ഒഡീഷ്യയിൽ ബംഗാൾ ഉൾക്കടലിനോടു ചേർന്ന് എത്ര സുരക്ഷിതമായിട്ടാണു ചിൽക്കാ കായൽ കിടക്കുന്നത്. 1,100 ചതുരശ്രകിലോമീറ്റർ. ഇന്ത്യയിലെ ഏറ്റവും വലുത്. ചിൽക്കാ ഡെവലപ്മെന്റ് അഥോറിറ്റിക്കാണു സന്പൂർണ നിയന്ത്രണം. വർഷങ്ങൾക്കു മുന്പു വേന്പനാട്ടുകായലിനെക്കാൾ കഷ്ടമായിരുന്നു ചിൽക്കായുടെ സ്ഥിതി. അതെല്ലാം മാറി. ഇപ്പോൾ അനുമതിയില്ലാതെ കായലിറങ്ങി കാലുനനയ്ക്കാൻ പോലുമാവില്ല. 1991-ൽ അഥോറിറ്റി നിലവിൽ വന്നശേഷം എല്ലാറ്റിനും കർശന നിയന്ത്രണം.
നിയന്ത്രിക്കാൻ സംവിധാനം
വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും സ്വഭാവത്തിൽ വേന്പനാട്ട് കായൽ പോലെ തന്നെയാണു ചിൽക്കായും. അത്യപൂർവമായ തണ്ണീർതടം. കൃത്യമായ ചുമതല ആർക്കുമില്ലാത്തതാണു വേന്പനാടിന്റെ പ്രശ്നം. ഒന്പതു സർക്കാർ വകുപ്പുകൾക്കാണു നമ്മുടെ കായലിന്റെ ചുമതല. അവയ്ക്കു പരസ്പരം ഏകോപനമില്ലതാനും. ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ. അതു മാറി ജനപങ്കാളിത്തത്തോടെ കായലിനു മാത്രമായി അഥോറിറ്റിയുണ്ടാകണം. അതിനു സന്പൂർണ നിയന്ത്രണം കൈമാറുകയും വേണം. ഒരു മുഴുസമയ ചുമതലക്കാരനും. കായലിന്റെ നിലനില്പാണു പ്രധാനം. ഒപ്പം പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച ബോധവത്കരണവും.
വിത്തെറിയേണ്ടത് മണ്ണറിഞ്ഞ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ ലോകം അനുഭവിക്കാൻ തുടങ്ങിക്കഴിഞ്ഞു. അന്തരീക്ഷ ഉൗഷ്മാവ് വർധിക്കുന്നു. പലയിടത്തും കടുത്ത ചൂടും കനത്തമഴയും. ചിലയിടങ്ങളിൽ മഞ്ഞു വീഴ്ചയും. കാർഷിക കലണ്ടറുകൾ മാറിമറിയുന്നു. നിലനില്പിനുവേണ്ടിയുള്ള നെട്ടോട്ടമാണെങ്ങും. കടൽ നിരപ്പുയർന്നു കൃഷിയിടങ്ങൾ നശിക്കുമെന്ന മുന്നറിയിപ്പിൽ ഭയന്നു നിൽക്കുകയാണു രാഷ്ട്രങ്ങൾ. അത്തരം സാഹചര്യങ്ങളിൽ ചൂണ്ടിക്കാണിക്കാനൊരിടമാണു നമ്മുടെ കായൽ നിലങ്ങൾ. ജലനിരപ്പിനു താഴെയുള്ള കൃഷി. എന്നാൽ, കീടനാശിനികളും രാസവളവും പരിധിയിൽ കൂടുതൽ ഉപയോഗിച്ചു നമ്മൾ ആ മേഖലയെ തകർക്കുകയാണ്. കൂടുതൽ വിളവിനു കൂടുതൽ വളവും വിഷവും. മണ്ണും ചെടികളും വലിച്ചെടുത്തിട്ടും പിന്നെയും മിച്ചം. അതു വെള്ളത്തിൽ കലർന്നു കായലിലെത്തുന്നു. അതുവഴി കായലും വിഷമയമാകുന്നു. കൃഷി ശാസ്ത്രജ്ഞരുടെ നിർദേശമനുസരിച്ചുള്ള രീതിയാണു വേണ്ടത്. മണ്ണും പ്രകൃതിയും അറിഞ്ഞുവേണം വിത്തെറിയാൻ.
വലിച്ചെറിയൽ സംസ്കാരം
ആധുനിക ടൂറിസം ഉപഭോഗസംസ്കാരത്തിന്റെ മറുവാക്കാകുകയാണ്. ഉപയോഗിക്കുക പിന്നെ വലിച്ചെറിയുക. വലിച്ചെറിയുന്നവയുടെ ഇടയിൽപ്പെട്ടു വായുവും മണ്ണും ജലവും ഞെരിഞ്ഞമരുന്നു. ഹൗസ് ബോട്ടുകളിലിരുന്ന് കായൽ സൗന്ദര്യം ആസ്വദിക്കുന്നവരും ചെയ്യുന്നതു മറ്റൊന്നല്ല. വേണ്ടാത്തതെല്ലാം കായലിലേക്ക്. വിസർജ്യങ്ങളും പ്ലാസ്റ്റിക്കും അക്കൂട്ടത്തിൽപ്പെടും. പ്ലാസ്റ്റിക് ടണ് കണക്കിനു വരും. അതിൽ ജലപ്പരപ്പിൽ ഒഴുകി നടക്കുന്നതും അടിത്തട്ടിൽ അടിഞ്ഞുകൂടുന്നവയുമുണ്ട്. സ്റ്റീലിലും ഫൈബറിലും തീർത്ത ഹൗസ് ബോട്ടുകളിൽ പ്രവർത്തിക്കുന്ന എൻജിനുകളിൽ നിന്നു പുറത്തേക്കു ഒഴുകുന്ന എണ്ണയും ഓയിലും വേറെ. പ്ലാസ്റ്റിക്കിൽ രൂപമാറ്റം വരുത്തി റോഡ് നിർമാണത്തിന് ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ പലരാജ്യങ്ങളിലും പ്രയോഗത്തിലുണ്ട്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നു നിയമമുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല.
ഹൗസ് ബോട്ടുകൾ അഞ്ചിരട്ടി കൂടുതൽ
കായലിന് ഉൾക്കൊള്ളാവുന്നതിനെക്കാളും അഞ്ചിരട്ടി കൂടുതലാണ് ഇപ്പോഴുള്ള ഹൗസ് ബോട്ടുകൾ. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ ( സിഡബ്ല്യുആർഡിഎം) കണക്കനുസരിച്ച് 320 ഹൗസ് ബോട്ടുകൾ മാത്രമേ വേന്പനാട്ടു കായലിൽ അനുവദിക്കാവൂ. കായലിന്റെ ആഴം, വിസ്തൃതി, മത്സ്യസന്പത്ത്, തുടങ്ങിയവ കണക്കിലെടുത്താണു സെന്റർ ഈ നിഗമനത്തിലെത്തിയത്. ഹൗസ് ബോട്ട് നിർമിക്കാൻ മെക്സിക്കോയിൽ നിന്നെത്തിയ ആൽഫ്രെഡോ വന്നതുപോലെ തിരിച്ചുപോയതിനു കാരണവും മറ്റൊന്നല്ല. തുഴഞ്ഞും ഉൗന്നിയും പായ്കെട്ടിയും കായലിൽ കാറ്റിന്റെ ഗതിക്കനുസരിച്ചു നീങ്ങുന്ന പരന്പരാഗത കെട്ടുവള്ളങ്ങളെ മോഡിപിടിപ്പിക്കാമെന്ന മോഹത്തോടെയാണ് ആൽഫ്രെഡോ എത്തിയത്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ലെന്നറിഞ്ഞതോടെ അദ്ദേഹം സ്ഥലം വിടുകയായിരുന്നു.
എൻജിനുകൾ നിരോധിക്കണം
എൻജിൻ ഘടിപ്പിച്ച വള്ളങ്ങളെ പൂർണമായും നിരോധിച്ചു തുഴച്ചിൽ യാനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കാലമായി. കാഷ്മീർ തടാകങ്ങളിൽ തുഴഞ്ഞുനീങ്ങുന്ന വള്ളങ്ങളിൽ കയറാൻ സഞ്ചാരികളുടെ വല്ലാത്ത തിരക്കാണ്. കായൽക്കാറ്റു കൊള്ളാനെത്തുന്ന ടൂറിസ്റ്റുകളെ ഹൗസ് ബോട്ടിലിരുത്തി എ.സിയുടെ തണുപ്പു കൊള്ളിക്കുന്ന രീതി വേണമോ എന്നാലോചിക്കണം. മത്സ്യത്തൊഴിലാളികളെയും കക്കാവാരൽ തൊഴിലാളികളെയും ഉൾപ്പെടുത്തി കായൽ ശുദ്ധീകരിച്ചെടുക്കേണ്ടതു തലമുറയുടെ ആവശ്യമാണ്. കായലിന്റെ സ്വാഭാവിക ആഴം നിലനിറുത്താനുള്ള ശ്രമവും ഉൗർജിതമാക്കണം. കായലിന്റെ വിസ്തൃതി നിലനിറുത്താൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. അവ കായലിനു തിരിച്ചു കൊടുക്കുകയും വേണം.
ഉപഗ്രഹ- റിമോട്ട് സെൻസിംഗ്
കായൽ മലിനീകരണം തടയാൻ ഉപഗ്രഹ- റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ജലവിഭവ ഗവേഷണത്തിനുള്ള ഇന്തോ- യു.കെ സംയുക്ത പദ്ധതിയുടെ ഭാഗമായി ഈയിടെ കൊച്ചിയിൽ നടന്ന ഗവേഷക സംഗമം നിർദേശിക്കുകയുണ്ടായി. കായലിൽ മാലിന്യം കലരുന്പോൾ തത്സമയം അറിയിപ്പ് നൽകുന്ന നിരീക്ഷണ സംവിധാനമാണിത്. കൈയേറ്റങ്ങൾ കണ്ടുപിടിക്കാൻ ഉപഗ്രഹ സഹായത്തോടെ സർവേ നടത്തുമെന്നും കായലിന് അതിരിടുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കാനായാൽ നന്ന്. തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിലും അടയ്ക്കുന്നതിലും നിഷ്ഠ പാലിക്കാത്തതു ദുരന്തത്തെ വ്യാപകമാക്കുന്നു. 2019-20ൽ ബണ്ട് ഒരു വർഷത്തേക്കു തുറന്നിടുമെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. കായൽ സംരക്ഷണത്തിന് പ്രത്യേക ബില്ല് കൊണ്ടുവരണമെന്ന അഭിപ്രായവും പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഹൗസ് ബോട്ടുകളിൽ സൗരോർജം ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കണം.
ആർ- ബ്ലോക്ക് അപകടം
മാലിന്യസ്രോതസായി 1400 ഏക്കർ വരുന്ന ആർ ബ്ലോക്ക് മുങ്ങിക്കിടക്കുന്നത് കൂടുതൽ അപകടം വരുത്തിവയ്ക്കും. കൃഷിയുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ച വളവും വിഷവും ഇപ്പോഴും ആ മണ്ണിൽ അടിഞ്ഞു കിടപ്പുണ്ട്. ചെടികളും മരങ്ങളും ചീഞ്ഞളിഞ്ഞുണ്ടാകുന്ന മാലിന്യങ്ങൾ വേറെയും. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പന്പ അഥോറിറ്റിയുടെ പ്രവർത്തനം തുടങ്ങാത്തതു കായൽ മലിനീകരണത്തിന് ആക്കം കൂട്ടുന്നു. പന്പയുടെയും കൈവഴികളുടെയും രക്ഷയ്ക്കാണ് പന്പ നദീതട അഥോറിറ്റി പ്രഖ്യാപിച്ചത്. മനുഷ്യവിസർജ്യം കായലിലെത്തുന്ന പ്രധാന വഴികളിലൊന്നാണു പന്പാനദി. മാലിന്യം സൗജന്യമായി ശേഖരിച്ചു ശുദ്ധീകരണ പ്ലാന്റിലെത്തിക്കുന്നതിനുള്ള സംവിധാനം വിപുലപ്പെടുത്തേണ്ടതുണ്ട്. ആവശ്യത്തിന് സ്വീവേജ് പ്ലാന്റുകളും സ്ഥാപിക്കണം. ശുചിമുറി മാലിന്യ നിർമാർജന ലോറികളെ ആധുനിക ജിപിഎസ് സംവിധാനത്തോടു കൂടി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം.
എംജി സർവകലാശാലയുടെ ഇടപെടൽ
വേന്പനാട് കായലിനെ സ്ഥിരമായി നിരീക്ഷിക്കാൻ എം.ജി സർവകലാശാലയുടെ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിനു പ്രത്യേക പദ്ധതിയുണ്ട്. അതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന പഠനസംഘങ്ങൾ വിവിധ പരീക്ഷണ, നിരീക്ഷണങ്ങൾക്കായി കായൽ സന്ദർശിക്കുന്നതു പതിവാണ്. അവരുടെ കണ്ടെത്തലുകളും നിഗമനങ്ങളും രേഖകളായി സൂക്ഷിക്കുന്നുമുണ്ട്. ഭാവിയിൽ കായൽ നിരീക്ഷണത്തിന് നോഡൽ ഏജൻസിയായി പ്രവർത്തിക്കാൻ ഡിപ്പാർട്ടുമെന്റിനു കഴിയുമെന്നു ഡോ. കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി.
പോള നിർമാർജനത്തിനുള്ള ശ്രമവും സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പോള ഉപയോഗിച്ചു മൂല്യവർധിത കരകൗശല വസ്തുക്കൾ ഉണ്ടാക്കാനുള്ള പരിശീലനം സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ കുമരകം സെന്ററിൽ തുടങ്ങിയിട്ടുണ്ട്്. ടേബിൾ മാറ്റ്, ബാസ്കറ്റ്, ട്രേ തുടങ്ങിയവ ഉണ്ടാക്കാനുള്ള പരിശീലനമാണു നൽകുന്നത്. അച്ചടിക്കാൻ കൊള്ളാത്ത പേപ്പർ നിർമിക്കാൻ പോള അസംസ്കൃത വസ്തുവായി പലരാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.
കായലോര ഗ്രാമങ്ങളിൽ ശുദ്ധ ജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതു വേന്പനാട് കായലിന്റെ നിലനില്പിന് അത്യാവശ്യമാണ്. മഴവെള്ള സംഭരണികൾ ഏർപ്പെടത്തുകയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം.