മണ്ണാർക്കാടുനിന്നു ചുരം കയറിയെത്തിയാൽ കാണുന്ന നാട്. ഏതാണ്ട് നാലു വശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശം. ഇതാണ് അട്ടപ്പാടി. ഗോത്രജനതയും കുടിയേറ്റക്കാരും മണ്ണിൽ പൊന്നു വിളയിക്കുന്ന ഭൂമി. എന്നാൽ, ഇന്ന് ഈ ജനത ഉൾക്കിടിലത്തോടെയാണ് ദിനങ്ങൾ തള്ളിനീക്കുന്നത്. കാട്ടുമൃഗങ്ങൾക്ക് എപ്പോഴാണ് തങ്ങൾ ബലിയാടാവുക എന്ന ചിന്ത അവരുടെ ഉറക്കം കവർന്നിരിക്കുന്നു. 2017ൽ മൂന്നു മാസത്തിനിടെ കാട്ടാന കവർന്നത് ഏഴു ജീവനുകളാണ്. കാട്ടാന മാത്രമല്ല, കാട്ടുപോത്തും കടുവയും പുലിയും മാനും കരടിയുമെല്ലാം ഇവരുടെ കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൂസലന്യേ വിലസുന്നു.
കുറവൻപാടി
കടുവകളുടെ നിരന്തര ആക്രമണം മൂലം അട്ടപ്പാടിയിലെ കുറവൻപാടി എന്ന ഗ്രാമം നായ്ക്കൾ കുരക്കാത്ത ഗ്രാമമായും മാറി. ഇവിടെ പട്ടിക്കടുവ ഇറങ്ങി ഒരു ഗ്രാമത്തിലെ മുഴുവൻ നായ്ക്കളെയും ഭക്ഷണമാക്കി. കുറവൻപാടിയിൽ കുളങ്ങരേട്ട് വർക്കിയുടെ രണ്ടു കറവപ്പശുക്കളെയാണ് കടുവ വേട്ടയാടി കൊന്നത്. നരസിമുക്കിലും വട്ടലക്കി, പുളിയപ്പതി ഭാഗങ്ങളിലും ആടുകളെ കൂട്ടത്തോടെ പുലിയും പട്ടിക്കടുവയും തിന്നൊടുക്കുന്നു. കൃഷിയുടെ നാശനഷ്ട കണക്കുകൾ പ്രതിദിനം വർധിക്കുന്നു. ചക്കയും മാങ്ങയും തിന്നാനും കാട്ടാനകൾ നിത്യസന്ദർശകരാണ്. ഇപ്പോൾ അട്ടപ്പാടിയിൽ ചക്ക, മാങ്ങ സീസൺ ആണ്. ഇനിയുള്ള ദിവസങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമാകുമെന്നാണ് കർഷകരുടെ ഭയം. ഇവയെ അകത്താക്കുനുള്ള വരവിൽ പലപ്പോവും മനുഷ്യജീവനുകളെയും ഇവ പന്താടുന്നു.
മൂന്നു മാസം, ഏഴു മരണം
2017 ഫെബ്രുവരി മൂന്നിന് കാരറ ദുണ്ടൂരിൽ പിച്ചനാട്ടു വീട്ടിൽ ബേബി (55) കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. ഫെബ്രുവരി അഞ്ചിന് വെള്ളകുളം ഊരിലെ ചെല്ലി (75), മാർച്ച് ഏഴിന് ഗോഞ്ചിയൂർ ഊരിനു സമീപം തമിഴ് കർഷകൻ സുബ്രഹ്മണ്യൻ (62), മാർച്ച് 13ന് ഗോഞ്ചിയൂർ ഊരിലെ രേശൻ (65), മാർച്ച് 20ന് കോട്ടമല ഊരിലെ പീലാണ്ടി (65), ഏപ്രിൽ പത്തിനു താവളം കുറവൻകണ്ടി ഊരിലെ ശിവകുമാർ (45) എന്നിവരാണ് മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടത്. പലപ്പോഴും നിർധനരായ കുടുംബങ്ങളിലെ ഗൃഹനാഥനോ വീട്ടമ്മയോ ആകാം ഇരയായി മാറുന്നത്. ഇവർക്കുവേണ്ടി ശബ്ദമുയർത്താൻ ആരുമില്ലാത്തതിനാൽ മതിയായ നഷ്ടപരിഹാരം പോലും കിട്ടാതെ പോകുകയാണ് പതിവ്.
കാട്ടുപോത്തും കടുവയും
ഷോളയൂർ പഞ്ചായത്തിലെ മൂലഗംഗലിൽ രണ്ടു പേരാണ് കാട്ടുപോത്തിന്റെ വെട്ടേറ്റു മരിച്ചത്. ഇവിടെ ഗോഞ്ചിയൂരിൽ ഒരു സ്ത്രീ കരടിയുടെ ആക്രമണത്തിനിരയായി. മാനിന്റെ കുത്തേറ്റ് പുളിമലയിൽ ആദിവാസി വീട്ടമ്മയ്ക്കും കുഞ്ഞിനും ഏതാനും മാസംമുന്പ് പരിക്കേറ്റു. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം നിരവധി. കാട്ടാനയുടെ ഉപദ്രവംമൂലം ഒട്ടനവധി പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് ആടുകളെയാണ് കാടിറങ്ങിയ പുലി ഭക്ഷണമാക്കുന്നത്. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണവും.
ഷോളയൂരിലെ മൂലഗംഗൽ, വെള്ളകുളം, വെച്ചപ്പതി, അണക്കാട്, വീരക്കൽമേട് പ്രദേശവാസികൾ ആന, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ഉപദ്രവം നിമിത്തം വീടും കൃഷികളും ഉപേക്ഷിച്ചു തമിഴ്നാട്ടിലെ വരാലൂരിലേക്കു പലായനം ചെയ്തു. വലയ വിഭാഗക്കാരാണു വീടുപേക്ഷിച്ചു പോയത്. കുരങ്ങ്, മയിൽ, മുള്ളൻ, വെരുക്, കാട്ടുപന്നി തുടങ്ങിയ ജന്തുക്കളും വൻ കൃഷിനാശം വരുത്തുന്നുണ്ട്. കൂട്ടത്തോടെയെത്തുന്ന കുരങ്ങ് കണ്ണിൽകണ്ട എല്ലാ കൃഷികളും തല്ലിത്തകർക്കും. കാട്ടുപന്നിക്കൂട്ടം ഏക്കർകണക്കിനു കൃഷികളിൽ നിമിഷാർധം കൊണ്ട് നാശം വിതയ്ക്കും. അട്ടപ്പാടിയിൽ വിരളമായിരുന്ന മയിൽ ഇന്ന് എവിടെയും പ്രത്യക്ഷപ്പെടുന്നു. ഇവയുണ്ടാക്കുന്ന നാശവും പറഞ്ഞറിയിക്കാനാവാത്തതാണ്.
ഒരു വിധത്തിലും രക്ഷയില്ല
നാനാവിധ പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രമായി അട്ടപ്പാടിയിലെ കാർഷികമേഖല മാറിക്കഴിഞ്ഞു. എന്നാൽ, വന്യമൃഗങ്ങളെ ഓടിച്ചകറ്റാൻ ചെറിയൊരു കെണി ഒരുക്കാൻ പോലും കർഷകർക്കു ഭയമാണ്. എങ്ങാനും ഒരു ജീവി ചത്താൽ വനപാലകസംഘം കർഷകനെ വളഞ്ഞിട്ടു പിടികൂടി ജയിലിലാക്കും.
വന്യമൃഗശല്യം മൂലം അട്ടപ്പാടിയിൽ തൊണ്ണൂറു ശതമാനം ആദിവാസികളും ചെറുധാന്യ കൃഷികൾ ഉപേക്ഷിച്ചു. ഷോളയൂരിൽ നോക്കെത്താദൂരത്തിൽ ആദിവാസികളുടെ കൃഷിഭൂമി കാടുകയറിക്കിടക്കുകയാണ്. ഒന്നര പതിറ്റാണ്ട് മുന്പുവരെ ഇവിടം ചെറുധാന്യ കൃഷികളുടെ പറുദീസയായിരുന്നു. കട്ടേക്കാട് ഉൗരിലെ വയലിൽ രാജേന്ദ്രന്റെ വീട് ഒരു കൊല്ലത്തിനിടെ മൂന്നു തവണയാണു കാട്ടാന തകർത്തത്. മുളയും പുല്ലും ചേർത്തുണ്ടാക്കിയ കുടിലിലാണ് രാജേന്ദ്രനും ഭാര്യയും മക്കളും കഴിയുന്നത്. തമിഴ്നാട് വനത്തിൽനിന്നാണ് ഏറെയും വന്യമൃഗങ്ങൾ എത്തുന്നത്.കേരള അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ കർഷകർക്കു തമിഴ്നാട് സർക്കാർ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സർക്കാർ കാര്യമായ സുരക്ഷ ഒരുക്കിയിട്ടില്ല. ഒരുക്കിയിട്ടുള്ളത് വളരെ ദുർബലവും. അട്ടപ്പാടിയിലെ ജനവാസകേന്ദ്രത്തിൽനിന്നു വന്യമൃഗങ്ങളെ പുറത്താക്കി വനാതിർത്തികളിൽ ശക്തമായ ഫെൻസിംഗ് തീർത്തു കാവൽ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനാതിർത്തികളിൽ ചില ഭാഗങ്ങളിൽ മാത്രമാണ് ആനത്താരകളുള്ളത്. കൂടുതൽ ശ്രദ്ധ ഈ ഭാഗങ്ങളിലുണ്ടായാൽ കാട്ടാനക്കൂട്ടത്തെ നാട്ടിൽനിന്ന് ഒഴിവാക്കാനാകുമെന്നും നാട്ടുകാരും കർഷകകൂട്ടായ്മകളും ചൂണ്ടിക്കാണിക്കുന്നു.
കാടിറങ്ങി വന്യജീവികൾ...ഉറക്കമില്ലാതെ കർഷകർ -12