കൊടുത്താൽ കൊല്ലത്തും കിട്ടും... പക്ഷേ, ചിലർക്കു കൊടുത്താൽ കൊല്ലം തോറും കിട്ടും! അതുകൊണ്ട് ഇല്ലം വിറ്റിട്ടാണെങ്കിലും ഇക്കൂട്ടർക്കു വല്ലം നിറയെ കൊടുക്കാൻ ഭരണക്കാർക്കു തെല്ലും മടിയില്ല. അല്ലാത്തവരു വല്ലതുംചോദിച്ചാൽ മെല്ലെപ്പോക്കുമായി മല്ലിട്ടതു തന്നെ. അംബാനി മുതലാളി എന്നോ എവിടെയോ തുടങ്ങാനിരിക്കുന്ന ഒരു കോളജിനു കേന്ദ്രസർക്കാർ അഡ്വാൻസായി ശ്രേഷ്ഠപദവി ഇട്ടുകൊടുത്തതാണ് ഇപ്പോൾ പുകിലായി മാറിയിരിക്കുന്നത്. ഇല്ലാത്ത ഇൻസ്റ്റിറ്റ്യൂട്ടിനു വല്ലാത്ത പദവി! കൈയും കെട്ടിനിന്നിരുന്ന പ്രതിപക്ഷം കല്ലുംകൊണ്ടിറങ്ങാൻ വേറെ കാരണം വല്ലതും വേണോ?
എന്നാൽ, ഇല്ലാത്തവർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു മുറവിളി കൂട്ടിക്കൊണ്ടിരുന്നവരാണ് ഇപ്പോൾ കുറ്റം പറയാൻ പറ്റം ചേരുന്നതെന്നാണ് ഭരണക്കാരുടെ പക്ഷം. ഇല്ലാത്തവർക്ക് എന്തെങ്കിലും കൊടുത്തതിന്റെ പേരിൽ കല്ലെടുക്കുന്നതിനു പകരം കൈയടിക്കുകയല്ലേ വേണ്ടത്. ശരിയാണ്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം പോലും ഇല്ലാത്തവർക്കല്ലേ സർക്കാർ ശ്രേഷ്ഠപദവി കൊടുത്തത്, ഉള്ളവർക്കല്ലല്ലോ!
അല്ലെങ്കിലും പാവപ്പെട്ട മുതലാളിമാർക്ക് ഈ നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണല്ലോ. ഇഎംഐ അടയ്ക്കാൻ ഗതിയില്ലാതിരുന്ന ഒരു പൊന്മാൻമുതലാളിയെ എല്ലാവരുംകൂടി നാട്ടിൽനിന്നു തന്നെ ഓടിച്ചില്ലേ. പാവം, ഉടുതുണിക്കു മറുതുണിയില്ലാതെ ഫൈവ് സ്റ്റാർ സ്വിമ്മിംഗ് പൂളിന്റെ കരയിൽ കാറ്റുംകൊണ്ടിരിക്കുന്ന മല്യമുതലാളിയെ കണ്ടാൽ ആർക്കാണ് ചങ്കുപൊട്ടാത്തത്? റേഷൻ വാങ്ങാൻ പണിക്കാരനെ പറഞ്ഞുവിട്ടപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യംകൂടി പുള്ളിക്കാരൻ അറിഞ്ഞത്, തന്റെ റേഷൻ പോലും ഇന്ത്യാസർക്കാർ ഇടപെട്ടു മരവിപ്പിച്ചിരിക്കുകയാണത്രേ. റേഷൻ വാങ്ങാൻ പോയ പണിക്കാരൻ വെറും കൈയോടെ ബെൻസ് കാറിൽ തിരിച്ചുവന്ന കഥ കേട്ടാൽ ഏതൊരു പാവപ്പെട്ടവന്റെയും കരളലിഞ്ഞുപോകും!
ഐപിഎൽ ക്രിക്കറ്റിനെ പോക്കറ്റിലാക്കിയെന്നു പറഞ്ഞു കോടതി സ്റ്റന്പ് ഉൗരിയപ്പോൾ മറ്റൊരു മോദിമുതലാളിയും നാട്ടിൽനിന്നു പറപറന്നു. ലോകത്തിന്റെ ഏതു കോണിൽ പോയി ഒളിച്ചാലും കെണിവച്ചു പിടിക്കുമെന്നായിരുന്നു ഭരണക്കാരുടെ വീരവാദം. പക്ഷേ, സായിപ്പിനെ കണ്ടതും കവാത്ത് മറന്നു. മുതലാളിമാർ ഇന്നും കടലയും കൊറിച്ചു ക്രിക്കറ്റും കണ്ട് സായിപ്പിന്റെ നാട്ടിൽ സുഖവാസത്തിൽ.
അങ്ങനെയിരിക്കെയാണ് അംബാനി കന്പനിയുടെ കോളജ് വരുന്നതായി ആരോ പറയുന്നതു കേട്ടത്. ഇങ്ങോട്ടുവന്നു ചോദിക്കാൻ നിൽക്കുന്നതു മോശമല്ലേ, അതുകൊണ്ട് കേട്ടപാതി കേൾക്കാത്ത പാതി ശ്രേഷ്ഠപദവി ചുരുട്ടിക്കെട്ടി അങ്ങോട്ടുകൊണ്ടുപോയി കൊടുത്തു. അംബാനിയുടെ കോളജിനു ജിയോ എന്നു പേരിടുമെന്നു കേട്ടപ്പോഴാണ് നമ്മുടെ മന്ത്രിമാരിൽ ചിലർക്കും നേതാക്കളിൽ പലർക്കും സന്തോഷംകൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായത്.
സ്കൂളിൽ പഠിച്ചതിന്റെയും കോളജിൽ പോയതിന്റെയുമൊക്കെ മാർക്കും കടലാസും ചോദിച്ചു കുറെയെണ്ണം കുറെക്കാലമായി ഇടംവലം വിടാതെ വട്ടംപിടിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വിവരാവകാശത്തിന്റെ വാലും പിടിച്ചുവന്ന് വിവരമറിയുമെന്ന് വിറപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ഒരുവിധത്തിൽ തട്ടിയും മുട്ടിയും ഇത്രയും കാലം പിടിച്ചുനിന്നു. ഇനിയിപ്പോൾ അംബാനികോളജിലാണു പ്രതീക്ഷ. പേരു ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നല്ലേ, ജിയോ മൊബൈൽ പോലെ ആദ്യത്തെ കുറെ മാസം എന്തായാലും കംപ്ലീറ്റ് ഫ്രീ ആയിരിക്കും. അങ്ങനെവന്നാൽ കുറെ ബിരുദവും ഡോക്ടറേറ്റും ഫ്രീയായി വാങ്ങണം, എന്നിട്ടു വേണം ഇനി പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ചോദിച്ചുവരുന്ന ശ്രേഷ്ഠന്മാരുടെ മോന്തയ്ക്കു വലിച്ചെറിഞ്ഞു കൊടുക്കാൻ!
മിസ്ഡ് കോൾ
അവധി പ്രഖ്യാപിക്കുന്ന കളക്ടർമാർക്കു വിദ്യാർഥികളുടെ നന്ദി പ്രകാശനം.
- വാർത്ത
കളക്ടർമാരെ മാഷുമാരാക്കിയിരുന്നെങ്കിൽ!