രാവിലെ കൈയിലൊരു പൊതിയുമായി തിരക്കിട്ടുപോകുന്ന ചേട്ടനോടായിരുന്നു അയൽവാസിയുടെ ചോദ്യം? എവിടേക്കാണ് ഈ തിരക്കിട്ടുപായുന്നത്? നാട്ടിലെ പേരെടുത്ത ചൂടനായ ചേട്ടന്റെ മറുപടി ഏതാണ്ടൊരു വല്യസഖാവിന്റെ മട്ടിലായിരുന്നു : റേഷൻകട വരെ ഒന്നു പോകുവാ, ഇന്നു കൈവയ്ക്കേണ്ടിവരും! - ഇതും പറഞ്ഞ് പുള്ളിക്കാരൻ മിന്നൽബസുപോലെ ഒരു പോക്ക്. ഇതു കേട്ടതും അയൽവാസി ഒന്നു ഞെട്ടി. ഈശ്വരാ, റേഷൻ കിട്ടാത്തതിനു റേഷൻകടക്കാരനെ കൈവയ്ക്കാനുള്ള പോക്കാണെന്നു തോന്നുന്നു. നാട്ടുകാരെ ഉൗട്ടുന്ന റേഷൻ കടക്കാരനെ ഒരു റൗഡിക്കു നിലത്തിട്ടു തട്ടാൻ വിട്ടുകൊടുക്കുന്നത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന അയൽവാസി ഉടനെ വീട്ടിലേക്ക് ഓടി. എട്ടുംപൊട്ടും തിരിയാത്ത പിള്ളേർ വട്ടുതട്ടിക്കൊണ്ടിരുന്ന മൊബൈൽ ഫോണ് ഒരു തരത്തിൽ പിടിച്ചുവാങ്ങി. വട്ടവും നീളവും തോണ്ടി.. അങ്ങേത്തലയ്ക്കൽ കഥാനായകനായ റേഷൻ കടക്കാരന്റെ റേഷനരി തിളയ്ക്കുന്നതുപോലെയുള്ള ശബ്ദം. ഒരു നിമിഷം കളയാതെ നമ്മുടെ പൊതുപ്രവർത്തകൻ ആ രഹസ്യം പൊട്ടിച്ചു: ചേട്ടാ, വേഗം കട അടച്ചിട്ട് എങ്ങോട്ടെങ്കിലും മാറിക്കോ...
അതെന്താടോ റെയ്ഡുകാരോ മറ്റോ വരുന്നുണ്ടോ ? - റേഷൻ കടക്കാരനു സംശയം. “റെയ്ഡല്ല ചേട്ടാ, ഇതു ബ്ലേയ്ഡാ. ആ ആസ്ഥാന റൗഡി ഇന്നു കൈവയ്ക്കേണ്ടി വരുമെന്നു പറഞ്ഞു റേഷൻ കടയിലേക്കു വച്ചുപിടിച്ചിട്ടുണ്ട്. അവന്റെ കൈയിലൊരു പൊതിയുണ്ട്, കണ്ടിട്ട് കൊടുവാളോ വെട്ടുകത്തിയോ ആകാനാണ് സാധ്യത. ചേട്ടൻ എത്രയുംവേഗം എങ്ങോട്ടെങ്കിലും മാറിക്കോ, അല്ലെങ്കിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും റേഷൻ മുടങ്ങും!.'' ഇതുകേട്ടതും റേഷൻ കടക്കാരൻ ഒന്നു ഞെട്ടി. കഷ്ടപ്പെട്ടു വന്നിട്ട് ഇഷ്ടപ്പെട്ട അരി കിട്ടാത്ത ചിലർ പൂഞ്ഞാർവൃത്തത്തിൽ ചില ഗ്രാമീണപാട്ടുകൾ പാടാറുണ്ട്. പക്ഷേ, ഇന്നേവരെ ആരും ഈ റേഷൻബൂത്തിന്റെ ബാറൊടിച്ചിട്ടില്ല.
എന്തായാലും നിൽക്കണോ പോണോ എന്നതിൽ തീരുമാനമെടുക്കുന്നതിനു മുന്പേ വില്ലൻ സീനിൽ കയറിവന്നു. ശരിയാണ്, വരവിൽ എന്തോ ഒരു പന്തികേടുണ്ട്, കൈയിലൊരു പൊതിയുമുണ്ട്. ഓടിയാൽ ഓടിച്ചിട്ടു വെട്ടിയാലോ? വേണ്ട, പെരുവഴിയിൽ കിടക്കുന്നതിനേക്കാൾ നല്ലത് ഈ റേഷൻ കടയാണ്. റേഷൻകടക്കാരൻ ഒടുവിൽ വന്ന സ്റ്റോക്കിൽനിന്ന് ഒരുപിടി അരി വാരിയെടുത്തു നെഞ്ചോടു ചേർത്തു. രക്തസാക്ഷിയാകേണ്ടിവന്നാൽ ആവശ്യംവരും! ചങ്കിടിപ്പ് ചങ്കു ബസുപോലെ കുതിക്കുകയാണെന്ന് അദ്ദേഹത്തിനു തോന്നി. സ്വയരക്ഷയ്ക്ക് ഒരു കുരുമുളക് സ്പ്രേ എങ്കിലും റേഷൻകടക്കാർക്കു കൊടുക്കണമെന്ന് ഇന്നാളും ഉദ്യോഗസ്ഥരോടു പറഞ്ഞതാ. അപ്പോൾ അവരു ചോദിച്ചത് ഓൾഡ് സ്റ്റോക്ക് റേഷനരിയില്ലേ പിന്നെന്തിനാ കുരുമുളക് സ്പ്രേയെന്നാണ്.
വില്ലൻ അടുത്തുവരുന്തോറും സംഭരിച്ചുവച്ചിരുന്ന ധൈര്യം മുല്ലപ്പെരിയാർ ഡാം പോലെ ചോരുന്നുണ്ടോ... എന്തായാലും നേരിടുക തന്നെ. റേഷൻകടക്കാരൻ സഗൗരവം സീറ്റിലിരുന്നു. മീശയും പിരിച്ചെത്തിയ വില്ലൻ കൊല്ലുന്ന നോട്ടവുമായി മുന്നിലെത്തി. എന്നിട്ട് ഒറ്റച്ചോദ്യം: എവിടെയാ ചേട്ടാ ഈ കൈവയ്ക്കേണ്ടത്? റേഷൻകടക്കാരൻ വിശ്വാസം വരാതെ മിഴിച്ചുനോക്കി. “അല്ല, ഈ റേഷൻ കിട്ടണമെങ്കിൽ ഏതോ മെഷീനിൽ കൈവയ്ക്കണമെന്ന് കേട്ടു. അതാ വന്നത്...!’’ ഇതുംപറഞ്ഞ് അയാൾ പൊതിഞ്ഞുപിടിച്ചിരുന്ന ബിഗ്ഷോപ്പർ മേശപ്പുറത്തുവച്ചു. രഞ്ജിപണിക്കർ സിനിമ ഒറ്റനിമിഷംകൊണ്ട് അടൂർചിത്രമായി മാറിയതുപോലെ റേഷൻകടക്കാരനു തോന്നി. “ഓ, "ഇപോസ് മെഷീൻ’.. ഇ പോസ് മെഷീനിൽ കൈവയ്ക്കുന്ന കാര്യമാണോ...'' അതുതന്നെ ഈസോപ്പ് മെഷീൻ..
“ഈസോപ്പ് അല്ല ചേട്ടാ ഇ പോസ്. ചേട്ടാ, നെറ്റ്വർക്ക് പോയികിടക്കുവാ. ഇന്റർനെറ്റ് ഉണ്ടെങ്കിലേ കൈവയ്ക്കാനാകൂ. എന്നിട്ടേ സാധനങ്ങൾ കിട്ടൂ, അതാ സർക്കാർ നിയമം.’’ “ഈ നെറ്റ്വർക്ക് എപ്പോൾ വരും..?’’
“ഒന്നും പറയാൻ പറ്റില്ല. മഴയും വെള്ളപ്പൊക്കവും കറന്റു കട്ടുമൊക്കെയല്ലേ... അതൊന്നും കഴിയാതെ മെഷീനിൽ കൈവച്ചിട്ടു കാര്യമില്ല.’’ ""അതുശരി, അപ്പോൾ അതുവരെ എന്തുചെയ്യും?.’’ “തലയ്ക്കു കൈയുംവച്ച് ഇരിക്കാം, അല്ലാതെന്തു ചെയ്യാൻ’’!
മിസ്ഡ് കോൾ
ആളറിയാതെ ജീവനക്കാർ ടോൾ ബൂത്തിൽ തടഞ്ഞിട്ടു, എംഎൽഎ ടോൾ ബൂത്തിന്റെ ബാർ ഒടിച്ചു.
- വാർത്ത
മലയാളം മനസിലാകാത്തത് അവന്മാരുടെ ഭാഗ്യം!