കലാമിന്റെ ഭാഷയിൽ പറഞ്ഞാൽ ചന്ദ്രനിൽ പോയി ചായക്കട തുടങ്ങാൻ മടിക്കാത്ത പാർട്ടികളാണ് മലയാളികൾ! എന്നാൽ, ഇന്നു ചായയും വടയും പോട്ടെ, തുള്ളി പച്ചവെള്ളം പോലും കണ്ണുമടച്ചു കുടിക്കാൻ പറ്റാത്ത പരുവത്തിലായിരിക്കുന്നു ഈ പുള്ളികൾ. ചായക്കട തുടങ്ങാനല്ല, കൊള്ളാവുന്ന ഇത്തിരി വെള്ളം കുടിക്കാൻ മലയാളി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വച്ചുപിടിക്കേണ്ടി വരുമോ എന്നേ ഇനി അറിയാനുള്ളൂ.
വറുത്തതും പൊരിച്ചതും തീയിൽ ചുട്ടതുമൊക്കെ അകത്താക്കുന്നവർ ലോകത്തിന്റെ നാലുചുറ്റും കണ്ടേക്കാം എന്നാൽ, എംബാം ചെയ്ത ഭക്ഷണം കഴിക്കാൻ ഭാഗ്യമുള്ളവർ മലയാളികൾ മാത്രമാണ്!
എംബാം എന്നു കേട്ടപ്പോൾ ചിലർ ഞെട്ടിയെന്നു തോന്നുന്നു. ഒരാൾ ഡെഡ്ബോഡി ആയിക്കഴിയുന്പോൾ ചെയ്യുന്നതല്ലേ ഈ എംബാം... ആയിരിക്കാം പക്ഷേ, ഞങ്ങൾ മലയാളികൾക്ക് എപ്പോഴും വെറൈറ്റിയാണ് ഇഷ്ടം! അതുകൊണ്ടാണല്ലോ മത്തിയും അയലയും ഉണ്ണിമേരിയുമൊക്കെ ഞങ്ങൾ എംബാം ചെയ്തു മാത്രം കഴിക്കുന്നത്!
ഡെഡ്ബോഡികൾ എംബാം ചെയ്യാനും മൃതദേഹം മോർച്ചറിയിൽ കേടാകാതെ സൂക്ഷിക്കാനുമൊക്കെ ഉപയോഗിക്കുന്ന ഫോർമലിൻ പുരട്ടിയ മീനാണത്രേ കുറെക്കാലമായി ഇരുത്തിവറുത്തും നിർത്തിപ്പൊരിച്ചുമൊക്കെ മലയാളി അകത്താക്കിക്കൊണ്ടിരുന്നത്. മരിച്ചവരെയാണല്ലോ സാധാരണ എംബാം ചെയ്യുന്നത്. അപ്പോൾപിന്നെ ദിവസങ്ങൾക്കു മുന്പ് അന്തരിച്ച മത്സ്യങ്ങളെ ഒന്ന് എംബാം ചെയ്തെന്നുവച്ച് ഇത്രയ്ക്കു പുകിൽ ഉണ്ടാക്കാനുണ്ടോ? മനുഷ്യനു മരണാനന്തരം ഫേഷ്യൽ ചെയ്യുന്നതിനെ നമ്മൾ എംബാം എന്നു വിളിക്കുന്നു, അതു മത്സ്യങ്ങൾക്ക് എങ്ങാനും ചെയ്താൽ രാസവസ്തുവായി, വിഷമായി, വിഷയമായി!
അമോണിയ ചേർത്ത ഐസിൽ ആരോ മീൻ ഇട്ടുവച്ചുപോലും, മനുഷ്യൻ മരിച്ചാൽ മൊബൈൽ മോർച്ചറിയാകാം, എങ്കിൽ, മീൻ മരിച്ചാൽ ഒരു അമോണിയ മോർച്ചറിയെങ്കിലും വച്ചുകൊടുത്ത് ആദരിക്കുന്നതിനെ കുറ്റപ്പെടുത്തരുത്, പ്ലീസ്!
എന്നാൽ, മത്സ്യത്തെ മാത്രമായി ബഹുമാനിക്കുന്നവരല്ല ഈ മലയാളികൾ. മറ്റുള്ളവയോടും മര്യാദ കാണിച്ചു. മാങ്ങയിൽ ലേശം കാർബൈഡ്, വെളിച്ചെണ്ണയിൽ ഇത്തിരി രാസവസ്തു, പച്ചക്കറിയിൽ കുറച്ച് എൻഡോസൾഫാൻ, മുളകുപൊടിയിൽ അല്പം കളർപ്പൊടി... എന്നിങ്ങനെ മരുന്നിൽ വരെ മായം മറിമായം.
പണ്ടൊക്കെ പാലിൽ ലേശം വെള്ളം ചേർക്കുന്നതായിരുന്നു നാട്ടിൻപുറത്തെ ഭീകരകുറ്റകൃത്യങ്ങളിലൊന്ന്. എന്നാൽ, ഇന്നു പാലു വാങ്ങുന്പോൾ മലയാളി ഒരു നിമിഷം പ്രാർഥിക്കും, ദൈവമേ ഇതിൽ വെള്ളം മാത്രമേ ചേർത്തിട്ടുണ്ടാകാവുള്ളേ!
ഒരാഴ്ച ഉറക്കമിളച്ച ചിക്കൻ അജിനോമോട്ടോയിട്ടു തേച്ചു കുളിച്ചു മേശപ്പുറത്തുവന്നിരിക്കുന്പോൾ മലയാളിക്കു മനഃസ്താപം തോന്നുന്നുണ്ടാകും. കാരണം, ഇന്നത്തെ ചോറിനെ നാളത്തെ ഇഡ്ഢലിയാക്കുന്നു എന്നു പറഞ്ഞു പണ്ടത്തെ ചായക്കടക്കാരെയൊക്കെ നമ്മൾ എത്രയോ ചീത്തവിളിച്ചിരിക്കുന്നു, ഇതുവച്ചു നോക്കുന്പോൾ അവരൊക്കെ എത്രയോ മര്യാദക്കാരായിരുന്നു!
ഇന്നത്തെ മലയാളിക്കു മരിക്കാൻ നിരവധി കാരണങ്ങളുണ്ട്, ഹൃദയം സ്തംഭിച്ചു, കിഡ്നി പോയി, ലിവറു തീർന്നു, സ്ട്രോക്കടിച്ചു, പ്രഷറു വന്നു, ഷുഗറുകൂടി എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. സത്യത്തിൽ ബഹുഭൂരിപക്ഷം മലയാളികളും മരിക്കുന്നതിന്റെ കാരണം ഇങ്ങനെ ഒറ്റവരിയിൽ എഴുതിയാൽ മതിയാകും, വിഷം ഉള്ളിൽച്ചെന്നു മരിച്ചു!
വിഷം തിന്നുതിന്ന് വശക്കേടായ മലയാളിയുടെ ബോഡിയിൽ തൊടാൻ പേടിയാണെന്ന് ഇനി കയറുമായെത്തുന്ന കാലനും പറയുമോയെന്തോ!
മിസ്ഡ് കോൾ
യുപിയിൽ എട്ടാം ക്ലാസ് യോഗ്യതയുള്ളയാൾ ശസ്ത്രക്രിയ നടത്തി.
- വാർത്ത
ഇതായിരിക്കാം ഈ എട്ടിന്റെ പണി!