്ചാവിനു പിന്നാലെ പോകാനുള്ള കാരണങ്ങളിൽ ചിലത്.
1. ജനിതകം: ചില കുട്ടികൾ ജന്മനാലെ തന്നെ സ്വയം നിയന്ത്രണ ശേഷി കുറവുള്ളവരായിരിക്കും. ഇത്തരക്കാർ അനുകൂല സാഹചര്യങ്ങളിൽ മയക്കുമരുന്നിലേക്കു തിരിയാം.
2. ജീവിത സാഹചര്യങ്ങൾ: ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കൾ, വീടുകളിലെ അരക്ഷിത സാഹചര്യങ്ങൾ, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിലെ വിള്ളൽ, ഒറ്റപ്പെടൽ എന്നിവ കുട്ടികളെ ദുശീലങ്ങളിലേക്കു നയിക്കാം.
3. തെറ്റായ കൂട്ടുകെട്ടുകൾ: കൂട്ടുകാരുടെ സ്വാധീനത്താലും അവർക്കു മുന്നിൽ ആളാകാനും മുതിർന്ന കുട്ടികളെ അനുകരിക്കാനുള്ള പ്രവണതയും മൂലം ചില കുട്ടികൾ കഞ്ചാവിനു പിന്നാലെ പോകാറുണ്ട്.
4. ടെൻഷൻ: ടെൻഷൻ, ദുഃഖം, ഉത്കണ്ഠ തുടങ്ങിയവ ഒഴിവാക്കാൻ കഞ്ചാവ് നല്ലതാണെന്ന തെറ്റിദ്ധാരണ. പ്രത്യേക അനുഭൂതി കിട്ടുമെന്ന പ്രചാരണം.
5. പരീക്ഷണം: ഉപയോഗിച്ചാൽ എന്ത് എന്ന ആകാംക്ഷയിൽ തുടങ്ങി അടിപ്പെട്ടുപോകുന്നവർ. തത്കാല രസത്തിനു വേണ്ടി തുടങ്ങുന്നവർ.
6. തെറ്റിദ്ധാരണകൾ: ലഹരിവസ്തുക്കൾ ചിന്താശേഷിയും ഭാവനയും വളർത്തുമെന്നും കലാരംഗത്തും സിനിമ പോലുള്ള ചില പ്രഫഷനുകളിലും തിളങ്ങണമെങ്കിൽ ഇവ ശീലമാക്കിയിരിക്കണമെന്നുള്ള അബദ്ധധാരണകൾ. വ്യക്തിയുടെയും സമൂഹത്തിന്റെയും അച്ചടക്ക മര്യാദകളെ വെല്ലുവിളിക്കുന്ന മനോഭാവം.
7. സുഗമമായ ലഭ്യത: വളരെ എളുപ്പത്തിൽ കിട്ടാനും മറ്റുള്ളവർ അറിയാതെ ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ. ആവശ്യത്തിൽ കൂടുതലായി കൈയിലെത്തുന്ന പണം.
എങ്ങനെ പ്രതിരോധിക്കാം
1. ചെറുപ്പം മുതൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ചു കുട്ടികൾക്കു മുന്നറിയിപ്പ് നൽകുക. കുടുംബങ്ങളിൽതന്നെ ഇതു തുടങ്ങണം. മാതാപിതാക്കൾ മക്കളോടൊപ്പം സമയം ചെലവഴിക്കുക. ലഹരിയിൽനിന്നു വിട്ടുനിൽക്കുക.
2. കഞ്ചാവ് ശീലത്തെ മഹത്വപ്പെടുത്തുന്ന മാധ്യമസമീപനങ്ങളെ നിരുത്സാഹപ്പെടുത്തുക. അവയുടെ പൊള്ളത്തരം കുട്ടികൾക്കു പറഞ്ഞുകൊടുക്കുക. മയക്കുമരുന്നുകളുടെ പിന്നാലെ പോയി ജീവിതം നശിപ്പിച്ചവരുടെ ഉദാഹരണങ്ങൾ പറഞ്ഞുകൊടുക്കുക. ഇത്തരം ദുരന്തങ്ങളിൽപ്പെട്ടവർ നമ്മുടെ നാട്ടിലുണ്ടെങ്കിൽ അവരുടെ ജീവിതം ശ്രദ്ധയിൽപ്പെടുത്തുക.
3. കഞ്ചാവിന്റെ അടിമത്വം, അനുബന്ധപ്രശ്നങ്ങൾ എന്നിവ കുട്ടികളുമായി ചർച്ചചെയ്യുക
4. ക്രിയാത്മകമായ മറ്റു കാര്യങ്ങളിലേക്കു കുട്ടികളുടെ ശ്രദ്ധയെ തിരിച്ചുവിടുക, കളികൾ, നല്ല കൂട്ടുകെട്ടുകൾ, സേവനരംഗം തുടങ്ങിയവയിൽ ഇടപെടാൻ അവസരം ഒരുക്കുക. കുട്ടികൾക്കു മൊബൈൽ ഫോണ് വാങ്ങി നൽകാതിരിക്കുക. മാതാപിതാക്കളുടെ അസാന്നിധ്യത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗം നിരുത്സാഹപ്പെടുത്തുക.
5. കഞ്ചാവിന്റെ വ്യാപനത്തിനെതിരേ കർശന നിലപാട് സ്വീകരിക്കുക.
6. കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നവർക്ക് അന്തസായ ജീവിതം സമൂഹത്തിൽ അപ്രാപ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുക.
7. ജീവിതത്തിന്റെ സകല സന്തോഷങ്ങളും നന്മയും സ്വാതന്ത്ര്യവും ഈ ദുശ്ശീലം അപഹരിക്കുമെന്ന് മനസിലാക്കിക്കൊടുക്കുക.
8. സന്നദ്ധസംഘടനകൾ, മതസംവിധാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവ ബോധവത്കരണത്തിനു മുന്നിട്ടിറങ്ങുക.
9. മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിഞ്ഞിരിക്കുക. ചീത്ത കൂട്ടുകെട്ടുകളിലേക്കു പോകാനുള്ള സാധ്യതകൾ ഒഴിവാക്കുക.
10. സാമൂഹ്യപ്രവർത്തനം, സാമൂഹ്യപ്രതിബദ്ധത, ധാർമികമൂല്യങ്ങൾ തുടങ്ങിയവയോടുള്ള അനുഭാവം കുട്ടികൾക്കു പകർന്നുകൊടുക്കുക.
11. സന്നദ്ധ സംഘടനകളിലും മറ്റും പ്രവർത്തിക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുക. അതിന് അവരെ സഹായിക്കുക.
12. മാതാപിതാക്കൾ കുട്ടികളുടെ മുന്നിൽവച്ചു മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാതിരിക്കുക.
13. മയക്കുമരുന്നിനെതിരേയുള്ള പ്രചാരണ പരിപാടികളിൽ കുട്ടികളെയും പങ്കാളികളാക്കുക.
14. ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ റെസിഡന്റസ് അസോസിയേഷനുകൾ എക്സൈസ്, പോലീസ് വിഭാഗങ്ങൾ എന്നിവയുമായി കൈകോർക്കുക.
15. ഇത്തരം ശീലങ്ങളിൽ വീഴുന്നവരെ ഏറ്റവും നേരത്തെ കണ്ടെത്തി ചികിത്സ നൽകാനും വീണ്ടും വീണുപോകാതിരിക്കാനും കരുണയോടെ സഹായിക്കുക. തിരിച്ചുവരാൻ ആത്മവിശ്വാസം നൽകുക. മദ്യവിരുദ്ധ സംഘടനകളും മറ്റും ഇത്തരം ലഹരിവസ്തുക്കൾക്കെതിരേയുള്ള ബോധവത്കരണ പരിപാടികളിൽ കൂടുതൽ ശ്രദ്ധ നൽകുക.
വിമുക്തിയും ചികിത്സയും
മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയാൻ കേരള സർക്കാർ എക്സൈസ് വകുപ്പ് മുഖേന തുടക്കമിട്ട പദ്ധതിയാണ് വിമുക്തി. എല്ലാ ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളുടെ സ്ഥാപനം, ലഹരിവിരുദ്ധ ക്ലബ്ബുകൾ, ബോധവത്കരണപരിപാടികൾ, ചികിത്സയും പുനരധിവാസവും തുടങ്ങിയവയെല്ലാം വിമുക്തിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. സ്കൂളുകൾ, കോളജുകൾ, ക്ലബ്ബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികൾ. സന്നദ്ധസംഘടനകളും മതസംഘടനകളുമൊക്കെ നിരവധി ഡി അഡിക്ഷൻ സെന്ററുകൾ നടത്തുന്നുണ്ട്. ഇവയുമായും വിമുക്തി സഹകരിക്കുന്നുണ്ട്. വിമുക്തിയുടെ സേവനം ആവശ്യമുള്ളവർക്ക് എക്സൈസ് ഡിപ്പാർട്ട്മെന്റിനെയോ ആരോഗ്യവകുപ്പിനെയോ സമീ പിക്കാം.
തിരിച്ചറിഞ്ഞാൽ
ലഹരിക്ക് അടിപ്പെട്ട കുട്ടികളെ കണ്ടെത്തിക്കഴിഞ്ഞാൽ കൗണ്സലിംഗ് നൽകുകയെന്നതാണ് ആദ്യ പടിയെന്നു എറണാകുളം ജനറൽ ആശുപത്രിയിലെ കണ്സൾട്ടന്റ് സൈകാട്രിസ്റ്റ് ഡോ.ടോണി തോമസ് പറയുന്നു. തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസം അവർക്കു പകർന്ന ശേഷം സൈകാട്രിസ്റ്റിന്റെ സഹായം തേടാം. എല്ലാ ജില്ലാ ആശുപത്രികളിലും തന്നെ സൈകാട്രിസ്റ്റ് നേതൃത്വം നൽകുന്ന മെഡിക്കൽ ടീം ഉണ്ട്. ലഹരിയുടെ അടിമത്തം മറികടക്കാൻ കൗണ്സലിംഗ്, തെറാപ്പി, മരുന്ന് എന്നീ ക്രമത്തിലാണ് ചികിത്സ. കൗമാരക്കാരുടെ ദിനചര്യകൾ ക്രമീകരിക്കുന്നതും (Activity Scheduling) ചികിത്സയുടെ ഭാഗമാണ്. ഇതിനു കുടുംബാംഗങ്ങളുടെയും പൂർണസഹകരണം ആവശ്യമാണ്. സൈകാട്രിസ്റ്റിനെ കാണാനുള്ള വൈമനസ്യമാണ് പലരെയും രക്ഷിക്കാൻ തടസമാകുന്നതെന്നും ഇദ്ദേഹം പറയുന്നു. ഓർക്കുക, പരന്പര ഇവിടെ പൂർത്തിയാകുന്നു. എന്നാൽ, കഞ്ചാവ് ലഹരി എന്ന ദുരന്തം സമൂഹത്തിൽ അവശേഷിക്കുകയാണ്. അതിനാൽ, കുട്ടികളുടെ കൈപിടിച്ചു ജാഗ്രതയോടെ മുന്നേറാം.
(അവസാനിച്ചു)
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
കഞ്ചാവിന്റെയും മറ്റും കെണിയിൽ മക്കൾ വീഴുന്നതു പലപ്പോഴും മാതാപിതാക്കൾ തിരിച്ചറിയാറില്ല. പ്രശ്നം അതിന്റെ രൂക്ഷതയിൽ എത്തി രക്ഷപ്പെടുത്തൽ പോലും പ്രയാസമാകുന്ന ഘട്ടത്തിലാണ് പലരും ഇക്കാര്യം മനസിലാക്കുന്നത്. മക്കളുടെ മേൽ ജാഗ്രതയുടെ ഒരു കണ്ണുണ്ടെങ്കിൽ കുറെയൊക്കെ നേരത്തെ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ കഴിയും. മക്കളുടെ പെരുമാറ്റങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ ദൃശ്യമാവുകയാണെങ്കിൽ അവരെ കൂടുതൽ ശ്രദ്ധിക്കണമെന്നു മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു:
1. ഉറക്കം കുറയുക, രാത്രിയിൽ ഏറെ വൈകി ഉറങ്ങുക.
2. സന്തോഷവും പ്രസരിപ്പും ഉത്സാഹവും കുറയുക.
3. പഠനത്തിൽ ശ്രദ്ധ കുറയുക, സ്കൂളിൽ പോക്ക് മുടക്കുക.
4. അപരിചിതരായ കൂട്ടുകാർ തേടിയെത്തുക.
5. വീട്ടിൽനിന്ന് അസമയത്തുള്ള വരവും പോക്കും.
6. സ്കൂളിൽനിന്നു തിരിച്ചെത്താൻ പതിവായി വൈകുക. അതിനു കൃത്യമായ മറുപടി നൽകാതിരിക്കുക.
7. വൃത്തി, വേഷം, അച്ചടക്കം എന്നിവയിലുള്ള ശ്രദ്ധ കുറയുക.
8. തന്റെ മുറിയിലേക്കു കുടുംബാംഗങ്ങൾ പോലും പ്രവേശിക്കുന്നതിൽ അനിഷ്ടം പ്രകടിപ്പിക്കുക.
9. അമിത സ്വകാര്യത സൂക്ഷിക്കുക, തന്റെ വസ്തുവകകൾ മറ്റുള്ളവർ എടുക്കുന്നതിനെ എതിർക്കുക.
10. മുറിയിൽ ഏറെനേരം കതകടച്ചിരിക്കുക. ടോയ്ലറ്റിലും മറ്റും ഏറെ സമയം ചെലവഴിക്കുക.
11. കുടുംബാംഗങ്ങളുമായി പൊരുത്തപ്പെടാതെ ഒറ്റപ്പെട്ടു നിൽക്കാൻ ശ്രമിക്കുക.
12. പുകവലി ശീലം തുടങ്ങുക, കഞ്ചാവ് ചെടി നട്ടുവളർത്തുക.
13. അകാരണമായ ദേഷ്യവും അസ്വസ്ഥതയും ഉത്കണ്ഠയും പ്രകടിപ്പിക്കുക.
14. ശാരീരിക അസ്വസ്ഥതകൾ, ഉറക്കഭാരമുള്ള കണ്ണുകൾ, മനംപിരട്ടൽ, അമിത വിശപ്പ് അല്ലെങ്കിൽ വിശപ്പില്ലായ്മ.
15. മതപരമായ അനുഷ്ഠാനങ്ങളോടു പെട്ടെന്നുള്ള വിരക്തി.
കഞ്ചാവിൽ കുരുങ്ങി കൗമാരം - 6 / ജോൺസൺ പൂവന്തുരുത്ത്